ജോര്‍ജിയന്‍ മലനിരകളിലേക്ക് ഒരു യാത്ര (Part 1)

ഡിസംബർ 02, 2017


പതിവിനു വിപരീതമായി 2 ദിവസം കൊണ്ട് തീരുമാനിച്ച യാത്രയായിരുന്നു ജോര്‍ജിയയിലേക്ക്.  കുറെ നാളുകള്‍ക്ക് മുന്നേ ഇങ്ങനെ ഒരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അതിനു വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലായിരുന്നു.  സഹോദരിയും കുടുംബവും നേരത്തെ പ്ലാന്‍ ചെയ്ത യാത്രയിലേക്ക് അവസാന നിമിഷം ഞാന്‍ ചേരുകയാണ് ചെയ്തത്.

GCC രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേനെ കുറഞ്ഞ ചിലവില്‍ പോയി വരാവുന്ന മനോഹരമായ രാജ്യമാണ് ജോര്‍ജിയ.  അത് കൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് നേരത്തെ വിസ എടുക്കേണ്ടതുണ്ട്‌. എന്നാല്‍ GCC resident ആണെങ്കില്‍ വിസ ഇല്ലാതെ നേരിട്ട് ജോര്‍ജിയയില്‍ ഇറങ്ങാം.  എയര്‍ അറേബ്യയും ഫ്ലൈ ദുബായിയുമാണ് ഏറ്റവും ചെറിയ നിരക്കില്‍ ജോര്‍ജിയയിലേക്ക് സര്‍വീസ് നടത്തുന്നത്.  ഇന്ത്യയില്‍ നിന്ന് പോവുമ്പോള്‍ ചെലവ് കൂടുതലാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ സിറ്റികളില്‍ നിന്നൊന്നും നേരിട്ട് ജോര്‍ജിയയിലേക്ക് വിമാന സര്‍വീസ് ഇല്ല എന്ന് തോന്നുന്നു.  20-24 മണിക്കൂര്‍ എടുത്തു പല സ്ഥലങ്ങളില്‍ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ് എടുത്തുള്ള യാത്ര ചിലവേറിയതാണ്.  ജോര്‍ജിയയിലേക്കുള്ള യാത്രക്കും  താമസത്തിനുമുള്ള ചെലവ് കുറവ് പക്ഷെ ഷോപ്പിംഗ്‌, ഭക്ഷണം തുടങ്ങിയവയ്ക്കില്ല..

ജോര്‍ജിയയില്‍ പോവുന്നവര്‍ ഡോളര്‍ കയ്യില്‍ കരുതുന്നതാണ് നല്ലത് . GEL എന്ന ചുരുക്ക പേരില്‍ അവര്‍ വിളിക്കുന്ന Georgian Lari മറ്റു നാടുകളിലെ Money exchange ല്‍ കിട്ടാന്‍ പ്രയാസമാണ്. അത് പോലെ തന്നെ അവിടത്തെ exchange ല്‍ ദിര്‍ഹം/ റിയാല്‍ ഒന്നും തന്നെ ഇല്ല.. ഒരു GEL ഏതാണ്ട് 29 രൂപയാണ്.



കുറഞ്ഞ ചിലവില്‍ പോകാവുന്ന മനോഹരമായ സ്ഥലം എന്നതില്‍ ഉപരി മികച്ച കാലാവസ്ഥയും ജോര്‍ജിയ തിരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്.  25 ഡിഗ്രി ആണ് അവിടത്തെ പരമാവധി ചൂട്.  ഇപ്പോള്‍ സാധാരണ സ്ഥലങ്ങളില്‍ 5 ഡിഗ്രിയാണ് ചൂട് . എന്നാല്‍ മലമുകളിലേക്ക് ചെന്നാല്‍ - 21 ഡിഗ്രി എന്ന അസഹനീയ തണുപ്പാണ്. ജനുവരിയില്‍ ഏതാനും ദിവസങ്ങളില്‍ -40 വരെ താഴും എന്ന് പറയപ്പെടുന്നു. വേണ്ട മുന്‍കരുതല്‍ എടുത്താല്‍ 4-5 ഡിഗ്രീ വലിയ ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാന്‍ കഴിയും. നട്ടുച്ചയ്ക്ക് പോലും വെയില്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ ബുദ്ധിമുട്ട് തോന്നില്ല. പലയിടത്തും കുറെ നടന്നു കാണാന്‍ ഉള്ള സ്ഥലങ്ങള്‍ ഉണ്ട്.. ഒട്ടും ക്ഷീണം ഇല്ലാതെ ഫ്രെഷ്നെസ് പോവാതെ നടക്കാന്‍ ഈ കാലാവസ്ഥയാണ് നല്ലത്.  സന്ദര്‍ശനത്തിനു ഏറ്റവും നല്ല സമയം September ആണ്.  പച്ച പുതച്ചു നില്‍ക്കുന്ന വന്‍ മലനിരകളും താഴ്വരകളും സിറ്റിയും കാണാന്‍ നല്ലത് September ആണ്. അത് കഴിയുമ്പോള്‍ പച്ചപ്പ്‌ കുറയും.. മരങ്ങള്‍ മഞ്ഞ, ചുവപ്പ് നിറങ്ങളിലേക്ക് മാറും. പിന്നെ ഇല കൊഴിഞ്ഞു തുടങ്ങും. മല നിരകളില്‍ നിറയെ ഐസ് ആയിരിക്കും.. എവിടെ നോക്കിയാലും ഐസ് മാത്രമേ കാണാന്‍ കഴിയൂ. അതൊരു പുതുമയുള്ള കാഴ്ച ആണെങ്കിലും ഭൂപ്രകൃതിയുടെ വൈവിധ്യം നഷ്ടപ്പെടും. എല്ലാ ചിത്രങ്ങളും ഏതാണ്ട് ഒരുപോലെ തോന്നിക്കും..ഞങ്ങള്‍ സന്ദര്‍ശിച്ച സമയം പച്ചപ്പ്‌ വളരെ കുറഞ്ഞെങ്കിലും മരങ്ങള്‍ പൂര്‍ണ്ണമായും ഇല പൊഴിച്ചിരുന്നില്ല.. മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ അവ തികച്ചും മനോഹരമാണ്..

മറ്റൊരു രാജ്യത്തേക്ക് പോവും മുന്നേ നമ്മള്‍ അന്വേഷിക്കുന്ന പ്രധാന കാര്യമാണ് സുരക്ഷ.. ജോര്‍ജിയയിലെ ജനങ്ങള്‍ വളരെ സൗമ്യരാണ്. ഭൂമിയോളം വിനയം ഉള്ളവര്‍. ആരുടേയും മനം കവരാന്‍ കഴിവുള്ളവരാണവര്‍. എന്നാല്‍ ഊരും പേരുമില്ലാത്ത നാടോടികള്‍ നിരവധി ഉണ്ടവിടെ.. അവര്‍ പ്രശ്നക്കരാണ്. ചെറിയ കുട്ടികള്‍ ആണെങ്കിലും Professional ക്രിമിനലുകളാണ്.. കൂട്ടം ചേര്‍ന്ന് വളഞ്ഞു കണ്ണടച്ച് തുറക്കുന്നതിനു മുന്നേ പോക്കറ്റടിക്കാന്‍ മിടുക്കന്മാര്‍. സ്വദേശികളും വിദേശികളും അവരെ കൊണ്ട് നന്നേ കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ കുട്ടികളാണ്, മതിയായ ഒരു രേഖയും അവരുടെ കയ്യില്‍ ഇല്ലാതെ ജയിലില്‍ അടക്കാന്‍ കഴിയില്ല എന്ന ന്യായം പറഞ്ഞു കൊണ്ട് അവരെ യഥേഷ്ടം വിഹരിക്കാന്‍ വിട്ടിരിക്കുന്നു എന്നത് ഒരു രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. അവര്‍ ജോര്‍ജിയക്കാരല്ല എന്ന് അവിടത്തുകാര്‍ ന്യായം പറയുന്നത് സന്ദര്‍ശകര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസില്‍ പരാതിപ്പെടാന്‍ വലിയ കടമ്പകളാണ്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ പോലീസില്‍ തീരെ ഇല്ലെന്നു തന്നെ പറയാം. അവര്‍ക്ക് official translators ഉണ്ട്. അവര്‍ വരുന്നതിനു വേണ്ടി ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. ഇതെല്ലാം കഴിഞ്ഞാലും വളരെ തണുത്ത, ആത്മാര്‍ഥതയുടെ അംശം പോലും ഇല്ലാത്ത പ്രതികരണമാണ് പോലീസില്‍ നിന്ന് ലഭിക്കുക.. അതിനാല്‍ സ്വന്തം സുരക്ഷ സ്വയം ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ നാടോടികള്‍ക്ക് പുറമേ മിക്ക സ്ഥലങ്ങളിലും ഭിക്ഷക്കാരെ കാണാം. അടുത്തുവന്നു ഇരന്നു കൊണ്ടേയിരിക്കും.. അസുഖം മൂലം കിടപ്പിലായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വീല്‍ ചെയറിലും കട്ടിലുകളിലുമെല്ലാം പ്രദര്‍ശിപ്പിച്ചാണ് ഭിക്ഷാടനം.  സന്ദര്‍ശകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

1991 ഇല്‍ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു വേര്‍തിരിഞ്ഞ 15 രാജ്യങ്ങളില്‍ ഒന്നാണ് ജോര്‍ജിയ. 1980 കളില്‍ വരെ ജോര്‍ജിയയുടെ പല ഭാഗങ്ങളിലും വൈദ്യുതി പോലും ഉണ്ടായിരുന്നില്ല.  വളര്‍ച്ചാ മുരടിപ്പില്‍ നിന്നുള്ള അമര്‍ഷം ആയിരിക്കാം റഷ്യയില്‍ നിന്നും പിരിഞ്ഞു പോരാന്‍ അവരെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷവും കാര്യങ്ങള്‍ അത്ര പന്തി ആയിരുന്നില്ല. അഭ്യന്തര പ്രശ്നങ്ങളും പിന്നീട് റഷ്യയുമായുള്ള പ്രശ്നങ്ങളും ജോര്‍ജിയയെ ഉലച്ചു കളഞ്ഞു.. എന്നാല്‍ പിന്നീട് അവയില്‍ നിന്നെല്ലാം പതിയെ കരകയറി, ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു രാജ്യത്തിലേക്ക് അവര്‍ വളര്‍ന്നു. തുര്‍ക്കി, അര്‍മേനിയ , അസര്‍ബൈജാന്‍, റഷ്യ എന്നിവയാണ് ജോര്‍ജിയയുടെ അയല്‍രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിരവധി പേര്‍ ജോര്‍ജിയയില്‍ താമസിക്കുന്നുണ്ട്. തെരുവുകളില്‍ ഇറങ്ങി നടന്നാല്‍ ഈ നാട്ടുകാരെയെല്ലാം കാണാന്‍ കഴിയും



ഷാര്‍ജയില്‍ നിന്നും ഫ്ലൈറ്റ് പൊങ്ങിയ ശേഷം കുറച്ചു നേരം ഉറങ്ങി.. ഉണര്‍ന്നു  പുറത്തേക്കു നോക്കിയപ്പോള്‍ തന്നെ എന്താണ് ജോര്‍ജിയ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നതെന്ന് നേരത്തെ മനസിലാക്കാന്‍ കഴിഞ്ഞു. എങ്ങു നോക്കിയാലും മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന മല നിരകള്‍.. വെള്ള നിറത്തില്‍ അല്ലാത്ത ഒറ്റ മലനിരകള്‍ പോലുമില്ല.. കനത്ത മേഘങ്ങള്‍ക്കിടയിലൂടെ ടിബിലിസി എയര്‍പോര്‍ട്ടിലേക്ക് വിമാനം താഴുമ്പോള്‍ വൈകീട്ട് 4.30. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.. സൂര്യന്‍റെ നിഴല്‍ പോലും ഇല്ല. നേരിയ മഴയും ഉണ്ടായിരുന്നു. യൂറോപ്യന്‍ സ്റ്റൈല്‍ വീടുകളും കെട്ടിടങ്ങളും പല വര്‍ണ്ണങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് രസകരമായ കാഴ്ചയാണ്. അറബ് രാജ്യങ്ങളിലെ പോലെ കെട്ടിടങ്ങള്‍ തിങ്ങി തിങ്ങിയല്ല നില്‍ക്കുന്നത്.. വിശാലമായ സ്ഥലത്ത് അങ്ങിങ്ങ് കെട്ടിടങ്ങള്‍ . ജോര്‍ജിയയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് തലസ്ഥാന നഗരിയായ ടിബിലിസിയിലെ  എയര്‍പോര്‍ട്ട്.  പക്ഷെ തിരക്ക് വളരെ കുറവ്. Emigration procedures എല്ലാം വളരെ സിമ്പിള്‍..  പുറത്തു ഇറങ്ങിയപ്പോള്‍ തന്നെ തണുപ്പ് തുളച്ചു കയറി..

പുറത്തു ഞങ്ങളുടെ പേര് എഴുതിയ ബോര്‍ഡും കൊണ്ട് ട്രാവല്‍ agent നില്‍ക്കുന്നുണ്ടായിരുന്നു. ജോര്‍ജി എന്ന്  വിളിക്കുന്ന ജോര്‍ജ്.  മറ്റു എല്ലാ ജോര്‍ജിയക്കാരെയും പോലെ സുമുഖന്‍.. ഇംഗ്ലീഷ് തരിമ്പും അറിയില്ല.  ഏതു ഭാഷയാണ്‌ ജോര്‍ജിയക്കാര്‍ സംസാരിക്കുന്നതെന്ന ഞങ്ങളുടെ ചോദ്യത്തിനു ജോര്‍ജിയുടെ  നാടിന്‍റെ പേരാണ് മറുപടി പറഞ്ഞത് :-)

ജോര്‍ജിയയില്‍ Left hand Driving ആണെങ്കിലും Right handed വാഹനങ്ങള്‍ ധാരാളമുണ്ട്. വളരെ കൂള്‍ ആയി Right handed വാഹനങ്ങള്‍ left hand വാഹനങ്ങള്‍ക്കിടയില്‍ അവര്‍ ഓടിക്കുന്നു.. വീതി കുറവാണെങ്കിലും മികച്ച റോഡുകള്‍.  Divider കള്‍ക്ക് പകരം റോഡില്‍ വരച്ച വലിയ വര കൊണ്ടാണ് രണ്ടു വശത്തെക്കുള്ള ഗതാഗതം വേര്‍തിരിച്ചിരിക്കുന്നത്. എല്ലാ പ്രമുഖ കമ്പനികളുടെയും വാഹനങ്ങള്‍ റോഡില്‍ കാണാം.  മഞ്ഞ നിറത്തിലുള്ള tempo traveler ആണ് ഇവിടത്തെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍.




Tbilisi ടൌണിലെ ഒരു സുപ്രധാന നിര്‍മ്മിതിയായ ബ്രിഡ്ജ് ഓഫ് പീസിനു മുകളില്‍ നിന്നെടുത്തതാണ് ഈ ചിത്രം. കൂര എന്ന നദിക്കു മുകളില്‍ നിര്‍മ്മിച്ച പാലം ആണ് ബ്രിഡ്ജ് ഓഫ് പീസ്‌. അതെ കുറിച്ച് പിന്നീട് ...

എയര്‍പോര്‍ട്ടില്‍ നിന്ന്  ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ സഞ്ചരിച്ചു ഞങ്ങള്‍ ടിബിലിസി സിറ്റിയില്‍ എത്തി.. ചുറ്റും കൂറ്റന്‍ മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരയിലാണ് ടിബിലിസി. മലകള്‍ക്ക് മുകളില്‍ വലിയ കോട്ടകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. അവ എല്ലാം ഇപ്പോള്‍ കൃസ്ത്യന്‍ പള്ളികളാണ്.  എവിടെ തിരിഞ്ഞാലും ഒരു പള്ളി കാണാതിരിക്കില്ല. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ജോര്‍ജിയ ഒരു കൃസ്ത്യന്‍ രാജ്യമാണ്. സിറ്റിയില്‍  പ്രതാപത്തോടെ നില്‍ക്കുന്ന പഴയ കെട്ടിടങ്ങളും പല രസകരമായ രൂപത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളും കാണാം. കൂണിന്റെയും പൈപ്പിന്റെയും രൂപത്തിലുള്ള കെട്ടിടങ്ങള്‍ അവയില്‍ ചിലത് മാത്രം..

St George ന്റെ വലിയൊരു ശില്‍പം സ്ഥാപിക്കപ്പെട്ട ഒരു റൌണ്ടിലേക്കാണ് ഞങ്ങളുടെ വാഹനം കയറിയത്.  ജോര്‍ജിയന്‍ ശില്‍പ്പി  Zurab Tsereteli നിര്‍മ്മിച്ചതാണ് ഈ കൂറ്റന്‍ ശില്‍പ്പം.  പഴയ സോവിയറ്റ് യൂണിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണിത്.  പിന്നീട് പല തവണ പേര് മാറ്റിയാണ് അവസാനം Freedom square എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് . 



ഫ്രീഡം സ്ക്വയറില്‍ നിന്ന് ഭംഗിയില്‍ കല്ലുകള്‍ പാകിയ ഒരു റോഡിലേക്ക് വാഹനം കയറി. വളരെ വൃത്തിയുള്ള ഒരു ചെറിയ റോഡു. ഇരു വശവും മേപ്പിള്‍ മരങ്ങള്‍ ചുവന്ന ഇലകളുമായി നില്‍ക്കുന്നു.. റോഡില്‍ അവയുടെ ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പിറ്റേ ദിവസം അതി രാവിലെ കൊടും തണുപ്പത് തൊഴിലാളികള്‍ അവ മുഴുവന്‍ നീക്കം ചെയ്തു.  കല്ല്‌ പതിച്ച ചെറിയ റോഡുകള്‍ ഇവിടെ നിരവധിയുണ്ട്. തെരുവിന്‍റെ പഴമയും ഗാംഭീര്യവും  നില നിര്‍ത്താന്‍ വേണ്ടി ആയിരിക്കണം ഈ റോഡുകള്‍ ടാര്‍ ചെയ്യാതെ അത് പോലെ നില നിര്‍ത്തിയിരിക്കുന്നത് ..




ജോര്‍ജിയന്‍ തെരുവുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കടകള്‍ വൈന്‍ ഷോപ്പുകളാണ്.  ലോകത്തെ തന്നെ പ്രമുഖ വൈന്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ജോര്‍ജിയ.   ഗൈഡ് പറഞ്ഞത് സത്യമാണെങ്കില്‍ 700 ഓളം മുന്തിരി വര്‍ഗ്ഗങ്ങള്‍ ജോര്‍ജിയക്ക്‌ മാത്രമായി ഉണ്ട്. 40 ഓളം രാജ്യങ്ങളിലേക്ക്  അവ കയറ്റി അയക്കുന്നുണ്ടത്രേ.  ഉള്‍നാടുകളിലെ വീടുകള്‍ക്ക് മുന്നിലെല്ലാം പടര്‍ന്നു നില്‍ക്കുന്ന മുന്തിരി വള്ളികള്‍ കാണാം



ജോര്‍ജിയന്‍ ജനങ്ങളുടെ ജീവിതത്തില്‍ വൈന്‍ എത്രകണ്ട് സ്വാധീനം ചെലുത്തുന്നു എന്ന് ഒരു വൈന്‍ ഷോപ്പിനു മുന്നിലെ ഈ ബോര്‍ഡ് വിളിച്ചു പറയുന്നുണ്ട് ..

ഡിന്നര്‍ കഴിച്ചു കുറച്ചു നേരം തെരുവിലൂടെ ഇറങ്ങി നടന്നു. പകുതിയില്‍ ഏറെയും ക്രിസ്ത്യാനികള്‍ ആണെങ്കിലും മറ്റു മത വിഭാഗങ്ങളും അവരുടെ ആരാധനാ കേന്ദ്രങ്ങളും ജോര്‍ജിയയിലുണ്ട്. വഴി വക്കില്‍ കണ്ട ഒരു ജൂത പള്ളിയാണ് താഴെ. പ്രത്യേക ലൈറ്റ് arrangement ല്‍ തിളങ്ങി നില്‍ക്കുന്ന പള്ളിക്ക് മുകളില്‍ ചന്ദ്രന്‍ ഉദിച്ചിരുന്നു..



പിറ്റേന്നത്തെ  ടിബിലിസി സിറ്റി ടൂറിനു വേണ്ടി രാവിലെ ഫ്രഷ്‌ ആയി എഴുന്നേല്‍ക്കണം.  യാത്രാക്ഷീണം ഉറങ്ങി തീര്‍ക്കണമല്ലോ.. തണുപ്പില്‍ മൂടി പുതച്ചു ഉറങ്ങാനായി നേരെ റൂമിലേക്ക്‌..

ടിബിലിസി സിറ്റി വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍ വായിക്കാം




Thank you for being here

0 അഭിപ്രായ(ങ്ങള്‍)