മനം കവരും ടിബിലിസി സിറ്റിയിലൂടെ ഒരു കാല്‍നട യാത്ര

ഡിസംബർ 06, 2017


ജോര്‍ജിയയില്‍ ഒരുപാട് വൈകിയാണ് നേരം വെളുക്കുന്നത്‌.. 7.30 ആയിട്ടാണ് തെരുവുകളില്‍ വെളിച്ചം വീണത്‌ .. അതിനു വളരെ മുന്‍പ് തന്നെ തെരുവില്‍ വീണു കിടക്കുന്ന ഇലകള്‍ അടിച്ചു വാരുന്ന തൊഴിലാളികളെ കണ്ടു. കൊടും തണുപ്പില്‍ ദേഹമോട്ടുക്കും കമ്പിളി കൊണ്ട് മൂടി മുട്ട് വരെയുള്ള ഷൂസ് ഇട്ടു ജോലി ചെയ്യുന്നവര്‍.. കടുപ്പമേറിയ ജോര്‍ജിയന്‍ കോഫി കുടിച്ചുകൊണ്ട് തെരുവില്‍ ജോലി ചെയ്യുന്ന ആളുകളെ നോക്കി കുറച്ചു നേരം ഞാനിരുന്നു.

Breakfast ഹോട്ടലില്‍ നിന്നും കഴിച്ചു 10 മണിക്ക് റെഡി ആയി . കൃത്യ സമയത്ത് തന്നെ തലേന്ന് കണ്ട ജോര്‍ജി കാറുമായി എത്തി. കൂടെ സന്തോഷം തുടിക്കുന്ന മുഖത്തോടെ , മനോഹരമായി ചിരിച്ചു കൊണ്ട് അന്നത്തെ ഞങ്ങളുടെ ഗൈഡ്..  മേരി എന്ന ജോര്‍ജിയന്‍ സുന്ദരി.. ഇന്ത്യക്കാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ നമസ്കാര്‍ എന്ന് പറഞ്ഞു ..

തെരുവില്‍ അപ്പോഴേക്കും തിരക്കായിരുന്നു.. നല്ല ട്രാഫിക്‌ ഉണ്ട്.  തലേന്ന് കണ്ട freedom square ചുറ്റി കാര്‍ പ്രധാന റോഡിലേക്ക് കയറി.  കുറച്ചു മുന്നോട്ട് പോയി, ടിബിലിസിയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായ പീസ്‌ ബ്രിഡ്ജിനു താഴെയാണ് ആദ്യം കാര്‍ നിര്‍ത്തിയത്.  ടൌണിലൂടെ സഞ്ചരിക്കുന്ന ആരും പെട്ടന്ന് ശ്രദ്ധിക്കുന്ന ഒരു നടപ്പാലമാണ് പീസ്‌ ബ്രിഡ്ജ്,  സ്ടീലും ഗ്ലാസ്സും ഉപയോഗിച്ച് ഇറ്റാലിയന്‍ ആര്‍ക്കിടെക്ട്റ്റ് Micheli De Lucchi യാണ് വില്ലിന്റെ ആകൃതിയില്‍ മനോഹരമായി ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 450 അടി നീളമുള്ള ഈ പാലം 2010 ലാണ്  ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തത് .

   തുര്‍ക്കിയില്‍  ഉത്ഭവിച്ചു ജോര്‍ജിയയിലൂടെ ഒഴുകി അസര്‍ബൈജാന്‍ വഴി കാസ്പിയന്‍ കടലില്‍ അവസാനിക്കുന്ന ഏതാണ്ട് 1500 Km നീളമുള്ള കൂര നദിക്കു കുറുകെയാണ് ഈ പാലം .  കൂര നദിയുടെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് ടിബിലിസി സിറ്റിയില്‍ .    വളഞ്ഞും പുളഞ്ഞും സിറ്റിയിലൂടെ  ഒഴുകുന്ന  കൂര നദി ഭംഗിയേറിയ കാഴ്ചയാണ്. ഇരു വശവും കെട്ടി പൊക്കി നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇരു കരയിലും വന്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചിട്ടുമുണ്ട്.  വിശ്രമിക്കാന്‍ അങ്ങിങ്ങ് ബഞ്ചുകള്‍..  ചുവന്ന ഇലകളുമായി  ഇരു വശങ്ങളിലും നില്‍ക്കുന്ന  മരങ്ങള്‍ കൂര നദിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. അത് ഒട്ടും കുറയ്ക്കാത്ത രൂപത്തിലാണ് പീസ്‌ ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. പച്ച നിറമാണ് ബ്രിഡ്ജിന് .  മുകളില്‍ ഇട്ടിരിക്കുന്ന ഗ്ലാസിന്റെ നിറമാണത് . രാത്രിയില്‍ LED lights വഴി ബ്രിഡ്ജ് ചുവപ്പ് നിറമാക്കും.  റോഡിന്റെ മറുവശത്തുള്ള Rike പാര്‍ക്കിലെക്കാണ് പീസ്‌ ബ്രിഡ്ജ് ചെന്നിറങ്ങുന്നത്. ഞങ്ങള്‍ ചെന്ന സമയത്ത് വളരെ കുറച്ചു സന്ദര്‍ശകര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.








കൂര നദി കാഴ്ചയില്‍ സുന്ദരിയാണ്.. എന്നാല്‍ സിറ്റിയിലെ മലിന ജലം മുഴുവന്‍ ചെറുതും വലുതുമായ പൈപുകളിലൂടെ നദിയിലേക്ക് ഒഴുക്കി വിടുന്നത് സങ്കടകരമായ കാഴ്ചയാണ്.. മറ്റു എല്ലായിടത്തും പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ജോര്‍ജിയക്കാര്‍ക്ക് എങ്ങനെ ഈ നദിയെ ഇത്തരത്തില്‍ മലിനമാക്കാന്‍ മനസ് വരുന്നു എന്ന് ഓര്‍ത്തു പോയി.. മലിന ജലമായതിനാല്‍ നദിയില്‍ നിന്നും ആരും മീന്‍ പിടിക്കാറില്ല എന്ന് ഗൈഡ് പറഞ്ഞെങ്കിലും അങ്ങിങ്ങായി ചൂണ്ടയിടുന്ന ചിലരെ യാത്രക്കിടയില്‍  കണ്ടു ..


പീസ്‌ ബ്രിഡ്ജില്‍ നിന്നും ഏതാനും ചിത്രങ്ങള്‍ എടുത്ത ശേഷം മറുവശത്തെ Rike പാര്‍ക്കിലേക്ക് നടന്നു. പാര്‍കില്‍ ഒട്ടും തിരക്കില്ല. വിശാലമായ പാര്‍ക്കിലെ തികച്ചും ശാന്തമായ അന്തരീക്ഷം ആരും ഇഷ്ടപ്പെട്ടുപോവും. കുറച്ചു നേരം അവിടെയും ചിലവഴിച്ചു വീണ്ടും മോന്നോട്ടു നടന്നു.. റോഡിനു എതിര്‍വശത്തെ കുന്നിന്മുകളിലെക്കാണ് മേരി ഞങ്ങളെ കൊണ്ട് പോവുന്നത്.. കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഒരു കോട്ടയും അടുത്ത് കുതിരപ്പുറത്തു ഇരിക്കുന്ന ഒരു രാജാവിന്റെ പ്രതിമയും.. കാര്‍മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അതൊരു ഡ്രാക്കുള കോട്ട പോലെ തോന്നിച്ചു..  കെട്ടിടത്തിനു മുന്നില്‍ എത്തിയപ്പോള്‍ മേരി വാചാലയായി.. ഒരു മികച്ച ഗൈഡ് അങ്ങനെ ആയിരിക്കണം.  

Metekhi എന്ന ചര്‍ച്ചും അത് ഉള്‍പ്പെടെയുള്ള ടിബിലിസി സിറ്റിയും നവീകരിച്ച പ്രശസ്തനായ ചക്രവര്‍ത്തി Vakthang Gorgasali യുടെ പ്രതിമയുമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 1820 കളിലാണ് ഈ കുന്നിന്‍പുറത്ത് ഒരു കെട്ടിടം ആദ്യം നിലവില്‍ വരുന്നത്.. പിന്നീട് കലാപങ്ങളിലും പ്രകൃതി ക്ഷോഭം, യുദ്ധം എന്നിവയിലും പലതവണ തകരുകയും പുനര്നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ കന്യാമറിയത്തിന്റെ പള്ളിയാണെങ്കിലും റഷ്യന്‍ അധിനിവേശ കാലത്ത് വെടിമരുന്നു സൂക്ഷിക്കാനും സൈനിക ബങ്കറായുമെല്ലാം ഈ കെട്ടിടം ഉപയോഗിച്ചിട്ടുണ്ട്.  റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഇത് പിന്നീട് പൊളിച്ചു കളഞ്ഞു..  ഇന്ന് കാണുന്ന രൂപത്തില്‍ ഈ കെട്ടിടം നിര്‍മ്മിച്ചത് 1988 ലാണ്. ഇപ്പോള്‍ കന്യാമറിയത്തിന്റെ പള്ളിയായി സ്വസ്ഥം നിലകൊള്ളുന്നു..  പുറമേ കാണുന്ന ഭംഗി അകത്തില്ല..  അരണ്ട മെഴുകുതിരി വെളിച്ചം മാത്രമേ അകത്തുള്ളൂ.. അകത്തു പ്രാര്‍ഥിക്കാനും വെറുതെ കാണാനും ആളുകള്‍ കയറുന്നുണ്ട്..



ഗോര്‍ഗസാലി ചക്രവര്‍ത്തിയുടെ പ്രതിമക്കരികില്‍ ഇരിപ്പിടങ്ങളുണ്ട്. താഴെ  കൂര നദിയും അതിനപ്പുറം സിറ്റിയും കണ്ടു കാറ്റ് കൊണ്ടിരിക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെ..





ഈ ഇരിപ്പ് കുറെ നേരം തുടരാന്‍ മനസ് മന്ത്രിച്ചു.. പക്ഷെ My group, let us go എന്ന് മേരി വിളിക്കുന്നത്‌ വരെ മാത്രമേ ഇരിക്കാന്‍ കഴിയൂ.. എന്നാല്‍ തന്നെ മറ്റു ഗൈഡുകള്‍ തരുന്നതിലും കൂടുതല്‍ സമയം മേരി ഞങ്ങള്‍ക്ക് അനുവദിച്ചു തരുന്നുണ്ട്.. ഞങ്ങളെ പോസ് ചെയ്യിച്ചു ഫോട്ടോ എല്ലാം എടുത്തു തരുന്നുമുണ്ട്.. ഈ ഫോട്ടോ എടുപ്പ് നീണ്ടു നീണ്ടു പോയി ഉച്ചക്ക് ഒരു മണിവരെ എന്ന് പറഞ്ഞ സിറ്റി ടൂര്‍ തീര്‍ന്നത് വൈകീട്ട് 5 മണിക്കാണ്.. പക്ഷെ 10 തൊട്ടു 1 മണിക്കുള്ളില്‍ കണ്ടു തീര്‍ക്കാവുന്ന കാഴ്ചകളല്ല ടിബിലിസിയില്‍ ഉള്ളത്.. 

ഇവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും ജോര്‍ജി കാര്‍ കൊണ്ട് വന്നു.. പിന്നീട് പോവുന്നത് സിറ്റിയുടെ ഒരു അതിര് പോലെ നില്‍ക്കുന്ന ഒരു മല മുകളിലേക്കാണ്.. Mother of Georgia എന്നറിയപ്പെടുന്ന ഇരുപതു മീറ്റര്‍ ഉയരമുള്ള ഒരു അലുമിനിയം പ്രതിമയുണ്ട് അവിടെ . Kartis Deda എന്നാണ് ജോര്‍ജിയക്കാര്‍ ഈ പ്രതിമയെ വിളിക്കുന്നത്‌.. Elguja amashukhle എന്ന ജോര്‍ജിയന്‍ ശില്പിയുടെ കരവിരുതില്‍ വിരിഞ്ഞ ഈ ശില്‍പം അവിടെ സ്ഥാപിച്ചത് 1958 ലാണ്.  ഈ ശില്‍പ്പം കാണാന്‍ വേണ്ടി മാത്രമല്ല സന്ദര്‍ശകര്‍ ഈ കുന്നിന്‍പുറത്ത് ചെല്ലുന്നത്.. ടിബിലിസി സിറ്റി മുഴുവന്‍ ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്ന ഒരു വ്യൂ പോയിന്റ്‌ കൂടിയാണ് ഈ സ്ഥലം.. ശില്പത്തിന്റെ വലതു കയ്യിലെ വാള്‍ ജോര്‍ജിയയില്‍ അതിക്രമിച്ചു കടക്കുന്ന ശത്രുക്കളെ വേണ്ട വിധം കൈകാര്യം ചെയ്യും എന്നതിന്റെയും ഇടതു കയ്യിലെ വൈന്‍ പാത്രം ജോര്‍ജിയയില്‍ വരുന്ന സന്ദര്‍ശകരെ അവര്‍ സ്വീകരിക്കുന്നതിന്റെയും പ്രതീകം ആണത്രേ.  കുന്നിന്റെ ഏറ്റവും അറ്റത്താണ് പ്രതിമ. മുന്നില്‍ പോയി നിന്ന് പടം പിടിക്കാന്‍ മാത്രം ഉള്ള സ്പേസ് ഇല്ല. കൂടുതല്‍ ഉത്സാഹിച്ചാല്‍ ചിലപ്പോള്‍ താഴെ ടിബിലിസി സിറ്റിയില്‍ കിടക്കും ബോഡി :-)




പീസ്‌ ബ്രിഡ്ജ് ന്റെ യഥാര്‍ത്ഥ ആകൃതി ഈ ചിത്രത്തില്‍ കാണാം. തൊട്ടപ്പുറത്ത് കുഴല്‍ പോലെ കാണുന്നത് ടിബിലിസിയിലെ പല രൂപത്തിലുള്ള കെട്ടിടങ്ങളില്‍ ഒന്നാണ്

പല നിറത്തിലുള്ള കെട്ടിടങ്ങളാല്‍ ആകര്‍ഷകമാണ് ടിബിലിസി സിറ്റി 




മൊബൈല്‍ പനോരമ 




ടിബിലിസിയിലെ കെട്ടിടങ്ങള്‍ക്ക് യൂറോപ്യന്‍ കെട്ടിടങ്ങളോട് വളരെ സാമ്യമുണ്ട്. തൊട്ടു മുകളിലെ ചിത്രം ക്രോയേഷ്യയിലെ ദുബ്രോവ്നിക്ക്  സിറ്റിയുടെ ഗൂഗിള്‍ ചിത്രമാണ്


കുന്നിന്മുകളിലേക്ക് കാറിലാണ് പോയതെങ്കിലും എതിര്‍വശത്ത് കൂടി തിരിച്ചിറങ്ങുന്നത് കാല്‍നട ആയാണ്. സിറ്റി നോക്കി കണ്ടു കൊണ്ട് പതുക്കെ താഴേക്ക്‌ ഇറങ്ങാം. കല്ല്‌ പാകിയ ഭംഗിയുള്ള  നടപ്പാതയുണ്ട്. വശങ്ങളില്‍ പുല്‍ത്തകിടിയും മരങ്ങളും. എല്ലാം ആസ്വദിച്ചു അങ്ങനെ കുന്നിറങ്ങുമ്പോള്‍ ആയാസം തോന്നുകയേ ഇല്ല..

കുന്നിന്റെ മറുവശം ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് . ഇറങ്ങി വരുന്ന വഴിയുടെ ഒരു ഭാഗത്ത്‌ ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒരു വ്യൂ പോയിന്റ്‌ നിര്‍മ്മിച്ചിട്ടുണ്ട്. മുകളില്‍ നിന്ന്  ഗാര്‍ഡന്‍ ആസ്വദിക്കാം .. 161 hector വിസ്തൃതിയുള്ള ഈ ഗാര്‍ഡനില്‍ 4500 species സസ്യങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഒരുപാട് സമയം പോവും എന്നതിനാല്‍ ഗാര്‍ഡനുള്ളില്‍ കയറിയില്ല.



ഈ വഴിയിലൂടെ മുന്നോട്ടു നടന്നാല്‍ അവസാനം എത്തിപ്പെടുന്നത് സെന്റ്‌ നിക്കോളാസ് ചര്‍ച്ചിന്റെ മുന്നിലാണ്.. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചര്‍ച്ച്  പിന്നീട് തീപിടിച്ചു നശിച്ചു പോയി..പിന്നെ പുതുക്കി പണിതു ഇന്നത്തെ രൂപത്തിലാക്കിയത് 1997 ലാണ് . ഉള്‍വശം മനോഹരമാണെങ്കിലും ഫോട്ടോ എടുക്കല്‍ അനുവദനീയമല്ല.




നിക്കോളാസ് ചര്‍ച്ചിന്റെ തൊട്ടടുത്ത്‌ തന്നെയാണ് ടിബിലിസിയിലെ മൂന്നു പ്രധാന മുസ്ലിം പള്ളികളില്‍ ഒന്ന് നിലകൊള്ളുന്നത്.  അറേബ്യന്‍ അധിനിവേശം വഴിയാണ് ജോര്‍ജിയയില്‍ ഇസ്ലാം എത്തിയതെന്നാണ് പറയപ്പെടുന്നത്‌. പതിനാറാം നൂറ്റാണ്ടിലാണ് ജോര്‍ജിയയിലെ ആദ്യ മുസ്ലിം പള്ളി നിര്‍മ്മിക്കപ്പെട്ടത്. നിരവധി കോണുകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ പള്ളി അതിന്റെ രൂപഘടന കൊണ്ട്  വളരെ ദൂരെ നിന്നെ ശ്രദ്ധിക്കപ്പെടും. 




ടിബിലിസി സിറ്റിയില്‍ എങ്ങോട്ട് നോക്കിയാലും കാണും ഒരു വൈന്‍ ഷോപ്പ് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. അത് പോലെ തന്നെ തേനും പലഹാരങ്ങളും വില്‍ക്കുന്ന കടകളും കാണാം. അനേകം തരത്തിലുള്ള തേനുകള്‍ക്ക് പ്രശസ്തമാണ് ജോര്‍ജിയ. കുറഞ്ഞ വിലക്ക് തേന്‍ ലഭിക്കും.. എല്ലാ കടകളുടെയും മുന്നില്‍ പല വര്‍ണ്ണങ്ങളില്‍ മാല പോലെ തൂക്കിയിട്ടിരിക്കുന്ന നീളത്തിലുള്ള വസ്തു എന്താണെന്നു ആദ്യ ദിവസം തന്നെ സംശയിച്ചിരുന്നു.. പലഹാരമാണോ ഇറച്ചി ഐറ്റം വല്ലതും ആണോ അതോ പഴവര്‍ഘങ്ങള്‍  ആണോ എന്ന്.  സിറ്റിയിലെ നടത്തത്തിനിടെ മേരി ഇത്തരത്തില്‍ ഒരു കടയിലേക്ക് ഞങ്ങളെ കൊണ്ട് പോയി.. ഞങ്ങള്‍ സംശയിച്ച വസ്തു ജോര്‍ജിയന്‍ സ്നിക്കെര്‍ എന്ന് പറയുന്ന ഇവിടത്തെ ഒരു വിശേഷ പലഹാരമാണ്. കട്ടിയേറിയ മുന്തിരി സത്തില്‍ പല തരത്തിലുള്ള Nuts ഇട്ടു അതില്‍ ഒരു നൂല് കെട്ടി തൂകിയിട്ടു ഉണ്ടാക്കുന്നതാണ് സ്നിക്കെര്‍. ഈ നൂലോടു കൂടിയാണ് ഇത് വാങ്ങിക്കാന്‍ കിട്ടുന്നത്. ഇഷ്ടമുള്ള Nuts ഉള്ള ഫ്ലാവര്‍ തിരഞ്ഞെടുക്കാം. ഒത്തിരി മധുരം ഉണ്ടെന്നു കാഴ്ചയില്‍ തോന്നിക്കുമെങ്കിലും ഇളം മധുരമേ ഉള്ളൂ സ്നിക്കെറിന്.. കുറച്ചു ഞങ്ങളും വാങ്ങിച്ചു.. പിന്നെ നേരത്തെ പരിചയം ഇല്ലാത്ത ഏതോ ഒരു തരം Nuts ഉം.. യാത്രക്കിടെ കൊറിക്കാന്‍.. 


സ്നിക്കെര്‍, വൈന്‍, തേന്‍, Nuts .. സ്നിക്കെര്‍ കഴിക്കാന്‍ കഴിഞ്ഞതിലും സന്തോഷം തോന്നിയത് ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയതാണ് 


ടിബിലിസിയിലെ മറ്റു കാഴ്ചകളെ കുറിച്ചും പ്രശസ്തമായ സള്‍ഫര്‍ ബാത്തിനെ കുറിച്ചും വരും ഭാഗങ്ങളില്‍ വായിക്കാം.. 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)