Salalah trip Day 2

സെപ്റ്റംബർ 11, 2021



സപ്റ്റംബറിൽ സലാല ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ ടെൻഷൻ മഴ നിന്ന് water falls എല്ലാം ഇല്ലാതായി പോകുമോ എന്നായിരുന്നു.  falls ഇല്ലെങ്കിലും ഗ്രീനറിയെങ്കിലും ഉണ്ടാകുമല്ലോ എന്നതായിരുന്നു ഒരു ആശ്വാസം. ആദ്യ ദിവസത്തെ കറക്കത്തിൽ ഐൻ അതും water falls ഉൾപ്പെടുത്താനുള്ള കാരണം വെള്ളച്ചാട്ടത്തിന്റെ തീവ്രത കുറയാനുള്ള സാധ്യത പരമാവധി കുറയ്ക്കുക എന്നതായിരുന്നു.  ഐൻ അതും falls ഉം അവിടെ നിന്ന് അധികം ദൂരെയല്ലാത്ത ഐൻ രസ്സത്ത്‌ എന്ന അരുവിയും അതോടനുബന്ധിച്ചുള്ള ബോട്ടാണിക്കൽ ഗാർഡനുമായിരുന്നു ആദ്യ ദിവസത്തെ ഞങ്ങളുടെ ലക്ഷ്യം.

8.30 am നു തന്നെ ഐൻ അതും കാണാൻ പുറപ്പെട്ടു.  മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയായിരുന്നു അന്നും. ഇടയ്ക്കിടെ ചെറുതായി മഴ പെയ്തുകൊണ്ടിരുന്നു.  ചിലപ്പോൾ മഞ്ഞാണോ മഴയാണോ എന്ന് സംശയിച്ചു പോകും.

സലാല എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയിരുന്ന ചിത്രം തെങ്ങ്, കരിക്ക്, വഴക്കുല, ഇവയെല്ലാം വിൽക്കുന്ന വഴിയോരത്തെ ചെറിയ കടകൾ  തുടങ്ങിയവയായിരുന്നു.  സോഷ്യൽ മീഡിയയിൽ ആളുകൾ ഇത്തരം ഫോട്ടോകൾ മാത്രം ഇടുന്നത് കൊണ്ടായിരിക്കാം. എന്നാൽ സലാലയെ ഈ നിസ്സാര വസ്തുക്കളിലേക്ക് ഒതുക്കുന്നത് സലാലയോട് ചെയ്യുന്ന ക്രൂരതയാണ്.  സലാല എന്നാൽ കോട മഞ്ഞിനുള്ളിലൂടെ എത്തിനോക്കുന്ന പച്ച പുതച്ചു നിൽക്കുന്ന, ഉടനീളം ഒട്ടകങ്ങൾ മേഞ്ഞു നടക്കുന്ന കൂറ്റൻ മല നിരകളും അവയിലൂടെ കടന്നു പോകുന്ന മഞ്ഞു മൂടി കാഴ്ച മറയുന്ന വൻ ചുരങ്ങളും പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വിശാലമായ താഴ്‌വരകളും പുൽത്തകിടികളും കൂറ്റൻ മല നിരകളോട് ചേർന്നു കിടക്കുന്ന അതി മനോഹരമായ ബീച്ചുകളും വെള്ളാരം കല്ലുകൾ നിറഞ്ഞ, ചില്ലുപോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന അരുവികളും നിറഞ്ഞ ഒരു അത്ഭുത ഭൂമിയാണ്.

സലാല ടൗൺ കഴിഞ്ഞു ഉൾഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോഴേക്കും പച്ച പുതച്ച ചെറുതും വലുതുമായ മല നിരകൾ കാണാൻ കഴിഞ്ഞു. വലിയ മലകളുടെ മുകൾഭാഗം മുഴുവൻ മഞ്ഞു മൂടിയിരിക്കുന്നു.  താഴ്‌വാരകളിൽ ഒട്ടകം, ആട്, പശു തുടങ്ങിയവ ശാന്തമായി മേഞ്ഞു നടക്കുന്നു.  കൂടുതൽ ഉള്ളിലേക്ക് ചെല്ലും തോറും മഞ്ഞും മഴയും തണുപ്പും കൂടി വന്നു.

മലകളും താഴ്‌വരകളും പിന്നിട്ടു ഐൻ അതുമിലേക്കുള്ള മലമ്പാതയിലെത്തിയപ്പോൾ സമാന്യം ശക്തമായി മഴ പെയ്തു.  കൊടും കയറ്റിറക്കങ്ങളും വളവുകളുമുള്ള റോഡിലൂടെ വളരെ പതുക്കെ ഞങ്ങൾ മുന്നോട്ട് നീങ്ങി.

water fall ലേക്ക് വെള്ളം ഒഴുകിവരുന്ന അരുവിയുടെ തീരത്തെ പാർക്കിങ്ങിലാണ് ആദ്യം car നിർത്തിയത്. മഴ മാറാൻ കുറച്ച് നേരം കാത്തിരുന്നെങ്കിലും കാര്യമില്ല എന്ന് കണ്ടതോടെ മഴയത്തു ഞങ്ങൾ പുറത്തിറങ്ങി. മലഞ്ചരുവിലെ കാട്ടിലെ തട്ടു തട്ടായ പാറക്കൂട്ടങ്ങൾക്കിടയിലൂടെ വരുന്ന വെള്ളം,  താഴ്ന്നു കിടക്കുന്ന മരച്ചില്ലകൾക്കടിയിലൂടെ  ഒഴുകി വരുന്ന കാഴ്ച മനം കുളിർപ്പിച്ചു.






ഐൻ അതും water falls സലാലയിലെ ഏറ്റവും മനോഹരമായ falls ൽ ഒന്നാണ്. പാർക്കിംഗ് ഏരിയയിൽ നിന്നും കുറച്ച് നടന്നു വേണം വെള്ളച്ചാട്ടത്തിനു അടുത്തെത്താൻ. പെട്ടന്ന് കണ്ണിൽ പെടാത്ത, എന്നാൽ കടിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ സമ്മാനിക്കുന്ന ഒരു തരം കൊതുക് ഈ ഏരിയയിൽ ഉണ്ട്. റോഡ് സൈഡിൽ തന്നെ കൊതുക് കടിയിൽ നിന്നും സംരക്ഷണം തരുന്ന ഒരു ലോഷൻ വാങ്ങിക്കാൻ കിട്ടും.


ഐൻ അതും പരിസരത്തു നിന്ന് കുറെയധികം ഫോട്ടോകൾ എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു.. പക്ഷേ ചെറുതായി പെയ്ത മഴയും falls ൽ നിന്ന് തെറിച്ചു വീഴുന്ന വെള്ളവും ലെൻസിനു മുകളിൽ വീണ കാരണം ഫോട്ടോകൾ ക്ലാരിറ്റി കുറഞ്ഞു. clean ചെയ്തു കൈ എടുക്കുമ്പോഴേക്കും എല്ലാം പഴയ പടി.. മൊബൈലാണ് ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ സൗകര്യം. പതിവിനു വിപരീതമായി സലാല ട്രിപ്പ് മൊത്തം മൊബൈലിലാണ് കൂടുതലും പകർത്തിയത്.
എല്ലാ ട്രിപ്പുകളിലും എന്തെങ്കിലുമൊക്കെ വിചാരിച്ചത് പോലെ നടക്കാതെ വരുമല്ലോ. സലാല ട്രിപ്പിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ചിത്രങ്ങൾ ഐൻ അതുമിന്റെയായിരുന്നു. അത് നന്നായി എടുക്കാൻ കഴിയാഞ്ഞതാണ് ഈ ട്രിപ്പിലെ ഒരേയൊരു നിരാശ.





ഒരു മണിക്കൂറിലേറെ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ഐൻ രസ്സത്തിലേക്കു പുറപ്പെട്ടു. ചെറിയ പച്ച കുന്നുകളും താഴ്‌വരകളും താണ്ടിയാണ് യാത്ര.  വെള്ളാരം കല്ലുകളും പല നിറത്തിലുള്ള മീനുകളും നിറഞ്ഞ അരുവിയാണ് രസ്സത്ത്‌. അവിടെ ഒരു ബോട്ടാണിക്കൽ ഗാർഡനുമുണ്ട്.  അരുവിയുടെ പ്രധാന ഭാഗത്തേക്കു എത്തുന്നതിനു മുൻപ് തന്നെ കുടുംബവുമായി തീരത്തു അങ്ങിങ്ങായി വന്നിരിക്കുന്നു ഒമാനികളെ കാണാം. ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അവരുടെ പക്കലുണ്ടാകും. ഖരീഫ് സീസൺ അവർ മതി മറന്നു ആഘോഷിക്കുകയാണ്. ഐൻ രസ്സത്തിന്റെ വീതി കൂടിയ ഭാഗത്താണ് സന്ദർശകർ കൂടുതലുള്ളത്. മല മുകളിൽ നിന്ന് പല ഭാഗത്തുകൂടി അരുവിയിലേക്ക് വെള്ളം വന്നു ചേരുന്നത് കാണാം. crystal clear വെള്ളത്തിനടിയിലൂടെ പല നിറത്തിലുള്ള കല്ലുകളും മീനുകളും കാണാം. അങ്ങിങ്ങായി പൊങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങളുമുണ്ട്. ഒരറ്റത്തായി അരുവിക്കു കുറുകെ ഒരു പാലമുണ്ട്. അത് കടന്നു ചെല്ലുന്നതു അപ്പുറത്തെ മലയിലേക്കാണ്. ഏതാനും സ്റ്റെപ്പുകൾ മുകളിലേക്ക് കയറിയാൽ ഒരു ചെറിയ ഗുഹയിലെത്താം.  അവിടത്തെ ചെറിയ ഇരിപ്പിടങ്ങളിൽ ഇരുന്നു താഴത്തെ കാഴ്ചകൾ ആസ്വദിക്കാം. മഴക്കാറും ചെറിയ മഴയും അവിടെയും ഉണ്ടായിരുന്നു. അരുവിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികളെ ഇറക്കി അവർക്കും ഉല്ലസിക്കാനുള്ള വഴിയൊരുക്കി.  അവരുടേതായ രീതിയിലുള്ള ആസ്വാധനം.























ഈ രണ്ട് സ്പോട്ടുകൾ കണ്ടു തീരുമ്പോഴേക്കും വൈകുന്നേരമാവും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഉച്ച ഭക്ഷണത്തിനു മുൻപ് തന്നെ അവ രണ്ടും കവർ ചെയ്തു.  വെസ്റ്റേൺ സലാലയിലെ 4 സ്പോട്ടുകൾ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാൻ ആയിരുന്നു നേരത്തെ പ്ലാൻ ചെയ്തിരുന്നത്. അത് പ്രായോഗികമാണോ എന്ന് സംശയമുണ്ടായിരുന്നു.  ഉച്ചക്ക് ശേഷം കിട്ടിയ ഫ്രീ ടൈമിൽ വെസ്റ്റേൺ സലാലയിലെ 4 ൽ രണ്ടെണ്ണം കാണാം എന്ന് തീരുമാനിച്ചു.  എഫ്‌താൽകൂട്ട് വ്യൂ പോയിന്റും മുഗ്‌സൈൽ ബീച്ചുമാണ് ആദ്യത്തെ രണ്ട് സ്പോട്ടുകൾ.

ആദ്യം വരുന്ന എഫ്‌താൽകൂട്ട് വ്യൂപോയിന്റ് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. മലമുകളിൽ നിന്നും താഴെ കടൽ കാണാവുന്ന ഒരു ഏരിയയാണ് എഫ്‌താൽകൂട്ട്. ഇരു ഭാഗത്തും മലകൾ നിറഞ്ഞ താഴ്‌വാരയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ ഒട്ടകങ്ങൾ മേയുന്നത് കാണാം.  മലകളിൽ പ്രകൃത്യാ ഉണ്ടായ ചെറിയ ഗുഹകളിലേക്ക് കുത്തനെ വാഹനം കയറ്റി അവിടെ തമ്പടിച്ച ഒമാനികളെ പലയിടത്തും കണ്ടു. രസകരമായ ഒരു വിശ്രമസ്ഥലം തന്നെ. എഫ്‌താൽകൂട്ട് വ്യൂ പോയിന്റിന്റെ 3-4 km അകലെ വെച്ചു റോഡ് അവസാനിക്കും. പിന്നെ off road ആയി കുന്നിൻമുകളിലേക്ക് car ഓടിക്കണം.  pathfinder ചതിക്കുമോ എന്ന് ഭയന്നെങ്കിലും അത്ര tough road അല്ലാത്തതിനാൽ പ്രയാസമില്ലാതെ കയറിപ്പോയി.  വ്യൂ പോയിന്റ് എന്നാൽ അനേകം കുന്നുകളാണ്. അറ്റത്തു ഫെൻസ് ഉണ്ടെങ്കിലും ആളുകൾ അതും കടന്നു അപ്പുറം പോകുന്നുണ്ട്. പിന്നീടങ്ങോട്ട് വലിയ താഴ്ചയാണ്. ഓരോ കുന്നിൻപുറത്തും 2-3 ഫാമിലികൾ വീതമുണ്ട്. വേറെ ആരുമില്ലാത്ത ഒരിടം വേണമെന്നുള്ളവർക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ തന്നെ പറ്റിയ സ്ഥലം കാണാം. ഒരുവിധം എല്ലാ കുന്നിൻമുകളിലേക്കും വാഹനം കൊണ്ടുപോകാനും കഴിയും.  അധികം ആളുകളില്ലാത്ത ഒരു കുന്നിൻപുറത്തു ഞങ്ങളും കയറി. മുകളിൽ നിന്ന് അങ്ങ് താഴെ കടലിലെ തിരകൾ വെളുത്ത മണലിലേക്കു അടിച്ചു കയറുന്നതു കാണാൻ നല്ല ഭംഗി. ചെറിയ മഴക്കാറ് മൊത്തത്തിൽ ഒരു നല്ല മൂഡുമുണ്ടാക്കി.  ഈ കാഴ്ചകളുടെ ഭംഗിയൊന്നും പറഞ്ഞോ ഫോട്ടോയെടുത്തോ പൂർണ്ണമായും ഫലിപ്പിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം. ഫോട്ടോയുടെ ഒരു പ്രധാന പോരായ്മ ഉയരം ഫീൽ ചെയ്യില്ല എന്നതാണ്.  ഞങ്ങൾ കണ്ട പല വെള്ളച്ചാട്ടങ്ങളും വലിയ ഉയരത്തു നിന്ന് വീഴുന്നവയാണ്. പക്ഷേ ഫോട്ടോയിൽ അത് ഫീൽ ചെയ്യില്ല. പനോരമയായി എടുത്തു സ്റ്റിച് ചെയ്‌താൽ ഒരുപക്ഷേ ഏതാണ്ട് ഒറിജിനലിനോട്  അടുത്തു നിൽക്കുമായിരിക്കും.  









ഒരു മണിക്കൂറിലേറെ എഫ്‌താൽകൂട്ടിൽ ചിലവഴിച്ച ശേഷം ഞങ്ങൾ മുഗ്‌സൈൽ ബീച്ച് ലക്ഷ്യമാക്കി നീങ്ങി. വളരെ വിശാലമായ ബീച്ചാണ് മുഗ്‌സൈൽ. സന്ദർശകർക്ക് ഇരിക്കാൻ നിരവധി ഇരിപ്പിടങ്ങളുണ്ട്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളാളും ദേശാടനക്കിളികളാലും സമ്പന്നമാണ് മുഗ്‌സൈൽ ബീച്ച്. ഞങ്ങൾ ചെല്ലുമ്പോൾ ബീച്ചിൽ കോടമഞ്ഞു മൂടിയിരുന്നു. സലാലയിലെ മറ്റു പല ബീച്ചുകളും പോലെ മലയുടെ താഴ്‌വാരയിൽ തന്നെയാണ് മുഗ്‌സൈലും നിലകൊള്ളുന്നത്.  മർനീഫ് എന്നൊരു ഗുഹയും തൊട്ടടുത്തുള്ള ബ്ലോ ഹോൾസുമാണ് ഞങ്ങളുടെ ലക്ഷ്യം.  ഭൂമിക്കടിയിലൂടെ കടൽ ജലവും കടലിൽ നിന്നുള്ള കാറ്റും ശക്തമായി പുറത്തേക്കു ചീറ്റുന്ന ദ്വാരങ്ങളാണ് ബ്ലോ ഹോൾസ്.  മർനീഫ് ഗുഹയുടെ വശങ്ങളിലൂടെ പുറകിലേക്കുള്ള നടപ്പാതയിലൂടെ കുറച്ച് മുന്നോട്ട് ചെന്നാൽ ബ്ലോ ഹോൾസ് കാണാം.  മൂന്ന് ദ്വാരങ്ങളിൽ രണ്ടെണ്ണത്തിലൂടെ ഭീകരമായ ശബ്ദത്തിൽ കാറ്റടിക്കും. ഒരെണ്ണത്തിലൂടെ ഷവർ പോലെ കടൽവെള്ളം പൊങ്ങി വരും.  ഏതാണ്ട് രണ്ടാൾ പൊക്കത്തിൽ വരെ വെള്ളം ചീറ്റുന്നുണ്ട്.  സന്ദർശകർ ഒറ്റയ്ക്കും കൂട്ടമായും ഈ നാച്ചുറൽ ഷവറിൽ നനയാൻ ഊഴമിട്ടു കാത്തു നിൽക്കുന്നു.  ഒരു മിനിറ്റിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും വെള്ളം മുകളിലേക്കു ചീറ്റി വരുന്നുണ്ട്. 






ഈ ഷവറോടു കൂടി ഞങ്ങളുടെ ആദ്യ ദിവസം അവസാനിച്ചു.  അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു.  പിന്നെ നേരെ അപ്പാർട്മെന്റിലേക്ക്...

സലാലയിലെ ഏറ്റവും മനോഹരമായ വാദി ദർബത്തിന്റെ കാഴ്ചകൾ അടുത്ത പോസ്റ്റിൽ...



Thank you for being here

0 അഭിപ്രായ(ങ്ങള്‍)