ചരിത്രമുറങ്ങുന്ന ഇസ്താംമ്പുൾ നഗരം

ഓഗസ്റ്റ് 12, 2023

അൽപ്പം ചരിത്രം :- 

ലോകത്തെ ഏറ്റവും പ്രശസ്തമായ നഗരങ്ങൾ ഏതൊക്കെയെന്നു അന്വേഷിച്ചാൽ ആദ്യത്തെ 30 എണ്ണത്തിൽ ഉൾപ്പെടുമെന്ന് ഉറപ്പു പറയാവുന്ന സിറ്റിയാണ് ഇസ്താമ്പുൾ. BC 3000 മുതൽ ഇസ്താമ്പുൾ ഏരിയയിൽ ജനവാസമുണ്ടെന്നു കരുതപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ഗ്രീക്ക് ചക്രവർത്തി Byzas ഇവിടം പിടിച്ചടക്കി ബെസാന്റൈൻ സാമ്രാജ്യം സ്ഥാപിച്ചു.  പിന്നീട് അത് റോമൻ ചക്രവർത്തി Constantine കൈവശപ്പെടുത്തുകയും Constantinople എന്നപേരിൽ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു.  1453 ലാണ്‌ ഓട്ടോമാൻ തുർക്ക് സുൽത്താൻ മെഹമദ് രണ്ടാമൻ പ്രതാപം നശിച്ച Constantinople പിടിച്ചടക്കി അതിന് ഇസ്താമ്പുൾ എന്ന് നാമകരണം ചെയ്യുന്നത്. ഓട്ടോമൻ തുർക്കിയുടെ മൂന്നാമത്തെയും അവസാനത്തെയും തലസ്ഥാനമായിരുന്നു ഇസ്താമ്പുൾ.

ചിലവ്  അൽപ്പം കൂടും :-

ഒരു ബഡ്ജറ്റ് ട്രിപ്പ് ആലോചിക്കുന്നവർക്ക് യോജിച്ച സ്ഥലമല്ല തുർക്കി. കുർദ് പ്രദേശങ്ങളിൽ ഈയിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം തുർക്കി വിസയുടെ ചാർജ് 25 ഒമാനി റിയാലിൽ നിന്നും 76 ആയി വർധിപ്പിച്ചു. ഭക്ഷണവും താമസവുമുൾപ്പെടെ എല്ലാം ചിലവേറിയവയാണ്.  ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് ഇസ്താമ്പുൾ പട്ടണത്തിന്റെ നിലനിൽപ്പ് എന്നതിനാൽ അവരെ പരമാവധി പിഴിയാതെ വഴിയില്ല.

മസ്കറ്റിൽ നിന്നും 5 മണിക്കൂർ യാത്ര ചെയ്തു ഇസ്താമ്പുൾ സിറ്റിയുടെ അടുത്തുള്ള സബീഹ ഗോക്ചെ എയർപോർട്ടിൽ വിമാനമിറങ്ങുന്നത് സൂചി കുത്താനിടമില്ലാത്ത തിരക്കിലേക്കാണ്.  ഒരു മണിക്കൂറിലേറെ എമിഗ്രേഷൻ ക്യൂവിൽ നിന്ന ശേഷമാണ് പുറത്ത് കടക്കാൻ കഴിഞ്ഞത്. ലഗേജ്‌ തള്ളാൻ ട്രോളി എടുക്കണമെങ്കിൽ ചില്ലറ കൊടുക്കണം. ആദ്യമായി ഇവിടെ വരുന്നവരുടെ കൈയിൽ ടർക്കിഷ് ചില്ലറ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. പുറത്തിറങ്ങിയാൽ കാര്യങ്ങൾ എളുപ്പമാണ്. ജനങ്ങൾ വളരെ  ആതിഥ്യ മര്യാദയുള്ളവരും സഹായ മനസ്ക്കരുമാണ്.  നേരത്തെ കേട്ടത് പോലെ ഭാഷ വലിയൊരു പ്രശ്നമായി തോന്നിയില്ല. എല്ലാവർക്കും അറിയില്ലെങ്കിലും ചുറ്റിലും കാണുന്ന ആരെങ്കിലുമൊക്കെ അൽപ്പ സ്വൽപ്പമെങ്കിലും ഇംഗ്ലീഷ് അറിയുന്നവരായിരിക്കും.

സബീഹ ഗോക്ചെ എയർപോർട്ടിൽ നിന്നും ഇസ്താമ്പുൾ സിറ്റിയിലേക്കുള്ള യാത്ര, അച്ചടക്കമുള്ള ട്രാഫിക്കും റോഡുകളുടെ നിലവാരവും മാറ്റി നിർത്തിയാൽ ഏതാണ്ട് കേരളത്തിലെ വലിയ ടൗണുകളിലൂടെയുള്ള യാത്രയെ  ഓർമ്മിപ്പിച്ചു  ഇസ്താമ്പുളിനോട് അടുക്കും തോറും ട്രാഫിക് കൂടുതൽ തിരക്കേറിയതായി.

തുരുത്തിനപ്പുറം ഇസ്താമ്പുളിന്റെ ശബ്ദം

കരിങ്കടലിന്റെ വലിയൊരു തുരുത്താണ് യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന തുർക്കിയെ രണ്ടായി വിഭജിക്കുന്നത്.  1.5 km നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ബോസ്ഫറസ്  ഹാങ്ങിങ് ബ്രിഡ്ജിനു മുകളിലൂടെ ഇസ്താമ്പുൾ സിറ്റിയിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത്  റോഡിലൂടെയും ഫുട്ട്പാത്തിലൂടെയും ഒഴുകുന്ന ജനസാഗരമായിരിക്കും..ഇത്രയും തിരക്കേറിയ ഒരു നഗരത്തിൽ ഞാൻ മുൻപ് പോയിട്ടില്ല. സിറ്റിയിലെ റോഡുകളിലുടനീളം ട്രാം ട്രാക്കുകൾ കാണാം. റോഡിലെ മറ്റു വാഹങ്ങളോടും തിരക്കിനോടും പൊരുത്തപ്പെട്ടു, അവരിൽ ഒരാളായി തലങ്ങും വിലങ്ങും നീങ്ങുന്ന ട്രാമുകൾ തന്നെയാണ് ഈ നഗരത്തിന്റെ മുഖമുദ്ര. അമ്പലങ്ങളിൽ നിന്നും ഇടയ്ക്ക് കേൾക്കാറുള്ള മണി ശബ്ദത്തെ ഓർമ്മിപ്പിക്കുന്ന ഒരു ശബ്ദമാണ് ട്രാമുകളുടെ ഹോൺ.  ഇസ്താമ്പുളിന്റെ ശബ്ദം ഏതെന്നു ചോദിച്ചാൽ ഈ മണി ശബ്ദമാണെന്നേ ഞാൻ പറയൂ.  ഇസ്താമ്പുൾ പോലെ തിരക്കേറിയ, സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ഒരു നഗരത്തിൽ, പതിനായിരക്കണക്കിന് ജനങ്ങളെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിക്കാൻ ട്രാമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.  ട്രാമുകൾക്കായി വേറെ ഒരു സ്ഥലം ആവശ്യമില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ മേന്മ.  ട്രാമും ബസ്സും മെട്രോയും ബോട്ടും ട്രെയിനും ഉൾപ്പെടുന്ന ശക്തമായ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം ഇസ്താമ്പുളിന്റെ വലിയൊരു സവിശേഷതയാണ്  സവിശേഷതയാണ്. എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലും ഒരേ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ബാലൻസ് കഴിയുമ്പോൾ റീചാർജ് ചെയ്യ്താൽ മതി.  ഇസ്താമ്പുളിൽ ചിലവ് കുറഞ്ഞ ഒരേയൊരു ഏർപ്പാട് പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റമാണ്. ഞങ്ങൾ താമസിച്ചിരുന്ന സിറ്റി സെന്റർ ഏരിയയിലെ ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ രണ്ട് ട്രാം സ്റ്റേഷനുകൾ ഉണ്ടായിരുന്നു. അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ നോവലായ മർഡർ ഓൺ ഓറിയന്റൽ എക്സ്പ്രസ്സിലെ ടൈറ്റിൽ കഥാപാത്രമായ ഓറിയന്റൽ എക്സ്പ്രസ്സ്‌ ഇസ്താമ്പുളിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷൻ ഈ സിറ്റി സെന്ററിൽ തന്നെയാണ്.  ഇതേ കഥ സിനിമയായും ഇറങ്ങിയിട്ടുണ്ട്.  കഥയെഴുതാൻ വേണ്ടി അവർ തുർക്കിയിൽ വന്നു താമസിച്ചിരുന്ന ഒരു ഹോട്ടൽ ഇഷ്തിക്ക് ലാൽ സ്ട്രീറ്റിൽ ഇപ്പോഴുമുണ്ട്.








July മാസത്തിൽ ഇവിടെ സൂര്യൻ അസ്തമിക്കുന്നത് രാത്രി 8.30 നു ശേഷമാണ്.  സമയത്തേക്കുറിച്ചുള്ള ബോധ്യം തന്നെ നഷ്ടപ്പെട്ടു പോകും..വളരെ നീണ്ട പകലുകൾ. താരതമ്യേനെ നല്ല കാലാവസ്ഥയും. ഹ്യൂമിഡിറ്റി കൂടുതലായതിനാൽ ചൂട് അധികം ഇല്ലെങ്കിലും സിറ്റി കറങ്ങിക്കാണാനുള്ള നടത്തത്തിൽ പെട്ടെന്ന് ക്ഷീണിച്ചു പോകും.. ടാക്സി എടുത്തു കറങ്ങാമെന്നു വെച്ചാൽ ബ്ലോക്കിൽ കുടുങ്ങി കൃത്യസമയത്ത് എത്തുകയുമില്ല. 

 തുർക്കിയിലെ ഭക്ഷണ വൈവിധ്യം 

സിറ്റിയിലെ അധികം വീതിയില്ലാത്ത റോഡുകൾക്കിരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ 70% വും വിവിധ തരം ഭക്ഷണശാലകളാണ്. ഒട്ടുമിക്ക restaurants നും റോഡ് സൈഡിൽ ഇരിപ്പിടങ്ങളുണ്ട്. രുചികരമായ ഭക്ഷണത്തോടൊപ്പം പാട്ടും മേളവും മറ്റു രസകരമായ പരിപാടികളും ആസ്വദിക്കാം. തുർക്കിയുടെ രുചി വൈവിദ്ധ്യം അറിയുക എന്നത് തന്നെ ഇവിടം സന്ദർശിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.  വിശദമായ മെനു പുറത്തു തന്നെ പ്രദർശിപ്പിച്ചിട്ടുണ്ടാകും.  ഇവർക്ക് ഇതിന് മാത്രം മെനു എങ്ങനെ കിട്ടുന്നു എന്നുവരെ നമ്മൾ ചിന്തിച്ചു പോകും.  രുചിയാണെങ്കിൽ അതിഗംഭീരം. 280-300 ടർക്കിഷ് ലിറയെങ്കിലും ചിലവാക്കാതെ ഒരു ഭക്ഷണവും കിട്ടില്ല എന്നതാണ് പ്രശ്നം.  ഇസ്താമ്പുൾ സിറ്റി വിട്ടു തുർക്കിയുടെ ഉൾപ്രദേശങ്ങളിലേക്ക് ചെല്ലുമ്പോൾ ഭക്ഷണത്തിനും മറ്റും വില കുറയുന്നത് കാണാം.  ഒർട്ടക്കോയ് പരിസരത്ത് ലഭ്യമായ ഒരു സ്പെഷ്യൽ ഫുഡ്‌, ഒർട്ടക്കോയ് കുമ്പിർ ഞങ്ങൾ  രുചിച്ചു നോക്കി. അസാധാരണ വലിപ്പമുള്ള ഉരുളക്കിഴങ്ങ് പുഴുങ്ങി അതിനുള്ളിൽ പച്ചക്കറികളും സോസേജും ചീസും തൈരും ഒലിവും നിറച്ചുള്ള രുചികരമായ വിഭവമാണ് കുമ്പിർ. 








ഓർട്ടക്കോയ് കുമ്പിർ 


Night life വളരെ ആക്റ്റീവായ സിറ്റിയാണ് ഇസ്താമ്പുൾ.  രാത്രി 12 മണിക്ക്‌ ശേഷവും സിറ്റി വളരെ സജീവമാണ്. ആ സമയത്തും ട്രാമുകളിലും റെസ്റ്റോറന്റുകളിലും നല്ല തിരക്കുണ്ടാകും.

അത്ഭുതങ്ങൾ ഒളിപ്പിച്ച സിറ്റി 

AD  500 കാലഘട്ടം മുതലുള്ള അത്ഭുത കാഴ്ചകളാണ് ഇസ്താമ്പുൾ നഗരത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.  532 ൽ ബൈസാന്റൈൻ ചക്രവർത്തി ജസ്റ്റിനിയൻ, ഇസ്താമ്പുളിലെ കുടിവെള്ള സംഭരണത്തിനു വേണ്ടി  നിർമ്മിച്ച അതിവിശാലമായ ഭൂഗർഭ അറയായ ബസിലിക സിസ്റ്റേൺ കണ്ടാൽ അത്ഭുതപ്പെടാത്തവരായി ആരുമുണ്ടാകില്ല.. ഇസ്താമ്പുൾ പരിസരത്തുള്ള എല്ലാ ജലസ്രോതസ്സുകളിൽ നിന്നും  ഭൂമിക്കടിയിലൂടെയാണ് സിസ്റ്റേണിലേക്ക് വെള്ളം വരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയും യന്ത്ര സാമഗ്രികളും ഇത്രയും വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഈ ഭീമൻ നിർമ്മിതി എങ്ങനെ സാധ്യമായി എന്നാണ് ഞാൻ ഓർത്തത്‌.












ഇസ്താമ്പുളിന്റെ മുഖമുദ്ര എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നതും ലോകത്തിലെ തന്നെ പ്രശസ്തവുമായ നിർമ്മിതിയാണ് അയാഹ് സോഫിയ. 532- 537 കാലഘട്ടത്തിൽ ബൈസാന്റൈൻ ചക്രവർത്തി ജസ്റ്റിനിയൻ 1 ആണ് അവരുടെ പ്രതാപവും ശില്പചാതുരിയും വിളിച്ചോതുന്ന അയാഹ് സോഫിയ നിർമ്മിച്ചത്. കൃസ്ത്യൻ പള്ളിയായി നിർമ്മിച്ച ഈ കെട്ടിടം ഓട്ടോമാൻ തുർക്കുകൾ പിടിച്ചടക്കി ഒരു മുസ്ലിം പള്ളിയാക്കി മാറ്റി. തുർക്കി ഒരു റിപബ്ലിക് ആയി മാറിയ സമയത്ത് അയാഹ് സോഫിയ ഒരു മ്യൂസിയമാക്കി മാറ്റിയെങ്കിലും അടുത്തിടെ വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റി. അക്കാര്യം അന്ന് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മനോഹരമായ പച്ച പരവതാനികളും ഭീമാകാരമായ ക്രിസ്റ്റൽ വിളക്കുകളും അയാഹ് സോഫിയയുടെ ഉൾവശത്തെ നിർമാണ ചാതുരിയുടെ മാറ്റ് കൂട്ടുന്നു.







ചെറുതോ വലുതോയെന്നില്ലാതെ ഇസ്താമ്പുളിലെ പള്ളികൾക്കെല്ലാം ഒരേ ഘടനയാണ്.  നടുവിൽ വലിയ മിനാരവും നാലുവശത്തുമായി ഉയരം കൂടിയ പില്ലറുകളുമാണ് എല്ലാ പള്ളികൾക്കും.  1616 ൽ സുൽത്താൻ അഹ്‌മദ്‌ 1 ന്റെ കാലഘട്ടത്തിൽ നിർമ്മിച്ച ബ്ലൂ മോസ്ക്കാണ് ഇസ്താമ്പുളിലെ പള്ളികളിൽ ഏറ്റവും ഗംഭീരം.  പ്രശസ്തമായ ഇസ്നിക് ടൈൽസിലെ നീല ഡിസൈനാണ് പള്ളിക്ക് ഈ പേര് വരാൻ കാരണം. പള്ളിക്കകത്തു ചെന്നാൽ ഉടനീളം ആ നീല ഷേഡ് കാണാൻ കഴിയും. 7 വർഷമെടുത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.  

















1400- 1800 കൾ വരെ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ടോപ്കാപി പാലസ്, ഇസ്താമ്പുളിലെ ഗുലൈനിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ്. സുൽത്താൻ മുഹ്‌മദ് 2 വിന്റെ കാലഘട്ടത്തിൽ നിർമ്മിച്ച ഈ പാലസ്, അയാഹ് സോഫിയ പോലെത്തന്നെ Unesco world ഹെറിറ്റേജിൽ ഇടംപിടിച്ചിട്ടുണ്ട്. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ച ഒരു മ്യൂസിയമാണ് ഇന്ന് ടോപ്കാപി പാലസ്. രണ്ട് മണിക്കൂറിലേറെ നടന്നു കാണാനുള്ള കാഴ്ചകളുണ്ട് പാലസിനുള്ളിൽ.  ടോപ്കാപി പാൽസിനടുത്തു തന്നെ ഗുലൈൻ പാർക്കുണ്ട്..ഓക്ക് മരങ്ങൾ ഉൾപ്പെടെ നമ്മുടെ നാട്ടിൽ കാണാത്ത ഭീമൻ മരങ്ങളും പൂക്കളും പുൽത്തകിടികളും പക്ഷികളും നിറഞ്ഞ പാർക്കിൽ വെറുതെ സമയം കളയുന്നത് തന്നെ രസകരമാണ്.  ഏപ്രിൽ - മേയ് മാസങ്ങളിൽ അവിടം. സന്ദർശിക്കുന്നവർക്ക് മനോഹരമായ ട്യൂലിപ് പൂക്കളും കാണാൻ കഴിയും.






ടോപ്കാപി പാലസിൽ സൂക്ഷിച്ചിരിക്കുന്ന പതിനാലാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ പട്ട് വസ്ത്രങ്ങൾ 





ഗുലൈൻ പാർക്ക് 

ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തലയെടുപ്പ് വിളംബരം ചെയ്യുന്ന പുതിയൊരു പാലസ് നിർമ്മിച്ചാണ് 31st ഓട്ടോമാൻ സുൽത്താൻ അബ്ദുൽ മജീദ് ഭരണസിരാകേന്ദ്രം ടോപ്കാപി പാലസിൽ നിന്നും മാറ്റി സ്ഥാപിച്ചത്.  കരിങ്കടലിന് അഭിമുഖമായി നിലകൊള്ളുന്ന മനോഹരമായ ആ പാലസാണ് ഡോൾമബച്ചി പാലസ്.  ലോകത്തിലെ തന്നെ ടോപ്‌ ക്ലാസ്സ്‌ നിർമ്മിതികളിൽ ഒന്നായിരിക്കുമതെന്നു സംശയമില്ല. പാലസിനു പുറത്തെ ഫൗണ്ടൻ തന്നെ അകത്തെ ഭംഗിയുടെ സൂചന തരും.  ഡോൾമബച്ചി പലസിന്റെ ദർബാർ ഹാൾ കണ്ടാൽ നമ്മൾ അറിയാതെ തന്നെ വൗ എന്ന് പറഞ്ഞു പോകും. അത്രയേറെ ഭംഗിയും നിർമ്മാണവൈദഗ്ധ്യവുമാണ് അവിടെ കാണാൻ കഴിയുക. നിർഭാഗ്യവശാൽ ഡോൾമബച്ചി പാലസിൽ ഫോട്ടോഗ്രഫിയോ വീഡിയോ ഷൂട്ടിങ്ങോ അനുവദനീയമല്ല.






ഒരു മാർക്കറ്റ്, ദിവസേന നാലു ലക്ഷം സന്ദർശകർ !
ദിവസേന 4 ലക്ഷത്തോളം പേർ സന്ദർശിക്കുന്ന ഒരു മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും മുഴുവനായും കവർ ചെയ്യപ്പെട്ടതുമായ ഒരു മാർക്കറ്റാണ് ഇസ്താമ്പുൾ ഗ്രാൻഡ് ബസാർ. 61 സ്ട്രീറ്റുകളിലായി 4000 ത്തോളം ഷോപ്പുകൾ ഗ്രാൻഡ് ബസാറിലുണ്ട്. 1455 ൽ ഓട്ടോമാൻ ചക്രവർത്തി ഫത്തിഹ് സുൽത്താൻ മെഹമദാണ് ഗ്രാൻഡ് ബസാർ പണികഴിപ്പിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശിക്കുന്ന ടൂറിസ്റ്റ് ഏരിയയുടെ ലിസ്റ്റിൽ ഗ്രാൻഡ് ബസാർ ഇടം പിടിച്ചിട്ടുണ്ട്. ഗ്രാൻഡ് ബസാറിനോട് ചേർന്നു ഏതാണ്ട് അത്ര തന്നെ വലിപ്പമുള്ള ഒരു സ്പൈസ് ബസാർ കൂടിയുണ്ട്.  അതും മുഴുവനായും കവർ ചെയ്യപ്പെട്ടതാണ്. പല തരത്തിലുള്ള സ്പൈസസും മിഠായികളും മറ്റു മധുര പലഹാരങ്ങളും വിൽക്കുന്ന കടകൾ ഈ ബസാറിന് മനോഹരമായ വർണ്ണ വൈവിദ്ധ്യം നൽകുന്നു.









ടാക്സിം സ്‌ക്വയർ 

ആധുനിക ഇസ്താമ്പുളിന്റെ സെന്റർ എന്ന് വിശേപ്പിക്കപ്പെടുന്ന ടാക്സിം സ്‌ക്വയർ സഞ്ചരികളുടെ പറുദീസയാണ്. ഇസ്താമ്പുൾ മെട്രോയുടെ ഹൃദയമാണ് ടാക്സിം സ്‌ക്വയർ.  1928 ൽ പണി തീർത്ത റിപ്പബ്ലിക് സ്തൂപവും അതിനെ വലം വെച്ചു തൊട്ടടുത്ത ഇസ്ത്തിക് ലാൽ സ്ട്രീറ്റ്രിലൂടെ കറങ്ങി വരുന്ന ഒറ്റ ബോഗിയുള്ള ചുവന്ന ട്രാമുമാണ് പ്രധാന ആകർഷണം.  തുർക്കിയുടെ 5 പടങ്ങൾ ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ അതിൽ ഒന്നിലെങ്കിലും ഈ ട്രാം ഇടം പിടിക്കുമെന്ന് ഉറപ്പാണ്.  ട്രാം ലൈൻ T2 എന്ന ഈ ട്രാം, ടാക്സിം ടണൽ നൊസ്റ്റാൾജിയ ട്രാം വേ എന്നാണ് അറിയപ്പെടുന്നത്.  1867 മുതൽ 1966 വരെ ഈ ട്രാം ഓടിയിരുന്നു. . ആദ്യം കുതിരകളെ ഉപയോഗിച്ചും പിന്നീട് ഇലക്ട്രിസിറ്റി ഉപയോഗിച്ചുമായിരുന്നു ട്രാം ഓടിയിരുന്നത്. പഴയ കാലത്തെ ഗൃഹാതുരമായ ഓർമ്മകൾ നിലനിർത്താനാണ് ഇന്നും ഈ  ട്രാം ഇസ്താമ്പുൾ തെരുവുകളിലൂടെ ഓടുന്നത്. ഇസ്തിക് ലാൽ സ്ട്രീറ്റിൽ പുഴ പോലെ  ഒഴുകി നീങ്ങുന്ന സന്ദർശകർക്കിടയിലൂടെ ചുവന്ന ട്രാം വരുന്നത് മനോഹരമായ കാഴ്ചയാണ്.









1749 ഇസ്താമ്പു ളിലെ ഏറ്റവും ഉയരം കൂടിയ ടവറായിരുന്നു ഗലാറ്റ ടവർ. 205 അടി ഉയരമുള്ള ഗലാറ്റ ടവർ ഒട്ടോമാൻ കാലഘട്ടത്തിൽ വാച്ച് ടവറായും ജയിലായും ഉപയോഗിച്ചിരുന്നു. 1960 കളിൽ അത് ഒരു മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. 9 നിലകളുള്ള ഈ ടവറിന് മുകളിൽ കയറാൻ ലിഫ്റ്റ് ലഭ്യമാണെങ്കിലും തിരിച്ചു ഇറങ്ങാൻ പടികൾ താണ്ടുക തന്നെ വേണം. മക്കൾ നടന്നു തളർന്നിരുന്നതിനാൽ ആ സാഹസത്തിന് ഞങ്ങൾ മുതിർന്നില്ല



വർണ്ണ വൈവിധ്യം നിറഞ്ഞ വീടുകളും ഫ്ലാറ്റുകളും ഇസ്താമ്പുൾ സിറ്റിയുടെ പ്രത്യേകതയാണ്. അത്തരം വീടുകൾക്കു പേരുകേട്ട ഒരു സ്ഥലമാണ് ബലാത്ത്. അനേകം സഞ്ചാരികൾ വരുന്ന ചെറിയൊരു ഏരിയയാണ് ബലാത്ത്. അതുപോലത്തെ മറ്റു പല ഗ്രാമങ്ങളും ഇവിടെയുണ്ട്.



ബോസ്ഫറസ്, ഇസ്താമ്പുളിന്റെ വിധി നിർണ്ണയിച്ച കടലിടുക്ക്   

ബോസ്ഫറസ് കടലിടുക്കിന് വെറും 30 km നീളമേയുള്ളൂ എങ്കിലും ഇസ്താമ്പുളിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചതിൽ കരിങ്കടലിലെ ഈ ചെറിയ പാതയ്ക്ക് വലിയ പങ്കുണ്ട്. ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ കടലിടുക്ക് വളരെ പ്രധാനമായിരുന്നു.  കടൽ വഴി Constantinople സാമ്രാജ്യത്തെ ആക്രമിക്കാൻ ബോസ്ഫറസ് കടലിടുക്ക് കൈവശപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ചെറിയ ഏരിയ ആയതിനാൽ അതിശക്തമായ നാവിക പ്രതിരോധം ഈ മേഖലയിൽ Constantinople സാമ്രാജ്യത്തിന് ഉണ്ടായിരുന്നു. Constantinople പിടിച്ചടക്കാനുള്ള ഓട്ടോമാൻ തുർക്കുകളുടെ ആദ്യ ശ്രമങ്ങൾ പാളിപ്പോയത് ഈ മേഖലയിലെ നാവിക പ്രതിരോധത്തിലായിരുന്നു.  എന്നാൽ ബോസ്ഫറസ് കടലിടുക്കിലെ ഏറ്റവും വീതി കുറഞ്ഞ ( 750m ) ഭാഗത്തു രണ്ട് കരകളിലുമായി രണ്ട് കോട്ടകൾ പണിതാണ് ഓട്ടോമാൻ തുർക്കുകൾ ഈ മേഖലയിലെ ആധിപത്യത്തിനു തറക്കല്ലിടുന്നത്. കരമാർഗ്ഗം രഹസ്യവഴികളിലൂടെ കാലികളെയും മനുഷ്യരെയും ഉപയോഗിച്ചാണത്രെ തുർക്കുകൾ ഈ പ്രദേശത്തേക്ക് തടി കടത്തി കപ്പലുകൾ നിർമ്മിച്ചെടുത്തത്. അതിന് പുറമെ മാരക പ്രഹര ശേഷിയ്‌ല പീരങ്കികളും നിർമ്മിച്ചു. അങ്ങനെ Constantinople ന്റെ കപ്പൽ പടയെ തകർത്താണ് ഓട്ടോമാൻ തുർക്കുകൾ സിറ്റി കീഴടക്കിയത്.  ബോസ്ഫറസ് കടലിടുക്കിലൂടെ ഇന്ന് സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള നൂറ് കണക്കിന് ബോട്ടുകൾ നീങ്ങുന്നത് കാണാം. അതിന് മുകളിലൂടെ മുകളിലൂടെ നിർമ്മിച്ച 3 തൂക്കുപാലങ്ങൾക്കടിയിലൂടെ യാത്രചെയ്തു യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിലെ മനോഹരമായ നിർമ്മിതികൾ കാണാം. നിരവധി പള്ളികളും കൊട്ടാരങ്ങളുമടക്കം ഓട്ടോമാൻ തുർക്കികളുടെ നിർമ്മാണ വിരുത് കണ്ടാസ്വദിക്കാം. അതോടൊപ്പം പഴയ ചരിത്രങ്ങൾ ഓർക്കുകയും ചെയ്‌താൽ ബോസ്ഫറസ് ക്രൂയിസ് വേറെ ലെവൽ ആയിത്തീരും.. ഇസ്താമ്പുൾ സന്ദർശിക്കുന്നവരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് ബോസ്ഫറസ് ക്രൂയിസ്.




ബോസ്ഫറസ് തീരത്തുള്ള ഒർട്ടക്കോയ് മസ്ജിദ് സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വളരെ ചെറുതാണെങ്കിലും രൂപഭംഗികൊണ്ടു ആരെയും ആകർഷിക്കുന്നതാണ്‌ ഒർട്ടക്കോയ് മസ്ജിദ്.  പുറമെ നിന്ന് കാണുന്നതിലും ഗംഭീരമാണ് പള്ളിയുടെ അകം.





കാഴ്ചകൾ അവസാനിക്കുന്നില്ല 

ഇസ്താമ്പുൾ സിറ്റിയിൽ ഇനിയും ധാരാളം കാഴ്ചകളുണ്ട്. ടാക്സിയോ പ്രൈവറ്റ് വാഹനങ്ങളോ ഉണ്ടെങ്കിൽ പോലും എല്ലായിടത്തും പാർക്ക്‌ ചെയ്യാൻ കഴിയാത്തതിനാൽ കുറെയേറെ നടക്കേണ്ടി വരും. പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ യാത്രചെയ്തു പണവും സമയവും ലാഭിക്കാം. കൂടെയുള്ളത് നാലും അഞ്ചും വയസ്സുള്ള മക്കളായതിനാൽ 3 ദിവസം മാത്രമേ ഞങ്ങൾ ഇസ്താമ്പുളിൽ ചിലവഴിച്ചുള്ളൂ. സാഹചര്യങ്ങൾ അനുകൂലമായവർക്ക് കൂടുതൽ ദിവസങ്ങൾ ഇസ്താമ്പുളിൽ ചിലവിടാം.  ടൂറിസ്റ്റ് പാക്കേജിലായിരുന്നു ഞങ്ങളുടെ യാത്ര.  ചെറിയ കുട്ടികൾ ഉൾപ്പെടുന്ന കുടുംബമായി യാത്ര ചെയ്യുമ്പോൾ ഒരു തരത്തിലുള്ള റിസ്കും എടുക്കാതെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രകൾക്ക് പാക്കേജ് എടുക്കുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.  ഇസ്താമ്പുളും ട്രാബ്സോണും ഉൾപ്പെടെ 9 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ യാത്ര യാതൊരു ബുദ്ധിമുട്ടുമില്ലാതെ സന്തോഷകരമായി പൂർത്തിയാക്കാൻ Road Tales ടൂർസ് വഹിച്ച പങ്ക് ചെറുതല്ല.


Thank you for being here

0 അഭിപ്രായ(ങ്ങള്‍)