ഒമാനിലെ ഒരു വര്‍ഷം

മാർച്ച് 09, 2018


സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ഒരു ഒമാന്‍ യാത്രാ വിവരണം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു ആഗ്രഹം മനസിലുണ്ടായിരുന്നു.. ഒരിക്കല്‍ ഒമാന്‍ കാണണം. ടൂര്‍ പോവാന്‍ തിരയുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒമാനെകുറിച്ചും തിരച്ചിലുകള്‍ നടത്തിയിരുന്നു. ഒമാന്‍ കാണുന്നത് ഇവിടെ ജോലി ചെയ്തു കൊണ്ടായിരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല,.. അത് തന്നെയാണല്ലോ ജീവിതത്തിലെ അനിശ്ചിതത്വം.. പ്രതീക്ഷിക്കാത്ത പലതും അങ്ങനെ സംഭാവിച്ചുകൊണ്ടേയിരിക്കും.. 

Viva exam നു വേണ്ടിയാണ് ഒമാന്‍ മണ്ണില്‍ രണ്ടാമതായി  കാലു കുത്തുന്നത്.. ഉമ്രക്ക് പോവുന്ന വഴി അതിനു മുന്‍പ് മസ്കറ്റ്  എയര്‍പോര്‍ട്ടില്‍ 4 മണിക്കൂര്‍ ചിലവഴിച്ചിട്ടുണ്ട് .. Viva exam കഴിഞ്ഞു രാത്രി വൈകിയുള്ള ഫ്ലൈറ്റിനാണ് മടക്കം. സുഹൃത്തിന്റെ വീട്ടിലെ ഉച്ചഭക്ഷണത്തിന് ശേഷം ചെറിയൊരു കറക്കം പ്ലാന്‍ ചെയ്തു..  മസ്കെറ്റില്‍ നിന്നും സുര്‍ എന്ന സ്ഥലത്തേക്ക് പോവുന്ന വഴിക്കുള്ള ഭിമ സിങ്ക് ഹോള്‍ എന്ന സ്ഥലവും വെള്ളാരം കല്ലുകള്‍ നിറഞ്ഞ ഒരു ബീച്ചും കാണാന്‍ ആയിരുന്നു പ്ലാന്‍.. വലിയ മല മുകളിലേക്ക് ചുരം പോലെയുള്ള റോഡിലൂടെ കയറിയും ഇറങ്ങിയുമുള്ള ആ യാത്ര ശരിക്കും ആസ്വദിച്ചു.  എന്നാല്‍ ലക്ഷ്യത്തില്‍ എത്തും മുന്നേ തന്നെ സൂര്യന്‍ താഴ്ന്നു തുടങ്ങി.. ഏതെങ്കിലും ഒരു സ്ഥലം മാത്രമേ കാണാന്‍ കഴിയൂ എന്ന് മനസിലായപ്പോള്‍ ആദ്യം എത്തുന്ന ഭിമ സിങ്ക് ഹോള്‍ മാത്രം കാണാം എന്നായി തീരുമാനം. 

ഉല്‍ക്ക വീണ്ടുണ്ടായത് എന്ന് കരുതപ്പെടുന്ന ഒരു വന്‍ ഗര്‍ത്തമാണ് ഭിമ സിങ്ക് ഹോള്‍.. തൊട്ടടുത്ത കടലുമായി ഭൂമിക്കടിയിലൂടെ ഈ ഗര്‍ത്തം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും ഏതാണ്ട് ഇരുട്ട് വീണു തുടങ്ങിയിരുന്നു, സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നില്ല, അനേകം അടി ഉയരത്തില്‍ നിന്നും താഴെ വെള്ളത്തിലേക്ക്‌ ആളുകള്‍ ഡൈവ് ചെയ്യാറുണ്ട് ഇവിടെ ..


കുറഞ്ഞ വെളിച്ചത്തില്‍ എടുത്ത മൊബൈല്‍ ചിത്രമാണ്

തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടി. നേരത്തെ കയറിയ മല ഇറങ്ങുമ്പോള്‍ ഉള്ള ഒരു വ്യൂ പോയന്റില്‍ നിന്ന് മസ്കറ്റ് സിറ്റിയുടെ അതിമനോഹരമായ ഒരു കാഴ്ച കാണാം . Muscat heights/ Al Amarat heights എന്നാണു ഇവിടം അറിയപ്പെടുന്നത്. 


ചിത്രത്തില്‍ ദൂരെ രണ്ടു പില്ലര്‍ കാണുന്നതാണ് അമീന്‍ മോസ്ക്.  അതിന്റെ ഒരു ക്ലോസ് അപ്പ് താഴെ 




കുന്നും മലകളും മരുഭൂമിയും കൃഷിയിടങ്ങളും നിറഞ്ഞ ആകര്‍ഷകമായ ഭൂപ്രകൃതിയാണ് ഒമാനിലുള്ളത്.  നാട്ടില്‍ നിന്ന് കെട്ടു കെട്ടി ഇങ്ങോട്ടുള്ള യാത്രയില്‍ മസ്കറ്റ് ഇറങ്ങുന്നതിനു തൊട്ടു മുന്നേ എടുത്ത ചിത്രം ആണ് താഴെ 



ഇബ്രിയിലാണ് ഹോസ്പിറ്റല്‍ എന്ന് അറിഞ്ഞ ഉടനെ അവിടെ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഒക്കെ ഉണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. ഓ .. ഇവിടെ അങ്ങനെ ഒന്നും ഇല്ല എന്നാണ് എല്ലാവരുടെ അടുത്ത് നിന്നും കിട്ടിയ മറുപടി.  പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല എന്ന് ഇബ്രിയില്‍ വന്നപ്പോള്‍ മനസിലായി.  ഇബ്രിയിലും പരിസരത്തുമായി ആസ്വദിക്കാവുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ട്. പക്ഷെ സ്വന്തം വാഹനം വേണം ഇവിടങ്ങളില്‍ ഒക്കെ പോവാന്‍. 

ഇബ്രി heights എന്നറിയപ്പെടുന്ന ഒരു കുന്നിന്‍പുറമാണ് എല്ലാ ഇബ്രി നിവാസികളുടെയം ഒരു താല്‍ക്കാലിക ആശ്വാസം. ഇബ്രി ടൌണ്‍ മുഴുവന്‍ അവിടെ നിന്നാല്‍ കാണാം. സുഹൃത്തുക്കളുടെ വാഹനത്തിലാണ് ആദ്യം ഇവിടം സന്ദര്‍ശിക്കുന്നത് . ഇബ്രിയില്‍ സൂര്യന്‍ അസ്തമിക്കുന്നത് ഇവിടെ നിന്ന് കാണാന്‍ നല്ല ഭംഗിയാണ്. 

സന്ധ്യാ കാഴ്ച



അസ്തമയ കാഴ്ച



അസ്തമയ ശേഷം നിലാവ് 


മസ്കെറ്റില്‍ നിന്നുള്ള നീണ്ട ഡ്രൈവിന്‍റെ അവസാനം ഇബ്രി എത്തി എന്ന് ആശ്വാസം തരുന്നത് റോഡിനു ഇരുവശവും ഒരു വളവോട് കൂടി സ്ഥാപിച്ചിരിക്കുന്ന ഈ ലൈറ്റുകളാണ്. നാഷണല്‍ ഡേയോട് അനുബന്ധിച്ച് ഒരു വര്‍ണ്ണാലങ്കാരം കൂടിയായപ്പോള്‍ ഇവിടം മനോഹരമായി 



ഈത്തപ്പഴം ഇല്ലാത്ത ഒരു ഇബ്രി?? .... നഹീന്നു പറഞ്ഞാല്‍ നഹീ.... 



വലിയ പുകിലൊന്നും ഇല്ലെങ്കിലും കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ഒരു പാര്‍ക്ക് ഉണ്ട് ഇബ്രിയില്‍



400 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ടു കോട്ടകളാല്‍ സമ്പന്നമാണ് ഇബ്രി. അല്‍ സുലൈഫ് എന്ന കൊട്ട ഏതാണ്ട് തകര്‍ന്നിട്ടുണ്ടെങ്കിലും അത് ഒരു പൈതൃകം പോലെ ഇപ്പോഴും സംരക്ഷിച്ചു പോരുന്നുണ്ട് ഇവിടത്തെ ഭരണകൂടം ,.





                                        അല്‍ സുലൈഫ് കോട്ടയും പരിസരവും

Ibri castle . ഈ കോട്ടയാണ് ഇപ്പോള്‍ ഇബ്രിയുടെ തലയെടുപ്പ് 

കാര്‍ കയ്യില്‍ വന്ന ആദ്യ നാളുകളില്‍ ചെറിയ ചെറിയ യാത്രകള്‍ ആയിരുന്നു.. റോഡും ഇടതു വശ ഡ്രൈവിങ്ങും ശരിക്കും പരിചയം ആവുന്നതിനു മുന്നേയുള്ള ഒരു ധൈര്യക്കുറവു.. അങ്ങനെ സോഹാര്‍ റോഡു വഴി നടത്തിയ ചെറിയ യാത്രയില്‍ എടുത്തതാണ് ഈ ചിത്രം 



ചൂട് കാല കാഴ്ച 

ഇബ്രിയില്‍ നിന്ന് ഏതാണ്ട് 25 km അകലെയുള്ള സ്ഥലമാണ് മുഖ്നിയാത്ത്.. വാദി എന്ന് വിളിക്കുന്ന ചെറിയ അരുവികളും കൃഷിഭൂമികളും ഉള്ള സ്ഥലം. അരുവി ഒഴുകുന്നതും കൃഷിയും കാണാം എന്ന മോഹത്തോടെയാണ് മുഖ്നിയാത്തില്‍ പോയത്. എന്നാല്‍ വാദിയില്‍ മഴ ഉള്ള സമയത്ത് മാത്രമേ വെള്ളം കാണൂ.. മഴ ഇല്ലാത്തപ്പോഴും വെള്ളം ഉള്ളവ താരതമ്യേനെ കുറവാണ്. കൃഷിയും വെള്ളവും കണ്ടില്ലെങ്കിലും നല്ല ഒരു അസ്തമയം ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത് 


മഴയുള്ളപ്പോള്‍ വെള്ളം കുത്തിയൊഴുകുന്ന മുഖ്നിയാത്തിലെ വാദി .. സോഷ്യല്‍ മീഡിയക്ക് പുറത്തു പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ ആദ്യ ചിത്രം ആണിത്


മുഖ്നിയാത്തിലെക്കുള്ള വഴി

ഇബ്രിയില്‍ നിന്നും ഏതാണ്ട് 60km അകലെയാണ് പുരാതന കാല ശവകുടീരങ്ങള്‍ എന്ന് കരുതപ്പെടുന്ന ബീഹൈവ് ടോംബ്. UNESCO heritage കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. 




Tomb പരിസരവും മനോഹരമായ ഭൂപ്രകൃതിയാണ് 

ഇബ്രിയില്‍ നിന്ന് മസ്കറ്റ് പോവുന്ന വഴി പകുതി ദൂരം പിന്നിട്ടാല്‍ എത്തുന്ന ടൌണ്‍ ആണ് നിസ്‌വ. ഹൈവേയുടെ അരികില്‍ തന്നെയാണ് നിസ്വ സുല്‍ത്താന്‍ ഖബൂസ് പള്ളി.. മസ്കെറ്റ് യാത്രക്കിടെ ചെറുതായി ഒന്ന് ഫ്രഷ്‌ ആവാന്‍ ഇവിടെ ഇറങ്ങാതെ പോവാറില്ല.  സുഖരമായ ambiance ആണ്. വൈകുന്നേരങ്ങളില്‍ ആണെങ്കില്‍ വെറുതെ വിശ്രമിക്കാന്‍ പറ്റിയ സ്ഥലം..






വാദി dhunk എന്ന വാദിയില്‍ എല്ലായ്പ്പോഴും വെള്ളം ഉണ്ടെന്ന ധാരണയിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ പോയത്.. എന്നാല്‍ 4 വര്‍ഷമായി അതില്‍ വെള്ളമേ ഇല്ല എന്ന് പിന്നീട് അറിഞ്ഞു. വെള്ളം ഇല്ലെങ്കിലും ഇവിടേക്കുള്ള യാത്ര രസകരമാണ്..  വാദി പരിസരം എനിക്ക് ഒത്തിരി ഇഷ്ടമായി 


ഒമാനിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ജബല്‍ അക്ധര്‍.  9800 അടി ഉയരമുണ്ട് ജബല്‍ അക്ധര്‍ ന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്ക്.. ഒമാനിലെ ഏറ്റവും നല്ല റിസോര്‍ട്ട് അവാര്‍ഡ്‌ നേടിയ അലില  റിസോര്‍ട്ട് ഇവിടെയാണ്‌.. അലില ഉള്‍പ്പെടെ ഏതാനും റിസോര്‍ട്ടുകള്‍ ഉണ്ടെന്നല്ലാതെ മലമുകളില്‍ വേറെ കാര്യമായി ഒന്നും ഇല്ല.. പക്ഷെ കുത്തനെ , വളഞ്ഞു പുളഞ്ഞു മല കയറിയുള്ള യാത്ര ത്രില്ലിംഗ് ആണ്. മുകളിലെ കാലാവസ്ഥ സുഖകരമാണ്. തണുപ്പുകാലത്ത് പൂജ്യത്തിനു താഴയാണ് തണുപ്പ്. ഐസ് വീഴുന്ന സ്ഥലം. ജബല്‍ അക്ധറിന് മേല്‍ നല്ല കൃഷിയിടങ്ങളുണ്ട്.. കുറച്ചു ട്രക്കിംഗ് നു തയ്യാറാണെങ്കില്‍ ഈ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാം.. pomegranate , പേരക്ക തുടങ്ങി പലതും കാണാം.. നിസ്‌വയില്‍ നിന്ന് കുറച്ചു ദൂരമേ ജബല്‍ അക്ധറിലെക്കുള്ളൂ .









നിസ്‌വയുടെ അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് ബഹല. രണ്ടു കോട്ടകള്‍ ഇവിടെയുണ്ട്. ജബ്രീന്‍ കാസ്സില്‍, ബഹല ഫോര്‍ട്ട്‌ എന്നിവ.. കുറെ കൂടി പോയാല്‍ അല്‍ ഹൂത്ത ഗുഹകള്‍.. മലയുടെ ഉള്ളിലുള്ള വലിയ ഗുഹയാണത്. ജബ്രീന്‍ വളരെ മനോഹരമാണ്. ബഹല ഫോര്‍ട്ടില്‍ പോവാന്‍ കഴിഞ്ഞില്ല. അല്‍ ഹൂത്ത ഗുഹയില്‍ പോയി. പക്ഷെ ഉള്ളില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല . 



 കോട്ടയുടെ ഉള്‍വശം 


മുകളില്‍ നിന്നുള്ള ദൃശ്യം 

Rustaq ലേക്കുള്ള യാത്രയും ഒരു അനുഭവം തന്നെയാണ്. അവിടെയും ഒരു കോട്ടയുണ്ട് , അല്‍ ഹോക്കൈന്‍ എന്ന വാദിയും അതിലുള്ള ഒരു വെള്ളച്ചാട്ടവും.  വാദിയില്‍ മഴ പെയ്തു ധാരാളം വെള്ളം ഉണ്ടെന്നു ഒരാള്‍ പറഞ്ഞതനുസരിച്ചാണ് കാണാന്‍ പോയത്. ആദ്യമായി പോവുന്ന റൂട്ട് ആണ്. റോഡു മികച്ചതാണെങ്കിലും വീതി കുറവ്. കുത്തനെ കയറ്റവും ഇറക്കവും. രസകരമായ മലനിരകള്‍ താണ്ടി വേണം പോവാന്‍. ഉദേശിച്ചതിലും അര മണിക്കൂര്‍ വൈകി കോട്ട അടക്കാന്‍ നേരത്താണ് അവിടെ എത്തിയത്.  കുറെ ദൂരെ നിന്ന് വരുന്ന കാരണം 10 മിനിറ്റ് അധികം അനുവദിച്ചു തന്നു. ജബ്രീന്‍ പോലെ അത്ര മനോഹരമല്ല ഇവിടത്തെ കോട്ട.. 



മാപ് നോക്കി കറങ്ങി തിരിഞ്ഞു ഞങ്ങള്‍ എത്തിയത് അല്‍ ഹോക്കൈന്‍ വാദിയുടെ വേറെ ഒരു വ്യൂ പോയിന്റ് ല്‍ ആണ്. വെള്ളച്ചാട്ടം വേറെ ഏതോ ഭാഗത്തായിരുന്നു. വാദിയില്‍ പക്ഷെ നീര്‍ച്ചാല്‍ പോലെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു .. 

അല്‍ ഹൊക്കൈന്‍ പരിസരത്ത് കണ്ട ഒരു കോട്ടയുടെ അവശിഷ്ടം

ഒമാനില്‍ കണ്ട സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മസ്കെറ്റ് സിറ്റി തന്നെയാണ്.  സിറ്റിയുടെ വളരെ ചെറിയ ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ.. മനോഹരമായി പരിപാലിക്കപ്പെടുന്ന സിറ്റിയാണ് മസ്കെറ്റ്.  ദുബായ് , ഷാര്‍ജ സിറ്റികളിലെ പോലെ തിരക്കില്ല.  എങ്കില്‍ പോലും സിറ്റിയിലേക്ക് കടക്കുന്ന ഭാഗം തൊട്ടേ മനസ്സില്‍ ഒരു ഭയം വരും എനിക്ക്.. വഴി തെറ്റുമോ എന്ന്.. ഭയം അസ്ഥാനത്തല്ല താനും.. പല തവണ പോയിട്ടും ഒരു തവണ മാത്രമേ ഒട്ടും വഴി തെറ്റാതിരുന്നിട്ടുള്ളൂ .

മസ്കറ്റില്‍ ഇത് വരെ കണ്ടത്തില്‍ ഏറ്റവും ഇഷ്ടമായത് സുല്‍ത്താന്‍ ഖബൂസ് പള്ളിയും പരിസരവുമാണ്.. പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും ഇവിടെയില്ല, വെള്ളിയാഴ്ച ഒഴികെ ഉള്ള ദിവസങ്ങളില്‍ അകത്തു കയറിയും ചിത്രം എടുക്കാം.. എല്ലാ മത വിശ്വാസികള്‍ക്കും അകത്തു കയറാം. പ്രവേശന ഫീസ്‌ ഒന്നും ഇല്ല. അകത്തു ഒരു തവണ കയറിയിട്ടുണ്ട്. വെള്ളിയാഴ്ച കുറച്ചു സമയം. വിശദമായി കാണാന്‍ വീണ്ടും പോവണം.  പുറം ഭാഗം തന്നെ മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ല ഇതുവരെയും.. അവിടെ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ താഴെ 










അല്‍ അലാം കൊട്ടാരം.. സുല്‍ത്താന്‍ ഖബൂസ് ന്റെ 7th Grandfather 200 വര്‍ഷങ്ങള്‍ക്കു മുന്നേ നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. രാത്രിയിലെ ദീപപ്രഭയില്‍ നല്ല ഭംഗിയാണ് ഈ കൊട്ടാരത്തിന് 



Qurum ബീച്ച് മസ്കെറ്റ് ലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണ്. ബീച്ചിന്റെ ദൂരക്കാഴ്ച അടുത്തുള്ള ഒരു കുന്നിന്മേല്‍ കയറിയാല്‍ കിട്ടും. വൈകുന്നെരങ്ങളില്‍ ഈ കാഴ്ച മനോഹരമാണ് . 



രാത്രിയില്‍ തിരക്കേറിയ ഒരു റോഡിനു മുകളിലെ മേല്‍പാലത്തില്‍ നിന്നും താഴേക്ക്‌ നോക്കി നിന്നാല്‍ നമ്മള്‍ കാണുന്ന കാഴ്ചയല്ല ക്യാമറ കാണുന്നത്. ക്യാമറ കാണുന്ന ആ കാഴ്ച്ചയെ Light trails എന്ന് പറയും. Qurum ഭാഗത്ത്‌ നിന്ന് എന്‍റെ ക്യാമറ കണ്ട Light trails ആണ് താഴെ 



ഒമാനില്‍ കണ്ടുതീര്‍ക്കേണ്ട കാഴ്ചകളുടെ നൂറില്‍ ഒന്ന് പോലും ആയിക്കാണില്ല ഇവ. കണാത്തവയ്ക്കായി കാത്തിരിക്കാം.. കണ്ടു കഴിഞ്ഞവയെല്ലാം മനോഹരം, കാണാനിരിക്കുന്നവ അതിമനോഹരം എന്നാണല്ലോ  :-) 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)