Salalah trip Day 3

സെപ്റ്റംബർ 13, 2021

സലാലയിലെ ഏറ്റവും മനോഹരമായ സ്ഥലമായ വാദി ദർബത്താണ് ഇന്നത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യം. സലാലയുടെ കിഴക്ക് ഭാഗത്താണ് ഈ സ്ഥലം.  ഉച്ച വരെ വാദി ദർബത്തിൽ ചിലവഴിച്ച്, കിഴക്ക് ഭാഗത്ത് തന്നെയുള്ള മറ്റു രണ്ട് സ്ഥലങ്ങളിൽ കൂടി പോകാനാണ് പ്ലാൻ.  ഗ്രാവിറ്റിക്ക്‌ എതിരായി ന്യൂട്രൽ ഗിയറിൽ വാഹനങ്ങൾ കയറ്റം കയറി പോകുന്ന ആന്റി ഗ്രാവിറ്റി പോയിന്റും  ജബൽ സംഹാൻ എന്ന മല നിരകളുമാണ് മറ്റു രണ്ട് സ്ഥലങ്ങൾ.  പണ്ട് തൊട്ടേ സലാലയെക്കുറിച്ച് കേട്ടിട്ടുള്ള അത്ഭുതങ്ങളിൽ ഒന്നാണ് ആന്റി ഗ്രാവിറ്റി പോയിന്റ്.  ഈ പ്രദേശം ഉൾക്കൊള്ളുന്ന മലനിരകളെ ഗ്രാവിറ്റി ഹിൽസ് എന്നാണ് അറിയപ്പെടുന്നത്.  ജബൽ സംഹാൻ വ്യൂ പോയിന്റ് പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാനുള്ള സ്ഥലമാണ്. ഖരീഫ് സീസണിൽ പോകുമ്പോൾ ഈ കാഴ്ച കാണാൻ കോടമഞ്ഞു കൂടി കനിയണം. കടുത്ത കോടയുണ്ടെങ്കിൽ അത് ആസ്വദിക്കാം എന്നല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

9 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. നേരത്തെ കണ്ടു പരിചയിച്ചത് പോലെയുള്ള ഭൂപ്രദേശങ്ങളിലൂടെ തന്നെയാണ് യാത്ര. പച്ച കുന്നുകളും താഴ്‌വരകളും.  പോകുന്ന വഴിക്കു ചെറുതായി മഴ പെയ്തിരുന്നു.  വാദി ദർബത്ത് റോഡിലേക്ക് വാഹനം തിരിയുമ്പോൾ തന്നെ ദൂരെ മല മുകളിൽ ആർത്തലച്ചു വരുന്ന വലിയൊരു വെള്ളച്ചാട്ടം കാണാം. അവിടേക്ക് പക്ഷേ കാർ കൊണ്ടുപോകാൻ കഴിയില്ല, നടന്നു പോകണം.

വാദി ദർബത്തിലേക്കുള്ള വഴിയിൽ വാഹനം ഓടിക്കുമ്പോൾ നമ്മൾ കൊടൈക്കനാലിലേക്കോ ഊട്ടിയിലേക്കോ ആണോ പോകുന്നതെന്ന് തോന്നിപ്പോകും. വളരെ വലിയ മലകളാണ് ഇരു വശങ്ങളിലും.. മലയുടെ മുകൾ ഭാഗം കോടമഞ്ഞു കാരണം പലപ്പോഴും കാണാൻ കഴിയില്ല. ഞങ്ങൾ ചെല്ലുന്ന സമയത്ത് മഴ പൂർണ്ണമായും മാറി. വെയിൽ ഒട്ടും തന്നെ ഇല്ല താനും. 25-26 ഡിഗ്രിയാണ് പുറത്തെ temperature.  ഇതിൽ കൂടുതൽ എന്ത് വേണം.. എല്ലാം കൊണ്ടും എൻജോയ് ചെയ്യാൻ പറ്റിയ സാഹചര്യം.

പാർക്കിംഗ് ഏരിയയിൽ നിന്ന് താഴെക്കിറങ്ങിയാൽ നേരെ ചെല്ലുന്നതു 2 -3 ചെറിയ വെള്ളച്ചാട്ടങ്ങൾക്കടുത്തേക്കാണ്. വാദി ദർബത്ത് എന്നാൽ വിശാലമായ ഏരിയയിൽ പരന്നൊഴുകുന്ന അരുവിയാണ്. ചെറുതും വലുതുമായ പല വെള്ളച്ചാട്ടങ്ങൾ അരുവിയുടെ പല ഭാഗങ്ങളിലായി രൂപം കൊണ്ടിട്ടുണ്ട്. വെള്ള ചാട്ടം വന്നു പതിക്കുന്ന ഭാഗത്തു ചെറിയ ഏരിയ ആണെങ്കിൽ പോലും ബോട്ടിൽ ഒന്ന് കറങ്ങാനുള്ള സൗകര്യമുണ്ട്.  ചുറ്റുമുള്ള പച്ചപ്പിനിടയിലൂടെ ഒഴുകുന്ന പച്ച നിറത്തിലുള്ള വെള്ളം കാണാൻ അപാര ഭംഗിയാണ്.  കുറേ നേരം അവിടെ ചിലവഴിച്ചു,










പല ഭാഗങ്ങളിൽ പോയി കുറേ ഫോട്ടോസ് എടുത്തു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്കു നീങ്ങി.  സാധാരണ വെള്ളച്ചാട്ടങ്ങൾ താഴെ നിന്ന് കാണുകയല്ലാതെ മുകൾ ഭാഗത്തേക്കു പോകാൻ കഴിയാറില്ലല്ലോ.. ഇവിടെ അങ്ങനെയല്ല.. മുകൾ ഭാഗത്തേക്കു പോകാം.. അവിടെ വിശാലമായ ഏരിയയാണ്. പല ഭാഗങ്ങളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഒഴുക്ക് കൂടിയതും കുറഞ്ഞതുമായ സ്ഥലങ്ങളുണ്ട്. ഇടയിലൂടെ നടന്നു ചെല്ലാൻ പറ്റിയ ഏരിയകൾ ഉണ്ട്. ആഴം കുറഞ്ഞതും കൂടിയതുമായ വെള്ളക്കെട്ടുകളുമുണ്ട്.  ആഴം കുറഞ്ഞ ഒരു വെള്ളക്കെട്ടിൽ കുട്ടികളെ ഇറക്കി.. കുറേ നേരം അവരെ അതിൽ വിഹരിക്കാൻ വിട്ടു.  ഞങ്ങൾ കൂടുതൽ ഉൾഭാഗത്തേക്ക് നീങ്ങി കുറേ ഫോട്ടോകൾ എടുത്തു.  മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം.  ഒരു ദിവസം മുഴുവനും അവിടെ തന്നെ നിന്നാൽ പോലും മടുപ്പ് തോന്നിക്കാത്ത ഒരിടമാണ് ദർബത്ത്.  നേരെ എതിർവശത്തു നിന്നും ഈ ഭാഗം നോക്കി കാണാനുള്ള ഒരു വ്യൂ പോയിന്റിൽ കൂടി കയറി നോക്കിയാണ് ഞങ്ങൾ തിരിച്ചു പോന്നത്. ആ വ്യൂ പോയിന്റിൽ നിന്നാൽ ഒരു വശത്തു ദർബത്തും മറു വശത്തു സിറ്റിയും കാണാം. വാദി ദർബത്ത് വളഞ്ഞു പുളഞ്ഞു ഒഴുകി കടലിൽ ചേരുന്നതും അവിടെ നിന്ന് നോക്കിയാൽ കാണാം. രണ്ട് ഭാഗത്തുമുള്ള വ്യത്യസ്തമായ അന്തരീക്ഷം മനസിലാക്കാം.. കോട മഞ്ഞുകൊണ്ട് പൊതിയപ്പെട്ടു കാർ മേഘം മൂടി നിൽക്കുന്ന ദർബത്തും കോടയും മേഘവും ഇല്ലാതെ ചെറിയ വെയിലിൽ തിളങ്ങി നിൽക്കുന്ന സിറ്റിയും.












പിന്നെ നേരെ ഗ്രാവിറ്റി ഹിൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഉച്ചഭക്ഷണം പോകുന്ന വഴിക്കു കഴിക്കാം എന്നായിരുന്നു പ്ലാൻ. ചെറിയ ഒരു കുന്നായിരിക്കും എന്ന് കരുതിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. പക്ഷേ വലിയൊരു മലയും ചുരവുമാണ് ഞങ്ങൾക്ക് കയറാനുണ്ടായിരുന്നത്.  കയറ്റം ആസ്വദിച്ചു അങ്ങനെ കയറി തുടങ്ങിയപ്പോൾ കുറേശ്ശേ വഴിയിൽ കോട മഞ്ഞു കണ്ടു തുടങ്ങി.. ഇതൊക്കെ ഒരു രസമല്ലേ എന്ന മട്ടിൽ കുറച്ച് കൂടി മുകളിലേക്കു കയറിയതോടെ സ്ഥിതി മാറി.. കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാൻ കഴിയാതെ ഡ്രൈവിംഗ് ദുഷ്കരമായി. റോഡിലെ വളവു ഏതു ഭാഗത്തേക്കാണെന്ന് അറിയാൻ മൊബൈലിലെ navigation മാപ്പിലേക്കു നോക്കേണ്ട സ്ഥിതിയായത്തോടെ ടെൻഷൻ ആയി. എവിടെയെങ്കിലും നിർത്തിയിടാൻ ആണെങ്കിൽ റോഡരികിലേക്ക് മാറ്റി നിർത്താൻ പറ്റിയ സ്ഥലമില്ല. ഒന്നുകിൽ കൊക്ക, അല്ലെങ്കിൽ നനഞ്ഞു കുതിർന്ന മണ്ണ്, കാർ താഴ്ന്നു പോകുമോ എന്ന് സംശയിച്ചു അതിന് മുതിർന്നില്ല. എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റും hazard ലൈറ്റും കാണുന്നത് 3-4 മീറ്റർ അടുത്തെറ്റിയ ശേഷം മാത്രം. ചുരം നല്ല പരിചയമുള്ള ഒമാനികൾ അവിടെയും മടി കൂടാതെ over take ചെയ്തു പോകുന്നുണ്ട്.  അത് വരെ സംസാരിച്ചു എൻജോയ് ചെയ്തു പോയിരുന്ന ഞങ്ങൾ സൈലന്റ് മോഡിലായി.. ഡ്രൈവിങ്ങിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു പതിയെ മുന്നോട്ടു നീങ്ങി. ചില ഭാഗങ്ങളിൽ കോട അൽപ്പം കുറഞ്ഞു കാണുമ്പോൾ ഹാവൂ കഴിഞ്ഞു എന്ന് ആശ്വസിക്കുമ്പോഴേക്കും പൂർവാധികം ശക്തിയിൽ കോട തിരിച്ചെത്തി. മല വെള്ളപ്പാച്ചിലിൽ മല ഇടിഞ്ഞു റോഡിലേക്ക് ഇറങ്ങിയ സ്ഥലങ്ങളും വഴിയിൽ പലയിടത്തും കണ്ടു. മഴ പെയ്യുമ്പോൾ അത് വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല.

ചുരം കഴിഞ്ഞതോടെ കോട അപ്രത്യക്ഷമായി.  കുറച്ച് മിനിറ്റുകൾ കൂടി മുന്നോട്ട് പോയപ്പോൾ ആന്റി ഗ്രാവിറ്റി പോയിന്റ് എത്തി. കുറച്ച് കൂടി കുത്തനെ ഉള്ള കയറ്റമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ വളരെ ചെറിയ കയറ്റമാണ്. കാർ നിർത്തി ന്യൂട്രലിൽ ഇട്ടു നോക്കിയപ്പോൾ പതുക്കെ മുന്നോട്ടു നീങ്ങിത്തുടങ്ങി.. ക്രമേണ കൂടുതൽ വേഗത്തിൽ നീങ്ങാൻ തുടങ്ങി.  കാർ നിർത്തി പുറത്തിറങ്ങി നോക്കിയാൽ അത്ര കയറ്റം ഫീൽ ചെയ്യില്ല. ഇറക്കമല്ല എന്ന് ഉറപ്പാണ്.  എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ഗൂഗിളിൽ പരതിയപ്പോൾ കണ്ടത് കയറ്റം എന്നുള്ളത് horizon ന്റെ പ്രത്യേകത കാരണം തോന്നുന്ന ഒരു ഇല്ല്യൂഷൻ മാത്രമാണ്, യഥാർത്ഥത്തിൽ അത് കയറ്റമല്ല, ഇറക്കം തന്നെയാണ് എന്നാണ്. ലോകത്ത് മറ്റു പല സ്ഥലങ്ങളിലും ഈ പ്രതിഭാസം ഉണ്ടെന്നും കാണുന്നു.




അടുത്ത ലക്ഷ്യം ജബൽ സംഹാൻ വ്യൂ പോയിന്റ്.  വന്ന വഴിയല്ലാതെ വേറെ ഏതെങ്കിലും വഴി ആയിരുന്നെങ്കിൽ നന്നായേനെ എന്ന് കരുതിയാണ് ഗൂഗിൾ മാപ്പ് ഓൺ ചെയ്തത്.. നിർഭാഗ്യവശാൽ ആ ചുരം തന്നെ വീണ്ടും കയറണം.. ഇതേ മല നിരകളുടെ വേറെയൊരു ഭാഗമാണ് ജബൽ സംഹാൻ. കോടയുടെ തീവ്രത അൽപ്പം കുറഞ്ഞതുകൊണ്ടോ കുറച്ച് പരിചയം വന്നത് കൊണ്ടോ എന്നറിയില്ല ആദ്യത്തെ അത്ര ബുദ്ധിമുട്ട് പിന്നീട് അനുഭവപ്പെട്ടില്ല.  ജബൽ സംഹാനിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോൾ ഗൂഗിൾ മാപ്പിന് അൽപ്പം സംശയം വന്നു.. വഴി അരിയെതെ അൽപ്പം കറക്കി.. പലയിടത്തും ഗൂഗിൾ map പരുങ്ങിയ കാരണം waze ഉപയോഗിച്ചാണ് യാത്ര പൂർത്തിയാക്കിയിരുന്നത്.   waze നു വഴി അറിയാത്തപ്പോൾ പലപ്പോഴും ഗൂഗിൾ മാപ്പ് രക്ഷയ്‌ക്കെത്തി.  മറ്റു സ്ഥലങ്ങളിൽ എല്ലാം എന്റെ വിശ്വസ്ഥ സഹചാരിയായ maps. me സലാലയിൽ അനങ്ങാൻ കൂട്ടാക്കാതെ മുഴുവൻ സമയ പണിമുടക്കിലായിരുന്നു. 

ജബൽ സംഹാൻ വ്യൂപോയിന്റിൽ പ്രതീക്ഷിച്ച പോലെ കോട മഞ്ഞു മൂടിയിരുന്നു. താഴേക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.  കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റ് പോലെ തന്നെ തോന്നിച്ചു അവിടം.  കുറച്ച് നേരം അവിടെ ചുറ്റി നടന്നു തൊട്ടടുത്തുള്ള ഒമാനി തട്ടുകടയിൽ നിന്ന് നല്ലൊരു കാപ്പിയും കുടിച്ചു ഞങ്ങൾ മടങ്ങി.









മലയാടിവാരത്തിലെ താഴ്‌വരകളിൽ 2-3 മീറ്റർ മാത്രം ഉയരമുള്ള കുടയുടെ രൂപത്തിലുള്ള മരങ്ങൾ നിരവധിയുണ്ട്. പുൽത്തകിടിയിൽ അങ്ങിങ്ങു വളർന്നു നിൽക്കുന്ന ഈ മരങ്ങളും അവയ്ക്കിടയിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും കോട മഞ്ഞും ഹൃദയമായ ഒരു കാഴ്ചയായിരുന്നു.  അത് ആസ്വദിക്കാൻ വേണ്ടി മാത്രം ഒരിടത്തു ഞങ്ങൾ കാർ നിർത്തി.

ഇതോടെ ഈ ദിവസത്തെ കറക്കം അവസാനിച്ചു. തിരിച്ചു വീണ്ടും അപ്പാർട്മെന്റിലേക്ക്.  കുറച്ച് കഴിഞ്ഞപ്പോൾ കാർ ഏജന്റിന്റെ വിളി വന്നു.. ബുക്ക്‌ ചെയ്ത പജീറോ എത്തിയിട്ടുണ്ട്.. ഏതാനും മിനിട്ടുകൾ കൊണ്ട് അധികം ഓടി പഴകിയിട്ടില്ലാത്ത പുത്തൻ പജീറോയുമായി ആൾ എത്തി.  അടുത്ത ദിവസം മുതൽ യാത്ര കൂടുതൽ confortable ആയിരിക്കും.. കൂടുതൽ ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാനും കഴിയും.   Off road യാത്രകൾ ആദ്യ ദിവസങ്ങളിൽ ഒഴിവാക്കിയത് പജീറോ കൈയിൽ കിട്ടാൻ വേണ്ടിയായിരുന്നു.















ഐൻ ഗർസിസ്, നബി ഉംറാൻ, ഹൂദ്, നബി അയ്യൂബ് തുടങ്ങിയവരുടെ ഖബറിടങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ.. 



Thank you for being here

0 അഭിപ്രായ(ങ്ങള്‍)