സലാല ട്രിപ്പ് Day 6

ഒക്‌ടോബർ 14, 2021



ഇത്തവണത്തെ സലാല ട്രിപ്പിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്.. വെസ്റ്റേൺ സലാലയിൽ നേരത്തെ ബാക്കി വെച്ച രണ്ട് destinations ആണ് ഞങ്ങൾക്ക് പോവാനുള്ളത്. സലാലയിലെ ഏറ്റവും മികച്ച off road ബീച്ചുകളിലൊന്നായ ഫസായ ബീച്ചും യമൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ശാത്തിലെ ഒരു വ്യൂ പോയിന്റുമാണവ. ഇതേ റൂട്ടിൽ വരുന്ന എഫ്‌താൽകൂട്ടും മുഗ്‌സൈൽ ബീച്ചും നേരത്തെ ഒഴിവു കിട്ടിയ സമയത്ത് കണ്ടു തീർത്തത്തിനാൽ ഇന്നത്തെ യാത്ര അയാസരഹിതമായി അവസാനിപ്പിക്കാൻ കഴിയും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. അല്ലെങ്കിൽ 4 സ്പോട്ടുകൾ ഒറ്റ ദിവസം കൊണ്ട് ശരിക്ക് ആസ്വദിച്ചു കാണാൻ കഴിയില്ല.

ഉച്ച ഭക്ഷണം കൈയിൽ കരുതി 9 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. ഫസായ ബീച്ചിലേക്കാണ് ആദ്യം പോകുന്നത്. ഒരു മലയുടെ താഴ്‌വരയിലാണ് ഫസായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മലയിൽ നിന്നു താഴേക്കുള്ള മണ്ണ് റോഡ് വഴി ഇറങ്ങി വേണം ബീച്ചിലെത്താൻ. കുത്തനെയുള്ള ഇറക്കവും വളവുകളുമാണ്. ഒട്ടകങ്ങളാണ് ഫസായ ബീച്ചിന്റെ മുഖമുദ്ര. എഫ്‌താൽകൂട്ട് ഏരിയ എത്തുമ്പോഴേക്കും റോഡരികിൽ ഒട്ടകങ്ങളെ കാണാം. ഒട്ടകങ്ങളാണ് റോഡിലെ VIP കൾ. റോഡിന്റെ ഇരു വശങ്ങളിലും കൂട്ടമായും ഒറ്റയ്ക്കും കാണാം. വലിയ കൂട്ടങ്ങളുടെ കൂടെ ഒരു നോട്ടക്കാരനോ കാറിൽ അനുഗമിക്കുന്ന ഉടമയെയോ കാണാം. റോഡ് മുറിച്ചു കടക്കുന്ന ഒട്ടകങ്ങൾക്ക് വേണ്ടി വാഹനങ്ങൾ ബഹുമാനപുരസ്‌കരം ഒതുക്കി നിർത്തുന്നു. മുഗ്‌സൈൽ ബീച്ച് എത്തിയപ്പോഴേക്കും റോഡിനു ഇരു വശവും ചിലപ്പോൾ റോഡിലും നിരവധി വലിയ ഒട്ടകക്കൂട്ടങ്ങളെ കണ്ടു. ബീച്ചിലും മലയടിവാരത്തിലും മേയുന്ന ഒട്ടകക്കൂട്ടങ്ങൾ നല്ലൊരു കാഴ്ചയാണ്. ഒട്ടകങ്ങളുടെ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം മുഗ്‌സൈൽ ബീച്ചിൽ ഞങ്ങൾ കാർ നിർത്തി.






മുഗ്‌സൈൽ, മർനീഫ് ഏരിയ കഴിഞ്ഞാൽ പിന്നീട് വലിയൊരു ചുരം കയറി വേണം ഫസായ ബീച്ചിലെത്താൻ. സൂക്ഷിച്ചു കയറാനും low ഗിയറിൽ ഇറങ്ങാനുമുള്ള മുന്നറിയിപ്പ് തുടക്കത്തിലെ കണ്ടു. ചുരം road മുഴുവനായും കാണുന്ന ഒരു ഭാഗത്ത് നിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാർ ഒതുക്കി നിർത്താൻ പറ്റിയ ഒരു സ്ഥലം കണ്ടില്ല.



വളഞ്ഞു പുളഞ്ഞു പോകുന്ന road ഏതാണ്ട് ആ വലിയ മലയുടെ നെറുകയിൽ എത്തുന്ന തൊട്ടു മുൻപാണ് ഫസായ ബീച്ചിലേക്കുള്ള വഴി. കയറി വന്ന മലയുടെ ഇടതു വശത്ത് ഒരുപാട് താഴെയാണ് ബീച്ച്. മലയുടെ സൈഡിലൂടെ നിർമ്മിച്ച വീതി കുറഞ്ഞ മണ്ണ് റോഡിലൂടെ കുത്തനെ ഇറങ്ങി വേണം ബീച്ചിലേക്ക് പോകാൻ. വളഞ്ഞും തിരിഞ്ഞും ഇറക്കത്തിന്റെ അഘാതം കുറയ്ക്കാൻ പാകത്തിലാണ് റോഡ് എങ്കിലും മുകളിൽ നിന്ന് കാണുമ്പോൾ ആ ഇറക്കമൊക്കെ ഇറങ്ങിയാണോ പോകേണ്ടത് എന്ന് തോന്നി പോകും. പോകുന്ന വഴിക്കു കാർ ഒതുക്കി നിർത്താൻ പറ്റുന്ന വ്യൂ പോയിന്റുകൾ ഉണ്ട്. പോകാനുള്ള വഴി അങ്ങനെ നീണ്ടു നീണ്ടു ചെന്നു ക്രമേണ താഴെ ബീച്ചിലേക്ക് ചെന്നു ചേരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഞങ്ങൾ കാർ നിർത്തി. ഏതാണ്ട് ഉച്ചയായതുകൊണ്ടാകണം ബീച്ചിൽ സന്ദർശകർ വളരെ കുറവായിരുന്നു.







ബീച്ചിലേക്കുള്ള വഴിയിൽ പലയിടത്തും ഒട്ടകങ്ങൾ മേയുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവയ്ക്ക് റോഡ് മുറിച്ചു കടക്കാൻ കാർ നിർത്തിക്കൊടുക്കേണ്ടി വന്നു. കാറിനെ തൊട്ടുരുമ്മിക്കൊണ്ടാണ് പലപ്പോഴും അവയുടെ യാത്ര. ഫസായ ബീച്ചിലേക്കുള്ള വഴി പരിചയപ്പെടാൻ നേരത്തെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ കണ്ടതിലും ദുർഘടമായി തോന്നിച്ചു താഴേക്കുള്ള ഡ്രൈവ്. ഖരീഫ് അല്ലാത്ത മറ്റേതോ സീസണിൽ എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. വരണ്ടുണണങ്ങിയ മലകൾക്കിടയിലൂടെ പോകുന്നു സാധാ മണ്ണ് റോഡ്.. ആ വഴിക്കു തന്നെയാണോ ഞങ്ങളീ പോകുന്നത് എന്ന് അത്ഭുതം തോന്നിക്കുമാറ് ഭൂപ്രകൃതി മാറിയിരിക്കുന്നു. മലയും ചുറ്റുപാടും താഴ്‌വരയും പച്ച പുതച്ചതും മലമുകളിൽ നിന്നും താഴേക്കു പതുക്കെ താഴ്ന്നു വന്നു താഴെ നീല കടലിൽ അലിയുന്ന കോട കോട മഞ്ഞുമാണ് ആ മാറ്റത്തിനു കാരണം. ഏതോ ഒരു യൂറോപ്യൻ രാജ്യത്താണോ ഞങ്ങൾ എന്ന തോന്നൽ വരുമ്പോഴേക്കും റോഡരികിൽ കാണുന്ന ഒട്ടകങ്ങൾ ഞങ്ങൾക്ക് സ്ഥലകാല ബോധം വീണ്ടെടുത്തു തന്നു.

മലയിറങ്ങി നിരപ്പായ താഴ്‌വരയിലൂടെ വീണ്ടും കുറച്ച് മുന്നോട്ടു പോയി വേണം ബീച്ചിലെത്താൻ. അങ്ങിങ്ങായി ഒട്ടക ഫാമുകൾ കാണാം. ആടുകളും യഥേഷ്ടം മേഞ്ഞു നടക്കുന്നുണ്ട്. വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞതും അല്ലാത്തതുമായ ഏരിയകളുണ്ട് ബീച്ചിൽ. ചെറുതും വലുതുമായ കുറേ ബീച്ചുകൾ.. കുറേ കൂടി അകലെ മത്സ്യബന്ധന ബോട്ടുകൾ നിർത്തിയിട്ട സ്ഥലത്ത് മാത്രം കുറച്ച് വാഹനങ്ങൾ കണ്ടു. മറ്റു സ്ഥലങ്ങളെല്ലാം വിജനമായിരുന്നു. അധികം പാറക്കൂട്ടങ്ങൾ ഇല്ലാത്ത, കുട്ടികൾക്ക് എളുപ്പം ഇറങ്ങാൻ പറ്റുന്ന ഒരു ഭാഗത്തു ഞങ്ങൾ കാർ നിർത്തി.












വെയിലും ചൂടും അധികം ഇല്ലായിരുന്നതിനാൽ ഉച്ച സമയത്തായിട്ട് പോലും ബീച്ചിൽ ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് മതിമറന്നു ആഘോഷിക്കാൻ പറ്റിയ ഒരു ബീച്ച്.. പാറക്കെട്ടുകളിൽ നിന്നും ഞണ്ടുകൾ മണലിലെ കുഴിയിലേക്ക് ഊർന്നിറങ്ങുന്നത് അവർക്ക് കൗതുകകരമായ കാഴ്ചയായിരുന്നു. ബീച്ചിന്റെ എതിർവശം ഞങ്ങൾ ഇറങ്ങി വന്ന മല കാണാം. അതിന്റെ മുകളിൽ നിന്ന് കോടമഞ്ഞു താഴേക്കു ഇറങ്ങിക്കൊണ്ടിരുന്നു. മണലിൽ പായ് വിരിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.. കടലും കോടയിറങ്ങുന്ന മലയും പച്ച പുതച്ച താഴ്‌വരയും ആസ്വദിച്ചുകൊണ്ടുള്ള ലഞ്ച്...


















ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ഫസായ ബീച്ചിനോട് യാത്ര പറഞ്ഞു ശാത്തിലെ sea വ്യൂ പോയിന്റിലേക്കു യാത്ര തിരിച്ചു. ബീച്ചിലേക്കുള്ള ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ ഇത് തിരിച്ചു അനായാസം കയറിപ്പോകാൻ പറ്റുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ അനുസരണയുള്ള ഒരു പൂച്ചകുഞ്ഞിനെ പോലെ പജീറോ സുഖകരമായി തിരിച്ചു കയറി.

നേരത്തെ ഞങ്ങൾ കയറിവന്ന മലമ്പാതയിലൂടെ തന്നെയാണ് വീണ്ടും ഞങ്ങൾക്ക് മുന്നോട്ട് പോവാനുള്ളത്. അപ്പോഴേക്കും മഞ്ഞ് കൂടുതൽ കനത്തിരുന്നു. നേരത്തെ ജബൽ സംഹാൻ വ്യൂ പോയിന്റിൽ പോയ പോലെ തന്നെയായിരിക്കും അവിടെയും അവസ്ഥ എന്ന് ആദ്യമേ ഊഹിച്ചു.

യമൻ അതിർത്തിപ്രദേശമാണ് ശാത്ത്‌. പോകുന്ന വഴിക്കു പോലീസ് ചെക്ക് പോയിന്റ് ഉണ്ട്. resident കാർഡും ലൈസെൻസും ചെക്ക് ചെയ്ത ശേഷം കാറിന്റെ മുൽകിയ എടുക്കാൻ ആവശ്യപ്പെട്ടു. rent കാർ ആയതിനാൽ മുൽകിയയ്ക്ക് പകരം കാർ hand over ചെയ്യുമ്പോൾ details എഴുതിയ ഒരു പേപ്പറിന്റെ കാർബൺ കോപ്പിയാണ് എനിക്ക് തന്നിരുന്നത്. ഡാഷ് ബോർഡിൽ നിന്ന് ഞാൻ അതെടുത്തു നിവർത്തിക്കാണിച്ചു.. കഷ്ടകാലം.. അതിൽ നേരത്തെ ഉണ്ടായിരുന്ന കാർബൺ കോപി അക്ഷരങ്ങളെല്ലാം മാഞ്ഞു പോയിരിക്കുന്നു . ചെക്ക് പോസ്റ്റിലെ പട്ടാളക്കാരൻ അതിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി... മിന്നാരം സിനിമയിൽ വെടി കൊണ്ട് കത്തിപ്പോയ വിവാഹ സർട്ടിഫിക്കറ്റ് പൊക്കിക്കാണിക്കുന്ന മോഹൻലാലിനെ പോലെയായി എന്റെ അവസ്ഥ. എന്റെ മുഖഭാവം കണ്ടിട്ടാവണം അയാൾ പിന്നെ ഒന്നും പറയാതെ പൊയ്ക്കോളാൻ പറഞ്ഞു .

കാർ ശാത്തിനോടടുക്കും തോറും കോട മഞ്ഞ് കനത്തു. വ്യൂ പോയിന്റ് എത്തിയപ്പോഴേക്കും മുന്നിലെ റോഡ് പോലും ശരിക്ക് കാണാൻ കഴിയാത്തത്ര മഞ്ഞ്. ജബൽ സംഹാൻ പോലെത്തന്നെ. താഴേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ശാത്ത് വ്യൂ പോയിന്റിൽ നിന്നും എടുത്തിട്ടുള്ള ചില ഫോട്ടോകൾ പിന്നീട് കണ്ടപ്പോഴാണ് ശരിക്കും ഞങ്ങളുടെ നഷ്ടം എത്രത്തോളം വലുതായിരുന്നു എന്ന് മനസ്സിലായത്.

എന്തായാലും കാണാത്തതിനെക്കുറിച്ച് ഓർത്തു സങ്കടപ്പെടാതെ കാണുന്നത് ആസ്വദിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം.  Sea view പോയിന്റിന്റെ എതിർവശത്ത് കോട മൂടിയ മലകൾ ആസ്വദിക്കാം. പല തരത്തിലുള്ള ചെടികൾ നിറഞ്ഞ മല നിരകളാണ്. ചെറുതും വലുതുമായ ചെടികൾ. ഇടയ്ക്കിടെ പൂകളുമുണ്ട്. കറുത്ത പാറക്കൂട്ടങ്ങൾക്കിടയിൽ മഞ്ഞിൽ കുതിർന്നു അവ നിൽക്കുന്നത് സുഖകരമായ കാഴ്ചയായിരുന്നു.  ആ പ്രദേശത്ത് ആകെ ഒരു ചെറിയ തട്ടുകടയാണുള്ളത്. പല തരം ചായയും ഇളനീരും കിട്ടും.  ആൽക്കൂട്ടത്തിൽ നിന്നും അകന്നു മഞ്ഞ് ആസ്വദിച്ചുകൊണ്ട് ഒരു ചായ കുടിക്കാം.... നല്ലൊരു ഫീലാണ്.







ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങൾ മടങ്ങി. ശാത്തിലെ ഒരു ഹിഡൺ ബീച്ച് കൂടി കാണാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ക്ഷീണിച്ചതോടെ അത് ഉപേക്ഷിച്ചു ഞങ്ങൾ മടങ്ങി.. അങ്ങനെ ഈ ട്രിപ്പിൽ പ്ലാൻ ചെയ്ത സ്ഥലങ്ങളിൽ ഈ ഒരു ഹിഡൺ beach ഒഴികെയുള്ള എല്ലാം വളരെ ഭംഗിയായി കണ്ടുത്തീർത്തു. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന ചില destinations കാണാനും കഴിഞ്ഞു. ചെറിയ കുട്ടികൾ കൂടെയുള്ളതിനാൽ ചെറിയ ഉത്കണ്ഠയോടെ പ്ലാൻ ചെയ്ത ട്രിപ്പ്‌ വളരെ സുഖകരമായി അവസാനിച്ചു.  അടുത്ത ദിവസം ഉച്ചയ്ക്കാണ് തിരിച്ചുള്ള flight.  ഇടയ്ക്ക് വെച്ചു കുടുംബക്കാരും സുഹൃത്തുക്കളും ഉൾപ്പെടെ ചിലരെയൊക്കെ കാണാനും കഴിഞ്ഞു. 

ഇനിയും മറ്റൊരു ഖരീഫ് സീസണിൽ സലാല കാണണം എന്ന് തന്നെയാണ് ആഗ്രഹം. ഇബ്രിയിൽ നിന്നും കാർ ഓടിച്ചു പോകണം.  കാത്തിരിക്കാം മറ്റൊരു ഖരീഫ് സീസണിനായി...



Thank you for being here

0 അഭിപ്രായ(ങ്ങള്‍)