കുന്നുകളും പുല്‍ത്തകിടികളും നിറഞ്ഞ സിഗ്നാഗിയിലേക്ക്

ഡിസംബർ 20, 2017

ജോര്‍ജിയയിലെ കകെറ്റി ഭാഗത്തുള്ള സിഗ്നാഗി എന്ന ചെറിയ ടൌണ്‍ഷിപ്പിലെക്കാണ് ഇന്നത്തെ യാത്ര.. ധൃതിയില്‍ അറേഞ്ച് ചെയ്ത ടൂര്‍ ആയതിനാല്‍ പാക്കേജില്‍ ഉള്‍പ്പെട്ട ഓരോ സ്ഥലത്തും എന്തൊക്കെയാണ് ഉള്ളതെന്ന് ഗൂഗിളില്‍ പരതാന്‍  സമയം ലഭിച്ചിരുന്നില്ല.. അതിന്റെ പോരായ്മകള്‍ അവസാന ദിവസം മനസിലാവുകയും ചെയ്തു.. പ്രധാനമായും രണ്ടു സ്ഥലങ്ങള്‍ ആണ് ഇന്നത്തെ ട്രിപ്പില്‍ ഉണ്ടായിരുന്നത്.. സിഗ്നാഗി ടൌണ്‍, സൈന്റ് നിനോ monastery , പിന്നെ ഒരു വൈന്‍ ഫാക്ടറിയും .  ജോര്‍ജിയയില്‍ വരുന്നതില്‍ ഭൂരിഭാഗവും വൈന്‍ വാങ്ങിക്കുന്നത് കൊണ്ടായിരിക്കാം ഞങ്ങളുടെ പക്കെജിലും അത് ഉള്‍പ്പെടുത്തിയത്. യാത്ര തുടങ്ങിയ ശേഷമാണ് അത് ഞങ്ങള്‍ മനസിലാക്കിയത്. വൈന്‍ വാങ്ങാന്‍ ഉദ്ദേശ്യം ഇല്ലെങ്കില്‍ പിന്നെ അവിടെ പോവെണ്ടല്ലോ എന്ന് ഗൈഡ് ചോദിച്ചപ്പോള്‍ വേണ്ട എന്ന് ഞങ്ങളും പറഞ്ഞു.. നേരത്തെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അതിനു പകരം വേറെ ഒരു സ്പോട്ട് ഉള്‍പ്പെടുത്താമായിരുന്നു. 

രാവിലെ പത്തു മണിക്ക് തന്നെ ഡ്രൈവര്‍ കാറുമായി വന്നു.. ജോര്‍ജിയുടെ മസ്ദയെക്കാള്‍ കുറെ കൂടി വലുതും വിശാലതയുമുള്ള ഒരു ടൊയോട്ട..Mr Imedia എന്ന് ആള്‍ സ്വയം പരിചയപ്പെടുത്തി.. അല്‍പ്പസ്വല്‍പ്പം ഇംഗ്ലീഷ് അറിയാം. ആശയവിനിമയത്തിന് അത് മതിയല്ലോ..ഗൈഡ് എവിടെ എന്ന് ചോദിച്ചപ്പോള്‍ വഴിയില്‍ നിന്ന് കയറും എന്ന് പറഞ്ഞു.. 

ടിബിലിസി സിറ്റിയുടെ വേറെ ഒരു ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്.. കുറെ ദൂരം പോയി കാര്‍ വഴിയരികില്‍ നിര്‍ത്തി..  ഗംഭീര മേക്കപ്പ് ഒക്കെ ഇട്ടു സണ്‍ ഗ്ലാസ്‌ വച്ച് ഒരു പെണ്‍കുട്ടി വന്നു കാറില്‍ കയറി.. ഞാന്‍ റോസാ, ഇന്നത്തെ നിങ്ങളുടെ ഗൈഡ്, നമുക്ക് പോവാം അല്ലെ എന്ന് പറഞ്ഞു...

നിര്‍ഭാഗ്യവശാല്‍ റോസാ സ്വമേധയാ പറഞ്ഞ ആദ്യത്തെയും അവസാനത്തെയും വാചകം ആയിരുന്നു അത് !!!  തുടര്‍ന്നങ്ങോട്ട് ഒരക്ഷരം മിണ്ടുന്നില്ല.. എങ്ങോട്ടാണ് പോവുന്നത് എന്നോ എന്തൊക്കെ കാണാന്‍ പോവുന്നോ എന്നോ ഒന്നും പറയുന്നില്ല.. ഞങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം മാത്രം.. ഇംഗ്ലീഷ് അത്ര അറിയാത്തത് കൊണ്ടാണോ അതോ ഒന്നിനെ കുറിച്ചും ഒരു ഐഡിയയും ഇല്ലാത്തതു കൊണ്ടാണോ നിശ്ശബ്ധത എന്ന് മനസിലായില്ല..രണ്ടു ദിവസം മേരിയുടെ പക്കാ Professional നിലവാരത്തിലുള്ള guidance ല്‍ നിന്ന് തറ ടിക്കെറ്റ് നിലവാരത്തിലേക്ക് താഴ്ന്നത് ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.. അറിയാവുന്ന ഇംഗ്ലീഷില്‍ ഡ്രൈവര്‍ ആയിരുന്നു ഞങ്ങള്‍ക്ക് പലതും പറഞ്ഞു തരാന്‍ ശ്രമിച്ചത്..കുറെ നേരം ഓടി വീണ്ടും ഞങ്ങള്‍ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിയപ്പോളാണ് റോസായെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇത്ര നേരം കാര്‍ ഓടിയത് എന്ന് മനസിലായത്.. അത് ഒട്ടും ഇഷ്ടമായില്ലെങ്കിലും രാവിലെ തന്നെ മുഷിയണ്ടല്ലോ എന്ന് വച്ച് ആരും ഒന്നും പറഞ്ഞില്ല..

സിറ്റി വിട്ടു കാര്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നു. നേരത്തെ കണ്ടവയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഭൂപ്രകൃതി.. വിശാലമായ വലിയ പുല്‍ത്തകിടികളും ചെറിയ ചെറിയ കുന്നുകളും windows wall paper നെ പോലെ തോന്നിച്ചു.. പല പുല്‍ത്തകിടികളിലും ചെമ്മരിയാടുകള്‍ മേയുന്നുണ്ട്.. ചിലയിടങ്ങളില്‍ കുതിരകള്‍.. ചിലപ്പോള്‍ താറാവുകളെയും കണ്ടു.. വളരെ രസകരമായ കാഴ്ചയായിരുന്നു അത്..




കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നിന്ന് വ്യതസ്തമായി ഇന്ന് കുറച്ചു വെയില്‍ ഉണ്ട്. അത് കണ്ടപ്പോള്‍ കുറച്ചു അസ്വസ്ഥത തോന്നി.. ഫോട്ടോകളില്‍ എല്ലാം തന്നെ അതിന്റെ പോരായ്മകള്‍ ഉണ്ട് താനും..  പോവുന്ന വഴിക്ക് ഇവിടെയാണ്‌ ആദ്യം കാര്‍ നിര്‍ത്തിയത്.. ഒരു പ്രതിമയുണ്ട് അവിടെ.. വലിയ ഒരു പുല്‍ത്തകിടിയും. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഫോട്ടോ എടുക്കാന്‍ ഉള്ള സ്ഥലം എന്നാണു റോസാ മറുപടി പറഞ്ഞത് :-)


അടുത്ത സ്റ്റോപ്പ്‌ സിഗ്നാഗി ടൌണ്‍ ദൂരെ നിന്ന് കാണാവുന്ന ഒരു വ്യൂ പോയിന്റ്.. ഇരു വശവും പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത് റോഡിനു ഭംഗി കൂട്ടുന്നുണ്ട്.. ദൂരെ സിഗ്നാഗി ടൌണ്‍ കാണാം ഇവിടെ നിന്നാല്‍

 സിഗ്നാഗി ടൌണിന്റെ ഒരു മൊബൈല്‍ ചിത്രം . വ്യത്യസ്തത നിറഞ്ഞ കെട്ടിടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം 




ഇന്നത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ബോട്ബി അഥവാ സൈന്റ് നീനോയുടെ Monastery.  ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച്‌ പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ വളരെയധികം മോടി പിടിപ്പിച്ചതാണ്  സൈന്റ് നീനോയുടെ monastery. അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജോര്‍ജിയയില്‍ ക്രിസ്തുമതം എത്തിച്ചതും പ്രചരിപ്പിച്ചതും സൈന്റ് നീനോ ആണത്രെ.. അവരുടെ ശേഷിപ്പുകള്‍ ഈ monastery യില്‍ സൂക്ഷിച്ചിട്ടുണ്ട്.. കന്യാസ്ത്രീകള്‍ക്കു പരിശീലനം നല്‍കുന്നുണ്ടിവിടെ. അതോടൊപ്പം monastery യുടെ ഒരു ഭാഗത്ത്‌ പൂക്കളും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നുമുണ്ട്. 


വെയില്‍ മൂലം വന്ന നിഴലുകള്‍  ചിത്രങ്ങളുടെ ഭംഗി കുറച്ചു.. ഫ്രെയിമില്‍ പെടുന്നില്ല എന്ന് വിചാരിച്ചു എന്തോ ആലോചിച്ചു നില്‍ക്കുന്ന റോസയാണ്  വലതു വശത്ത്.. ഏതാണ്ട് ഇതേ നില്‍പ്പ് തന്നെയായിരുന്നു എല്ലായിടത്തും :-) 




ഭംഗിയേറിയ പുല്‍ത്തകിടികളും വിവിധ നിറങ്ങളില്‍ ഉള്ള മരങ്ങളും ഈ പരിസരം ആകര്‍ഷകമാക്കുന്നു..



പണി നടന്നു കൊണ്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഒരു വശത്ത് നന്നായി പരിപാലിച്ചു കൊണ്ടിരിക്കുന്ന ഒരു പുല്‍ത്തകിടിയാണ്.. ചിത്രങ്ങള്‍ എടുക്കാന്‍ അനുയോജ്യമായ സ്ഥലം..



ഏതാണ്ട് ഒരു മണിക്കൂര്‍ നിനോ monastery യില്‍ ചിലവഴിച്ചു.  അവിടെ നിന്നിറങ്ങിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു.. എങ്ങോട്ടാണ് പോവുന്നതെന്നോ എന്താണ് കാണാന്‍ ഉള്ളതെന്നോ റോസ പറയുന്നില്ല.. കുറെ കഴിഞ്ഞപ്പോള്‍ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി.. ഇവിടെ ഇറങ്ങിക്കോളൂ എന്ന്  റോസ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പിന്നെ ഒന്നും പറയുന്നില്ല.. തൊട്ടടുത്ത്‌ കണ്ട വാച് ടവറിന് മുകളില്‍ കയറി നോക്കിയപ്പോളാണ് ആ കാഴ്ച കാണുന്നത്..  ചൈനയിലെ വന്മതില്‍ പോലെ നീണ്ടു കിടക്കുന്ന ഒരു മതില്‍. ഞങ്ങള്‍ കയറി നില്‍ക്കുന്ന വാച് ടവര്‍ ആ മതിലില്‍ നിര്‍മ്മിച്ചിട്ടുള്ള അനേകം ടവറുകളില്‍ ഒന്നാണ്.  ഇത് എന്താണെന്നു ചോദിച്ചപ്പോള്‍ പണ്ട് ഇവിടെ ജനങ്ങള്‍ സുരക്ഷയ്ക്ക് നിര്‍മ്മിച്ചതാണ് ഇത് എന്ന് മാത്രമാണ് മറുപടി കിട്ടിയത്.. 

പിന്നീട് മേരി വഴിയാണ് ഈ സ്ഥലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നത്.. ജോര്‍ജിയയിലെ കൊക്കസെസ് മലനിരകളുടെ താഴ്വരയായ അലസാനിയിലാണ്  ഈ മതില്‍ പണിതിട്ടുള്ളത്.  ഇതിന്റെ ഒരു ഭാഗത്ത്‌ ഒരു കോട്ടയും ഉണ്ട്. പതിനേഴാം നൂറ്റാണ്ടിലാണ് മതിലിന്റെ നിര്‍മ്മാണം. ശത്രുക്കളുടെ ആക്രമണം ഉണ്ടാവുമ്പോള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു ജനങ്ങള്‍ ഇവിടെ ആയിരുന്നത്രെ അഭയം തേടിയിരുന്നത്.. 5 Km ആണ് മതിലിന്‍റെ നീളം. ഏഷ്യയില്‍ ഈ മതിലിനു രണ്ടാം സ്ഥാനം ഉണ്ടെന്നു മേരി പറഞ്ഞതായി ഓര്‍ക്കുന്നു..







വൈന്‍ ഫാക്ടറി സന്ദര്‍ശനം ഒഴിവാക്കിയതോടെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. 6 മണിക്ക് തീരേണ്ടിയിരുന്ന ഇന്നത്തെ ട്രിപ്പ്‌ 4 മണിക്ക് മുന്നേ തീര്‍ന്നു.  വേറെ ഏതെങ്കിലും ഒരു സ്ഥലം കൂടി സ്വന്തമായി പോയി കാണാന്‍ കഴിയുമോ എന്നായി അടുത്ത ആലോചന..  ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ട് 20km അകലെയാണ്.. ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോള്‍ തന്നെ 5 മണി ആയി. വെളിച്ചം മങ്ങി തുടങ്ങി അപ്പോഴേക്കും.. ആ പ്ലാന്‍ അപ്പോള്‍ തന്നെ ഒഴിവാക്കി.  ഇനി ചെയ്യാവുന്നത് നേരത്തെ മാറ്റി വച്ച സിറ്റി വാല്‍ക് ആണ്.. Landscape കള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത സിറ്റികള്‍ക്കുണ്ട്.. വെളിച്ചം മങ്ങിക്കഴിഞ്ഞാല്‍ പിന്നെ Landscape നു scope ഇല്ല.. എന്നാല്‍ രാത്രി ആയാല്‍ ചില സിറ്റികള്‍ പകലിലെക്കള്‍ മനോഹരമായിരിക്കും. ചുരുങ്ങിയ പക്ഷം ചില ഭാഗങ്ങളെങ്കിലും..  കുറച്ചു നേരം വിശ്രമിച്ച ശേഷം  സിറ്റിയില്‍ കറങ്ങാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു.  ഹോട്ടല്‍ വൈഫൈ വച്ച് Maps.me software ല്‍ ജോര്‍ജിയ ഡൌണ്‍ലോഡ് ചെയ്തു.  മറ്റുള്ളവരോട് വഴി ചോദിക്കാതെ നടക്കാന്‍ മാപ്പ്  സഹായിക്കുമല്ലോ 


ഫ്രീഡം സ്ക്വയര്‍ വഴി നടന്നാല്‍ അധികം ദൂരമില്ല ജോര്‍ജിയന്‍ പാര്‍ലിമെന്റ് കെട്ടിടത്തിലേക്ക്..  ടിബിലിസിയിലെ സമ്പന്നവും മനോഹരവുമായ തെരുവാണ് Rustaveli avenue. അവിടെയാണ് പാര്‍ലിമെന്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്.  നേരത്തെ ഈ തെരുവിലൂടെ ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് മേരി പാര്‍ലിമെന്റ് കാണിച്ചു തന്നിരുന്നു. ഫ്രീ ടൈമില്‍ ഇത് വഴി ഇറങ്ങി നടക്കാനും ഓര്‍മ്മിപ്പിച്ചിരുന്നു.. തെരുവില്‍ അധികം തിരക്കില്ലാത്തതിനാല്‍ ഏതാനും ചിത്രങ്ങള്‍ എടുത്തു .

ഫ്രീഡം സ്ക്വയറില്‍ റോഡു മുറിച്ചു കടക്കാന്‍  അടിയിലൂടെ വഴി നിര്‍മ്മിച്ചിട്ടുണ്ട്. അവിടം ഒരു ചെറിയ മാര്‍ക്കെറ്റ് പോലെയാണ്. വഴിയില്‍ ഇരു വശവും അനേകം കടകളുണ്ട്.  






സബ് വെ വഴി റോഡിനു മറുവശത്ത്  എത്തി ഏതാനും മിനിറ്റ് നടന്നപ്പോള്‍ ജോര്‍ജിയന്‍ പാര്‍ലിമെന്റിനു മുന്നിലെത്തി.  കാര്യമായ സെക്യൂരിറ്റിയോ നിയന്ത്രണങ്ങളോ ഒന്നുമില്ല.   1938 ല്‍ സോവിയറ്റ് ഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടമാണിത്. പിന്നീട് കുതൈസിയില്‍ പുതിയ പാര്‍ലിമെന്റ് കെട്ടിടം നിര്‍മ്മിച്ച്‌ അങ്ങോട്ട്‌ മാറിയെങ്കിലും പല ജനപ്രതിനിധികളുടെയും സമ്മര്‍ദം മൂലം വീണ്ടും പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് തന്നെ മാറ്റുകയാണ് ചെയ്തത്.  തൊട്ടു മുന്നില്‍ ഒരു കൂറ്റന്‍ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്നു.. മുന്‍വശത്തെ ചെറിയ നടപ്പാത കഴിഞാല്‍ തിരക്കേറിയ റോഡാണ്.  കെട്ടിടം മുഴുവനായി മുന്നില്‍ നിന്ന് ഫോട്ടോയില്‍ കിട്ടാന്‍ പാകത്തിന് ഒരു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.  തല്‍ക്കാലം ഈ ചിത്രം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .



പാര്‍ലിമെന്റിനു പരിസരത്ത് മരങ്ങള്‍ വച്ച് പിടിപ്പിച്ചു നന്നായി പരിപാലിക്കപ്പെടുന്ന ഒരു നടപ്പാതയുണ്ട്.  ഓരോ മരത്തിനു ചുറ്റും അല്ലാതെയും  ഇരിപ്പിടങ്ങളുണ്ട്.  നല്ല light arrangements ഉള്ളതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ Ambiance ആണ്.  സാമാന്യം ഭേദപ്പെട്ട ഒരു ക്യാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രം എടുക്കാനുള്ള അറിവും വേണമെന്ന് മാത്രം. കയ്യില്‍ മികച്ച DSLR ക്യാമറകള്‍ ഉണ്ടായിട്ടും auto mode ല്‍ തീരെ നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ എടുക്കുന്ന പലരെയും കാണാന്‍ കഴിഞ്ഞു.. Honey moon നു വന്നതെന്ന് തോന്നിക്കുന്ന ഒരു couple നെ ഞങ്ങള്‍ സഹായിക്കയും ചെയ്തു ഫോട്ടോ എടുക്കാന്‍ ..  ഫോട്ടോഗ്രഫി താല്പര്യം ഉള്ളവര്‍ ക്യാമറ വാങ്ങുന്നതോടൊപ്പം രാത്രി സമയം എങ്ങനെ ചിത്രം എടുക്കാം എന്ന് അറിഞ്ഞിരിക്കണം.  പകല്‍ സമയം സഹായത്തിനെത്തുന്ന ഓട്ടോ മോഡ് രാത്രിയില്‍ ചതിക്കും :-)





കുറച്ചു നേരം പാര്‍ലിമെന്റ് പരിസരത്ത് വിശ്രമിച്ച ശേഷം പീസ്‌ ബ്രിഡ്ജ് കാണാന്‍ തീരുമാനിച്ചു. ഏതാണ്ട് രണ്ടര കിലോമീറ്റര്‍ നടക്കാനുണ്ട് ഇവിടെ നിന്നും.. മാപ്പ് നോക്കി നടക്കാന്‍ തുടങ്ങിയപ്പോള്‍ ആകെ ഒരു confusion . പീസ്‌ ബ്രിഡ്ജിനു ജോര്‍ജിയന്‍ ഭാഷയിലുള്ള ഒരു പേരാണ് അവര്‍ ഉപയോഗിക്കുന്നത്. പീസ്‌ ബ്രിഡ്ജ് എവിടെയാണെന്ന് ഞങ്ങള്‍ ചോദിച്ചപോള്‍ പലര്‍ക്കും മനസിലായില്ല. പലരോടും ചോദിച്ചു ഞങ്ങള്‍ മുന്നോട്ടു നടന്നു..  നിര്‍ഭാഗ്യവശാല്‍ പലരും പറഞ്ഞ വഴികളിലൂടെ നടന്നു അവസാനം എത്തിയത് ഞങ്ങള്‍ ആദ്യം തുടങ്ങിയ സ്ഥലത്ത് തന്നെ !!! 6 പേര്‍ ഉള്ള ഞങ്ങളുടെ കൂട്ടത്തിലെ 4 പേരുടെയും പീസ്‌ ബ്രിഡ്ജ് കാണാനുള്ള ആഗ്രഹം അതോടെ തീര്‍ന്നു..  പിന്നെ ഞങ്ങള്‍ രണ്ടു പേര്‍ വീണ്ടും  ബ്രിഡ്ജ് തേടിയിറങ്ങി.. അതികം ബുദ്ധിമുട്ടാതെ തന്നെ ശരിയായ വഴി കണ്ടുപിടിച്ചു..  ടൌണില്‍ നിറയെ സഞ്ചാരികള്‍ ഉണ്ട്.. എന്നാല്‍ മടുപ്പ് തോന്നിക്കുന്ന തിരക്കില്ല താനും.. കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തി. പീസ്‌ ബ്രിഡ്ജിനു സമാന്തരമായി വാഹനങ്ങള്‍ക്ക് കൂര നദി മുറിച്ചു കടക്കാന്‍ വേറെ ഒരു പാലമുണ്ട്. അത് വഴി വേണം ഞങ്ങള്‍ക്ക് അങ്ങോട്ട്‌ പോവാന്‍.  പീസ്‌ ബ്രിട്ജും അതിന്റെ പ്രതിഫലനവും ഉള്‍പ്പെടെ നല്ല ഒരു വ്യൂ ആ പാലത്തിനു മുകളില്‍ നിന്നും കിട്ടും. ആളുകള്‍ക്ക് നടക്കാന്‍ ഇഷ്ടം പോലെ സ്ഥലം പാലത്തിനു മുകളില്‍ ഉള്ളതിനാല്‍ സ്വസ്ഥമായി കാണാനും ചിത്രമെടുക്കാനും കഴിഞ്ഞു.. 


പീസ്‌ ബ്രിഡ്ജിന്റെ ചിത്രം എടുത്തു മുന്നോട്ടു നടക്കാന്‍ ഒരുങ്ങിയപ്പോള്‍ തൊട്ടു മുന്നില്‍ ഗോര്‍ഗസാലി ചക്രവര്‍ത്തിയുടെ പ്രതിമ നിലാവില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ടു. ആദ്യ ദിവസം ഈ പ്രതിമക്കു അരികില്‍ നിന്ന് കൊണ്ട്  ഞങ്ങള്‍ ടൌണ്‍ കണ്ടു.. ഇപ്പോള്‍ ടൌണില്‍ നിന്ന് കൊണ്ട് പ്രതിമയും..



പാലത്തില്‍ നിന്ന് എതിര്‍വശത്തുള്ള കാഴ്ച. ... mother of georgia monument , St Nicholas church തുടങ്ങിയവ നിലകൊള്ളുന്ന ഭാഗമാണ് കുന്നിന്‍ മുകളില്‍ കോട്ട പോലെ കാണുന്ന സ്ഥലം. സിറ്റി ടൂര്‍ സമയത്ത് ഞങ്ങള്‍ നടന്നു കണ്ടു ആസ്വദിച്ച അതെ സ്ഥലം..



ആദ്യ ദിവസം  കുറച്ചു സമയം ചിലവിട്ട Ryne പാര്‍ക്കിലൂടെ പീസ്‌ ബ്രിഡ്ജ് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഏതാനും ചില സന്ദര്‍ശകര്‍ ഉണ്ടെന്നതൊഴിച്ചാല്‍ പീസ്‌ ബ്രിഡ്ജ് പരിസരം ശാന്തമാണ്.. പകലില്‍ കാണുന്നതിലും പതിന്മടങ്ങ്‌ ഭംഗിയുണ്ട്  രാത്രിയില്‍ കാണാന്‍.  Tesminda പാര്‍ക്കിലെ വലിയ വാച് ടവറും തൊട്ടടുത്തുള്ള Funicular ഹോട്ടെലും ചിത്രത്തില്‍ കാണാം. ടിബിലിസി സിറ്റി ടൂറില്‍  അതെ കുറിച്ച് കൂടുതല്‍ വിശദമായി എഴുതിയിട്ടുണ്ട് .



പീസ്‌ ബ്രിഡ്ജിന്റെ മുകളില്‍ നിന്നും താഴത്തെ റോഡിലെ വാഹനങ്ങളെ ഉപയോഗപ്പെടുത്തി ഒരു Light trail ഫോട്ടോ എടുക്കാനായി ശ്രമം.. പക്ഷെ താഴെ വാഹങ്ങള്‍ പോകുമ്പോള്‍ ബ്രിഡ്ജ് ചെറുതായി കുലുങ്ങുന്ന കാരണം ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു..  പിന്നെ പരസ്പരം ഫോട്ടോ എടുക്കുക എന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ :-) 




ഏതാനും ചില സ്ഥലങ്ങളില്‍ കൂടി പോവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സുരക്ഷയെ കുറിച്ച് ചെറിയ ആശങ്ക ഉണ്ടായിരുന്നതിനാല്‍ ഇവിടെ കറക്കം അവസാനിപ്പിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.. രാവിലെ 9 മണിക്ക് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ വിടാന്‍ Mr Imedia കാര്‍ കൊണ്ട് വരും..രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു വെക്കുകയും വേണമല്ലോ.. മൂന്നു ദിവസം മതി മറന്നു ആസ്വദിച്ച ജോര്‍ജിയയോടു മനസാ വിട ചൊല്ലി.. ജോര്‍ജിയയുടെ കാണാത്ത ചില ഭാഗങ്ങളിലേക്ക് ഒരു യാത്ര കൂടി നടത്തിയാലും കുഴപ്പമില്ല എന്നാ ചിന്തയോടെ ...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)