സലാല ട്രിപ്പ് അഞ്ചാം ദിനം

സെപ്റ്റംബർ 21, 2021


സലാലയിൽ കാണാനുള്ളതിൽ വെച്ചു ബുദ്ധിമുട്ടേറിയ off road റൂട്ടുകളിൽ ഒന്നാണ് ഐൻ ഖോർ എന്ന വെള്ളച്ചാട്ടവും അതിൽ നിന്ന് ഉത്ഭവിക്കുന്ന അരുവിയും. അവിടേക്കുള്ള റോഡ് ട്രിപ്പിന്റെ ഒരു വീഡിയോ നേരത്തെ കണ്ടിരുന്നു. അത്ര എളുപ്പമല്ലാത്ത യാത്രയാണ് എന്ന് മനസ്സിലായതോടെയാണ് ആദ്യം ഒരു മിത്സുബിഷി outlander അല്ലെങ്കിൽ ഹ്യുണ്ടായ് tucson വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചിരുന്ന ഞങ്ങളെ മാറ്റി ചിന്തിപ്പിച്ചത്.  ഒരു മീഡിയം ലെവൽ വാടകയിൽ എല്ലായിടത്തും കൊണ്ടുപോകാവുന്ന വാഹനം എന്ന നിലയ്ക്കാണ് pajero തിരഞ്ഞെടുത്തത്.  അത് വളരെ നന്നായി എന്ന് പിന്നീട് മനസ്സിലാവുകയും ചെയ്തു.

സലാലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു രണ്ട് ഖബറിടങ്ങളാണ് ഇമ്രാൻ നബിയുടെ ഖബറിടവും ചേരമാൻ പെരുമാളിന്റേതു എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു ഖബറിടവും. ഇമ്രാൻ നബി ടോമ്പ്അ യ്യൂബ് നബിയുടേത്പോ ലെ തന്നെ സന്ദർശകർക്ക് ഇപ്പോൾ തുറന്നു കൊടുക്കുന്നില്ല.

മലയാളികൾ കൂടുതലായി സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് ചേരമാൻ പെരുമാൾ ടോമ്പ് എന്നറിയപ്പെടുന്ന ഖബറിടം.  ചേരമാൻ പെരുമാൾ എങ്ങനെ അവിടെയെത്തിപ്പെട്ടു എന്ന ചരിത്രം ഒന്ന് ചികഞ്ഞു നോക്കിയപ്പോളാണ് ഒരുപാട് അവ്യക്തതകൾ ഉള്ള ഒരു മേഖലയാണ് അതെന്നു മനസ്സിലായത്. ചേരമാൻ രാജാവ് മുസ്ലിമാവുകയും മക്കയിൽ പോയി ഹജ്ജ് ചെയ്തു തിരിച്ചു വരുന്ന വഴിക്കു സലാലയിൽ വെച്ച് രോഗബാധിതനായി മരണപ്പെട്ടു എന്നായിരുന്നു ഞാൻ കേട്ട ചരിത്രം. ആലോചിച്ചപ്പോൾ ശരിയായിരിക്കാം എന്നും തോന്നി. പ്രവാചകന്റെ കാലഘട്ടത്തിനു മുൻപ് തന്നെ അറേബ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ജീവിച്ചിരുന്നവർക്ക് കച്ചവടബന്ധം ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്.  അപ്പോൾ കടൽ കടന്നു യാത്ര ചെയ്യുക എന്നത് വളരെ സാധ്യമാണ്.  പിന്നെ ആ കാലത്ത് അറബി രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തിയ ആളുകൾ തന്നെയാണ് ഇസ്ലാം മതം പ്രചരിപ്പിച്ചതും ആളുകൾ കൂട്ടമായി ഇസ്ലാം മതം സ്വീകരിക്കുന്നതും. അപ്പോൾ രാജാവ് മുസ്ലിം ആയി എന്നതും സംഭവിക്കാവുന്നതാണ്. കടൽ മാർഗ്ഗം പോയി വരാൻ മാത്രമേ അന്ന് വഴിയുള്ളൂ. കടൽ വഴി സൗദിയുടെ പടിഞ്ഞാറൻ തീരത്തെ മക്കയിൽ എത്തിപ്പെടാൻ  പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്തു യെമനിന്റെയും സോമാലിയയുടെയും ഇടയിലൂടെ ഏദൻ കടലിടുക്ക് കടന്നു ചെങ്കടൽ വഴി ജിദ്ദയിലെത്തണം. അന്നത്തെ കാലത്തു വളരെ വലിയൊരു യാത്ര.  വഴിയിലെ ഒരു പ്രമുഖ തുറമുഖം എന്ന നിലയിൽ കപ്പൽ സലാലയിൽ അടുപ്പിച്ചിരിക്കാം.

ചരിത്രം ഇങ്ങനെ തന്നെയല്ലേ എന്ന് ഒന്ന് ഉറപ്പിക്കാൻ വേണ്ടി പരതി നോക്കിയപ്പോൾ സത്യത്തിൽ അമ്പരന്നു പോയി. ഇത് മുഴുവമായും കെട്ടുകഥയാണെന്നും അതല്ല ഭാഗികമായി ശരിയാണെന്നും ഉറച്ചു വിശ്വസിക്കുന്നവരുണ്ട്.  ചേരമാൻ പെരുമാൾ അല്ല, എന്നാൽ വേറെ രാജാക്കന്മാർ അങ്ങനെ പോയിട്ടുണ്ടെന്നു തെളിവുകളോടെ വിശ്വസിക്കുന്നവരും ഉണ്ട്.  സലാലയിലെ ഈ ഖബറിടം ഇന്ത്യയിൽ നിന്നുള്ള ഒരു രാജാവ് / പ്രമുഖ വ്യക്തി എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട് താനും.. ഈ വിഷയത്തിൽ ഗവേഷണം നടത്തിയ പലരുമായും ഒരു ആകാംക്ഷ കാരണം വിഷയം ചർച്ച ചെയ്തപ്പോൾ സത്യം ഇതിന്റെ ഇടയിൽ എവിടെയോ ആണെന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്.  ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയ ഒരു വ്യക്തി പറഞ്ഞത് ചേരമാൻ രാജാക്കന്മാരിൽ രണ്ടോ അതിലേറെയോ പേർ മുസ്ലിമായിട്ടുണ്ടെന്നും സൗദിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നുമാണ്. ആദ്യത്തെയാൾ പ്രവാചകന്റെ കാലത്ത് പോവുകയും താജുദീനുൽ ഹിന്ദ് എന്ന പേര് സ്വീകരിച്ചു തിരിച്ച് വരുന്ന സമയത്ത് യമനിലെ ശഹർ മുഹല്ല എന്ന സ്ഥലത്ത് വെച്ചു മരണപ്പെട്ടു അവിടെ തന്നെ മറവു ചെയ്യപ്പെട്ടു. പിന്നീട് പ്രവാചകന്റെ കാല ശേഷം കോഴിക്കോട് നിന്ന് പോയ മറ്റൊരു രാജാവാണ് ഹജ്ജ് കഴിഞ്ഞു വരുന്ന വഴി സലാലയിൽ വെച്ച് മരണപ്പെട്ടു അവിടെ മറവു ചെയ്യപ്പെട്ടത്..  എന്തായാലും, ഈ ഖബറിടത്തിൽ കിടക്കുന്നതു ആര് തന്നെയാലും ഈ തർക്കങ്ങൾ തുടർന്നുകൊണ്ടേയിരിക്കാനാണ് സാധ്യത.  സംശയലേശമന്യേ അത് ഇനി തെളിയിക്കപ്പെടാൻ സാധ്യത കുറവാണ്.  സന്ദർശകർ തുടർന്നും ഇത് ചേരമാൻ പെരുമാൾ ടോമ്പ് എന്ന നിലയിൽ തന്നെ കണ്ടുപോകും..




 

ഇവിടം സന്ദർശിക്കാൻ പോകുമ്പോൾ ഇക്കാര്യമൊന്നും അറിയാത്ത കാരണം സംശയമോ ശങ്കയോ ഒന്നും ഉണ്ടായില്ല.  ഞങ്ങൾ താമസിക്കുന്ന ഏരിയയിൽ നിന്നും വെറും 14 km ദൂരമേ അങ്ങോട്ട്‌ ഉണ്ടായിരുന്നുള്ളൂ.  ടൗണിൽ നിന്നും അധികം ദൂരമില്ല. തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും നിറഞ്ഞ ഒരു ഏരിയയിലൂടെ ചെന്നു പിന്നെ ഒരു മണ്ണ് റോഡിലേക്കാണ് ഗൂഗിൾ മാപ്പ് വഴി കാണിച്ചത്. വഴി തെറ്റിയോ എന്ന് ആദ്യം ഒന്നു സംശയിച്ചങ്കിലും ഇങ്ങനെ ഒരു ഏരിയയിൽ തന്നെയാണ് ഫോട്ടോകളിൽ കണ്ടിട്ടുള്ളത് എന്നതിനാൽ മുന്നോട്ട് തന്നെ പോയി.  കുറച്ച് മുന്നോട്ട് ചെന്നപ്പോൾ തന്നെ പച്ച പുതപ്പിച്ച രണ്ട് ഖബറുകൾ കണ്ടു. മുൻപ് അത് ഒരു ചെറിയ പള്ളിയുടെ അകത്തായിരുന്നു. പിന്നീട് പള്ളി പൊളിഞ്ഞു / പൊളിച്ചു എന്ന് പറയുന്നു. എന്തായാലും ഇപ്പോൾ കെട്ടിപ്പൊക്കിയ, പച്ച വിരിപ്പ് കൊണ്ട് മൂടിയ ഒരു വലിയ ഖബറും ഒരു ചെറിയ ഖബറുമാണ് അവിടെയുള്ളത്.  ഒരു വാഹനത്തിനു അതിന്റെ പരിസരത്തു നിന്ന് തിരിക്കാനുള്ള സ്ഥലം മാത്രമേയുള്ളു ഇതിനോട് അനുബന്ധിച്ചു ഉള്ളൂ.  ചുറ്റിലും നല്ല കൃഷിഭൂമിയാണ്. തെങ്ങും വാഴയുമാണ് പ്രധാനം.

തൊട്ടപ്പുറത്തു കണ്ട വലിയ തോട്ടത്തിൽ 2 പേരെ കണ്ടു. മലയാളികളാണ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ. തേങ്ങ ഇട്ടു കൊണ്ടിരിക്കെയാണ് ഞങ്ങൾ ചെല്ലുന്നത്. തെങ്ങ്, വാഴ, പാഷൻ ഫ്രൂട്ട് തുടങ്ങി നിരവധി പച്ചക്കറികളും കൃഷി ചെയ്യുന്ന ഒന്നൊന്നര തോട്ടം തന്നെയായിരുന്നു അത്. പരിചയപ്പെട്ടതിന്റെ സന്തോഷത്തിൽ എല്ലാവർക്കും ഫ്രഷ് ഇളനീർ കിട്ടി. എങ്ങനെ ദേഹത്തു ആവാതെ ഇളനീർ കുടിക്കും എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ പപ്പായ തണ്ട് വെട്ടിയുണ്ടാക്കിയ നാച്ചുറൽ സ്ട്രോയുമായി അവർ തന്നെ അതിന് പരിഹാരമുണ്ടാക്കി.  തോട്ടത്തിൽ കുറച്ച് നേരം ചിലവഴിച്ച ശേഷമാണ് ഞങ്ങൾ ഐൻ ഖോറിലേക്കുള്ള യാത്ര തുടങ്ങിയത്.




According to her, this is too heavy for kids, only for adults...


ഐൻ ഖോർ ഒരു ഒറ്റപ്പെട്ട ഏരിയയാണ്. അടുത്തൊന്നും മറ്റു ടൂറിസ്റ്റ് സ്പോട്ടുകൾ ഇല്ല. മറ്റു ദിവസങ്ങളെ അപേക്ഷിച്ചു വെയിലും ചൂടും കൂടുതലായിരുന്നു അന്ന്. മഴക്കാർ ഒട്ടും ഉണ്ടായിരുന്നില്ല. അൽപ്പം സ്വൽപ്പം ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നേനെ എന്ന് തോന്നി. നല്ല റോഡിൽ നിന്നും ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു മണ്ണ് റോഡിലൂടെ കുറേ ദൂരം പോയ ശേഷം വീണ്ടും നല്ല റോഡിലെത്തി. ഇടയ്ക്ക് ഗൂഗിൾ map വീണ്ടും ചെറുതായി വഴി തെറ്റിക്കുകയും ചെയ്തു.

കുറേ ദൂരം കൂടി മുന്നോട്ടു ചെന്നപ്പോൾ കുത്തനെ ഇറക്കം ഇറങ്ങി വാദിയിൽ റോഡ് അവസാനിച്ചു. വാദിയിലൂടെ കുറച്ച് കൂടി മുന്നോട്ട് നീങ്ങിയതോടെ വെള്ളം ഒഴുകുന്ന സ്ഥലത്തെത്തി. നേരത്തെ നോക്കി വെച്ച വീഡിയോയിൽ കണ്ടു പരിചയമുള്ള സ്ഥലങ്ങൾ.. കൂടുതൽ മുന്നോട്ടു പോകും തോറും വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി.. ആഴവും കൂടുതൽ.. കര ഭാഗം കുറവായിത്തുടങ്ങി. വെള്ളത്തിൽ നിന്ന് ഉയരം കൂടിയ കരയിലേക്ക് കുത്തനെ കാർ കയറ്റി വീണ്ടും താഴെ വെള്ളത്തിലിറക്കിയൊക്കെയാണ് പിന്നീടുള്ള യാത്ര.  കുത്തിക്കുലുങ്ങി അങ്ങനെയുള്ള പോക്ക് അൽപ്പം പേടിയുളവാക്കി. പോയി പരിചയമുള്ള മറ്റു വാഹനങ്ങൾ മുന്നോട്ടു പോകുന്ന അതേ വഴിയിലൂടെ ഞങ്ങളും മുന്നോട്ട് നീങ്ങി. സെഡാൻ, ചെറുകിട suv യിൽ വന്നവരെല്ലാം വഴിയിൽ കാർ നിർത്തി മുന്നോട്ടു നടക്കുകയാണ് ചെയ്യുന്നത്.  വഴി അവസാനിക്കുന്നതിന്റെ ഏതാണ്ട് 300 മീറ്റർ അപ്പുറം ഞങ്ങൾ കാർ നിർത്തി. വന്നതിലും tough ഏരിയയിലൂടെ ഇനിയും കാർ ചാടിച്ചു സർക്കസ്സു കാണിക്കണോ എന്ന ശങ്ക. 300 മീറ്റർ നടന്നു അവസാനം വരെ ചെന്നപ്പോൾ അത് വരെ വന്നതിൽ കൂടുതൽ പ്രശ്നമുള്ള ഭാഗങ്ങളൊന്നും കണ്ടില്ല. പോകേണ്ട ട്രാക്ക് നോക്കി വെച്ചു തിരിച്ചു പോയി കാർ അറ്റം വരെ കൊണ്ട് വന്നു















വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ കാർ പോകില്ല. ഒരു 6-7 മിനിറ്റ് കല്ലുകൾക്കിടയിലൂടെ സൂക്ഷിച്ചു നടന്നു പോകണം. കാർ പാർക്കിംഗ് ഭാഗത്ത് തന്നെ വെള്ളം സമൃദമായി ഒഴുകുന്നു. വലുതും ചെറുതുമായ പാറകൾക്കിടയിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളം. ഇരു വശത്തും ചെടികളും മരങ്ങളും ചേർന്നു ഒരു കാട്ടരുവിയുടെ ഫീലാണ്. അത്യാവശ്യം ആഴമുള്ള ഒരു ഭാഗം കണ്ടു വെച്ചു. വെള്ളം ചാട്ടം കണ്ട ശേഷം അവിടെ ഇറങ്ങാം എന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങരുതെന്നു പോലീസ് മുന്നറിയിപ്പ് വെച്ചിട്ടുണ്ട്.  മുകളിലൂടെ ആർമി ഹെലികോപ്റ്റർ തുടർച്ചയായി നിരീക്ഷണ പറക്കൽ നടത്തുന്നുണ്ടായിരുന്നു.

കാർ നിർത്തി പതുക്കെ മുന്നോട്ടു നടന്നു വെള്ളച്ചാട്ടത്തിനു അരികിലെത്തി. ഫോട്ടോയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്.  പച്ച നിറത്തിൽ വെള്ളം കെട്ടി നിൽക്കുന്ന വലിയൊരു ഏരിയ തന്നെ അവിടെയുണ്ട്.  ഇരിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ പറ്റിയ മനോഹരമായ ഒരു സ്ഥലം.

കുറച്ച് നേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു തിരിച്ചു കാർ പാർക്ക്‌ ചെയ്തിടത്തേക്കു തന്നെ തിരിച്ചു വന്നു.  ഒറ്റപ്പെട്ട ഏരിയ ആണെന്ന് നേരത്തെ അറിയുന്നതിനാൽ ഉച്ച ഭക്ഷണം കൈയിൽ കരുതിയിരുന്നു.  ഭക്ഷണം കഴിക്കാൻ അനങ്ങാതെ ഇരിക്കുന്ന സമയം കൊണ്ട് കൊതുകിനെ പോലെ കടിക്കുന്ന ഒരു പ്രാണി കേറി മേഞ്ഞു.. ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടില്ല.. വളരെ ചെറുത്‌..  ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞു ഇത് എഴുതുന്ന സമയത്ത് പോലും ആ കടിയുടെ പാടും ചൊറിച്ചിലും പൂർണ്ണമായി മാറിയിട്ടില്ല.











ഭക്ഷണ ശേഷം ഡ്രസ്സ്‌ മാറി നേരത്തെ കണ്ട ആഴ്ചമുള ഭാഗത്ത് ഇറങ്ങി.. കുട്ടികൾക്ക് അത് നല്ലൊരു എൻജോയ്മെന്റ്ആയിരുന്നു.



സമയം ചെല്ലും തോറും പാർക്ക്‌ ചെയ്ത കാറുകളുടെ എണ്ണം കുറഞ്ഞു. പുതുതായി അധികം വാഹനങ്ങൾ വരാതായി. അതോടെ ഞങ്ങളും തിരിച്ചു പോന്നു.  അങ്ങോട്ട്‌ പോയതിലും അനായാസകരമായി തോന്നി തിരിച്ചു വാദിയിലൂടെയുള്ള ഡ്രൈവിംഗ്. pajero നിരാശപ്പെടുത്തിയില്ല. ഒരിടത്തു പോലും ഒട്ടും പതറാതെ സുഖമായി തിരിച്ചു റോഡിലെത്തി.

ഒരു സ്പോട്ട് കൂടി കവർ ചെയ്യാനുള്ള സമയം ബാക്കിയുണ്ടായിരുന്നതിനാൽ ഇമ്രാൻ നബിയുടെ ഖബറിടം കൂടി കാണാം എന്ന് തീരുമാനിച്ചു.  പബ്ലിക്കിന് ഓപ്പൺ അല്ലാത്ത കാരണം സന്ദർശകർ കുറവായിരുന്നു. മറ്റു ടോമ്പുകളെ അപേക്ഷിച്ചു ഇത് കൂടുതൽ മനോഹരമാണ്. പരിസരം വളരെ ഭംഗിയായി maintain ചെയ്തിട്ടുണ്ട്. ചെറിയ പുൽത്തകിടിയും മരങ്ങളുമൊക്കെയായി നല്ല ഭംഗി. ഒരു പള്ളിയോട് ചേർന്നാണ് ടോമ്പ് സ്ഥിതി ചെയ്യുന്നത്. അടച്ചിട്ട വാതിലിന്റെ ഗ്ലാസ്സിലൂടെ ഉള്ളിലെ ടോമ്പ് കാണാം. ടോമ്പിനു ഒരു 15-20 മീറ്റർ നീളമുണ്ട്.  മറവ് ചെയ്ത സ്ഥലം വളരെ കൃത്യമായി അറിയാത്ത കാരണം ആ ഏരിയ ഒന്നാകെ അങ്ങനെ ആക്കി മാറ്റിയതാണെന്നാണ് അവിടത്തെ കാര്യക്കാരൻ ബംഗ്ലാദേശി പറഞ്ഞത്.


പിന്നെ നേരെ അപ്പാർട്മെന്റിലേക്ക്.. സലാലയിൽ ഒരു ദിവസം കൂടിയേ ഞങ്ങൾക്ക് ബാക്കിയുള്ളൂ.  വെസ്റ്റേൺ സലാലയിലെ ഓഫ് റോഡ് beach ആയ ഫസായ ബീച്ചും യമൻ ബോർഡറിനോട് ചേർന്നു കിടക്കുന്ന ശാത്ത്‌ എന്ന സ്ഥലത്തെ beach view പോയിന്റ്റുമാണ് അവസാന ദിവസം ഞങ്ങൾക്ക് പോകാനുള്ളത്. അത് അടുത്ത പോസ്റ്റിൽ വായിക്കാം.  

Thank you for being here

0 അഭിപ്രായ(ങ്ങള്‍)