ടിബിലിസി സിറ്റിയിലൂടെ (Part 2)

ഡിസംബർ 09, 2017


ടിബിലിസിയിലെ പുരാതന മുസ്ലിം പള്ളിയുടെ അടുത്ത് വച്ച് നേരത്തെ കുന്നിന്‍ മുകളില്‍ നിന്നും ഇറങ്ങിയ വഴി അവസാനിച്ചു. പിന്നീട് ചില വീടുകള്‍ക്ക് മുന്നിലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ മേരി ഞങ്ങളെ നയിച്ചു.  സീസണ്‍ അല്ലാത്ത കാരണം ശോഷിച്ചു ഒഴുകുന്ന ഒരു നീര്‍ചാലിനടുതാണ് ഞങ്ങള്‍ നില്‍ക്കുന്നത്..രണ്ടു വശവും കുന്നുകളാണ്. ഇരു വശത്തുകൂടെയും നടപ്പാതകള്‍ ഉണ്ട്. തോട് മുറിച്ചു കടക്കാന്‍ പല സ്ഥലങ്ങളിലും ചെറിയ പാലങ്ങളുമുണ്ട്. ചുമ്മാ നടക്കാന്‍ വെറുതെ ഒരു പാലം നിര്‍മ്മിച്ചിരിക്കുകയല്ല. സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന രീതിയില്‍ ആര്‍ച് പോലത്തെ പാലങ്ങളാണ്. ഈ ചെറിയ നീര്‍ച്ചാല്‍ ഉത്ഭവിക്കുന്നത് ഒരു വെള്ളച്ചാട്ടത്തില്‍ നിന്നാണ്. അങ്ങോട്ടാണ് ഞങ്ങള്‍ പോവുന്നത്. മഴക്കാലം അല്ലാത്തതിനാല്‍ വെള്ളച്ചാട്ടം അത്ര ശക്തമല്ല, ജസ്റ്റ്‌ കണ്ടിട്ട് വരാം എന്നാണ് മേരി പറഞ്ഞത്.  മറു വശത്തേക്ക് കടക്കാന്‍ ഒരു പാലത്തിനു മുകളില്‍ ഞങ്ങള്‍ കയറി.. പാലത്തിന്റെ കൈവരിയില്‍ കൊളുത്തിയിട്ടിരിക്കുന്ന നൂറു കണക്കിന് പൂട്ടുകളില്‍ ഞങ്ങളുടെ കണ്ണുകള്‍ പതിഞ്ഞ ഉടനെ മേരി സംഭവം വിവരിച്ചു..  ജോര്‍ജിയക്കാരുടെ ഒരു വിശ്വാസമാണത്. കല്യാണം കഴിഞ്ഞ ഉടനെ മിഥുനങ്ങള്‍ വന്നു കൊളുത്തിയിടുന്നതാണ് ഈ പൂട്ടുകള്‍. വിവാഹ ബന്ധം  തകര്‍ന്നു പോവാതിരിക്കാനാണത്രേ ഈ ആചാരം .. ലവ് ബ്രിഡ്ജ് എന്നാണ് ഈ പാലത്തിന്റെ പേര് !




ലവ് ബ്രിഡ്ജിന്റെ ഒരു ദൂരക്കാഴ്ച . മുകളിലുള്ള കെട്ടിടങ്ങളുടെയെല്ലാം ഒരു ഭാഗം പുറത്തേക്കു തള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളം കൂടുതല്‍ ഒഴുകുന്ന സമയത്ത് ആ ബാല്‍ക്കണികളില്‍ നിന്നും താഴേക്കുള്ള കാഴ്ച രസകരമായിരിക്കും ..


വശങ്ങളിലെ നടപ്പാതയില്‍ നിന്നും താഴെ ഇറങ്ങി ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു.. തടി കൊണ്ട് ഭംഗിയായി നിര്‍മ്മിച്ച വഴിയും സ്വസ്ഥമായി നിന്ന് കാണാന്‍ ഉള്ള സ്ഥലവും ഉണ്ട്. വെള്ളം കുറഞ്ഞ സമയം ആയതിനാല്‍ അടുത്തേക്ക് ചെല്ലാന്‍ തടസം ഇല്ല. വലിയ ഫാള്‍ അല്ലെങ്കിലും തണുപ്പുള്ള സുഖകരമായ അന്തരീക്ഷവും നടപ്പാതയും മലകളുമെല്ലാം ചേര്‍ന്ന് നല്ലൊരു അനുഭൂതിയാണ് അവിടെ.. 


ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഞങ്ങളില്‍ ഒരാളായി മാറിയ മേരിയെ ഉള്‍പ്പെടുത്തിയും ഒരു ചിത്രം എടുത്തു 



വൃത്തിയുള്ള സ്ഥലമായിട്ടു കൂടി ഓടകളില്‍ നിന്നും വരുന്ന പോലത്തെ ഹൈഡ്രജന്‍ sulphide ന്റെ ഗന്ധം എങ്ങനെ വരുന്നു എന്ന് കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എങ്ങും മലിന ജലം ഒന്നും കാണുന്നില്ല.. അപ്പോഴാണ്‌ അത്ഭുതകരമായ ആ കഥ മേരി പറഞ്ഞു തുടങ്ങുന്നത്.. അവിടെ സള്‍ഫര്‍ കലര്‍ന്ന ചുടുനീരുറവകള്‍ ധാരാളം ഉണ്ടത്രേ..  ഈ വെള്ളത്തിന്‌ നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നും ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ പല രോഗങ്ങളും സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്നുമാണ് ജോര്‍ജിയക്കാര്‍ വിശ്വസിക്കുന്നത് .. Selenium sulphide ചുണങ്ങിന്‍റെ മരുന്നായിട്ടു ഉപയോഗിക്കുന്നുണ്ട്. സള്‍ഫറിന് ചില മെഡിക്കല്‍ property ഉണ്ടെന്നുള്ളത് ശരിയാണ്. ഇവര്‍ പറയുന്നത് പോലെ നിരവധി അസുഖങ്ങള്‍ക്ക് ഉപയോഗപ്പെട്ടില്ലെങ്കില്‍ പോലും.. ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ് ഇവിടെ നിലവിലുള്ള  സള്‍ഫര്‍ ബാത്ത് .  ചൂടുള്ളതും ഇല്ലാത്തതുമായ സള്‍ഫര്‍ വെള്ളത്തില്‍ കുളിക്കാനും മസാജിനും സൗകര്യമുള്ള സ്ഥലങ്ങള്‍ ഇവിടെയുണ്ട്. Private rooms പോലത്തെ കുളിമുറികള്‍.. സള്‍ഫര്‍ ബാത്ത് കഴിയുന്നതോടെ ചര്‍മ്മം സൂപര്‍ സ്മൂത്ത്‌ ആവും എന്നാണു അനുഭവസ്ഥര്‍ പറയുന്നത്.

സള്‍ഫര്‍ ബാത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വതാന്ഗ് ഗോര്‍ഗസാലി ചക്രവര്‍ത്തിയുടെ കാലത്താണ് ഈ സള്‍ഫര്‍ ഉറവകള്‍ കണ്ടെത്തിയത്. ടിബിലിസി അന്ന് ഒരു കാടായിരുന്നു. തന്റെ കഴുകന്മാരുമായി വേട്ടക്കിറങ്ങിയ ഗോര്‍ഗസാലി ചക്രവര്‍ത്തിയുടെ കഴുകന്മാര്‍ ഈ ചൂടുള്ള സള്‍ഫര്‍ അരുവിയില്‍ വീണു മരിച്ചു എന്നാണു ചരിത്രം.അത് ചക്രവര്‍ത്തിയില്‍ ജനിപ്പിച്ച കൗതുകമാണ് പിന്നീട് അവിടത്തെ കാടൊക്കെ വെട്ടിത്തെളിച്ച് സിറ്റി ആക്കി മാറ്റാന്‍ കാരണം .. ചൂടുള്ള എന്നര്‍ത്ഥം വരുന്ന ടിപിലി എന്ന വാക്കില്‍ നിന്നാണ് ടിബിലിസിയുടെ ഉത്ഭവം.  ഗോര്‍ഗസാലി ചക്രവര്‍ത്തിയാണ് Founder of Tbilisi എന്നറിയപ്പെടുന്നത്.


തിരിച്ചെത്തിയപ്പോഴേക്കും ജോര്‍ജി കാറുമായി കാത്തു നില്‍പ്പുണ്ട്. അടുത്ത യാത്ര മറ്റൊരു കുന്നിന്‍ പുറത്തു കൂര നദിക്കു അഭിമുഖമായി നില്‍ക്കുന്ന കൂറ്റന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കാണ്.  സമീബ എന്നറിയപ്പെടുന്ന holy trinity church . ഉയരം കൊണ്ട് ലോകത്തിലെ മൂന്നാം സ്ഥാനം ഉണ്ട് ഈ ചര്‍ച്ചിന്.. വിസ്തൃതി കൊണ്ടും ലോകത്തെ വലിയ മതസ്ഥാപനങ്ങളില്‍ ഒന്നാണിത്.  Archil mindiyashvili എന്ന ശില്പിയുടെ പ്ലാന്‍ ആണ് ഈ ചര്‍ച്ചിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട അനേകം പ്ലാനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പ്ലാന്‍ കുറെ കാലം മുന്നേ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജോര്‍ജിയയിലെ അഭ്യന്തര പ്രശ്നങ്ങളില്‍ പെട്ടു 1995 വരെ നീണ്ടു പോയി ചര്‍ച്ചിന്റെ പണി തുടങ്ങാന്‍. 2004 ല്‍ ആണ് പണി തീരുന്നത്

105.5 meter ആണ് ചര്‍ച്ചിന്റെ ഉയരം . 2380 sq meter വിസ്ത്രിതിയുമുണ്ട്. 13 മീറ്റര്‍ ഉയരമുള്ള ഒരു ഭൂഗര്‍ഭ ചാപ്പലും ഈ ചര്‍ച്ചിനുണ്ട് .  ടിബിലിസി സിറ്റിയുടെ ഒരു മുഖമുദ്ര എന്ന് വേണമെങ്കില്‍ പറയാം ഇതിനെ.. എത്ര അകലെ നിന്ന് നോക്കിയാലും പെട്ടന്ന് കാണാം. രാത്രിയില്‍ പ്രത്യേക ലൈറ്റ് ക്രമീകരണങ്ങള്‍ ചര്‍ച്ചിനെ എടുത്തു കാണിക്കും..






ചര്‍ച്ചിന് കുറച്ചു ദൂരെയായി ഒരു Artificial pond ഉണ്ട്. ഇതിന്റെ Reflection രാത്രി പോണ്ടില്‍  കാണാം. നല്ല ഫോട്ടോ frame ആണ്. പക്ഷെ ഞങ്ങളുടെ schedule ല്‍ രാത്രി ഇവിടെ പോവാന്‍ സാധ്യമല്ല.. ഒരു ടൂര്‍ പാക്കേജിന് പല പരിമിതികളുമുണ്ടല്ലോ!




ഇവിടെ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ 3 മണിയായിരുന്നു. വാച്ചില്‍ നോക്കിയത് കൊണ്ട് മാത്രമാണ് സമയത്തെ കുറിച്ച് ബോധം വന്നത്. വിശപ്പോ ക്ഷീണമോ ഉണ്ടായിരുന്നതേ ഇല്ല . 

നിങ്ങള്‍ക്ക് ക്ഷീണം ഇല്ലെങ്കില്‍ അടുത്തുള്ള ഒരു കുന്നിന്മുകളിലെ പാര്‍കില്‍ കൂടി പോവാം , അവിടെ നല്ല കാഴ്ചകള്‍ ഉണ്ട് എന്ന് മേരി പറയുന്നു.. ഉച്ച ഭക്ഷണത്തിന് പ്രത്യേകം സമയം ഒന്നും തരുന്നില്ല.. എന്ത് വേണം എന്ന് ആലോചിച്ചു ഒരു നിമിഷം.. ഭക്ഷണം അല്ലല്ലോ പ്രധാനം, എല്ലാം കണ്ടു തീര്‍ക്കണം.. പോയേക്കാം എന്ന് തീരുമാനിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല..

ജോര്‍ജി വണ്ടി കുന്നിന്മുകളിലേക്ക് പായിച്ചു. രാവിലെ mother of georgia പ്രതിമ കാണാന്‍ പോയ വഴിക്ക് തന്നെയാണ് യാത്ര. പിന്നീട് കൂടുതല്‍ ഉയരത്തിലേക്കുള്ള വേറൊരു റോഡിലേക്ക് മാറി . കറങ്ങി തിരിഞ്ഞു ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്താണ് ഈ കുന്നിന്‍ മുകളില്‍ എത്തിയത് Tesminda പാര്‍ക്ക് കാണാനാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. കുന്നിന്‍ മുകളില്‍ ചുമ്മാ ഒരു പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതല്ല.. ഒരു കുന്നിനെ അപ്പാടെ  പാര്‍ക്ക് ആക്കി മാറ്റിയതാണെന്ന് വേണമെങ്കില്‍ പറയാം.. പാര്‍കിന്റെ കവാടം തന്നെ വ്യത്യസ്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്..  താഴെ സിറ്റിയില്‍ ഉള്ളതിലും കൂടുതല്‍ തണുപ്പാണ് ഇവിടം.. പാര്‍കില്‍ വിശ്രമിക്കാനും വെറുതെ നടന്നു കാണാനും ധാരാളം സ്ഥലമുണ്ട്. ഞങ്ങള്‍ക്ക് അധിക സമയം ഇല്ലാത്തതിനാല്‍ പ്രധാന ഭാഗങ്ങളില്‍ മാത്രമാണ് മേരി ഞങ്ങളെ കൊണ്ട് പോവുന്നത്.

                                     ജോര്‍ജിയന്‍ പൂച്ചയുമായി ഒരു സല്ലാപം


പാര്‍ക്കിലെ ഒട്ടു മിക്ക മരങ്ങളടെയും ഇലകള്‍ മഞ്ഞയാണ്.. അങ്ങിങ്ങ് പച്ചപ്പ്‌ കാണാം. ഈ സീസണില്‍ ജോര്‍ജിയയില്‍ പൈന്‍ മരങ്ങള്‍ മാത്രമാണ് പച്ചയായി കാണൂ എന്നാണു ഗൈഡ് പറഞ്ഞത് .  മരങ്ങള്‍ക്ക് കീഴെ ഇരുന്നു റിലാക്സ് ചെയ്യാന്‍ നല്ല ഇരിപ്പിടങ്ങളുണ്ട്






പാര്‍ക്കിനകത്തു അങ്ങിങ്ങ് ചെറിയ തട്ടുകടകള്‍ ഉണ്ട്. അതിനു പുറമേ ഒരു വന്‍കിട ഹോട്ടലുമുണ്ട്. Tesminda park hotel .  ടിബിലിസി സിറ്റിയിലെ തന്നെ മുന്തിയ ആഡംബര ഹോട്ടലുകളില്‍ ഒന്നാണിത്.



Tesminda ഹോട്ടലിന് മുന്‍വശത്ത് നിന്നാല്‍ സിറ്റി മുഴുവന്‍ കാണാം. കുറെ കൂടി ഉയരത്തിലായതിനാല്‍  രാവിലെ കണ്ടതിലും കൂടുതല്‍ ഏരിയ കാണാം, പക്ഷെ വളരെ ചെറുതായേ കാണൂ എന്ന് മാത്രം.  തൊട്ടപ്പുറത്ത് ഒരു ജെല്‍  നാണയം ഇട്ടു വേണ്ട ഭാഗം സൂം ചെയ്തു കാണാന്‍ ടെലിസ്കോപ്പുമുണ്ട്.



പാര്‍ക്കിനകത്തു വലിയൊരു വാച് ടവര്‍ ഉണ്ട്. മുകളിലേക്ക് പ്രവേശനം തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു.. ആരും അങ്ങോട്ട്‌ പോവുന്നത് കാണാന്‍ കഴിഞ്ഞില്ല. കുറച്ചു അകലെയായി സിന്ഗപൂര്‍ ഫ്ലയര്‍ പോലെ ഒരു ജയന്റ് വീല്‍ ഉണ്ട്. ഉയരത്തില്‍ പതിയെ കറങ്ങി സിറ്റി മുഴുവന്‍ കാണാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് .. ഈ ടവര്‍ രാത്രിയില്‍ സിറ്റിയില്‍ നിന്ന് കാണാന്‍ നല്ല ഭംഗിയാണ്.. ടവര്‍ മൊത്തം ഒരു ഫോട്ടോയില്‍ കിട്ടാവുന്ന ഒരു ലെന്‍സ്‌ ഇത് വരെ കണ്ടിട്ടില്ല എന്ന ഒരു കമന്റ്‌ പാസ്സാക്കി മേരി ഈ ഫോട്ടോ കണ്ടപ്പോള്‍

പാര്‍ക്ക് പര്യടനം അവസാനിപ്പിച്ചു തിരിച്ചു നടക്കുന്നതിനിടയ്ക്കാണ് കണ്‍കുളിര്‍പ്പിക്കുന്ന  ഈ കാഴ്ച കാണുന്നത്.. പച്ച നിറം പൈന്‍ മരങ്ങള്‍ക്ക് മാത്രമേ ഉള്ളൂ എന്ന് നേരത്തെ പറഞ്ഞതോര്‍ത്തു..  . ഞാന്‍ പിന്നാലെ ഓടി എത്താം നിങ്ങള്‍ നടന്നോ എന്ന് പറഞ്ഞു ഞാന്‍ ഇവിടെ നിന്നു.. ഏതാനും ചിത്രങ്ങള്‍ എടുക്കാതെ എനിക്ക് ഇവിടെ നിന്ന് പോരാന്‍ കഴിയില്ല.. ലെന്‍സ്‌ മാറ്റിയിട്ടു രണ്ടു മൂന്നു ചിത്രം എടുത്തപ്പോഴേക്കും മേരി തരിച്ചു എന്നെ തേടി വന്നു.. പോവാന്‍ സമയമായി  എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌..

schedule പ്രകാരം 1 pm നു അവസാനിക്കെണ്ടിയിരുന്ന സിറ്റി ടൂര്‍ 5 മണിക്കാണ് തീരുന്നത്. അന്നത്തെ കറക്കം അവസാനിച്ചു എന്ന് മനസിലായതോടെ കുറേശ്ശെ വിശപ്പും ക്ഷീണവും തോന്നിത്തുടങ്ങി..  സിറ്റി ടൂറില്‍ യഥാര്‍ത്ഥത്തില്‍ 2  മ്യൂസിയങ്ങള്‍ കൂടി കാണാനുണ്ട്. എന്നാല്‍ ഓരോ സ്ഥലത്തും ഫോട്ടോ എടുപ്പും മറ്റുമായി കൂടുതല്‍ സമയം ചിലവഴിച്ചതിനാല്‍ അവ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ അതില്‍ നിരാശ തോന്നിയില്ല. മ്യൂസിയം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് ആവശ്യം ഇന്ന് കണ്ട മറ്റു കാഴ്ചകളില്‍ അലിഞ്ഞു ചേരലായിരുന്നു.. അത് ഭംഗിയായി നടക്കുകയും ചെയ്തു. 

Taj mahal എന്ന ഇന്ത്യന്‍ ഹോട്ടലിന് മുന്നില്‍ ആണ് ട്രിപ്പ്‌ അവസാനിച്ചത്‌. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത്‌ തന്നെയാണ് താജ് മഹല്‍ .  പിരിയാന്‍ നേരം നാളെയും നിങ്ങള്‍ തന്നെയാണോ ഞങ്ങളുടെ കൂടെ എന്ന് മേരിയോടും ജോര്‍ജിയോടും ചോദിച്ചു.. വേറെ ടീമിന്റെ കൂടെയാണ് ഇപ്പോഴത്തെ schedule എന്നാണ് മറുപടി കിട്ടിയത്. ഇനി കാണില്ല എന്ന ചിന്തയോടെയാണ്  യാത്ര പറഞ്ഞത്. ഞങ്ങളില്‍ ഒരാളായി മാറി എല്ലാം വളരെ വിശദമായി കാണിച്ചു തരുകയും പറഞ്ഞു തരികയും ചെയ്തതിനു പ്രത്യേകം നന്ദി പറയാന്‍ മറന്നില്ല..



ഭക്ഷണം കഴിച്ചു അല്‍പ്പം വിശ്രമിച്ച ശേഷം സിറ്റിയുടെ രാത്രി കാഴ്ച്ചകള്‍ പകര്‍ത്താന്‍ ഒന്ന് കൂടി ഇറങ്ങണം എന്ന് കരുതിയിരുന്നു.. നാളെ ദൂരെയുള്ള ഒരു പര്‍വ്വതത്തിന്റെ മുകളിലേക്കാണ് യാത്ര. തിരിച്ചെത്താന്‍ വൈകും.. അതിനടുത്ത ദിവസവും കുറച്ചു ദൂരെയാണ് പോവേണ്ടത്. പിന്നീട് സിറ്റിയില്‍ കറങ്ങാന്‍ ഒരു രാത്രി മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു ചിന്ത.. എന്നാല്‍ റൂമില്‍ എത്തി  മെത്തയും പുതപ്പും കണ്ട ഒരു നേരിയ ഓര്‍മ്മ മാത്രമേ ബാകിയുള്ളൂ  :-) 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)