സലാല - ഒമാനിലെ ഹരിത വിസ്മയം.

സെപ്റ്റംബർ 09, 2021





സലാല സീസൺ ആയല്ലോ ഡോക്ടർ പോകുന്നില്ലേ? ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌ 2 വർഷം മുൻപ് ഒരിക്കൽ ചോദിച്ചു. ഇപ്പോൾ അതിന് പറ്റിയ സാഹചര്യം ഇല്ല, 2-3 മാസം കഴിഞ്ഞിട്ട് നോക്കാം എന്ന് ഞാൻ മറുപടി പറഞ്ഞു.. 2-3 മാസം കഴിഞ്ഞാൽ അവിടെ ഇബ്രി പോലെ തന്നെയായിരിക്കും, പോയിട്ട് കാര്യമില്ല എന്ന മറുപടി കേട്ടപ്പോൾ അത്ഭുതം തോന്നി.. അതെന്താണ് അങ്ങനെ... ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെ എന്ത് അത്ഭുതമാണ് സലാലയിൽ എന്ന് അന്നേ ഒരു സംശയമായി മനസ്സിലുണ്ടായിരുന്നു. ഒരു സീസണിൽ നിർബന്ധമായും ഒന്ന് പോയി കാണണം എന്ന് അന്നേ തീരുമാനിച്ചു.

അതാണ്‌ സലാല.. ആഗസ്റ്റ് തൊട്ടു സെപ്റ്റംബർ അവസാനം വരെ ഒമാനിൽ നിന്നും അടർന്നു മാറി വേറെ ഏതോ ഒരു ലോകത്ത് പോയി, പിന്നീട് തിരിച്ച് വന്നു ഒമാനിനോട് ചേർന്നു നിൽക്കുന്നു എന്ന് തോന്നിക്കുന്ന ഒരു സ്ഥലം. എന്താണ് അതിന് പിന്നിലെ രഹസ്യം? ഖരീഫ് സീസൺ എന്നറിയപ്പെടുന്ന തെക്കൻ മൺസൂൺ മഴയാണ് സലാലയെ പച്ച പുതപ്പിക്കുന്നത്.. ഒമാനിൽ എല്ലാ ഭാഗങ്ങളിലും ഇടയ്ക്ക് വലുതും ചെറുതുമായ മഴ ലഭിക്കാറുണ്ടെങ്കിലും തുടർച്ചയായി മാസങ്ങളോളം നീണ്ടു നിൽക്കുന്ന മഴ ലഭിക്കാറില്ല. അങ്ങനെ മഴ ലഭിക്കുന്ന ഒമാനിലെ ഏക ഭൂപ്രദേശമാണ് യമനോട് ചേർന്നു കിടക്കുന്ന ദോഫാർ ഗവർണ്ണറേറ്റ്. ദോഫാർ ഗവർണ്ണറേറ്റിലെ പ്രധാന ഭാഗമാണ് സലാല.

ഒമാനിലെ മറ്റു പ്രധാന ടൂറിസറ്റ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ 3-4 വർഷങ്ങൾ കൊണ്ട് കണ്ടുത്തീർത്തെങ്കിലും സലാല മാത്രം പോകാതിരിക്കാൻ പ്രധാന കാരണം ഇബ്രിയിൽ നിന്നുമുള്ള 1000 km ദൂരമാണ്. 10-12 മണിക്കൂർ കാർ ഓടിക്കണം. അതും വിജനമായ മരുഭൂമിയിലൂടെ.. 2-3 പേർ മാറി മാറി ഡ്രൈവ് ചെയ്യാൻ ഉണ്ടെങ്കിൽ എളുപ്പമാണ്. അങ്ങനെ ഒരു ടീം കിട്ടാത്തത് കൊണ്ടാണ് ഇത്രയും കാലം സലാല മോഹങ്ങൾ നീട്ടി വെച്ചത്...

അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത്തവണ സലാല സന്ദർശിക്കാൻ ഒരു ചാൻസ് ഒത്തുവന്നത്. അത് പാഴാക്കി കളയേണ്ട എന്ന് തന്നെ തീരുമാനിച്ചു. ഏറ്റവും പീക് സീസൺ ആയ ആഗസ്റ്റിൽ യാത്ര തരപ്പെട്ടില്ലെങ്കിലും സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ അവസരം ഒത്തു വന്നു.

എങ്ങനെ പോകും എന്നതായിരുന്നു ആദ്യ കടമ്പ. ഞങ്ങൾ 2 പേർ ഡ്രൈവ് ചെയ്യാൻ ഉണ്ടെങ്കിലും 10-12 മണിക്കൂർ കുട്ടികൾ കാറിൽ മുഷിയാതെ ഇരിക്കാൻ പ്രയാസമാണ്.. പക്ഷേ സലാലയിൽ കറങ്ങാൻ കാർ അത്യാവശ്യമാണ് താനും. ഫ്ലൈറ്റിൽ പോയി സലാലയിൽ നിന്ന് കാർ rent എടുക്കുക, സ്വന്തം കാർ കാർഗോയായി അയച്ച ശേഷം ഫ്ലൈറ്റിൽ പോവുക എന്നീ രണ്ട് മാർഗ്ഗങ്ങളാണ് പകരം മുന്നിലുണ്ടായിരുന്നത്. അവസാനം പല തവണ ആലോചിച്ചു സലാലയിൽ നിന്ന് കാർ rent എടുക്കാം എന്ന തീരുമാനത്തിലെത്തി.

റൂം ബുക്ക്‌ ചെയ്യാനും car അറേഞ്ച് ചെയ്യാനും സലാലയിലുള്ള ഫ്രണ്ട്‌സ് വഴി ശ്രമം തുടങ്ങിയെങ്കിലും online ബുക്കിങ് ആണ് കൂടുതൽ സൗകര്യം എന്ന് വൈകാതെ മനസ്സിലായി. ബുക്കിങ്. കോം വഴി ഒരു furnished അപ്പാർട്മെന്റ് ഒപ്പിച്ചു.. ആഗസ്റ്റിൽ യാത്ര പ്ലാൻ ചെയ്യുന്ന സമയത്തേക്കാൾ spet ൽ rate കുറഞ്ഞിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു car ബുക്ക്‌ ചെയ്യാവുന്ന നിരവധി കമ്പനികൾ സലാലയിലുണ്ട്. ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാത്ത ഒരു കമ്പനിയെ തിരഞ്ഞു കണ്ടുപിടിച്ചു ഒരു pajero ബുക്ക്‌ ചെയ്തു. എന്റെ pajero monterosport ന്റെ same 4 wheel ഡ്രൈവ് സിസ്റ്റം തന്നെയായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ് എന്നതാണ് pajero select ചെയ്യാൻ കാരണം.

2 ദിവസം യാത്രയ്ക്കും 5 ദിവസം സലാല കറങ്ങാനും കൂടി മൊത്തം 7 ദിവസത്തെ പ്ലാൻ റെഡിയാക്കി. സലാലയിൽ പല തവണ പോയിട്ടുള്ള ഒരാളിൽ നിന്നും ടൂറിസ്റ്റ് സ്പോട്ടുകളുടെ ഒരു list വാങ്ങിച്ചു. അതിലെ ഓരോ സ്ഥലങ്ങളും ഗൂഗിളിൽ നോക്കി ഞങ്ങൾക്ക് കാണേണ്ട സ്ഥലങ്ങൾ ഷോർട് list ചെയ്തു. താമസിക്കാൻ ഉദ്ദേശിച്ച അപ്പാർട്മെന്റിൽ നിന്നും ഓരോരോ destination ലേക്കുള്ള വഴിയും ദൂരവും മനസ്സിലാക്കി, east, west, north west എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഒരേ ദിവസം ക്ലബ്‌ ചെയ്യാവുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാക്കി 5 ദിവസത്തെ പ്ലാനും നേരത്തെ തയ്യാറാക്കി.

ഉച്ചയ്ക്ക് 2.30 നാണ് 4 മുതിർന്നവരും 2 കുട്ടികളും ഉൾപ്പെടുന്ന ഞങ്ങളുടെ സംഘം സലാല ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്നത്. flight നിലം തൊടുന്നതിനു മുന്നെ തന്നെ സലാലയിൽ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നതെന്നു ഒരു ഏകദേശ രൂപം കിട്ടി. കനത്ത മൂടൽ മഞ്ഞു നിറഞ്ഞു റൺവേ പോലും ശരിക്ക് കാണാൻ പറ്റാത്ത അവസ്ഥയിലാണ് വിമാനം നിലം തൊട്ടത്.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ ഉടനെ car ബുക്ക്‌ ചെയ്ത ഏജന്റിനെ വിളിച്ചു. 20 മിനിറ്റിനുള്ളിൽ കാറും കൊണ്ട് ആളെത്തി. പക്ഷേ ബുക്ക്‌ ചെയ്ത pajero ക്ക്‌ പകരം ഒരു നിസ്സാൻ പാത്ത്ഫൈൻഡറാണ് കൊണ്ട് വന്നത്. pajero രാത്രി എത്തിക്കാം, അത് വരെ ഇത് ഉപയോഗിക്കൂ എന്ന് പറഞ്ഞു. 2 wheel ഡ്രൈവ് മോഡൽ ആയതിനാൽ എനിക്ക് തൃപ്തിയായില്ല. കുറച്ച് tough terrains കവർ ചെയ്യാനുള്ളതാണ്. അന്ന് തന്നെ pajero എത്തിക്കാം എന്ന് പറഞ്ഞതിനാൽ പിന്നെ കിട്ടിയ കാറും കൊണ്ട് ഞങ്ങൾ ബുക്ക്‌ ചെയത അപ്പാർട്മെന്റ് ലക്ഷ്യമാക്കി നീങ്ങി. മഞ്ഞും മഴക്കാറും മൂടിക്കെട്ടിയ അന്തരീക്ഷം. ചെറിയ മഴയും ഉണ്ടായിരുന്നു. ഉച്ച സമയം ആയിട്ടുപോലും സൂര്യനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഉച്ച ഭക്ഷണം കഴിച്ചു രാത്രി കുക്ക് ചെയ്യാൻ അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങിച്ചു ഞങ്ങൾ അപ്പാർട്മെന്റിൽ എത്തി. നേരത്തെ pajero കൊണ്ടുപോയ കസ്റ്റമർ വണ്ടി തിരിച്ചു തന്നിട്ടില്ല, അത് വരെ പാത്ത്ഫൈൻഡർ കൊണ്ട് adjust ചെയ്യാൻ ഏജന്റ് വിളിച്ച് പറഞ്ഞു. പിറ്റേ ദിവസം പോകാനുള്ള സ്ഥലങ്ങളിലേക്ക് നല്ല റോഡുള്ളതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. പിറ്റേന്ന് രാവിലെ തന്നെ ട്രിപ്പ് തുടങ്ങാനുള്ളതിനാൽ നേരത്തെ കിടന്നുറങ്ങി.

ബാക്കി ഭാഗം അടുത്ത പോസ്റ്റിൽ വായിക്കാം.

Thank you for being here

0 അഭിപ്രായ(ങ്ങള്‍)