സുർ, ഒമാനിലെ വിസ്മയം.

ഫെബ്രുവരി 11, 2021

ഒമാന്റെ വടക്കു കിഴക്കേ അറ്റത്തെ മനോഹരമായ തുറമുഖ നഗരമാണ് സുർ.  സുർ നഗരത്തിന്റെ ഏതാണ്ട് അടുത്തു വരെ രണ്ട് തവണ പോയിട്ടുണ്ട്.  സുർ പട്ടണം കാണാൻ കുറേ കാലമായി ആഗ്രഹമുണ്ടായിരുന്നു.. ഒമാനിലെ തന്നെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്നാണ് സുർ. ഇബ്രിയിൽ നിന്ന് 400 km ലേറെ ദൂരമുണ്ട് എന്നതായിരുന്നു ഇത്രയും കാലം അവിടെ പോകാതിരിക്കാനുള്ള ഒരേ ഒരു കാരണം. one day trip ബുദ്ധിമുട്ടാണ്.. അങ്ങനെ കുറേ നാളത്തെ പ്ലാനിനിംഗിന് ശേഷം ഒരു 2 ദിവസത്തെ family trip തീരുമാനിച്ചു.

സുറിൽ എവിടെ താമസിക്കണം എന്നാണ് ആദ്യമായി ആലോചിച്ചത്. സുർ പട്ടണത്തിന്റെ മുഖമുദ്ര എന്നത് കടലിന്റെ  extension ആയി രൂപപ്പെട്ട ഒരു വലിയ തുരുത്തിന്റെ രണ്ട് അറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന  തൂക്കുപാലമാണ്. സുർ പട്ടണത്തിന്റെ ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ഈ പാലത്തിന്റെ ചിത്രം കാണാതിരിക്കില്ല.  2009 ൽ തുറന്നു കൊടുത്ത ഈ പാലം സുർ പട്ടണവുമായി അത്രയേറെ ഇഴുകി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.  ഫോട്ടോഗ്രഫി താല്പര്യമുള്ളവരുടെ ഇഷ്ടപ്പെട്ട ഇരകളിൽ ഒന്നാണ് പാലങ്ങൾ.  മുൻപൊരിക്കൽ കൽക്കട്ടയിൽ പോയ സമയത്ത് ഹൗറ ബ്രിഡ്ജ് ന്റെ ഫോട്ടോ എടുക്കാൻ വേണ്ടി ഒരു ശ്രമം നടത്തിയിരുന്നു. നേരത്തെ  പ്ലാൻ ചെയ്തിരുന്നെങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. പറ്റിയ സമയവും നല്ല ലൊക്കേഷനും ഒത്തു വന്നില്ല.  ആ കുറവ് ഇത്തവണ നികത്തണം എന്ന് ഉറപ്പിച്ചിരുന്നു. താമസിക്കാൻ തിരഞ്ഞെടുക്കേണ്ട സ്ഥലം ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന Al ayjah ഏരിയ ആയിരിക്കണം എന്ന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.  ബ്രിഡ്ജിനോട് വളരെ അടുത്തു കിടക്കുന്ന al ayjah plaza ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തു.    സുർ ടൗണിൽ കാണാനുള്ള പലതും al ayjah ഭാഗത്താണെന്നതും സൗകര്യമായി..

പോകുന്ന വഴികൾ ചിലപ്പോൾ ലക്ഷ്യത്തെക്കാൾ മനോഹരമായിരിക്കും എന്ന് പറയാറുണ്ടല്ലോ. അത്തരം വഴികളിലൊന്നാണ് മസ്കറ്റിൽ നിന്നും സുറിലേക്കുള്ള തീരദേശ റോഡ്.  muscat ലെ അമാരത്തിലെ വലിയ കുന്നിന് മുകളിലൂടെ കറങ്ങിയും തിരിഞ്ഞും പോകുന്ന റോഡ് സുർ എത്തുന്നത് വരേയ്ക്കും കാഴ്ചകളുടെ ഒരു ലോകം തന്നെയാണ്.. മലകൾക്കിടയിലൂടെ പോകുന്ന റോഡ് കുറച്ചു കഴിഞ്ഞാൽ മലകളുടെയും കടലിന്റെയും ഇടയിലൂടെയായി പുരോഗമിക്കും.. തിരക്ക് ഒട്ടും ഇല്ലാത്ത ഈ റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഡ്രൈവിംഗ് മാത്രം മതിയാകും trip മുതലാകാൻ.

സുർ പോകുന്ന വഴിക്കുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം തന്നെ ഈ തീരദേശ റോഡിൽ നിന്നും exit എടുത്തു പോകാവുന്നവയാണ് എന്നതാണ് ഏറ്റവും വലിയ സൗകര്യം.  ഓരോ സ്പോട്ടും കണ്ടു കഴിഞ്ഞു വീണ്ടും ഈ റോഡിൽ തിരിച്ചു കയറി മുന്നോട്ട് പോകാം.   ഖുറിയത്തിലെ വാദി ദയ്ഖാ ഡാം എന്ന ഒമാനിലെ ഏറ്റവും വലിയ ഡാം,  നക്ഷത്രം വീണ്‌ ഉണ്ടായതെന്നു കരുതപ്പെടുന്ന ബിമ്മയിലെ വലിയ sink ഹോൾ,  fins beach, വെള്ളാരം കല്ലുകൾ നിറഞ്ഞ pebbles beach, പതിനഞ്ചാം നൂറ്റാണ്ടിലെ ശേഷിപ്പായ ഖൽഹത്ത് എന്ന സ്ഥലത്തെ Ancient city യും കണ്ട ശേഷം രാത്രിയോടെ സുർ എത്താനാണ് പ്ലാൻ ചെയ്തത്.   ancient city യിൽ ബീബി മറിയം മോസ്ക് എന്നറിയപ്പെടുന്ന പഴയ ഒരു പള്ളിയുടെ അവശിഷ്ടം മാത്രമേ ഇപ്പോൾ ഉള്ളൂ.  unesco യുടെ heritage പട്ടികയിൽ ഇടം നേടിയ സ്ഥലമായതു കൊണ്ടാണ് ലിസ്റ്റിൽ പെടുത്തിയത്. സമയം കിട്ടാതെ വരികയാണെങ്കിൽ ഒഴിവാക്കാം എന്നു കരുതി.  ചെറിയ കുട്ടികൾ കൂടി ഉൾപ്പെടുന്ന ടീം ആയതിനാൽ അങ്ങനെ ചില compromises സ്വാഭാവികം.

ഞങ്ങൾ 4 മുതിർന്നവരും രണ്ട് കുട്ടികളും അടക്കം 6 പേർ വെള്ളിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു.  ഉച്ചയാവുമ്പോൾ quriyat ഡാമിൽ എത്തണം.  ആ പരിസരത്തൊന്നും ഹോട്ടലുകൾ ഇല്ലെന്ന് നേരത്തെ അറിയാം. അതിനാൽ ഭക്ഷണം വഴിയിൽ നിന്നും പാർസൽ ചെയ്തു. 

Muscat express way യിൽ നിന്നും അമാരത്ത് കയറ്റം കയറുന്നതു മുതലേ യാത്ര രസകരമാണ്. കയറ്റം തുടങ്ങുമ്പോൾ തന്നെ വരാനിരിക്കുന്ന ഇറക്കത്തിൽ low gear ൽ ഇറങ്ങാനുള്ള മുന്നറിയിപ്പ് ബോർഡ് കാണാം.  കുത്തനെയുള്ള നീണ്ട ഇറക്കം ഇറങ്ങുമ്പോൾ വശങ്ങളിലേക്ക് നോക്കിയാൽ flight land ചെയ്യാൻ പോകുന്ന പോലെ തോന്നിക്കും.. പിന്നെ മലകൾക്കിടയിലൂടെ കറങ്ങി തിരിഞ്ഞും കയറിയും ഇറങ്ങിയുമാണ യാത്ര.

ഒരു മണിയോടെ ഞങ്ങൾ quriyat ലെ വാദി ദയ്ഖ ഡാമിലെത്തി.  വളരെ നന്നായി പരിപാലിച്ചു പോരുന്ന ഭംഗിയുള്ള ഒരു പാർക്ക്‌ അവിടെയുണ്ട്.  പാർക്കിൽ ഇഷ്ടം പോലെ ഇരിപ്പിടങ്ങളും നല്ല പുൽത്തകിടിയുമുണ്ട്. നട്ടു വളർത്തിയ മരങ്ങളുടെ തണൽ പലയിടത്തുമുണ്ട്. നട്ടുച്ച സമയത്തും നിരവധി സഞ്ചാരികളുണ്ടെങ്കിലും വിശാലമായ സ്ഥലമായതിനാൽ സാമൂഹിക അകലം പാലിക്കൽ ഒരു പ്രശ്നമേ അല്ലായിരുന്നു.  ചെന്ന ഉടനെ കൈയിൽ കരുതിയ ലഞ്ച് കഴിച്ചു.  വെള്ളവും വൃത്തിയുള്ള റസ്റ്റ്‌ റൂമും ഉള്ളതിനാൽ ലഞ്ച് കഴിക്കാൻ അതിലും നല്ല സ്ഥലം വേറെ ഇല്ല.




പാർക്കിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നിരവധിപേരുണ്ടായിരുന്നു. എല്ലാവർക്കും ആസ്വദിക്കാവുന്ന മനോഹരമായ ഒരിടമാണ്.  തണുത്ത കാറ്റത്തു പുൽത്തകിടിയിൽ ഇരുന്നും കിടന്നും ഡാമിലെ പച്ച നിറമുള്ള വെള്ളവും അപ്പുറത്തെ മലകളും നീലാകാശവും ഇടയ്ക്കു എത്തിനോക്കുന്ന വെളുത്ത മേഘങ്ങളുമെല്ലാം ചേർന്ന് കാഴ്ചകളുടെ നല്ലൊരു വിരുന്നു തന്നെ ആസ്വദിക്കാം.ഡാമിന്റെ മറു വശത്തേക്ക് 4wd കാറുകൾ ഇറക്കാൻ കഴിയും.. ചെറിയ water pools നു ചുറ്റും ടെന്റ് അടിച്ചു വിശ്രമിക്കുന്ന നിരവധി കുടുംബങ്ങളെയും കാണാം.








ഉദ്ദേശിച്ചതിലും കൂടുതൽ സമയം പാർക്കിൽ ചിലവഴിച്ചു. 4 മണി കഴിഞ്ഞ ശേഷമാണ് സമയത്തെ കുറിച്ച് ബോധം വന്നത്.  അസ്തമയ സമയത്ത് pebble ബീച്ചിൽ എത്തണം എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ എത്തും മുന്നേ ഇരുട്ടാകും എന്ന് ഉറപ്പായി. എങ്കിൽ pebble beach നു മുൻപേ വരുന്ന fins ബീച്ചിലേക്ക് പോകാം എന്നായി തീരുമാനം. അതിനിടെ വരുന്ന ബിമ്മയിലെ sink ഹോളും ഒഴിവാക്കേണ്ടി വന്നു.   ഞാൻ 3 തവണ അവിടെ പോയിട്ടുള്ളതുമാണ്.




fins ബീച്ചിൽ എത്തുമ്പോൾ ഏതാണ്ട് sunset ആയിരുന്നു. അങ്ങിങ്ങായി ചില family ഉണ്ടെന്നല്ലാതെ ആളുകൾ വളരെ കുറവ്. മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിൽ ചില ഒമാനികളും ഉണ്ടായിരുന്നു. പവിഴപ്പുറ്റിനെ ഓർമ്മിപ്പിക്കുന്ന രൂപത്തിലുള്ള പാറകൾ കടലിലും ഓരത്തും നിറഞ്ഞു നിൽക്കുന്ന ബീച്ചാണ് fins.  വൈകുന്നേരങ്ങളിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന വലിയൊരു ഭാഗം ഉച്ച സമയത്ത് വെള്ളം ഇറങ്ങിയ നിലയിൽ കാണാം. ആഴം കുറഞ്ഞ ഭാഗമാണ്.. പറക്കൂട്ടങ്ങൾ നിറഞ്ഞ അടിഭാഗം ഉച്ച സമയത്ത് പൂർണ്ണമായും വെള്ളമില്ലാതെ കാണാൻ കഴിയും.







fins ബീച്ചിൽ നിന്ന് തിരിച്ചപ്പോൾ തന്നെ ഇരുട്ടായി. ഖൽഹത്തും ഒഴിവാക്കി നേരെ സുർ al ayjah യിലെ hotel ലക്ഷ്യമാക്കി നീങ്ങി. 7.30 ആയപ്പോൾ സുർ തൂക്കു പാലം കടന്നു ഹോട്ടലിൽ എത്തിച്ചേർന്നു. പ്രതീക്ഷിച്ചതിലും വളരെ നല്ലതായിരുന്നു hotel ambiance.  മുകളിൽ റൂമിൽ നിന്നും പുറത്തേക്കുള്ള കാഴ്ചകൾ നല്ല ഭംഗി.  അതികം വൈകാതെ തൊട്ടടുത്തു തന്നെയുള്ള restaurant ൽ ഡിന്നർ കഴിക്കാൻ ചെന്നു.  ഹാളിന്റെ ഒരു വശം മുഴുവൻ കടലിന്റെ ഭാഗമായ തുരുത്തിലേക്കു തുറന്നാണ് ഇരിക്കുന്നത്. ഓരം ചേർന്ന് കുറേ ചെറിയ ബോട്ടുകൾ നിർത്തിയിട്ടിട്ടുണ്ട്. ഒരു വശത്തുകൂടി   പോകുന്ന റോഡിലെ വിളക്കുകൾ വെള്ളത്തിൽ തീർത്ത റീഫ്ലക്ഷനും കരയിലെ ബോട്ടുകളും നല്ലൊരു കാഴ്ചയായിരുന്നു. ഡിന്നർ കഴിഞ്ഞു കാമറയുമായി തിരികെ വന്നു ചില ചിത്രങ്ങൾ പകർത്തി.








രാവിലെ ഉണർന്നു എണീക്കുമ്പോളാണ് ശരിക്കും ചുറ്റുവട്ടം എങ്ങനെയുണ്ടെന്നു കൃത്യമായി മനസിലാവുന്നത്. തലേന്ന് കണ്ട തുരുത്തിൽ വെള്ളം ഇറങ്ങി അങ്ങിങ്ങു ചില ദ്വീപുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  അതിൽ നിറയെ പക്ഷികളും..  വൈകുന്നേരം ഈ കൊച്ച് ദ്വീപുകൾ വേലിയേറ്റം കാരണം വീണ്ടും വെള്ളത്തിൽ മുങ്ങും.







Breakfast കഴിച്ചു 10 മണിയോടെ ഞങ്ങൾ സുർ സിറ്റി കാണാൻ ഇറങ്ങി.  കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്നു നേരത്തെ തന്നെ ഒരു idea ഉണ്ടാക്കി വച്ചിരുന്നു..  സുറിൽ 2-3 കോട്ടകൾ ഉണ്ട്.  ഒമാനിലെ മറ്റു പലയിടത്തും ഉള്ള കോട്ടകളുടെ അത്ര തന്നെ വലിപ്പവും പ്രതാപാവും ഇല്ലാത്തവ.  മറ്റു നല്ല കോട്ടകൾ കുറേ കണ്ടിട്ടുള്ളതിനാൽ സുറിലെ കോട്ടകൾ കാണേണ്ട എന്നു നേരത്തെ തീരുമാനിച്ചിരുന്നു. അവിടെ എത്തിയ ശേഷമാണ് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി അവ വെള്ളി, ശനി ദിവസങ്ങളിൽ അടവാണെന്ന് അറിഞ്ഞത്. ഞങ്ങളുടെ കറക്കത്തിനിടെ al ayjah യിലെ ചെറിയ കോട്ടയുടെ മുന്നിലൂടെ പാസ്സ് ചെയ്യുകയും ചെയ്തിരുന്നു.

maritime മ്യൂസിയം എന്ന ഒരു ചെറിയ മ്യൂസിയം കാണാൻ പ്ലാൻ ചെയ്തിരുന്നു. അതും ശനിയാഴ്ച അടവാണെന്നതു ചെറിയ നിരാശയായി.  fatah al khair എന്ന ഒരു traditional ഒമാനി കപ്പൽ ഈ മ്യൂസിയത്തിനകത്താണ്. സുറിലെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണത്. ഫോട്ടോഗ്രഫിക്കും നല്ലൊരു ഏരിയ. മ്യൂസിയത്തിന്റെ മതിൽക്കട്ടിനകത്തു നിൽക്കുന്ന ആ കപ്പൽ പുറത്തു നിന്ന് കണ്ടു സയൂജ്യമടയേണ്ടി വന്നു.

Al ayjah light house ലേക്കാണ് പിന്നീട് ഞങ്ങൾ പോയത്.   അതികം ഉയരമൊന്നും ഇല്ലാത്ത ചെറിയ light house. പുറത്തു നിന്ന് കാണാം എന്നല്ലാതെ സന്ദർശകർക്ക് മുകളിലേക്കു കയറാൻ കഴിയില്ല. ഞങ്ങൾ ചെന്ന സമയത്ത് ഓടി കളിക്കുന്ന ഏതാനും കുട്ടികളല്ലാതെ  മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.




Light house നോട് ചേർന്നുള്ള ബീച്ച് വളരെ മനോഹരമാണ്. ആഴം കുറഞ്ഞ സ്ഥലമാണ്. തെളിഞ്ഞ വെള്ളത്തിലൂടെ അടിഭാഗം നന്നായി കാണാം.. പവിഴപുറ്റിനെ പോലെയുള്ള പാറകൾ അവിടെയുമുണ്ട്. മുട്ടോളം വെള്ളത്തിൽ കുറേ ദൂരം കടലിലൂടെ നടക്കാൻ കഴിയും. പാറകൾക്കടുത്തു പോകുമ്പോൾ ഞണ്ടുകളെ സൂക്ഷിക്കണം എന്നു മാത്രം.









മൂന്ന് watch ടവറുകളാണ് മറ്റൊരു ആകർഷണം.  സുർ ബ്രിഡ്ജ് ന്റെ ഒരു വശത്ത് അധികം ഉയരത്തിലല്ലാതെ രണ്ടെണ്ണവും മറുവശത്തു വലിയ ഉയരത്തിൽ ഒരെണ്ണവും.   ഉയരം കുറഞ്ഞവയിൽ എളുപ്പത്തിൽ കയറി ചെല്ലാം. ഉയർന്ന ടവറിൽ കയറാൻ അൽപ്പം ആയാസപ്പെടണം.  ചെറിയ ടവറുകളിൽ നിന്ന് ബ്രിഡ്ജ് അടുത്തു കാണാം.  ഉയരത്തിൽ ഉള്ളതിൽ നിന്നാണ് ഏറ്റവും നല്ല വ്യൂ.. അത് അസ്തമയ സമയത്ത് ഒറ്റയ്ക്ക് കയറാൻ മാറ്റി വെച്ചു.



ഇങ്ങനെ ഒരു ഫോട്ടോ ആയിരുന്നില്ല ഇവിടെ പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്. വേലിയിറക്കം പണി പറ്റിച്ചു.  പച്ച നിറത്തിൽ ധാരാളം വെള്ളവും അതിൽ ബോട്ടുകളുമായിരുന്നു മനസ്സിൽ ഉണ്ടായിരുന്ന ഫ്രെയിം.

Traditional omani ships ഉണ്ടാക്കുന്ന ഒരു ചെറിയ ഫാക്ടറിയിലേക്കാണ് പിന്നീട് പോയത്. കൂറ്റൻ Dhows ന്റെ പണി നടക്കുന്നു.. ചെറിയവയും ഉണ്ട്. ഒരാൾക്ക് 1 റിയാൽ എന്നു ടിക്കറ്റ് നിരക്ക് പുറത്ത് എഴുതി വച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് കൗണ്ടറോ പണം വാങ്ങിക്കാൻ ആളെയോ അവിടെ കണ്ടില്ല. മരപ്പണി ചെയ്തുകൊണ്ടിരിക്കുന്നവർ ഞങ്ങൾ ചെന്നപ്പോൾ തല ഉയർത്തി നോക്കിയതല്ലാതെ ഒന്നും ചോദിച്ചുമില്ല. വലിയ മരത്തടികൾ dhow ക്ക് വേണ്ട ഷേപ്പ് ആക്കി കൊണ്ടു വന്നു പിടിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.




ഉച്ചഭക്ഷണത്തിനു ശേഷം റൂമിൽ ഒരു ചെറിയ മയക്കം.  അസ്തമയ സമയത്ത് വലിയ watch ടവറിൽ കയറണം.  ഞങ്ങൾ താമസിക്കുന്ന al ayjah plaza യുടെ തൊട്ടു പുറകിലെ കുന്നിൻമുകളിലാണ് watch ടവർ. 4.45 ആയപ്പോൾ ക്യാമറയും ട്രൈപോടും തൂക്കി ഞാൻ കുന്നു കയറി. കുത്തനെ കയറണം.. ചെറിയ സ്റ്റെപ്പുകളുണ്ട് കയറാൻ.  ഇരുട്ടാകുന്നത് വരെ അവിടെ ചിലവഴിക്കാനാണ് ഉദ്ദേശ്യം. ഞാൻ ചെല്ലുന്ന സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല.  സുർ സിറ്റിയുടെ ഒരു breath taking view ആണ് അവിടെ നിന്ന് കാണാൻ കഴിയുക.   ബ്രിഡ്ജിൽ light തെളിഞ്ഞ ശേഷം എടുക്കാൻ ഒരു ഫ്രെയിം ആദ്യമേ കണ്ടു വെച്ചു ട്രൈപോട് സെറ്റ് ചെയ്തു. അസ്തമയ സമയത്തെ കുറച്ചു ചിത്രങ്ങളും  watch ടവറിന്റെ ചിത്രങ്ങളും എടുത്തു ഇരുട്ടാവാൻ വേണ്ടി കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു കാത്തിരുന്നു. ഇടയ്ക്ക് ചില ഒമാനികൾ വന്നു പോയതല്ലാതെ കാര്യമായി ആരും അവിടേക്ക് വന്നില്ല.




ബ്രിഡ്ജിന്റെ ഫോട്ടോകളിൽ സ്ഥിരമായി കാണുന്ന ഒരു dhow അന്നും അവിടെയുണ്ട്. അത് സ്ഥിരമായി അവിടെയുണ്ടെന്നത് അപ്പോഴാണ് മനസിലായത്.  മൊത്തത്തിലുള്ള ambiance കൂട്ടാനും ഫോട്ടോഗ്രഫിക്ക് വേണ്ടിയുമായിരിക്കും ഒരു പക്ഷെ അതവിടെ സ്ഥിരമായി ഇട്ടിരിക്കുന്നതെന്നു തോന്നുന്നു. വെള്ളിയാഴ്ച രാത്രി ഞങ്ങൾ വരുന്ന സമയത്ത് അതിൽ light ഇട്ട് അലങ്കരിച്ചിരുന്നു.  ടൗണിലും പാലത്തിലും lights തെളിഞ്ഞ ശേഷം കുറച്ചു ഫോട്ടോകൾ കൂടി എടുത്ത് ഞാൻ കുന്നിറങ്ങി.








ഹോട്ടൽ റൂമിൽ നിന്നുള്ള അസ്തമയ കാഴ്ച്ച ഇങ്ങനെയാണ്.

രാത്രി സുർ സിറ്റി സെന്ററിൽ ഒന്ന് കറങ്ങി.  Barbeque nation ൽ നിന്ന് ഡിന്നറും കഴിച്ചു വീണ്ടും ഹോട്ടലിലേക്ക്.




Sunday രാവിലെ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ള ദിവസമാണ്. പോകുന്ന വഴിക്കു നേരത്തെ മാറ്റി വച്ച pebble ബീച്ചിൽ കയറണം, സാഹചര്യം അനുകൂലമെങ്കിൽ ഖൽഹത്തിലെ ancient city യും കാണണം.. Breakfast കഴിഞ്ഞു അതികം വൈകാതെ ഞങ്ങൾ ഇറങ്ങി.  ഹോട്ടലിലെ സൗകര്യങ്ങളിലും സ്റ്റാഫിന്റെ attitude ലും ഞങ്ങൾ വളരെ happy ആണെന്നും 5 സ്റ്റാർ റിവ്യൂ തന്നെ ഇടും എന്നും അവരോടു പറയാൻ മറന്നില്ല.

പിന്നെ നേരെ pebble beach ലക്ഷ്യമാക്കി യാത്ര. waze map ന്റെ സഹായത്തോടെയാണ് ഡ്രൈവിംഗ്.  ഒരു മാസം മുൻപ് pebble beach സന്ദർശിച്ച അതേ ഭാഗത്ത് തന്നെ പോകാമെന്നാണ് കരുതിയത്. ആദ്യം വരുന്നത് ഖൽഹത് ഏരിയ ആണ്.  പോകുന്ന വഴിയിൽ ഏറ്റവും ഭംഗിയുള്ള ഇടമാണ് ഖൽഹത്ത്.  വലിയ മലകളുടെയും അതിമനോഹരമായ ബീച്ചുകളുടെയും സംഗമമാണ് അവിടം. Ancient city യിലേക്കുള്ള exit കണ്ടെങ്കിലും കുട്ടികൾ ഉറക്കമായതിനാൽ അവിടെ പോവേണ്ട എന്നു തീരുമാനിച്ചു.

pebble beach തൊട്ടടുത്തെത്തിയപ്പോൾ map അൽപ്പം confusion ഉണ്ടാക്കി. എടുക്കേണ്ട exit കഴിഞ്ഞ ശേഷമാണ് മനസിലായത്. പിന്നെ കുറേ ദൂരം പോയി തിരിച്ചു വരണം.. അങ്ങനെ അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ കുറച്ചകലെ ഒരു ചെറിയ ബീച്ച് കണ്ടു. രണ്ട് വലിയ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ 100-150 മീറ്റർ മാത്രം നീളമുള്ള ഒരു കുഞ്ഞു ബീച്ച്.  ദുർഘടമായ ഒരു കുന്നിൻ ചെരുവിലൂടെ കുത്തനെ താഴേക്കിറങ്ങി വേണം അങ്ങോട്ട്‌ എത്താൻ എന്നതിനാലാവണം ബീച്ച് വളരെ വിജനമാണ്.. ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല.  കാർ താഴേക്ക് ഇറക്കി ബീച്ചിന് അരികിലെത്തി ഞാൻ മാത്രം പുറത്തിറങ്ങി ഒന്ന് പോയി നോക്കി.




വഴി തെറ്റി അവിടെ എത്തിപ്പെട്ടത് വലിയ ഭാഗ്യം. അത്രയേറെ ഭംഗിയുള്ളതായിരുന്നു ബീച്ച്.  എന്റെ കാൽ പെരുമാറ്റം കേട്ടയുടൻ കരയിൽ സ്വസ്ഥമായി വിഹരിച്ചിരുന്ന പല നിറത്തിലുള്ള ഒരു കൂട്ടം ഞണ്ടുകൾ പാറയിടുക്കിലേക്ക് വരി വരിയായി നീങ്ങി.  പല നിറത്തിലുള്ള pebbles നു പുറമെ സ്റ്റാർ fish ഉൾപ്പെടെ ചില കടൽ ജീവികളെയും കരയിൽ കണ്ടു.   ഞങ്ങൾ ബീച്ച് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഏതാനും ദേശാടന പക്ഷികൾ വന്നു തീരത്തോട് ചേർന്ന് നീരാട്ടും നടത്തി..മനം കുളിർപ്പിക്കുന്ന കാഴ്ച. ലെൻസ്‌ മാറ്റിയിടാനുള്ള സമയം അവർ തന്നില്ല.. അതിന് മുൻപേ നീരാട്ട് അവസാനിപ്പിച്ച് പറന്നകന്നു.



മൊബൈൽ ക്യാമറ ഉദ്ദേശിച്ചിടത്തല്ല ഫോക്കസ് ആയത്.  ഫോട്ടോഗ്രഫി അത്ര പരിചയം ഇല്ലാത്ത ആൾ എടുത്ത പടമാണ്.













മനുഷ്യരുടെ സാന്നിധ്യം എത്രത്തോളം മറ്റു ജീവികളുടെ ആവാസ വ്യവസ്ഥ അസ്വസ്ഥമാക്കുന്നു എന്നാണ് ഞാൻ ഓർത്തത്‌.   pebble beach ലെ തിരക്കേറിയ ഭാഗത്ത്‌ ഇങ്ങനെ ഒരു കാഴ്ച കാണാൻ സാധ്യതയില്ല.

ഈ spot കൂടി കഴിഞ്ഞതോടെ സുർ ട്രിപ്പിന് താൽക്കാലിക വിരാമമായി. പിന്നീടൊരിക്കൽ വീണ്ടും പോവണം.  കാണാൻ ബാക്കിവെച്ചവയും പുതിയ ചില സ്ഥലങ്ങളും കാണാൻ.  Pebble ബീച്ചിൽ നിന്നും കുറച്ചു pebbles പെറുക്കിയെടുത്ത് കുറേ നല്ല ഓർമ്മകളും ഫോട്ടോകളുമായി ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി.

 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)