Salalah trip, day 4

സെപ്റ്റംബർ 16, 2021

ഐൻ ഗർസിസ്, ഐൻ സഹാൽനൂട്ട് എന്നീ രണ്ട് അരുവികളും നബി അയ്യൂബിന്റെ ഖബറിടവുമാണ് ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം. നബി അയ്യൂബിന്റെ ഖബറിടം കോവിഡ് കാലമായതിനു ശേഷം പൊതു ജനങ്ങൾക്ക്‌ തുറന്ന് കൊടുക്കുന്നില്ല എന്ന് നേരത്തെ അറിയാമായിരുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്ര വളരെ രസകരമാണ് എന്ന് കേട്ടതിനാൽ അവിടം വരെ പോകാമെന്നു തീരുമാനിച്ചു. സഹാൽനൂട്ട് താഴ്‌വരെ സലാലയിലെ മനോഹരമായ ഒരിടമാണ്. അതുകൊണ്ട് കൂടിയാണ് ഐൻ സഹാൽനൂട്ട് എന്ന അരുവികൂടി കാണാൻ തീരുമാനിച്ചത്.. സലാലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് സ്പോട്ടുകളും പരസ്പരം അടുത്തു കിടക്കുന്നവയാണ്. ഒന്ന് ഉത്സാഹിച്ചാൽ ഒരു ദിവസം തന്നെ പല സ്പോട്ടുകളും കവർ ചെയ്യാം. പക്ഷേ ഇടയ്ക്ക് വെച്ചു ടൗൺ ഏരിയകൾ ഇല്ലാത്തതിനാൽ ഉച്ച ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടാകും. ചിലയിടങ്ങളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റാളുകൾ കാണാം. അവിടെ നിന്ന് ഭക്ഷണം വാങ്ങിച്ചു എവിടെയെങ്കിലും കൊണ്ടുപോയി കഴിക്കുകയുമാവാം. ഇത്തവണ ഉച്ച ഭക്ഷണം ഉണ്ടാക്കി കൈയിൽ വെക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ സൗകര്യത്തിനു കഴിക്കാമല്ലോ.

ഉച്ച ഭക്ഷണവും കൈയിൽ കരുതി 9.30 നു യാത്ര ആരംഭിച്ചു. പാത്ത്ഫൈൻഡറിന് പകരം ഇന്ന് പജീറോയാണ്. കൂടുതൽ വിശാലമായി ഇരിക്കാം. യാത്രയും കൂടുതൽ സുഖപ്രദം.. റൗണ്ട് എബൌട്ടുകളിൽ പാത്ത്ഫൈൻഡറും ഞാനുമായി അൽപ്പം അസ്വാരസ്യം ഉണ്ടായിരുന്നു.. എന്റെ കാർ എടുക്കുന്ന പോലെ പെട്ടന്ന് എടുക്കുമ്പോൾ പിൻ ചക്രങ്ങൾ വെറുതെ കറങ്ങി പാത്ത്ഫൈൻഡർ എന്നെ ഇടയ്ക്കിടെ ഞെട്ടിച്ചിരുന്നു. പജീറോ വന്നതോടെ ആ പ്രശ്നവും തീർന്നു. ചുരം ഇറങ്ങുമ്പോൾ അടിക്കടി manual gear യൂസ് ചെയ്യാനും കഴിയുന്നതിനാൽ യാത്രയ്ക്ക് കൂടുതൽ ആത്മവിശ്വാസമായി.

കഴിഞ്ഞ ദിവസങ്ങളെ വെച്ചു നോക്കുമ്പോൾ കാലാവസ്ഥ ഇന്ന് അൽപ്പം വ്യത്യാസം വന്നിട്ടുണ്ട്. രണ്ട് ദിവസങ്ങളായി തല പുറത്ത് കാണിക്കാത്ത സൂര്യൻ ഇന്ന് വെളിയിൽ വന്നിട്ടുണ്ട്. ശക്തമായ വെയിൽ ഇല്ലെങ്കിലും മുൻദിവസങ്ങളെ അപേക്ഷിച്ചു ചൂട് കൂടുതലുണ്ട്. മഴ ഒട്ടും ഇല്ല താനും. ഐൻ ഗർസിസിന്റെ പരിസരം എത്തുന്നതിനു മുൻപ് തന്നെ വലിയ കിടങ് പോലെ അതിന്റെ ഒരു അറ്റം കാണാൻ കഴിയും. അതിന്റെ ഓരം ചേർന്നാണ് കുറേ ദൂരം റോഡ് മുന്നോട്ട് പോകുന്നത്. പോകുന്ന വഴിക്കു ചില അമ്യൂസിമെന്റ് പാർക്കുകളും  ഭക്ഷണശാലകളുമുണ്ട്. ഗർസിസിന്റെ അടുത്തു എത്തറാവുമ്പോൾ വലിയൊരു കവാടമുണ്ട്. അത് കഴിഞ്ഞാൽ റോഡിനു ഇരുവശവും മരങ്ങൾ പടർന്നു പന്തലിച്ചു ഒരു കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. അരുവിയിൽ നിന്ന് വെള്ളം റോഡിനു കുറുകെ ഒഴുകുന്നുമുണ്ട്. അരുവിയുടെ ഒരുഭാഗത്തു കുറച്ച് വാഹനങ്ങൾ പാർക്ക്‌ ചെയ്തിട്ടുണ്ട്. വലതു വശത്തു ആഴം കൂടിയ ഭാഗത്തേക്കു വാഹനങ്ങൾ പോകാതിരിക്കാൻ സിമന്റ് ഭിത്തി കെട്ടിയിട്ടുണ്ട്. ഇടതു വശത്തു ആഴം കുറഞ്ഞ ഭാഗത്തേക്ക് കാർ ഇറക്കി. കുട്ടികൾക്ക് കളിക്കാൻ പറ്റിയ ഭാഗമായതിനാൽ അവരെ വെള്ളത്തിൽ കളിക്കാൻ വിട്ടു കുറേ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.








അരുവിയുടെ ആഴം കൂടിയ ഭാഗം ഒരു ബ്ലൈൻഡ് end ആണ്. അവിടെ ഇറങ്ങി കുളിക്കാനും നീന്താനും സൗകര്യമുണ്ട്. എവിടെയെങ്കിലും ഒന്ന് നീന്താൻ ഇറങ്ങണം എന്ന ഉദ്ദേശ്യത്തിൽ ഡ്രെസ്സെല്ലാം കരുതിയിട്ടുണ്ടായിരുന്നു. യാത്ര തുടങ്ങിയ ഉടനെ തന്നെ നനയേണ്ട, സഹാൽനൂട്ടിൽ നീന്താൻ ഇറങ്ങാം എന്ന് കരുതി അവിടെ ഇറങ്ങിയില്ല.





അവിടം കണ്ടു കഴിഞ്ഞ ശേഷം അയ്യൂബ് നബിയുടെ ടോമ്പ് കാണാൻ പുറപ്പെട്ടു.. ഐൻ ഗർസിസ്ന്റെ അടുത്തുള്ള ഒരു മല മുകളിലാണ് അയ്യൂബ് നബിയുടെ ടോമ്പ് സ്ഥിതി ചെയ്യുന്നത്. അൽ ഖറാ മലനിരകളിലെ കോട മഞ്ഞു മൂടിയ കുത്തനെയുള്ള മലമ്പാതയും ഇരു വശങ്ങളിലുമുള്ള താഴ്‌വരകളും വളരെ മനോഹരമാണ്. അത് കാണാൻ വേണ്ടിയാണ് പ്രവേശനമില്ലാതിരുന്നിട്ടു പോലും ഈ വഴി സന്ദർശകർ വരുന്നത്. താഴ്‌വരകളിൽ ഉടനീളം പിങ്കും മഞ്ഞയും നീലയും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കോട മഞ്ഞിനിടയിൽക്കൂടി കാണാൻ കഴിയും. നമ്മുടെ കാശിത്തുമ്പയാണ് പിങ്ക് നിറത്തിൽ എല്ലായിടത്തും കൂടുതലുള്ളത്. സലാലയിലെ പ്രവാചകന്മാരുടെ ഖബറിടങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകർ വരുന്നിടമാണ് നബി അയ്യൂബ് ടോമ്പ്. ഖുർആനിലും ജോബ് എന്ന പേരിൽ ബൈബിളിലും പരാമർശിക്കപ്പെട്ട പ്രവാചകനാണ് അയ്യൂബ് നബി.

കുത്തനെ മല കയറി ചെന്നു അയ്യൂബ് നബിയുടെ ഖബറിടത്തിനു മുന്നിലെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾ കാർ നിർത്തി. കുറച്ച് കഴിഞ്ഞപ്പോഴേക്കും സന്ദർശകർ കൂടുതലായി വന്നു തുടങ്ങി. ചിലരൊക്കെ അവിടെ കുറച്ച് നേരം ചിലവഴിക്കുന്നു. ചിലർ ഗെയ്റ്റ് പൂട്ടിയത് കണ്ടു നേരെ തിരിച്ചു പോവുകയും ചെയ്തു. ഉച്ചയ്ക്ക് നമസ്കാര സമയം ചിലപ്പോൾ പള്ളി തുറക്കാൻ സാധ്യതയുണ്ടെന്നു കെട്ടിരുന്നതിനാൽ കുറച്ച് നേരം കൂടി ഞങ്ങൾ അവിടെ ചുറ്റിപ്പറ്റി നിന്നെങ്കിലും കാര്യമുണ്ടായില്ല.









സഹാൽനൂട്ട് താഴ്‌വരെ കടന്നു ഐൻ സഹാൽനൂട്ടും ഹൂദ് നബിയുടെ ഖബറിടവുമാണ് ഞങ്ങൾക്ക് ഇനി കാണാനുള്ളത്. ഹൂദ് നബിയുടെ ഖബറിടം ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ open ആണെന്ന് കാണിച്ചു. പ്രവാചകന്മാരുടെ ഖബറിടങ്ങളിൽ അത് മാത്രമേ ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനമുള്ളൂ. നബി അയ്യൂബ് ടോമ്പിൽ നിന്നും തിരിച്ചു പോരുമ്പോൾ ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കിയാണ് ഡ്രൈവ് ചെയ്തത്.. റോഡിനു ഇരു വശങ്ങളിലും കുന്നിൻമുകളിലും താഴ്‌വരകളിലുമൊക്കെയായി നിരവധി ഫാമിലികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒട്ടു മിക്ക സ്ഥലങ്ങളിലും അത് മുൻകൂട്ടി കണ്ടു നിരവധി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് അത് വലിയ സൗകര്യമാണ്.. പരിസരം വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി അത്രയേറെ ശ്രദ്ധ ചെലുത്തുന്നു. റോഡരികിൽ പുല്ലു നിറഞ്ഞ സ്ഥലങ്ങൾ നിരവധിയുണ്ട്.. മഞ്ഞും മഴയും കാരണം നനഞു കിടക്കുകയായിരുന്നു മിക്കവാറും എല്ലായിടവും. അധികം നനവും ചെളിയും ഇല്ലാത്ത ഒരു ഭാഗത്തേക്കു ഞങ്ങൾ കാർ ഇറക്കി.. പുല്ലും പാറകളും നിറഞ്ഞ ഒരു സ്ഥലം ഞങ്ങൾ ഭക്ഷണം കഴിക്കാനായി തിരഞ്ഞെടുത്തു. പച്ച പുൽത്തകിടിയിൽ, പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കുക... ഇത്ര സുഖകരമായ ഒരു അന്തരീക്ഷത്തിൽ ഇരുന്നു മുമ്പ് ഒരിക്കലും ലഞ്ച് കഴിച്ചിട്ടില്ല..








ഭക്ഷണ ശേഷം നേരെ ഐൻ സഹാൽനൂട്ടിലേക്ക്. അധികം ഉയരമില്ലാത്ത കുന്നുകളാൽ ചുറ്റപ്പെട്ട താഴ്‌വരയാണ് സഹാൽനൂട്ട്. മിക്കവാറും കുന്നുകൾക്ക് മുകളിലേക്കു റോഡുകളുണ്ട്. മഞ്ഞിൽ കുതിർന്നു നിൽക്കുന്ന പച്ച കുന്നുകളുടെ മുകളിലും താഴെയുമെല്ലാം ഫാമിലികൾ വിശ്രമിക്കുന്നുണ്ട്. ബാർബക്യൂ ഉൾപ്പെടെയുള്ള സെറ്റപ്പുകളുമായാണ് പലരും വന്നിരിക്കുന്നത്. മറ്റെവിടെയും പോകാനില്ലെങ്കിൽ അങ്ങനെ ചുമ്മാ ഇരുന്നു relax ചെയ്യുന്നത് തന്നെ ഒരു സുഖമാണ്. പലപ്പോഴും final destination നേക്കാൾ നല്ലതായിരിക്കുമല്ലോ അങ്ങോട്ടുള്ള വഴികൾ.. സലാല അത്തരം ഒരു സ്ഥലമാണ്.. യാത്രകളും വഴികളുമാണ് final destination നേക്കാൾ പലപ്പോഴും കൂടുതൽ ഭംഗി. ഐൻ സഹാൽനൂട്ട് പാർക്കിങ്ങിൽ കാർ നിർത്തി കുറച്ച് മുന്നോട്ട് നടക്കാനുണ്ട്. ആഴം കൂടിയ ഭാഗത്തു നിന്ന് വെള്ളം റോഡ് വരെ ഒഴുകുന്നുണ്ടായിരുന്നു. കുളിക്കാൻ ഉള്ള വസ്ത്രങ്ങളെല്ലാം എടുത്താണ് പോയത്. പക്ഷേ നീന്താൻ ഇറങ്ങാൻ പറ്റിയ ഒരു സ്ഥിതി ആയിരുന്നില്ല അവിടെ. കുറച്ച് ആഴത്തിലേക്കു ഇറങ്ങണം. വേറെ ആരും അവിടെ നീന്തുന്നത് കണ്ടുമില്ലാത്തത്തിനാൽ ആ പരിപാടി ഉപേക്ഷിച്ചു. ഏറ്റവും പറ്റിയ സ്ഥലത്ത് ഇറങ്ങാത്തത്തിൽ അൽപ്പം നിരാശയും തോന്നി. ഇനി എന്തായാലും നാളത്തെ ഐൻ ഖോർ ട്രിപ്പിൽ കുളിക്കാൻ ഇറങ്ങാം എന്ന് തീരുമാനിച്ചു. കുറച്ച് നേരം അവിടെ ചിലവിട്ടു.. പല ടൂറിസ്റ്റ് സ്പോട്ടുകളിലും ടോയ്‌ലെറ്റുകളും നമസ്കരിക്കാൻ ഉള്ള സ്ഥലങ്ങളും ഉണ്ട്. അവയെല്ലാം വൃത്തിയായി maintain ചെയ്തിട്ടുമുണ്ട്. ഹൂദ് നബിയുടെ ഖബറിടം കൂടി സന്ദർശിക്കാൻ സമയം ബാക്കിയുണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടം ലക്ഷ്യമാക്കി നീങ്ങി.





പോകുന്ന വഴി ചിലയിടങ്ങളിൽ ആതിരപ്പള്ളി, വാൽപ്പാറ റൂട്ട് ഓർമ്മിപ്പിച്ചു. പിന്നീടങ്ങോട്ട് മരങ്ങൾ കുറഞ്ഞു പച്ച കുന്നുകളും താഴ്‌വാരയും മാത്രമായി. സലാലയിൽ യാത്ര ചെയ്ത വഴികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ റൂട്ട് ആയിരുന്നു. ഇടയ്ക്ക് ഗൂഗിൾ മാപ്പ് ചാണകം മണക്കുന്ന ചില ഫാമുകളിലേക്ക് ഞങ്ങളെ വഴി തിരിച്ചു വിട്ടെങ്കിലും waze രക്ഷയ്‌ക്കെത്തി. ചെറിയ കുറേ കുന്നുകൾ കയറിയിറങ്ങി ഞങ്ങൾ യാത്ര തുടർന്നു. കുന്നുകളിൽ കൂടി കയറിയിറങ്ങി പോകുന്ന റോഡുകൾ അകലെ നിന്ന് കാണാൻ നല്ല ഭംഗി. തിരിച്ചു വരുമ്പോൾ എവിടെയെങ്കിലും കുറച്ച് നേരം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. ചെറിയ ഒരു കുന്നിൻപുറത്താണ് ഹൂദ് നബി അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സ്ഥിതി ചെയ്യുന്നത്. ഞങ്ങൾ ചെല്ലുന്ന സമയത്ത് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്ത്യവിശ്രമത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് തോന്നിപ്പോകും അവിടെ ചെന്നാൽ.. അത്രയും ശാന്തം, സുന്ദരം..






തിരിച്ചു പോകുമ്പോൾ താഴത്തെ താഴ്‌വര നന്നായി കാണാൻ കഴിയുന്ന ഒരു ഭാഗത്ത് കാർ പുൽത്തകിടിയിലേക്ക് ഇറക്കി ഞങ്ങൾ പുറത്തിറങ്ങി. അവിടെ നിന്ന് കുറേ ഫോട്ടോകൾ എടുത്തു. 












താഴെ ദൂരെ കാണുന്ന പുൽത്തകിടിയിലേക്ക് വാഹനം ഇറക്കി കുറേ മുന്നോട്ടു പോയതിന്റെ പാടുകൾ മുകളിൽ നിന്ന് കാണാൻ കഴിയുന്നുണ്ടായിരുന്നു. ആ ഭാഗത്തേക്ക് പോയി കുറച്ച് നേരം അവിടെയും ഇരിക്കാം എന്ന് മുകളിൽ നിന്ന് തീരുമാനം എടുത്തു. താഴെ ചെന്നപ്പോൾ 2 ടയർ മാർക്ക് നല്ലവണ്ണം കാണുന്നുണ്ട്. വേറെ ഇല്ല താനും.. അതിൽ കൂടി കാർ മുന്നോട്ടെടുത്തു.. വിചാരിച്ച പോലെ ഉറച്ച മണ്ണായിരുന്നില്ല.... ചെളിയിലൂടെ കുറച്ച് തെന്നിയാണ് കാർ നീങ്ങിയത്.. പണി കിട്ടുമോ എന്നൊരു ശങ്ക അപ്പോഴേ തോന്നി.. ഏതായാലും വന്നതല്ലേ... നല്ല ഭംഗിയുള്ള സ്ഥലമാണ്.. പൂക്കളൊക്കെ വിരിഞ്ഞു നിൽക്കുന്നുണ്ട്.. കുറച്ച് ഫോട്ടോകളൊക്കെ എടുത്തു.. നേരത്തെ ചളിയിൽ തെന്നിയ ഭാഗം ഒഴിവാക്കി കുറച്ച് അപ്പുറത്ത് കൂടി കാർ കയറ്റി കൊണ്ടുവരാം എന്ന് തീരുമാനിച്ചു. എല്ലാവരോടും അപ്പുറത്ത് പോയി നിൽക്കൂ, ഞാൻ കാർ എടുത്തു വരാം എന്ന് പറഞ്ഞു.. കാർ സഹസികമായി കയറി വരുന്ന ഒരു വീഡിയോ എടുക്കാനും ഏർപ്പാടാക്കി..









ചിലതു ശരിയാകും ചിലതു ശരിയാകില്ല എന്ന മട്ടിലായി കാര്യങ്ങൾ.. വിചാരിച്ച പോലെയല്ല കാർ നീങ്ങിയത്. കൂടുതൽ സുരക്ഷിതം എന്ന് ഞാൻ വിചാരിച്ച സ്ഥലം എന്നെ ചെളിയിൽ വീഴ്ത്തി.. കാറിന്റെ പിൻഭാഗം 45 ഡിഗ്രി തിരിഞ്ഞു.. കര കയറാൻ ശ്രമിക്കുമ്പോൾ കുറച്ച് മുന്നോട്ട് നീങ്ങിയെങ്കിലും 45 വിട്ടുള്ള കളിയില്ല.. സാഹസിക വീഡിയോ അതോടെ വൻ ഫ്ലോപ്പായി അവസാനിച്ചു. കുറച്ച് റിവേഴ്‌സും ഫ്രണ്ടും ഒക്കെ എടുത്തു ഒരു വിധം പരസഹായം ഇല്ലാതെ കര കയറി.. മണലിനെക്കാൾ ഭീകരനാണ് ചെളി എന്ന വലിയൊരു തിരിച്ചറിവായിരുന്നു അവിടെ നിന്നും നേടിയത് 😊.

പിന്നെ അധികം കറങ്ങാൻ നിൽക്കാതെ നേരെ അപ്പാർട്മെന്റിലേക്ക്.. സലാലയിൽ ഞങ്ങൾ പോയതിൽ toughest off road ട്രിപ്പായ ഐൻ ഖോറിന്റെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം.

Thank you for being here

0 അഭിപ്രായ(ങ്ങള്‍)