മരുഭൂമിയിലെ തടാകം തേടിയൊരു യാത്ര - Oman Desert

ഫെബ്രുവരി 28, 2020

ഒമാനില്‍ വന്നത് മുതലേയുള്ള ആഗ്രഹമാണ് മരുഭൂമിയിലേക്ക് ഒരു യാത്ര . മരുഭൂമിയില്‍ വാഹനം ഓടിച്ചു പരിചയമില്ലായ്മ, ഒന്നിലേറെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന്റെ അഭാവം എന്നിവ കാരണം ആ ആഗ്രഹം ഇത് വരെ പൂവണിയാതെ അങ്ങനെ നില്‍പ്പായിരുന്നു  . എങ്കിലും എന്നെങ്കിലും ഒരിക്കല്‍ അത്തരം ഒരു യാത്ര എന്നും മനസിലുണ്ടായിരുന്നു

ആയിടക്കാണ്‌ ഒരു facebook ഗ്രൂപ്പില്‍ സഫ lake എന്ന പേരില്‍ മരുഭൂമിയിലെ ഒരു തടാകത്തിന്‍റെ ചിത്രങ്ങളും വീഡിയോയും കണ്ടത്.. ഇബ്രിയില്‍ നിന്നും അധികം ദൂരെയല്ല താനും. drone ക്യാമറ വച്ച് വീഡിയോ ഷൂട്ട്‌ ചെയ്യുന്നത് ഒമാനി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട വിനോദമാണ് . അത്തരത്തില്‍ ചില ഫോട്ടോകളും വീഡിയോകളും കണ്ടപ്പോള്‍ പോയി കാണാതിരിക്കാന്‍ ഒരു വഴിയുമില്ല എന്ന അവസ്ഥയായി.. ലൊക്കേഷന്‍ details സംഘടിപ്പിക്കാനുള്ള ശ്രമമായി പിന്നീട്.  ഏതാനും ദിവസങ്ങള്‍ മുന്നേ സ്ഥലം സന്ദര്‍ശിച്ച ഒരാള്‍ ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും മറ്റു വിവരങ്ങളും അയച്ചു തന്നതോടെ യാത്ര പ്ലാന്‍ ചെയ്തു..

മരുഭൂമിയിലെ ലൂസ് മണലിലൂടെ അധിക ദൂരം കാര്‍ ഓടിക്കേണ്ടി വരുമോ എന്നതായിരുന്നു ആദ്യത്തെ ശങ്ക . മണ്ണ് റോഡിലൂടെ ഏതാണ്ട് തടാകത്തിനടുത്ത് വരെ എത്താമെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഗൂഗിള്‍ മാപ്പില്‍ സൂം ചെയ്തു നോക്കിയപ്പോള്‍ റോഡില്‍ നിന്ന് തടാകത്തിലേക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ എന്നാണ് മനസിലായത്.. അതോടെ പോയിക്കളയാം എന്ന തീരുമാനം ഉറപ്പിച്ചു



130 KM ദൂരമുണ്ട് ഇബ്രിയില്‍ നിന്നും ഈ സ്ഥലത്തേക്ക്. അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവും കയ്യില്‍ കരുതി ഉച്ച കഴിഞ്ഞയുടനെ ഞങ്ങള്‍ ഇറങ്ങി.  മുന്‍പെങ്ങും ഇല്ലാത്ത വിധം തുടര്‍ച്ചയായി മഴ കിട്ടിയത് കൊണ്ടാകും സാധാരണ വരണ്ടു ഉണങ്ങി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം നല്ല പച്ചപ്പ്‌.. റോഡിനു ഇരുവശവും പതിവില്ലാത്ത ആ പച്ചപ്പ്‌ ഞങ്ങള്‍ക്കൊരു പുതിയ ഉണര്‍വ്വേകി. കൂടുതല്‍ ചെടികള്‍ വളര്‍ന്ന സ്ഥലങ്ങളില്‍ ഒട്ടകങ്ങളും ആടുകളും കൂട്ടത്തോടെ എത്തിയിട്ടുണ്ടായിരുന്നു.. ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുമോ എന്ന ആശങ്ക കൊണ്ട് മാത്രം കുറച്ചു നേരം ആ കാഴ്ച ആസ്വദിക്കാം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു ..

അര മണിക്കൂര്‍ ഹൈവേയിലൂടെ അതിവേഗം ഓടിയ ശേഷം എക്സിറ്റ് എടുത്ത് സര്‍വീസ് റോഡില്‍ കയറി. നേരത്തെ ഡൌണ്‍ലോഡ് ചെയ്തു വച്ച ഓഫ്‌ ലൈന്‍ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര. കുറച്ചു ദൂരം മുന്നോട്ട് ചെന്നതോടെ ടാര്‍ റോഡ്‌ അവസാനിച്ചു.  കല്ലും ചരലും നിറഞ്ഞ സാമാന്യം വീതിയുള്ള ഒട്ടും സ്മൂത്ത്‌ അല്ലാത്ത റോഡിലൂടെയാണ് തുടര്‍ന്ന് പോവേണ്ടത് . മുന്നില്‍ ഒരു തരത്തിലുള്ള മറയും ഇല്ലാതെ അതിവിശാലമായി കിടക്കുന്ന ഭൂമി.. അവിടെയും നല്ല പച്ചപ്പുണ്ട്‌.. ഒട്ടകങ്ങള്‍ അവിടെയും മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലെക്കാണ് യാത്ര എന്നോര്‍മ്മിപ്പിക്കാനെന്നവണ്ണം അങ്ങിങ്ങ് ചെറിയ മണല്‍ കൂനകളുണ്ട്.. അവയ്ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉയരമില്ലാത്ത മരങ്ങളും..അത് തന്നെ രസകരമായ കാഴ്ചയായിരുന്നു .

20-30km സ്പീഡില്‍ കുലുങ്ങി കുലുങ്ങി നീങ്ങുന്ന ഞങ്ങളുടെ കാറിനെ മറികടന്നു കൊണ്ട് ഒരു ലാന്‍ഡ്‌ ക്രൂയിസര്‍ പൊടി പറത്തിക്കൊണ്ടു പാഞ്ഞു പോയി..  ഈ റോഡിലൂടെ ഇങ്ങനെ ചീറി പാഞ്ഞു പോവാന്‍ കഴിയുന്നത്‌ എങ്ങനെയെന്നു ഓര്‍ത്തപ്പോഴേക്കും വീണ്ടും ചില വാഹനങ്ങള്‍ അതെ പോലെ ഞങ്ങളെ മറികടന്നു പോയി.. മരുഭൂമിയില്‍ നിന്നും പെട്രോള്‍ കൊണ്ടുവരാനുള്ള ലോറികള്‍ വരെ ഞങ്ങളെക്കാള്‍ സ്പീഡിലാണ് പോകുന്നത്..  കാര്‍ 4 wheel drive മോഡിലേക്ക് മാറ്റി ഞാനും സ്പീഡ് അല്‍പ്പം കൂട്ടി നോക്കി.. പ്രതീക്ഷക്കു വിപരീതമായി യാത്ര കൂടുതല്‍ സുഖപ്രഥമായി തോന്നി.. ഇത്തരം റോഡുകളില്‍ മറ്റു വാഹനങ്ങള്‍ പോയ പോലെ ചീറി പാഞ്ഞു പോകുന്നതാണ് നല്ലതെന്ന് അല്പം കഴിഞ്ഞാണ് മനസിലായത് . അതോടെ 30-40 ല്‍ നിന്ന് 80-90 സ്പീഡിലായി യാത്ര.. പുറകിലേക്ക് നോക്കിയപ്പോള്‍ സമാധാനമായി.. മറ്റു വാഹനങ്ങളുടെ പുറകിലെ പോലെ ഞങ്ങളുടെ കാറിനു പുറകിലും പൊടിയുണ്ട്  :-)


20km പിന്നിട്ടപ്പോള്‍ Exterran middle east പെട്രോളിയം കമ്പനിയുടെ camp നു മുന്നേനിലെത്തി. നേരത്തെ ഗൂഗിള്‍  മാപ് പരിശോധിക്കുന്ന സമയത്ത് അത് ശ്രദ്ധയില്‍ പെട്ടിരുന്നു    .  അവിടെയെത്തിയപ്പോള്‍ റോഡു പെട്ടന്ന് അവസാനിച്ച പോലെ തോന്നിച്ചു. വന്നുകൊണ്ടിരുന്ന റോഡ്‌ കമ്പനിക്കുള്ളിലെക്കാണ്‌ പോകുന്നത്. കയ്യിലുണ്ടായിരുന്ന രണ്ടു offline മാപ്പുകളും മുന്നില്‍ കാണുന്ന ഒഴിഞ്ഞ പറമ്പിലൂടെ മുന്നോട്ട് പോകുവാന്‍ കല്‍പ്പിക്കുന്നു..  റോഡില്‍ നിന്നും കാര്‍ താഴേക്കു ഇറക്കി വീണ്ടും മുന്നോട്ടു പോയി.  കുറച്ചു മുന്നോട്ട് പോയി വീണ്ടും ചരലും മണലും കല്ലുകളും നിറഞ്ഞ മറ്റൊരു വഴിയിലെക്കാണ് മാപ് ഞങ്ങളെ നയിച്ചത്.  ചിലയിടത്ത് സമാന്യം വേഗതയിലും ചിലയിടത്ത് തീരെ കുറഞ്ഞ വേഗതയിലുമായി  ഞങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു .   30 km ആ റോഡിലൂടെ തന്നെ സഞ്ചരിച്ചു വേണം ലക്ഷ്യത്തിലെത്താന്‍..

ചെറിയ വേഗതയില്‍ 30 km താണ്ടാന്‍ കുറെ സമയമെടുക്കുമല്ലോ എന്ന മടുപ്പ് തോന്നി തുടങ്ങിയപ്പോഴേക്കും ചുറ്റിലും ശരിയായ മരുഭൂമി കണ്ടുതുടങ്ങി.. അതുവരെ ആസ്വധിച്ചിട്ടില്ലാത്ത മരുഭൂമിയുടെ ഭംഗി ശരിക്കും ഞങ്ങളെ ഹരം കൊള്ളിച്ചു.. മരുഭൂമി ഒരു സുന്ദര landscape തന്നെ.. orange നിറത്തില്‍  നീളത്തില്‍ ഭംഗിയുള്ള pattern ആയി കിടക്കുന്ന മണല്‍ കൂനകളും ഇടയ്ക്കു അങ്ങിങ്ങായി കാണുന്ന ചെടികളുടെ പച്ചപ്പും സുഖകരമായ ഒരു കാഴ്ച തന്നെ..  പത്തു കിലോമീറ്റര്‍ കൂടി ഞങ്ങള്‍ക്ക് മുന്നോട്ട് പോവാനുണ്ടായിരുന്നെങ്കിലും അതിനു മുന്നേ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി.. അടുത്ത് കണ്ട മണല്‍ കൂനയുടെ മുകളില്‍ കയറി കുറച്ചു നേരം ആസ്വദിച്ചു.. ഏതാനും പടങ്ങളും എടുത്തു. മണലിലെ മനോഹരമായ ഡിസൈന്‍,  അതിലൂടെ നടന്നു അത് വൃത്തികേടാക്കാന്‍ തോന്നാത്തത്ര   ഭംഗി !












വീണ്ടും കുറച്ചു ദൂരം മോന്നോട്ടു പോയപ്പോള്‍ ലക്ഷ്യസ്ഥാനം ആയെന്നു മാപ്പില്‍ കാണിച്ചു.. അവിടെ കുറച്ചു കാറുകള്‍ പാര്‍ക്ക് ചെയ്തു ആളുകള്‍ പായ് വിരിച്ചു ക്യാമ്പ്‌ ചെയ്യാനുള്ള ഒരുക്കത്തില്‍ ഇരിക്കുന്നത് കണ്ടു. തൊട്ടടുത്ത്‌ വലിയ ഒരു മണല്‍ കൂനയുണ്ട്. അതിനപ്പുറത്തായിരിക്കും തടാകം എന്ന് തോന്നിച്ചു. മണലില്‍ വാഹനം ഇറക്കാനുള്ള തയ്യാറെടുപ്പൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിട്ടുള്ളത്.. മണ്ണ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്നു പോകണോ അതോ കാര്‍ മണലില്‍ ഇറക്കണോ എന്ന് ശങ്കിച്ചു തെല്ലു നേരം.. അഥവാ കാര്‍ മണലില്‍ താഴ്ന്നാല്‍ വലിച്ചു കയറ്റാന്‍ പറ്റിയ പരിചയ സമ്പന്നരായ ഒമാനികളാണല്ലോ അവിടെയിരിക്കുന്നത് , അവര്‍ എന്തായാലും സഹായിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ മണല്‍ തിട്ടയിലൂടെ കാര്‍ താഴേക്ക്‌ ഇറക്കി.. മണലിലൂടെ കാര്‍ ഊര്‍ന്നിറങ്ങുന്നത് ശരിക്കും സുഖകരമായ ഒരു അനുഭവമാണ്.. sand mode select ചെയ്തു പതിയെ ഓടിച്ചു നോക്കി. കൊള്ളാം . പ്രശ്നമൊന്നുമില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്..  ക്യാമ്പ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്ന ഒമാനികളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പ്പം   കൂടി മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് മനസിലായി.. മണലിലൂടെ കുറച്ചു ദൂരം കൂടി  മുന്നോട്ടു നീങ്ങിയപ്പോള്‍  കുറച്ചകലെയായി  ഞങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന തടാകം ദൃശ്ശ്യമായി .


ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലുതായിരുന്നു തടാകം .  ദുബായ് രെജിസ്ട്രേഷന്‍ ഉള്ളവ ഉള്‍പ്പെടെ കുറച്ചു കാറുകള്‍ തടാകക്കരയിലുണ്ടായിരുന്നു. കുറച്ചു പേര്‍ അവിടെ ടെന്റ് അടിച്ചു രാത്രി താമസത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു . തടാകത്തിന്റെ മൂന്നു വശങ്ങളിലും പടുകൂറ്റന്‍ മണല്‍ കൂനകളാണ്.  ഒരു വശത്തെ മണല്‍കൂനയില്‍ ഒമാനികള്‍ കാര്‍ കയറ്റിയിറക്കി ആസ്വദിക്കുന്നു.. കുറച്ചു നേരം ഞങ്ങളും ആ കാഴ്ച കണ്ടു നിന്നു.. പിന്നെ തടാകത്തിന്റെ ഒരു വശത്ത്‌ കൂടി കുറച്ചു മുന്നോട്ട് പോയി ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു.   പുറത്തിറങ്ങി കുറച്ചു ചിത്രങ്ങളെടുത്തു.







തടാകത്തിന്റെ ഏറ്റവും നല്ലൊരു വ്യൂ കിട്ടുന്ന ഒരു മണൽകൂനയുടെ മുകളിൽ കയറി നോക്കാം എന്നായി അടുത്ത തീരുമാനം.  ഞങ്ങൾ കാർ പാർക്ക്‌ ചെയ്തതിന്റെ കുറച്ചു മുന്നിലായി കാണുന്ന ഏറ്റവും വലിയ മണൽകൂന തന്നെ അതിനായി  തിരഞ്ഞെടുത്തു.  ചിത്രങ്ങളിൽ കാണുമ്പോൾ ചെറുതെന്നു തോന്നിക്കുമെങ്കിലും അടുത്തെത്തിയാൽ മണൽകൂന വളരെ വലുതാണ്.  രണ്ടു സ്റ്റെപ്പ് മുകളിലേക്കു കയറുമ്പോൾ ഒരു സ്റ്റെപ്പ് താഴേക്കു തന്നെ ഒഴുകിയിറങ്ങുന്ന മണൽ കൂനയുടെ മുകളിലേക്കു കുത്തനെ കയറുകയെന്നത് ഒട്ടും എളുപ്പമല്ല.. ചിത്രത്തിലെ കാറുകളുടെ വലിപ്പം ശ്രദ്ധിച്ചാൽ ഇതിന്റെ ഉയരത്തെ കുറിച്ച് ഒരു ധാരണ കിട്ടും.   ഏതാണ്ട് 150 മീറ്റർ കയറിയപ്പോഴേക്കും ആകെ തളർന്ന മട്ടായി..  അവിടെ നിന്നു കൊണ്ട് കുറച്ചു പടങ്ങൾ എടുത്തു..  കൂട്ടത്തിൽ അൽപ്പം ഉത്സാഹം കൂടുതൽ ഉള്ളയാൾ വീണ്ടും 50മീറ്റർ കൂടി കയറി മണൽ കൂനയുടെ ഏറ്റവും മുകളിലെത്തി..  അവിടെ നിന്നുള്ള കാഴ്ചകളുടെ മനോഹാരിത വിവരിച്ചു ഞങ്ങളെ പ്രലോഭിപ്പിച്ചപ്പോൾ പതിയെ പിന്നെയും മുകളിലേക്കു വലിഞ്ഞു കയറി. 






മുകളിലെത്താൻ വളരെ ആയാസപ്പെട്ടെങ്കിലും ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമാകുമായിരുന്നു..  വിശാലമായ ആ മരുഭൂമിയുടെ ഒരു വലിയ കാഴ്ച അവിടെ നിന്നു കാണാൻ സാധിച്ചു.  ഞങ്ങൾക്ക് പുറകിൽ സൂര്യൻ അസ്തമിക്കാനൊരുങ്ങുകയായിരുന്നു അപ്പോൾ..   കാഴ്ചകൾ ആവോളം കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്ത ശേഷം തണുത്ത സുഖമുള്ള കാറ്റും ആസ്വദിച്ചുകൊണ്ട് ഞങ്ങൾ അവിടെ  കുറെ നേരം ഇരുന്നു..  കയ്യിൽ കരുതിയ ലഘു ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും  ക്ഷീണം തീർത്തു






പതിയെ നേരം ഇരുട്ടി തുടങ്ങി.. മണൽകൂനയിൽ കയറി ഇറങ്ങികൊണ്ടിരുന്ന   വാഹനങ്ങൾ ഓരോന്നായി  തിരിച്ചു പോയി തുടങ്ങി.  ബാക്കിയുള്ളവർ ടെന്റ് അടിച്ചു താമസത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി.  ഇനി കൂടുതൽ സമയം അവിടെ ചിലവഴിച്ചാൽ തിരിച്ചു പോക്ക് പ്രയാളസമാവും എന്നതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി..  അങ്ങോട്ട്‌ കയറുന്ന പോലെയല്ല മണലിലൂടെ ഒഴുകുന്ന പോലെ എളുപ്പത്തിൽ തിരിച്ചിറങ്ങാം..

നടന്നു കാറിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി..  റോഡിൽ നിന്നും മണലിലേക്കു  കാർ ഇറക്കിയ വഴി കൃത്യമായി മനസിലാക്കാൻ അപ്പോൾ കഴിയുന്നുണ്ടായിരുന്നില്ല..  ഊഹം വച്ചു ഓടിച്ചു ഒരു ചതുപ്പു പോലത്തെ ഭാഗത്താണ് എത്തിയത്..അവിടെ കാറിന്‍റെ മുന്ച്ചക്രങ്ങള്‍ താഴ്ന്നു   മുന്നോട്ടു നീങ്ങാൻ കഴിയാതെ വന്നെങ്കിലും റിവേഴ്‌സ് എടുത്തു ചതുപ്പിൽ നിന്നും കയറാൻ കഴിഞ്ഞു..  ടെന്റ് അടിച്ചു കൊണ്ടിരുന്ന ഒരു ഒമാനി വന്നു വേണ്ട നിർദ്ദേശങ്ങൾ തരികയും ശരിയായ വഴി കാണിച്ചു തരികയും ചെയ്തു..

തിരിച്ചു പഴയ മണ്ണ് റോഡിൽ എത്തിയപ്പോഴേക്കും ചുറ്റും കനത്ത ഇരുട്ട് പരന്നിരുന്നു..  നോക്കെത്താ ദൂരത്തൊന്നും ഒരു വെളിച്ചമോ അനക്കമോ ഇല്ല..  കുറച്ചു മുന്നോട്ടു ചെന്നപ്പോൾ വളരെ അകലെ നിന്നും  exterran middle east company യുടെ റിഗ്ഗിൽ നിന്നും  അവർ കത്തിച്ചു കളയുന്ന ഏതോ വാതകത്തിൽ നിന്നുമുള്ള തീ കാണാൻ കഴിഞ്ഞു..  പുകക്കുഴലിലൂടെ അത് കത്തുന്നത് അങ്ങോട്ട്‌ പോകുമ്പോൾ തന്നെ ഞങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു..  ആ തീ മാത്രമാണ് തിരിച്ചുള്ള യാത്രയിൽ ഞങളുടെ കാറിന്റെ ഹെഡ്‍ലൈറ്റ് അല്ലാതെ ആകെ കണ്ട ഒരു പ്രകാശം..

ഇത്തരം റിഗ്ഗുകള്ളിൽ ജോലി ചെയ്യുന്നവർ ഹോസ്പിറ്റലിൽ വരുമ്പോൾ അവിടെ നിന്നും എത്തിപ്പെടാനുള്ള പ്രയാസങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും ഇത്രയും ഭീകരത അതിനുണ്ടെന്നു ഈ യാത്രയിലാണ് മനസിലായത്.   അസുഖത്തിന് ചികിൽസ തേടി വരുന്നവർ തിരിച്ചു പോകുമ്പോൾ കമ്പനികളുടെ ആവശ്യപ്രകാരം ഞാൻ എഴുതി കൊടുക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ സ്ഥിരം എഴുതുന്ന വാചകത്തിന്റെ ഗൗരവവും ശരിക്കും മനസിലായി..  Fit to work at remote site എന്ന വാചകം..  ഇത്തരം സ്ഥലങ്ങളിൽ വച്ചു വല്ല emergency യും വന്നാൽ ഒരു വൈദ്യസഹായം കിട്ടാൻ അനേകം മണിക്കൂറുകൾ എടുക്കും.. അതുകൊണ്ടാണ് fitness certificate നു വേണ്ടി അവര്‍ നിര്‍ബന്ധിക്കുന്നത്‌ .

ദുർഘടമായ വഴികൾ പിന്നിട്ടു നേരത്തെ കണ്ട വെളിച്ചത്തിനരികില്‍ ഞങ്ങളെത്തി .  അവിടെ നിന്നങ്ങോട്ടു കുറച്ചു കൂടി നല്ല റോഡാണ്..  നേരത്തെ അതിവേഗം പാഞ്ഞു പോയ വാഹനങ്ങളെ പോലെ ഞാനും സാമാന്യം നല്ല സ്പീഡിൽ ഓടിച്ചു.. അത് തന്നെയാണ് കൂടുതൽ സുഖപ്രദം..  അകലെ 30 km അപ്പുറത്തുള്ള ഹൈവേയിലെ ലൈറ്റ് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു..  യാതൊരു തടസവും ഇടയിലില്ലാതെ.  അതാണ് മരുഭൂമിയിലെ visibility  !

അങ്ങോട്ട്‌ പോയതിനേക്കാൾ വളരെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ ഹൈവേയിലെത്തി..  പിന്നെ ഇബ്രി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..  കണ്ണും മനസും നിറഞ്ഞ ഒരു യാത്രയ്ക്ക് അങ്ങനെ വിരാമം..




Thank you for being here

0 അഭിപ്രായ(ങ്ങള്‍)