ഐസ് മൂടിയ കാസ്ബെഗി മലനിരകളിലൂടെ ഒരു തണുത്തുറഞ്ഞ യാത്ര

ഡിസംബർ 13, 2017


രാവിലെ ഉണര്‍ന്നു whats app നോക്കിയപ്പോള്‍ മേരിയുടെ മെസ്സേജ് കിടപ്പുണ്ട്.. ഇന്നലത്തെ അതെ ടീം തന്നെയാണ് ഇന്ന്  Mountain Tour നും കൂടെ വരുന്നത്.. 9.30 നു റെഡി ആയി നില്‍ക്കണം എന്ന്.. പഴയ ടീം തന്നെയാണ് ഇന്നും എന്ന് കേട്ടതോടെ എല്ലാവര്‍ക്കും സന്തോഷം..

കൊടും തണുപ്പുള്ള സ്ഥലത്തേക്കാണ്‌ യാത്ര. വേണ്ട മുന്‍കരുതല്‍ എല്ലാം വേണം.. കട്ടി കൂടിയ ജാക്കറ്റ്, ഗ്ലവ്സ്, തൊപ്പി, മഞ്ഞില്‍ തെന്നി പോവാത്ത ഷൂസ് എന്നിവ നിര്‍ബന്ധമാണ്‌.. കുറെ ഒക്കെ നേരത്തെ കരുതിയിരുന്നെങ്കിലും ചില വസ്തുക്കളെല്ലാം വങ്ങേണ്ടിയിരിക്കുന്നു.  ടിബിലിസി സിറ്റിയില്‍ നിന്നും കുറച്ചു അകലെയുള്ള ഷോപ്പിംഗ്‌ മാളില്‍ ജോര്‍ജി കാര്‍ നിര്‍ത്തി. ഓരോരുത്തരും കയ്യില്‍ ഇല്ലാത്ത സാമഗ്രികള്‍ എല്ലാം വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. നേരത്തെ സിക്കിമില്‍ പോയപ്പോള്‍ ഇത് പോലെയുള്ള മലമുകളില്‍ പോയിട്ടുണ്ട്. അവിടെ മഞ്ഞില്‍ ധരിക്കാനുള്ള ഷൂ വാടകയ്ക്ക് കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ട്. ഇവിടെ വാടക പരിപാടി ഇല്ല. നല്ല ഷൂ എടുക്കാന്‍ ചുരുങ്ങിയത് 1500 രൂപ ചിലവാക്കണം 

പെട്രോളും  ഗ്യാസും മാറി മാറി അടിച്ചു ജോര്‍ജി കാര്‍ കത്തിച്ചു വിട്ടു.. സിറ്റി പരിസരം വിട്ടു ക്രമേണ ഗ്രാമീണ മേഖലകളിലേക്കും പിന്നെ പതിയെ മലകള്‍ നിറഞ്ഞ ഭാഗങ്ങളിലേക്കും കാര്‍ ഓടിക്കൊണ്ടിരുന്നു.. ക്രമേണ കാലാവസ്ഥയും മാറി വരുന്നത് കാണാമായിരുന്നു.. വളഞ്ഞു പുളഞ്ഞുള്ള മലമ്പാതകള്‍ പിന്നിടും തോറും റോഡില്‍ അങ്ങിങ്ങ് ഐസ് കണികകള്‍ കാണാന്‍ തുടങ്ങി.. കൂടുതല്‍ പോകും തോറും റോഡിനു ഇരു വശവും ചുറ്റുമുള്ള മലകളിലുമെല്ലാം ഐസ് പാളികള്‍ കാണാന്‍ കഴിഞ്ഞു..  റോഡിന്റെ ഇരു വശങ്ങളിലും വന്‍ മലകളാണ്.. ഒരു വശത്തെ താഴ്വരയിലൂടെ പച്ച നിറത്തിലുള്ള വെള്ളം വഹിച്ചു കൊണ്ടോഴുകുന്ന സുന്ദരിയായ ഒരു നദി.. ടിബിലിസിയിലെ കൂര നദിയുടെ പ്രധാന കൈവഴികളില്‍ ഒന്നായ ആരാഗ്വി നദിയാണത്. 112Km ആണ് ആരാഗ്വിയുടെ നീളം. ഈ നദിയില്‍ ഒരു കൂറ്റന്‍ അണക്കെട്ടുണ്ട്.. ജിന്‍വാലി റിസര്‍വോയര്‍.  ജോര്‍ജിയയിലെ പ്രധാന കുടിവെള്ള സ്രോതസ് ആണ് ഈ റിസര്‍വോയര്‍. ചുറ്റുമുള്ള കൂറ്റന്‍ മലനിരകളില്‍ നിന്നും വെള്ളം നദിയിലേക്ക് ഒഴുകിയിറങ്ങുന്ന കാഴ്ച മനോഹരമാണ്. ചില സ്ഥലങ്ങളില്‍ ഇത്തരം കൈവഴികള്‍ ഐസ് ആയി നിശ്ചലമായിരിക്കുന്നതും കാണാം. ഡാം പ്രദേശത്ത് വാഹനം നിര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുറെ കൂടി മുന്നോട്ടു പോയാണ് കാര്‍ നിര്‍ത്തിയത്. അപ്പോഴേക്കും ഡാം കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു..

ആരാഗ്വി നദിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന ഒരു വ്യൂ പോയിന്റില്‍ ജോര്‍ജി കാര്‍ നിര്‍ത്തി. ഒട്ടും വെയില്‍ ഇല്ലാത്ത മൂടിയ അന്തരീക്ഷം.. സുഖകരമായ തണുപ്പ്.. മനം മയക്കുന്ന കാഴ്ചകളും.. കാര്‍ നിര്‍ത്തിയ ഉടനെ എല്ലാവരും അങ്ങോട്ട് ഓടി..  






മൊബൈലില്‍ പതിഞ്ഞ ചിത്രങ്ങള്‍ എല്ലാം ഓക്കേ ആണല്ലോ എന്ന് പരിശോധന നടക്കുന്നു ..


അകലെ മലമുകളില്‍ ഐസ് ഉറഞ്ഞു കിടക്കുന്നത് കാണാം.. ജോര്‍ജിയയില്‍ വിമാനം ഇറങ്ങുന്നതിനു മുന്നേ കണ്ട കാഴ്ചയാണത്. കറങ്ങി തിരിഞ്ഞു അങ്ങോട്ട്‌ തന്നെയാണ് ഞങ്ങളും പോവുന്നത്.. പലയിടത്തും ഐസ് മൂടിയ മലകളുടെ മുകള്‍ഭാഗം ആകാശത്തില്‍ നിന്നും കൃത്യമായി വേര്‍തിരിഞ്ഞു കാണാന്‍ കഴിയുന്നേയില്ല.


പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അനാനുറി കോട്ടയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ജോര്‍ജിയയിലെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്.  നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയാണ് അനാനുറി. ആദ്യ കാലത്ത് നിര്‍മ്മിച്ച കോട്ടയ്ക്കു പുറമേ ചില കെട്ടിടങ്ങളും കൂടി പതിനേഴാം  നൂറ്റാണ്ടില്‍ ഇവിടെ നിര്‍മ്മിച്ചാണ് ഇന്നത്തെ രൂപത്തില്‍ ആക്കിയത്.. യുദ്ധ സമയത്ത് ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ അറകളെല്ലാം ഇപ്പോഴും കാണാം കോട്ടയുടെ പരിസരത്ത്.. 2007 മുതല്‍ ഈ കോട്ട യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. മറ്റു പല കോട്ടകളെയും പോലെ ഇപ്പോള്‍ ഇത് ഒരു ചര്‍ച്ചാണ്.

കോട്ടയിലേക്ക് പോകുന്ന വഴിക്ക് ഒരു ചെറിയ മാര്‍ക്കെറ്റ് ഉണ്ട്.. ജോര്‍ജിയന്‍ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാനുള്ള വസ്തുക്കളും ജാക്കെറ്റ്‌, തൊപ്പി തുടങ്ങിയവയെല്ലാം വാങ്ങിക്കാന്‍ കിട്ടും..


കോട്ടയുടെ കവാടത്തില്‍ എത്തിയപ്പോള്‍ മേരി എല്ലാവരെയും വിളിച്ചു കൂട്ടി ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി. വിശധമായ ഒരു History class തന്നെയാണ്.. ക്ലാസ്സ്‌ കേട്ട് നിന്നാല്‍ കുറച്ചു ഫോട്ടോകള്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള കാരണം പറയുന്നത് എല്ലാം കേട്ട് ഓര്‍ത്തു വെക്കാന്‍ ഗ്രൂപിലെ ഒരാളെ ചട്ടം കെട്ടി ഞാന്‍ ചില ചിത്രങ്ങള്‍ എടുക്കാനായി നീങ്ങി ..
കണ്ടില്ലേ സ്കൂള്‍ കുട്ടികളെ പോലെ അവിടെ ക്ലാസ് കേട്ട് നില്‍ക്കുന്നത് ! :-)



മലനിരകളില്‍ പച്ചപ്പ്‌ നിറഞ്ഞ സമയമാണ് ഇവിടെ കാണാന്‍ കൂടുതല്‍ ഭംഗി.. ചിത്രങ്ങള്‍ ഇതിലേറെ മനോഹരമായിരിക്കും

കോട്ട സമുച്ചയത്തിലെ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് തെന്നി നീങ്ങുന്ന  ഐസ് വക വെക്കാതെ റിസ്ക്‌ എടുത്തു കയറിയത് വെറുതെ ആയില്ല.. ജോര്‍ജിയയില്‍ നിന്നും എടുത്ത ചിത്രങ്ങളില്‍ ഏറ്റവും സന്തോഷം തന്നത് ഈ ചിത്രമാണ്






അന്നാനുരിയില്‍ നിന്ന് തിരിച്ചു പോരുന്നതിനു മുന്നേ ഒരു ചായ കുടിക്കാന്‍ അടുത്ത് കണ്ട കടയില്‍ കയറി. മഷീന്‍ ഉണ്ടാക്കി തന്ന ചായക്ക് അത് വരെ കുടിച്ചിട്ടില്ലാത്ത തനതു രുചി..ചായ ആണോ അതോ ചൂടുള്ള ജ്യൂസ് ആണോ എന്ന് സംശയം തോന്നി പോവും :-)


ആരാഗ്വി നദി കുറച്ചു കൂടി അടുത്ത് നിന്ന് കാണാനും ചിത്രമെടുക്കാനുമായി മറ്റൊരു സ്ഥലത്ത് കാര്‍ നിര്‍ത്തി.  അടുത്ത് കാണാമെങ്കിലും വെള്ളത്തിലേക്ക്‌ ഇറങ്ങാന്‍ പ്രയാസമാണ്.   ആരാഗ്വിയുടെ രണ്ടു കൈവഴികള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണതു. പരിസരത്ത് ഏതാനും തട്ടുകടകളുമുണ്ട്.  ഐസ് വീണു കിടക്കുന്ന കാഴ്ചകള്‍ മുന്നേ സിക്കിമില്‍ കണ്ടു പരിചയം ഉള്ള കാരണം എനിക്ക് വലിയ പുതുമ ഇല്ലായിരുന്നെങ്കിലും കൂട്ടത്തിലുള്ള മറ്റെല്ലാവര്‍ക്കും ഇത് ആദ്യ അനുഭവമായിരുന്നു.. അത് കൊണ്ട് തന്നെ ഐസ് കൈയ്യില്‍ എടുത്തും മുകളിലേക്ക് എറിഞ്ഞും മറ്റും ഗംഭീര ആസ്വാദനമായിരുന്നു .


ജോര്‍ജിയയില്‍ ഞങ്ങള്‍ വന്നിറങ്ങിയത് മുതലങ്ങോട്ടു വെയില്‍ ഒട്ടും ഇല്ലാത്ത മൂടിയ അന്തരീക്ഷം ആയിരുന്നു. പല തരത്തിലും അത് ഞങ്ങള്‍ക്ക് ഉപകാരപ്പെട്ടു. എടുത്ത ചിത്രങ്ങളില്‍ ഒന്നില്‍ പോലും നിഴല്‍ മൂലമുള്ള ഭംഗിയില്ലായ്മ ഉണ്ടായില്ല.  ഇവിടെ നിന്നാണ് ആദ്യമായി ജോര്‍ജിയയില്‍ ഉദിച്ച സൂര്യനെ കാണുന്നത്..  ഒട്ടും വെയില്‍ ഇല്ലാത്ത രൂപത്തില്‍ പതിയെ എത്തിനോക്കുന്ന സൂര്യന്‍ !




ഒരു പുകപാറിയ പടം കൂടി എടുത്തു ഇവിടെ നിന്നും യാത്ര തുടര്‍ന്നു.. :-)


കാസ്ബെഗി മല നിരകളുടെ മുകളില്‍ ഏഴായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗെര്‍ഗെറ്റി ഹോളി ട്രിനിറ്റി ചര്‍ച്ചിലേക്കാണ് ഞങ്ങളുടെ യാത്ര.. മലയുടെ തൊട്ടു താഴെ വരെയേ ജോര്ജിയുടെ മസ്ദ കാര്‍ കൊണ്ട് പോകാന്‍ കഴിയൂ.. അത് കഴിഞ്ഞാല്‍ വളരെ ദുര്‍ഘടമായ മലമ്പാതയാണ്‌ . കുഴികളും പാറക്കൂട്ടങ്ങളും നിറഞ്ഞ വഴി. അങ്ങോട്ട്‌ പോവാന്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഓഫ്‌ റോഡു വാഹനങ്ങള്‍ തന്നെ വേണം. അതിനു 40 ജെല്‍ കയ്യില്‍ നിന്നും കൊടുക്കണം. ഈ നിബന്ധന അനുസരിച്ച് അങ്ങോട്ട്‌ പോവാന്‍ തയാറാണോ എന്ന് മേരി ചോദിച്ചു. രണ്ടാമത് ആലോചിക്കാതെ തന്നെ എല്ലാവരും തയാറായിരുന്നു..

ജോര്‍ജി ഉടനെ ഗെര്‍ഗെറ്റിയിലെ കാലാവസ്ഥ ആരോടോ അന്വേഷിച്ചു . - 21 ഡിഗ്രിയാണ് അവിടത്തെ തണുപ്പ്.. ചുറ്റും ഉള്ള മലകള്‍ എല്ലാം ഐസ് മൂടി കിടപ്പായതിനാല്‍ ചിലപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയില്ല.. എന്ത് വേണം? പോവണോ എന്ന് വീണ്ടും ചോദിക്കുന്നു.. മൈനസ് 21 ഡിഗ്രി എന്ന് കേട്ടപ്പോള്‍ ശരിക്കും ഞെട്ടി.. എങ്ങനെ അതിജീവിക്കാന്‍ കഴിയും ആ തണുപ്പ്.. എന്തായാലും പോയി നോക്കാം എന്നായി തീരുമാനം..

പോവുന്ന വഴിക്ക് ഒരു ചെറിയ ടൌണ്‍ഷിപ്പില്‍ കാര്‍ നിര്‍ത്തി. ഭക്ഷണം കഴിക്കണം. ഒരു താജ് ഹോട്ടല്‍ അവിടെയും ഉണ്ട്. തേന്‍ വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ വരൂ എന്ന് പറഞ്ഞു മേരി ഒരു തേന്‍ കടയിലേക്ക് ഞങ്ങളെ കൊണ്ട് പോയി.. തേനിന്റെ വന്‍ ശേഖരം തന്നെ അവിടെയുണ്ട്.. പല നിറത്തിലുള്ളവ.. കടും ചുവപ്പ് മുതല്‍ ഇളം മഞ്ഞ നിറം വരെ വിവിധ ഇനം തേനുകള്‍.. അറിയാവുന്ന ഇംഗ്ലീഷില്‍ ആള്‍ തേനിന്റെ വിവിധ ഗുണങ്ങള്‍ വിവരിച്ചു തരാന്‍ ശ്രമിക്കുന്നുണ്ട്..ഇത് ഇമ്യൂനിറ്റിക്ക് നല്ലത്, ഇത് അലെര്‍ജി ഉള്ളവര്‍ക്ക് നല്ലത്, ഹൃദയത്തിനു നല്ലത് തുടങ്ങി വിവരണം തുടരുന്നു.. രണ്ടു ബോട്ടില്‍ ഞങ്ങള്‍ വാങ്ങിച്ചു. 70 GEL പറഞ്ഞത് വിലപേശി 50 ല്‍ ഒതുക്കി. ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു..

മാമന്‍ വെള്ളമടി തുടങ്ങിയോ? കുട്ടികള്‍ ചോദിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി.. അതെന്താ അങ്ങനെ ചോദിച്ചത്?
അല്ല .. മിനറല്‍ വാട്ടര്‍ വാങ്ങാന്‍ പറഞ്ഞിട്ട് എന്താ സോഡ വാങ്ങിച്ചിരിക്കുന്നത്‌ ? :-)

ഞാന്‍ മിനറല്‍ വാട്ടര്‍ എന്ന് എഴുതിയ ബോട്ടില്‍ തന്നെയാണല്ലോ എടുത്തത്‌.. അബദ്ധത്തില്‍ എങ്ങാനും മാറി പോയോ ..സാധ്യത ഇല്ലല്ലോ..

അപ്പോഴാണ്‌ മേരി അതെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.. ജോര്‍ജിയയിലെ ഒരു അത്ഭുത പ്രതിഭാസമായ ബോര്‍ജോമിയിലെ മിനെറല്‍ വാട്ടറിനെ കുറിച്ച്..  സെന്‍ട്രല്‍ ജോര്‍ജിയയിലെ ഒരു സ്ഥലമാണ് ബോര്‍ജോമി. ഞങ്ങളുടെ ടൂര്‍ പാക്കേജില്‍ പെടാത്ത സ്ഥലമാണ്‌ . ടിബിലിസിയില്‍ നിന്ന് എട്ടു മണിക്കൂര്‍ യാത്രയുണ്ട് ബോര്‍ജോമിയിലേക്ക്.  mineral water നു പ്രശസ്തമാണ് ബോര്‍ജോമി.. നേരത്തെ എവിടെയോ ഞാന്‍ കേട്ടിട്ടുണ്ട്.. ബോര്‍ജോമിയിലെ 7500 അടി ഉയരമുള്ള ബക്കുരിയാണി മലനിരകളില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം ശുദ്ധീകരിച്ചാണ് ബോര്‍ജോമി മിനെറല്‍ വാട്ടര്‍ കുപ്പികളില്‍ ആക്കി വരുന്നത്.  മല മുകളില്‍ നിന്ന് ഒഴുകി വരുന്നത് കാല്‍ഷ്യം കാര്‍ബനെററ്  പാറകള്‍ക്കിടയിലൂടെയാണ് . ഇങ്ങനെ ഒഴുകി വരുമ്പോള്‍ വെള്ളം തനിയെ Carbonated ആയി മാറുന്നു.. അഥവാ ബോര്‍ജോമി മിനെറല്‍ വാട്ടര്‍ പ്രകൃത്യാ ഉണ്ടാവുന്ന സോഡയാണെന്ന് ചുരുക്കം.. കേട്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി..  പണ്ട് നടന്ന ഏതോ യുദ്ധ സമയത്ത് ഒരു പട്ടാളക്കാരന്‍ ആണത്രേ ഇത് കണ്ടെത്തിയത്.. പിന്നീട് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങി. ഇപ്പോള്‍ നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഈ വെള്ളത്തിന്‌ പല അസുഖങ്ങളും മാറ്റാന്‍ കഴിവുണ്ടെന്നാണ് ജോര്‍ജിയക്കാര്‍ വിശ്വസിക്കുന്നത്


കാര്‍ മുന്നോട്ട് പോവും തോറും ഐസ് ന്റെ കട്ടി വര്‍ധിച്ചു കൊണ്ടിരുന്നു.. ചുറ്റിലുമുള്ള മലകള്‍ പൂര്‍ണ്ണമായും ഐസ് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.. പച്ചപ്പിന്റെ ഒരു കണിക പോലും എങ്ങും കാണാന്‍ ഇല്ല.. വഴിയില്‍ ഒരു ലോറി മഞ്ഞിലേക്ക് തെന്നി വീണു കര കയറാന്‍ കഴിയാതെ കിടക്കുന്ന സ്ഥലത്ത് ചെറിയ ട്രാഫിക്‌ ബ്ലോക്ക്.. അവിടെ കുറച്ചു നേരം ഇറങ്ങി.. പൂര്‍ണ്ണമായും ഐസില്‍  നിന്ന് കൊണ്ട് ആദ്യത്തെ ചിത്രം എടുത്തു 


നിരവധി കുന്നുകളും താഴ്വരകളും പിന്നിട്ടു ഒരു പെട്രോള്‍ പമ്പിനുള്ളില്‍ ജോര്‍ജി കാര്‍ പാര്‍ക്ക് ചെയ്തു.. അവിടെ ഞങ്ങള്‍ക്ക് പോവേണ്ട വാന്‍ കാത്തു കിടക്കുന്നു.. Mitsubishi വാന്‍ ആണ്. ജോര്ജിയുടെ കാറിനേക്കാള്‍ വിശാലതയുണ്ട് അകത്ത്.. സീറ്റും മറ്റും കൂടുതല്‍ സുഖപ്രദം.. ജോര്‍ജി ഒഴികെ എല്ലാവരും വാനില്‍ കയറി.. മെയിന്‍ റോഡില്‍ നിന്ന് മാറി ചെറിയ കോണ്ക്രീറ്റ് റോഡിലൂടെ ആയി യാത്ര.. കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ വീടുകല്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ മണ്പാത മാത്രമായി.. പിന്നീടങ്ങോട്ട് യഥാര്‍ത്ഥ മലമ്പാത.. ഇത് വഴി എങ്ങനെ ഈ വാഹനം കയറിപോവും എന്ന് ചിന്തിച്ചു പോവും..  എന്നാല്‍ പാറക്കല്ലുകളും വെള്ളം ഒഴുകി രൂപപ്പെട്ട ചാലുകളും വഴുക്കുന്ന ഐസും നിറഞ്ഞ വഴികളിലൂടെ അനുസരണയുള്ള കുഞ്ഞിനെ പോലെ വാന്‍ കയറിപോയി.. ഒരിക്കല്‍ പോലും തെന്നുകയോ തനിയെ ചക്രം കിടന്നു കറങ്ങുകയോ ഒന്നും ചെയ്യാതെ.. Mitsubishi ഒരു മികച്ച ഓഫ് റോഡ്‌ performer തന്നെ എന്ന് ഓര്‍ത്തു..

വീതി കുറഞ്ഞ, വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ അനായാസമായാണ് ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത്.. സ്ഥിരമായി ചെയ്യുന്നതിന്റെ കൈവഴക്കം തന്നെ.. വശങ്ങളില്‍ ഉള്ള കൊക്കകളില്‍ കൂറ്റന്‍ പൈന്‍ മരങ്ങളുടെ തലപ്പ്‌ കാണാം.. ഏതാനും സെന്റിമീറ്ററുകള്‍ പാളി പോയാല്‍ പിന്നെ പൊടി പോലും കാണില്ല..  ഒരു മണിക്കൂറോളം ഓടി വാന്‍ ഏതാണ്ട് നിരപ്പായ സ്ഥലത്ത് എത്തി.. മലമുകളില്‍ ഉള്ള ഒരു ഏരിയ ആണത്..  അകെ ഇരുട്ട് മൂടിയ അന്തരീക്ഷം.. ഞങ്ങള്‍ എത്തിയപ്പോള്‍ മറ്റു ടൂരിസ്റ്റുകള്‍ മടങ്ങുന്ന സമയം ആയിട്ടുണ്ടായിരുന്നു.. അധിക സമയം അവിടെ നില്ക്കാന്‍ ഡ്രൈവര്‍ സമ്മതിക്കില്ല.. തിരിച്ചു വരുന്ന മലംപാതകളില്‍ ഐസ് മൂടിയാല്‍ പിന്നെ മലമുകളില്‍ തന്നെ തങ്ങേണ്ടി വരും..  കുറച്ചു അകലെ ഒരു കുന്നിന്‍ പുറത്തു തലയുയര്‍ത്തി നില്‍ക്കുന്ന ഗെര്‍ഗെറ്റി monastery കണ്ടു.. ആ കുന്നു നടന്നു കയറണം.. അതിന്റെ താഴെ വാഹനം പാര്‍ക്ക് ചെയ്തു.. ഡോര്‍ തുറന്നതും അതി ശക്തമായ കാറ്റും ജിവിതത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത മൈനസ് 21 ഡിഗ്രി എന്ന കൊടും തണുപ്പും.. വാനില്‍ നിന്ന് പുറത്തു ഇറങ്ങിയ ഉടനെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ജനങ്ങളില്‍ ഒരാള്‍ കാറ്റിന്റെ ശക്തിയില്‍ താഴെ വീണു..  ഞങ്ങള്‍ വാനില്‍ ഇരുന്നോളാം മക്കളെ,, നിങ്ങള്‍ പൊയ്ക്കോളൂ എന്നായി പിന്നെ :-)

ഐസില്‍ തെന്നി വീഴാതെ വളരെ ശ്രദ്ധയോടെ വേണം മുകളിലേക്ക് കയറാന്‍.




കടുത്ത തണുപ്പില്‍ ആകെ ഉലഞ്ഞു പോയി. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.. ഏതാനും ചിത്രങ്ങള്‍ എടുക്കാന്‍ കയ്യിലെ ഗ്ലൌസ് ഊരി  സെക്കന്റുകള്‍ കഴിഞ്ഞപ്പോളെക്കും കൈ ആകെ ചുവന്നു കോച്ചി പോയി.. ക്യാമറ പിടിച്ച കൈ വിറയ്ക്കുന്ന കാരണം മര്യാദക്ക് പടങ്ങള്‍ കിട്ടുന്നുമില്ല.. 





ഗെര്‍ഗെറ്റി monastery യുടെ ഉള്ളില്‍ കയറാന്‍ ഞങ്ങള്‍ ഓടി.. ഉള്‍ഭാഗം കാണാനുള്ള ആഗ്രഹം കൊണ്ടല്ല.. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍.. ഇവരെ മൂന്നു പേരെയും നിര്‍ത്തി ഏതാനും ചിത്രങ്ങള്‍ എടുത്തു.. കുറച്ചുകൂടി മികച്ചതാക്കാന്‍ വേണ്ടി ഒന്നുകൂടി സെറ്റിംഗ്സ് മാറ്റി പടം എടുക്കാന്‍ കാത്തു നില്ക്കാന്‍ ഞാന്‍ പറഞ്ഞെങ്കിലും ഇനി നില്ക്കാന്‍ ഞങ്ങളില്ല എന്ന് പറഞ്ഞു മൂവരും ഓടി പള്ളിക്കുള്ളില്‍ കയറി ഒളിച്ചു ..






പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ട്രിനിറ്റി ചര്‍ച്ച് . കുറെ നാളത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണത്രേ ചര്‍ച്ചിന് വേണ്ടി ഈ സ്ഥലം തിരഞ്ഞെടുത്തത്.. എളുപ്പത്തില്‍ ശത്രുക്കള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്ഥലം തന്നെയാണ് അവര്‍ ഉദ്ദേശിച്ചത്..  കമ്മ്യുണിസ്റ്റ് അധിനിവേശ കാലത്ത് മതവുമായി ബന്ധപ്പെട്ടതെല്ലാം തകര്‍ക്കപ്പെട്ടപ്പോള്‍  St Nino's cross എന്ന പ്രശസ്തമായ കുരിശു ഇവിടെയാണത്രെ സുരക്ഷിതമായി ഒളിപ്പിച്ചു വച്ചിരുന്നത്.. 

ചര്‍ച്ചിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുമതിയില്ല. ഉള്ളിലെ ഹീറ്ററിന് മുന്നില്‍ കുറച്ചു നേരം ഇരുന്നു.. ചെറിയ ഒരു ആശ്വാസം.. ആളുകള്‍ എല്ലാം പോന്നു കഴിഞ്ഞാല്‍ അവിടെ ഒരു അച്ഛന്‍ മാത്രമാണ് ഉള്ളത്.. എങ്ങനെ ഇത്ര വിജനമായ ഈ മലമുകളില്‍ കൊടും തണുപ്പില്‍ ഒരാള്‍ ഒറ്റയ്ക്ക് കഴിച്ചു കൂട്ടുന്നു എന്നതായി ഞങ്ങളുടെ ആലോചന.. Rotation സമ്പ്രദായം ആയിരിക്കും എന്ന് ഞാന്‍ ഒരു ഊഹം പാസ്സാക്കി.. Punishment transfer ആയിരിക്കും എന്ന് കൂട്ടത്തിലെ വേറൊരാളും .. :-) 

പള്ളിയുടെ കൂടുതല്‍ മികച്ച ഒരു ഫ്രെയിം കിട്ടാന്‍ പറ്റുന്ന ഒരു സ്ഥലം അന്വേഷിക്കാന്‍ കഴിഞ്ഞില്ല.. സമയക്കുറവും തണുപ്പും കാരണം അതിനു ശ്രമിച്ചില്ല.. താഴെ നിന്നും ഡ്രൈവര്‍ തിരക്ക് കൂട്ടുന്നുണ്ട്.. ഞങ്ങള്‍ ഇറങ്ങി ചെല്ലാത്ത കാരണം വാഹനം കുറച്ചു മുകളിലേക്ക് കയറ്റി കൊണ്ട് വന്നിട്ടുണ്ട് പുള്ളി.. എല്ലാ സന്ദര്‍ശകരും അപ്പോഴേക്കും  മടങ്ങിക്കഴിഞ്ഞു..








കണ്ടാല്‍ പൂച്ചയെ പോലെ സൗമ്യനാണെങ്കിലും ആള് പുലിയാണ് ! 


തിരിച്ചു ഇറങ്ങുമ്പോള്‍ നേരം ഇരുട്ടി.. ഡ്രൈവര്‍ തിരക്ക് കൂട്ടുന്നത്‌ എന്താണെന്നു വളരെ വ്യക്തം. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മലമ്പാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്.. 

താഴെ ജോര്‍ജി കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു.. പാതി ഉറങ്ങിയും ഉണര്‍ന്നുമാണ് മടക്ക യാത്ര.. ഇടയ്ക്കു കുറച്ചു നേരം പഴയ സ്ഥലത്ത് ബ്ലോക്കില്‍ പെട്ടു കിടന്നതൊഴിച്ചാല്‍ സുഖകരമായ യാത്ര. മഞ്ഞു മൂടിയ മല നിരകള്‍ നിലാവില്‍ തിളങ്ങുന്നുണ്ടായിരുന്നു..

താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്‍ വാഹനം എത്തിയപ്പോള്‍ മേരി പറഞ്ഞു നാളെ നിങ്ങളുടെ കൂടെ വേറെ ടീം ആണ്. ഞങ്ങളുടെ കമ്പനി ഇന്നത്തോടെ തീര്‍ന്നു.. അവസാനമായി ഒന്ന് കൂടി യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.. 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)