ട്രാബ്സോൺ :- യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക്

ഡിസംബർ 08, 2023

4 ദിവസത്തെ പര്യടനത്തിനു ശേഷം ബോസ്ഫറസ് ബ്രിഡ്ജ് കടന്ന് ഇസ്താമ്പുളിനോട് വിട പറയുമ്പോൾ ഏഷ്യയിലേക്ക് സ്വാഗതം എന്ന ബോർഡ് കണ്ടു. അതേ, ഞങ്ങൾ യൂറോപ്പിൽ നിന്നും വീണ്ടും ഏഷ്യയിലേക്ക് കടന്നിരിക്കുന്നു.  ഇസ്താമ്പുളിൽ നിന്ന് ട്രാബ്സോൺ വരെയുള്ള 1100km ദൂരം ഫ്ലൈറ്റിൽ പോകാമെന്നായിരുന്നു ആദ്യം ഞങ്ങൾ കരുതിയിരുന്നത്..എന്നാൽ അത്യാവശ്യം നീണ്ട റോഡ് ട്രിപ്പുകൾ നടത്താറുള്ളവരാണ് ഞങ്ങളെന്നു മനസ്സിലാക്കിയ Road tales ഗ്രൂപ്പ് ഉടമ അസീറാണ് ഈ യാത്ര റോഡ് വഴിയാക്കാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചത്. ഒറ്റയടിക്ക് യാത്ര ചെയ്യാതെ ഇടയ്ക്കെല്ലാം ഇറങ്ങി സ്ഥലങ്ങൾ ആസ്വദിക്കുകയും രാത്രി തങ്ങിയും രണ്ട് ദിവസം കൊണ്ടു ട്രാബ്സോൺ എത്തുന്ന ഒരു പ്ലാൻ അസീർ പറഞ്ഞപ്പോൾ അത് നല്ലതായി തോന്നി. ഒരു ഫോക്സ് വാഗൻ ടിഗ്വാനിലാണ് ഞങ്ങളുടെ യാത്ര.  വാടകയ്ക്ക് എടുത്ത വാഹനമാണെന്ന് തോന്നാത്തത്ര നല്ലൊരു കാർ.  തുർക്കിയിലെ അത്യാവശ്യം നല്ല എല്ലാ കമ്പനികളുടെയും കാറുകൾ അങ്ങനെ തന്നെയാണത്രെ.

ഈയൊരു യാത്രയ്ക്ക് വേണ്ടി തുർക്കിയിലെ ഞങ്ങളുടെ ഒരു ദിവസം അധികം നഷ്ടമാകുമല്ലോ എന്ന ചെറിയൊരു ആശങ്കയുണ്ടായിരുന്നത് വൈകാതെ ഇല്ലാതായി. ഇസ്താമ്പുൾ നാഗരാതിർത്തി കഴിഞ്ഞു ട്രാബ്സോണിലേക്കുള്ള എക്സ്പ്രസ്സ്‌ ഹൈവേയിൽ കയറിയതോടെ ഈ റൂട്ടിന്റെ ഭംഗി ഞങ്ങളുടെടെ മനം കുളിർപ്പിച്ചു. കുറച്ച് ദൂരം ചെന്നപ്പോൾ തന്നെ കാലാവസ്ഥയും കാഴ്ചകളും പാടെ മാറി.. ഇസ്താമ്പുളിന്റെ താരതമ്യേനെ ചൂട് കൂടിയ കാലാവസ്ഥ മാറി മഴക്കാറും തണുപ്പും ഞങ്ങളെ പൊതിഞ്ഞു. ഇടയ്ക്ക് വെച്ചു കുറേ ദൂരം നല്ല മഴയും കോടമഞ്ഞുമുണ്ടായിരുന്നു. മലകളും താഴ്‌വരകളും ചുരങ്ങളും ടണലുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നല്ലൊരു അനുഭൂതിയായിരുന്നു. വഴിയിൽ പലയിടത്തും സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിന്നിരുന്നു. അത്തരം ഒരു സൂര്യകാന്തി പാടത്ത്  ഞങ്ങൾ കുറച്ച് സമയം ചിലവിട്ടു.. ഇടയ്ക്ക് ഭക്ഷണത്തിനു മറ്റും ഇറങ്ങി വളരെ പതുക്കെയായിരുന്നു യാത്ര. എക്സ്പ്രസ്സ്‌ ഹൈവേയിലുള്ള പെട്രോൾ പമ്പുകളെല്ലാം വളരെ വലുതായിരുന്നു. അതിനോട് ചേർന്ന് വലിയ ഷോപ്പുകളും ഭക്ഷണ ശാലകളുമുണ്ട്.  എല്ലാം വലുതും നല്ല വൃത്തിയുമുള്ളവയാണ്. ശുചിമുറികളിൽ അധികവും യൂറോപ്യൻ സംസ്കാരമാണ്.. വെള്ളവും പൈപ്പും എല്ലായിടത്തും കാണണമെന്നില്ല. നമുക്ക് അതൊരു ബുദ്ധിമുട്ടായി തോന്നാൻ സാധ്യതയുണ്ട്. രാത്രി 8.30 കഴിയും ഇരുട്ട് വീഴാൻ. അതുവരെ ഞങ്ങൾ യാത്ര തുടർന്നു. പൂർണ്ണമായും ഇരുട്ടിയതോടെ ആദ്യം കണ്ട സിറ്റിയിൽ തന്നെ റൂം എടുത്തു. ഇസ്താമ്പുളിൽ താമസിച്ച ഹോട്ടലിനേക്കാൾ നല്ലൊരെണ്ണം തന്നെ കിട്ടി.  സുഖകരമായ ഉറക്കത്തിനു ശേഷം രാവിലെ യാത്ര പുന:രാരംഭിച്ചു.  റോഡരികിൽ പലയിടത്തും പലതരം പഴവർഗ്ഗങ്ങൾ വളർത്തുന്ന ഫാമുകൾ കാണാം.. ഫാമിൽ തന്നെ ഉടമയുടെ വീടും അതോടു ചേർന്ന് restaurant മുള്ള സ്ഥലങ്ങൾ നിരവധിയുണ്ട്. അത്തരം ഒരു ഫാമിലായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. ഭക്ഷണം അതീവ രുചികരമാണെന്നതു മാത്രമല്ല, ഇസ്താമ്പുളിനെ താരതമ്യം ചെയ്യുമ്പോൾ വിലയും വളരെ കുറവാണ്. വൈകുന്നേരത്തോടെ ഞങ്ങളുടെ യാത്ര കരിങ്കടലിന്റെ തീരത്തുകൂടിയായി.  കടലിനോട് ചേർന്ന് നിരവധി restaurants കാണാം.  കാർമേഘങ്ങൾ മൂടിയ അന്തരീക്ഷത്തിൽ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരകളും നോക്കിയിരുന്നങ്ങനെ ടർക്കിഷ് കോഫി ആസ്വദിക്കാം.. രാത്രി 9 മണിയോടെ ട്രാബ്സോൺ നഗരത്തിലെത്തിയപ്പോഴേക്കും തുർക്കിയിലെ പത്തിലേറെ പ്രവശ്യകളിലൂടെ ഞങ്ങൾ കടന്നു പോയിരുന്നു.


















ട്രാബ്സോൺ അന്നും ഇന്നും.

ഒരു കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ സൈനിക താവളമായിരുന്ന ട്രാബ്സോൺ കലാന്തരങ്ങളിൽ ജോർജിയ ഉൾപ്പെടെ പലരുടെയും അധീനതയിലായിരുന്നു. പിന്നീട് സുൽത്താൻ മെഹ്മെദാണ് ട്രാബ്സോൺ പിടിച്ചെടുത്തു അതിനെ തുർക്കിയുടെ ഭാഗമാക്കുന്നത്. പുരാതന സിൽക്ക് റൂട്ട് വഴിയുള്ള വ്യാപാരത്തിന്റെ വലിയൊരു കേന്ദ്രമായിരുന്നു ട്രാബ്സോൺ.. ചൂടുകാലത്തു തുർക്കിയിൽ ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തുന്ന സ്ഥലമാണ് ട്രാബ്സോൺ. വേനൽക്കാലത്ത് ഏറ്റവും കുറഞ്ഞ ചൂട് വരുന്ന സമയം ജൂലൈയിലാണ്. അതുകൊണ്ട് തന്നെ ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സമയമാണ് ജൂലൈ. പച്ച പുതച്ച, കോടയിറങ്ങുന്ന പർവ്വതങ്ങളും താഴ്‌വരകളും അരുവികളും നിറഞ്ഞ ട്രാബ്സോൺ സഞ്ചാരികളുടെ, പ്രത്യേകിച്ചും GCC രാജ്യങ്ങളിൽ നിന്നുള്ളവരുടെ പറുദീസയാണ്. ട്രാബ്സോണിൽ ഷോപ്പുകളിലും ഹോട്ടലുകളിലുമുള്ള ജീവനക്കാർ നന്നായി അറബി സംസാരിക്കും.  തുർക്കിയിലെ പൊതുവെ യാഥാസ്ഥിതികരായവർ കൂടുതലുള്ള സ്ഥലമാണ് ട്രാബ്സോൺ. 



രാത്രി വൈകിയും തിരക്കേറിയ ട്രാബ്സോൺ സിറ്റി 


പോകാതിരിക്കരുത് പോകുട്ടിൽ...

ട്രാബ്സോണിലെ ഏറ്റവും പ്രശസ്തമയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് സമുദ്ര നിരപ്പിൽ നിന്ന് 7120 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോകുട്ട്. എർദോഗാന്റെ ജന്മനാടായ റൈസിന്റെ പരിസര പ്രദേശമാണ് പോകുട്ട്. ഈ പ്രദേശങ്ങൾ എർദോഗാന്റെ ശക്തി കേന്ദ്രങ്ങളാണ്. തിരഞ്ഞെടുപ്പ് നടന്നിട്ട് അധികകാലം ആയിട്ടില്ലാത്തതിനാൽ എർദോഗാന്റെ ഫ്ളക്സുകളും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും ഇപ്പോഴും വഴിയിൽ ഉടനീളം കാണാം.  ഹൈവേയിൽ പലയിടത്തും Batum എന്ന ബോർഡ് കാണാം. ജോർജിയയിലെ batumi യാണ് ഈ batum. ജോർജിയൻ ബോർഡറിന്റെ ഏതാണ്ട് 90 km അടുത്തുകൂടിയാണ് പോകുട്ടിലേക്കുള്ള യാത്ര. ജോർജിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുമായി പോകുന്ന വലിയ ട്രക്കുകൾ ഈ റൂട്ടിൽ കണ്ടിരുന്നു.

ഫിർട്ടിന നദിയുടെ തീരം ചേർന്നാണ് പോകുട്ടിലേക്കുള്ള വഴി. തുടക്കം മുതൽ ഏതാണ്ട് അവസാനം വരെ ഈ നദിയുടെ തീരത്തുകൂടിയുള്ള യാത്ര, വെസ്റ്റ് ബംഗാളിൽ നിന്നും ടീസ്റ്റ നദിയുടെ ഓരം ചേർന്ന് സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള യാത്രയെ ഓർമിപ്പിച്ചു.  ഫിർട്ടിന നദിയിൽ റാഫ്റ്റിംഗ് സൗകര്യമുണ്ട്.. പലയിടങ്ങളിലും നദിക്കു കുറുകെ zip ലൈനുകളുമുണ്ട്. നദിക്കു കുറുകെ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ആർച്ച് ബ്രിഡ്ജുകൾ വളരെ മനോഹരമായ കാഴ്ചയാണ്.  എല്ലാ ബ്രിഡ്ജിന്റെ മുകളിലും ഫോട്ടോയെടുക്കാൻ സന്ദർശകരുടെ തിരക്കുമുണ്ടായിരുന്നു.








ടാർ റോഡിൽ നിന്നും ഞങ്ങളുടെ യാത്ര ക്രമേണ സാമാന്യം ബുദ്ധിമുട്ടുള്ള ഓഫ്‌ റോഡിലേക്ക് മാറി.  ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ തന്നെ പോകേണ്ട സ്ഥലമാണ്  പോകുട്ട്.  ഗ്രൂപ്പ് ടൂർ പോകുന്ന സന്ദർശകരേയും കൊണ്ടു ഫോർഡിന്റെയും ബെൻസിന്റേയും വാനുകൾ വരുന്നുണ്ടായിരുന്നു.  എന്നാൽ പോകുട്ട് പീക്കിന്റെ ഏറ്റവും അവസാന ഭാഗം വരെ അവയ്ക്കു പോകാൻ കഴിയില്ല. പീക്കിനു മുൻപുള്ള ഒരു സ്ഥലത്ത് അവർ യാത്ര അവസാനിപ്പിക്കും. അവിടുന്നങ്ങോട്ട് പീക് വരെ പോകാൻ പ്രൈവറ്റ് വാഹനങ്ങൾ തന്നെ വേണം. ഞങ്ങൾ യാത്ര ചെയ്തിരുന്ന ഫോക്സ് വാഗൻ ടിഗ്വാൻ ഫോർ വീൽ ഡ്രൈവ് അല്ലാത്തതിനാൽ ഗ്രിപ് കുറഞ്ഞ ഹെയർപിൻ വളവുകളിൽ പലയിടത്തും സാമാന്യം ബുദ്ധിമുട്ടിയാണ് കടന്നു കൂടിയത്.  എങ്കിലും ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായിരുന്ന അസീറിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വഴി ഒരു തടസ്സമായില്ല.





9 ഡിഗ്രിയായിരുന്നു ഞങ്ങൾ ചെല്ലുന്ന സമയത്ത് പോകുട്ടിലെ ഊഷ്മാവ്. ഏതാനും ചില വീടുകളും,  സഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഒന്ന് രണ്ട് ചെറിയ റസ്റ്റോറന്റുകളും മാത്രമേ അവിടെയുള്ളൂ.  ചെറിയ കാട്ടുപൂക്കൾ നിറഞ്ഞ കുന്നുകളും കൂർത്ത്‌, മുകളിലേക്ക് വളരുന്ന മരങ്ങളും മലമുകളിലേക്ക് നിമിഷ നേരം കൊണ്ടു വന്നു മൂടുകയും പതിയെ പോവുകയും ചെയ്യുന്ന കനത്ത മൂടൽ മഞ്ഞും ചേർന്ന് അതീവ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു.  കുന്നിന്റെ ഏറ്റവും മുകളിലെ റസ്റ്റോറന്റിൽ എത്താൻ കഷ്ടപ്പെട്ട് നടന്നു കയറുക തന്നെ വേണം.









2 മണിക്കൂർ അവിടെ ചിലവഴിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്.  വഴിയിൽ കണ്ട ഒരു മത്സ്യഫാമിൽ ഉച്ചഭക്ഷണം കഴിക്കാനിറങ്ങി. അരുവിയിലെ വെള്ളം ചെറിയ കുളങ്ങളിലേക്ക് തിരിച്ചു വിട്ടു അതിൽ മീൻ വളർത്തുകയാണ്.  ഫാമിനുള്ളിൽ തന്നെ ചെറിയ ഹോട്ടലുമുണ്ട്.  പുറത്തിരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു കഴിക്കാനുമുള്ള സൗകര്യമുണ്ട്. അധികം മസാലയും ഉപ്പുമില്ലാതെ സോഫ്റ്റായി വേവിച്ച മീൻ നല്ല രുചിയായിരുന്നു.




നേരം ഇരുട്ടുന്നതിനു മുൻപ് ഫെർട്ടിന നദിയിൽ ഒഴുക്കും ആഴവും കുറഞ്ഞ ഒരിടത്ത് ഇറങ്ങി കുറച്ച് നേരം കുട്ടികളെ വെള്ളത്തിൽ കളിക്കാനും അനുവദിച്ച ശേഷമാണ് അന്നത്തെ ട്രിപ്പിന് വിരാമമിട്ടത്.




ട്രാബ്സോണിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സുമേല മൊനാസ്റ്ററി. AD 375- 95 കാലഘട്ടത്തിൽ ഏതൻസിൽ നിന്ന് വന്ന രണ്ട് സന്യാസിമരാണ് കന്യാമറിയത്തിന്റെ പേരിൽ മേല എന്ന മലമുകളിൽ രണ്ട് റൂമുകൾ പണിത് സുമേല മൊനാസ്റ്ററി നിർമ്മിച്ചത്.  പിന്നീട് ആറാം നൂറ്റാണ്ടിൽ ബൈസാന്തയ്ൻ ചക്രവർത്തി ജസ്റ്റിനിയന്റെ മേൽനോട്ടത്തിൽ അത് വിപുലീകരിച്ചു.  പതിമൂന്നാം നൂറ്റാണ്ടിലാണ് മൊനാസ്റ്ററി ഇന്നത്തെ രൂപത്തിൽ പുനർനിർമ്മിച്ചത്. ഓട്ടോമാൻ തുർക്കുകൾ ഭരണം കൈവശപ്പെടുത്തിയപ്പോളും മറ്റു പല മൊനാസ്റ്ററികളെയും പോലെ സുമേലയുടെയും അവകാശങ്ങളും അധികാരങ്ങളും അതേപടി തുടരാൻ അനുവദിക്കുക മാത്രമല്ല, ചില പ്രത്യേക പരിഗണനകൾ നൽകുകയും ചെയ്തിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

സുമേലയുടെ താഴെ വരെ സ്വന്തം വാഹനത്തിൽ പോകാമെങ്കിലും പിന്നീടുള്ള ചുരം കയറാൻ പരിചയ സമ്പന്നരായ ഡ്രൈവർമാർ ഓടിക്കുന്ന ഫോർഡിന്റെ വാനുകൾക്കു മാത്രമേ അനുവാദമുള്ളൂ. ചുരം കയറി മുകളിലെത്തിയാൽ കുറച്ചു ദൂരം നടന്നു തന്നെ കയറണം. കുത്തനെയുള്ള ചുരം കയറി പോകുമ്പോൾ ഇരുവശങ്ങളിലുമായി ചെറിയ വെള്ളച്ചാട്ടം പോലെ മലവെള്ളം ഒഴുകുന്നത് കാണാം. സ്വന്തം വഹനമാണെങ്കിൽ അവിടെയൊന്ന് നിർത്തി കാഴ്ചകൾ ആസ്വദിച്ചു പോകാൻ തോന്നും.

സിക്കിമിലും ഹോങ്കോങ്ങിലും കണ്ടത് പോലയുള്ള വർണാഭമായ ഉൾവശമുള്ള ഗംഭീരമായ ഒരു മൊനാസ്റ്ററിയായിരിക്കും സുമേല എന്നായിരുന്നു എന്റെ പ്രതീക്ഷ. സുമേലയുടെ പുറത്ത് നിന്നുള്ള ഗൂഗിൾ ഫോട്ടോകൾ എന്റെ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തു.എന്നാൽ ഇക്കാര്യത്തിൽ മാത്രം ഞങ്ങളുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. കനത്ത കോടമഞ്ഞ് കാരണം മൊനാസ്റ്ററി ശരിക്ക് കാണാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാട് നല്ല ഫോട്ടോകൾ പ്രതീക്ഷിച്ചു പോയ ഞാൻ ബാഗിൽ നിന്ന് ക്യാമറ പോലും പുറത്തെടുത്തില്ല. പതിമൂന്നാം നൂറ്റാണ്ടിൽ നടത്തിയ മോടി പിടിപ്പിക്കലിനപ്പുറം മറ്റൊന്നും തന്നെ അവിടെ നടന്നിട്ടില്ല എന്നതാണ് വസ്തുത. മലയുടെ ചെരുവിൽ പടുത്തുയർത്തിയ ചില ഇടുങ്ങിയ മുറികളും ഇടനാഴികളും തുറസ്സായ കുറച്ചു സ്ഥലങ്ങളും മാത്രമാണ് സുമേല മൊനാസ്റ്ററി. സഞ്ചാരികൾ ആരും വരുന്നില്ലെങ്കിൽ ഏകാന്ത തപസ്സിന് പറ്റിയ സ്ഥലമാണ്. യാത്രയെ അതിന്റെ അവസാന ലക്ഷ്യം വെച്ചു മാത്രം വിലയിരുത്താതിരുന്നാൽ സുമേലയിലേക്കുള്ള യാത്രയും ഹൃദ്യമായ അനുഭവമാണ്.





















വഴിയോരത്തെ ചെറിയ തട്ടുകടകൾ 







6700 അടി ഉയരത്തിലുള്ള സിഗാന പാസും അവിടെയുള്ള ചെറിയൊരു ഗ്രാമവുമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. സിഗാന പാസ്സിലൂടെ മുകളിലേക്കു കയറുന്തോറും കോടമഞ്ഞ് ശക്തി പ്രാപിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ താഴേക്കു തന്നെ മടങ്ങി. അധികം കോടയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ചു. ഏതാനും ചില വീടുകൾ മാത്രമുള്ള സിഗാന വില്ലേജിൽ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. ഏതാനും ചില വീടുകൾ മാത്രമേ അവിടെയുള്ളൂ. മലഞ്ചെരുവിൽ ഓടിക്കളിക്കുന്ന ഏതാനും കുട്ടികളും മേഞ്ഞു നടക്കുന്ന ചില പശുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൂരെ മലമുകളിൽ കോടയും വെയിലും മാറി മാറി വരികയും പോവുകയും ചെയ്യുന്നത് രസകരമായ കാഴ്ചയായിരുന്നു. ടൈം ലാപ്സ് വീഡിയോയും ഫോട്ടോകളും പകർത്തിയ ശേഷം വില്ലേജിൽ നിന്നും 10 km അകലെയുള്ള ഒരു തടാകവും നാഷണൽ പാർക്കും ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.




















മലകളുടെ ആവാസ വ്യവസ്ഥ താളം തെറ്റിക്കാതെ റോഡിനു വേണ്ടി നിർമ്മിച്ച അനേകം ടണലുകൾ ട്രാബ്സോൺ മേഖലയിലുണ്ട്.  തുർക്കിയിലെ ഏറ്റവും വലുതും ലോകത്തെ തന്നെ രണ്ടാമത്തേതുമായ ഒരു ടണലിലൂടെ വേണം സിഗാന പാസ്സിലേക്ക് പോകാൻ. 14.47 km ആണ് ഈ ടണലിന്റെ നീളം. ഇരു വശങ്ങളിലേക്കുമുള്ള റോഡുകൾക്കായി രണ്ട് ടണലുകൾ നിർമ്മിച്ചിട്ടുണ്ട്. 2019 ൽ തുടങ്ങി,  2023 ൽ അതിന്റെ നിർമ്മാണം പൂർത്തിയാക്കി എന്നത് നമ്മൾ കേരളീയർക്ക് വലിയ അത്ഭുതമുളവാക്കും എന്നതിൽ സംശയമില്ല. ഏതെങ്കിലും വിധത്തിൽ ഒരു ടണൽ പണി കഴിപ്പിച്ചിരിക്കുന്നതല്ല, എല്ലാ വിധ സൗകര്യങ്ങളോടും കൂടി ആധുനികമായാണ് രൂപകല്പന. ഇടയ്ക്ക് വെച്ചു അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ വാഹനം നിർത്താനുള്ള പ്രത്യേക പാർക്കിംഗ് ഏരിയകളുണ്ട്‌. 24 മണിക്കൂറും ഈ ടണൽ മോണിറ്റർ ചെയ്യപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ വാഹനം നിർത്താവുന്ന ഒരിടത്തു കാർ നിർത്തി ഞങ്ങൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവേ മുകളിൽ നിന്ന് ടർക്കിഷ് ഭാഷയിൽ ഒരു അശരീരി കേട്ടു😀. അവിടം നിർത്തുന്നത് സുരക്ഷിതമല്ല, വേഗം സ്ഥലം വിടുക എന്നതാണ് അതിന്റെ രത്നച്ചുരുക്കം എന്നാണ് ഗൈഡ് പറഞ്ഞു തന്നത്.  സന്ദർശകരായ ഞങ്ങളുടെ മനസ്സ് വിഷമിപ്പിക്കണ്ട എന്നു കരുതി അർത്ഥം മയപ്പെടുത്തി പറഞ്ഞു തന്നതാണോ എന്നറിയില്ല. 😁




ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സ്ഥലം  മിക്കവാറും uzungol താടാകമായിരിക്കും. ഒമാനികൾക്ക് ട്രാബ്സോൺ എന്നാൽ uzungol ആണ്. പൊതുവെ വരണ്ട കാലാവസ്ഥ മാത്രം കണ്ടു ശീലിച്ച അറബികൾക്ക് ട്രാബ്സോൺ പോലെ പച്ചപ്പും അരുവികളുമുള്ള ഒരു പ്രദേശം ഇഷ്ടമാകുന്നതിൽ അത്ഭുതമില്ല. ഒട്ടുമിക്ക GCC രാജ്യങ്ങളിൽ നിന്നും ട്രാബ്സോണിലേക്ക് നേരിട്ട് flight സർവീസുണ്ട്. ട്രാബ്സോണിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ ഫേസ്ബുക്കിൽ കണ്ട സലാം എയറിന്റെ പരസ്യത്തിൽ നിന്നാണ്. ട്രാബ്സോൺ എന്ന് ഇന്റർനെറ്റിൽ പരതിയാൽ ഉറപ്പായും കാണുന്ന ഫോട്ടോകളിൽ ഒരെണ്ണം uzungol തടാകത്തിന്റേതായിരിക്കും. ദൂരെ മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തടാകവും അതിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു കൊച്ചു പള്ളിയും. എന്റെ മനസ്സിലും ട്രാബ്സോണിനെ ഞാൻ അടയാളപ്പെടുത്തിയിരുന്നത് ആ ചിത്രത്തിലൂടെയായിരുന്നു. ഗൂഗിളിലും ഫേസ്ബുക്കിലും കുറേ തവണ കണ്ട ആ തടാകക്കരയിലെ കൊച്ചു പള്ളിയുടെ മുന്നിൽ നിന്നപ്പോൾ ഒരു പ്രത്യേക സന്തോഷമായിരുന്നു. ഒരു പക്ഷേ തുർക്കി ട്രിപ്പിലെ തന്നെ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം.










Uzungol തടാകം അതിമനോഹരമാണ്. നല്ല വൃത്തിയിൽ പരിപാലിക്കപ്പെടുന്ന ഒരിടം. തടകത്തിന്റെ തനിമ നിലനിർത്താനായിരിക്കണം ഒരു പക്ഷേ അതിൽ ബോട്ട് യാത്രയൊന്നും ഇല്ലാത്തത്. വലിയൊരു പാർക്കും ഈ തടകത്തോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. പള്ളിക്ക് പുറകിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ മുകളിലേക്കു കുറേ കയറിച്ചെന്നാൽ തടകത്തിന്റെ ദൂരെ നിന്നുള്ള വ്യൂ ലഭിക്കും. അവിടെ നിന്നുള്ള ഫോട്ടോകളാണ് ഗൂഗിളിൽ കാണുന്നത്.  ആ പരിസരത്ത് കുറേ ഹോട്ടലുകളുണ്ട്. തടാകത്തിന്റെ ഈയൊരു കാഴ്ച, രുചികരമായ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാൻ ഈ ഹോട്ടലുകളിൽ സൗകര്യമുണ്ട്.












 Uzungol പള്ളിയുടെ ഉൾവശം 


Uzungol തടാകത്തിന്റെ  മനോഹരമായ കാഴ്ചയോടെ ഞങ്ങളുടെ തുർക്കി ട്രിപ്പ് അവസാനിച്ചു. തിരിച്ചു ഹോട്ടലിലെത്തി കുറച്ച് സമയം വിശ്രമിക്കാനുള്ള സമയമുണ്ടായിരുന്നു. രാത്രി 1.30 നായിരുന്നു മസ്ക്കറ്റിലേക്കുള്ള ഫ്ലൈറ്റ്. ഹോട്ടലിൽ നിന്ന് ട്രാബ്സോൺ എയർപോർട്ടിലേക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ.  കുവൈറ്റ്‌, ജോർദാൻ തുടങ്ങി 3-4 രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ ഏതാണ്ട് ഒരേ സമയം പുറപ്പെടുന്നതിനാൽ എയർപോർട്ടിൽ മടുപ്പിക്കുന്ന തിരക്കായിരുന്നു. ചെറിയ എയർപോർട്ടിന് ഉൾക്കൊള്ളാവുന്നതിന്റെ പതിൻമടങ്ങ് യാത്രക്കാർ അവിടെയുണ്ടായിരുന്നു. ഫ്ലൈറ്റ് കൗണ്ടറുകളും എമിഗ്രേഷൻ കൗണ്ടറുകളും നന്നേ കുറവ്. വലിയൊരു ഹാളിൽ ഒരു ജനസാഗരം കാണാം. അതതു ഫ്ലൈറ്റ് കൗണ്ടറുകളിലേക്കുള്ള ക്യൂ ഏതെന്നു പോലും തിരിച്ചറിയാൻ കഴിയില്ല. തിരക്ക് കാരണം ഫ്ലൈറ്റ് വൈകുമെന്ന് തോന്നിച്ചെങ്കിലും കൃത്യ സമയത്ത് തന്നെ ഞങ്ങളെയും കൊണ്ടു ഫ്ലൈറ്റ് പറന്നുയർന്നു.  എന്നെന്നും ഓർത്തു വെക്കാവുന്ന നല്ല കുറേ ഓർമകളുമായി അങ്ങനെ ഞങ്ങളുടെ തുർക്കി ട്രിപ്പിനു ശുഭപര്യവസാനമായി.

Thank you for being here

0 അഭിപ്രായ(ങ്ങള്‍)