രോഗനിര്‍ണ്ണയത്തിന്റെ നാള്‍ വഴികള്‍ 1

ജൂൺ 03, 2018



ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം സ്വന്തം ജോലിയുടെ കാതലായ ഭാഗമാണ് രോഗനിര്‍ണ്ണയം. സ്വന്തം അസുഖം എന്താണെന്നു മുഖത്ത് സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ടല്ല രോഗികള്‍ ഡോക്ടറെ കാണാന്‍ വരുന്നത്. പക്ഷെ പലപ്പോഴും ജനങ്ങള്‍ കരുതുന്നത് ഡോക്ടര്‍ രോഗിയെ കണ്ട ഉടനെ അസുഖത്തിന്റെ നൂറു ശതമാനം ഉറപ്പുള്ള ഒരു ചിത്രം ഡോക്ടറുടെ മനസ്സില്‍ തെളിഞ്ഞു വരണം എന്നാണു.  ചിലപ്പോഴൊക്കെ അത് സാധ്യമാണ് താനും.. പരിശോധനാ മുറിയിലേക്ക് കടന്നു വരുന്ന രോഗിയുടെ നടത്തം, ഭാവം, ആയാസം, ചിരി, രൂപം , ശബ്ദം എന്നിവയില്‍ നിന്നൊക്കെ രോഗം എന്താണെന്ന നിര്‍ണ്ണായക സൂചനകള്‍ ചിലപ്പോള്‍ ലഭിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗനിര്‍ണ്ണയം വളരെ എളുപ്പമായിരിക്കും.. എന്നാല്‍ ചില സമയങ്ങളിൽ രോഗനിര്‍ണ്ണയം എന്നത് കടലില്‍ സൂചി തിരയുന്ന അത്ര തന്നെ ശ്രമകരമാണ്. ഒരു കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ പോലെയാണ് ഡോക്ടറും. പോലീസ് നിരവധി പേരെ ചോദ്യം ചെയ്യുന്നത് പോലെ ഡോക്ടര്‍ രോഗിയോടും ബന്ധുക്കളോടും നിരവധി ചോദ്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചേക്കാം. പോലീസ് തെളിവെടുപ്പ് നടത്തുന്നത് പോലെ രോഗിയുടെ ശരീരത്തില്‍ ഡോക്ടറും നടത്തുന്നത് ഒരു തരത്തിലുള്ള തെളിവെടുപ്പ് തന്നെയാണ്.. രോഗനിര്‍ണ്ണയത്തിനുള്ള തെളിവുകള്‍ കണ്ടെത്തലാണ് ലക്‌ഷ്യം..

ഇത്രയും കഴിയുമ്പോഴേക്കും ഡോക്ടറുടെ മനസ്സില്‍ സാധ്യമായ ചില അസുഖങ്ങളുടെ ഒരു ലിസ്റ്റ് രൂപപ്പെട്ടിരിക്കും.. അതില്‍ ഏതു എന്ന് കൃത്യമായി മനസിലാക്കാന്‍ തുടര്‍ന്ന് ലാബ്‌ പരിശോധനകള്‍, സ്കാന്‍, മറ്റു ടെസ്റ്റുകള്‍, മറ്റു ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകള്‍ / cross consultations എല്ലാം വേണ്ടി വരാം.  ഇവയെല്ലാം കഴിഞ്ഞു വരുമ്പോള്‍ ഒട്ടു മിക്ക അസുഖങ്ങളുടെ കാര്യത്തിലും ഒരു വ്യക്തത വരും. അസുഖത്തിന്റെ സ്വഭാവം അനുസരിച്ച് ചെയ്യേണ്ടി വരുന്ന ടെസ്റ്റുകളുടെ എണ്ണം, ചെലവ്, സമയം എന്നിവയിലൊക്കെ വ്യത്യാസമുണ്ടാവും.

എന്നാല്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഇവയെല്ലാം കഴിഞ്ഞാലും അസുഖത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായ ഒരു വ്യക്തത വരണമെന്നില്ല. ഇത്തരം കേസുകള്‍ ഡോക്ടര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ്. ചിലപ്പോള്‍ ആ രോഗികളെ കൃത്യമായ ഇടവേളകളില്‍ വീണ്ടും വീണ്ടും കാണേണ്ടി വരും. Follow up എന്നാണ് ഞങ്ങള്‍ അതിനെ പറയുന്നത്.. ഈ follow up സമയത്തായിരിക്കും ഒരു പക്ഷെ അസുഖം യഥാര്‍ത്ഥ രൂപത്തിലേക്ക് ഉരുത്തിരിഞ്ഞു വരുന്നതും ശരിയായ രോഗനിര്‍ണ്ണയം സാധ്യമാവുന്നതും.

ചിലപ്പോള്‍ രോഗനിര്‍ണ്ണയം സാധ്യമാവാന്‍ കുറച്ചു ഭാഗ്യം കൂടെ വേണ്ടിവരാറുണ്ട്. ഭാഗ്യം എന്നത് പല രൂപത്തിലാണ്. പെട്ടന്ന് വീണു കിട്ടുന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍/ മനസിലേക്ക് വരുന്ന ചിന്തകള്‍/ കണ്ണുകള്‍ ഉടക്കുന്ന ചില കാഴ്ചകള്‍.. അങ്ങനെ ചിലതാവും ശരിയായ പാതയിലേക്ക് ചിലപ്പോള്‍ ഡോക്ടറെ കൊണ്ടെത്തിക്കുന്നത്..  അത്തരം ചില സംഭവങ്ങളാണ് ഏതാനും തുടര്‍ലേഖനങ്ങളിലൂടെ വിവരിക്കാന്‍ ശ്രമിക്കുന്നത് .

ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന കാലം.. ഒരു സുഹൃത്തിന്റെ ഫോണ്‍.. നാളെ ഒപിയില്‍ ഞാന്‍ ഉണ്ടോ എന്ന് ഉറപ്പിക്കാന്‍ വിളിക്കുന്നതാണ്.. പുള്ളിയുടെ ഒരു ബന്ധുവിനെ കാണിക്കാന്‍ കൊണ്ടുവരാനാണ്. കുറെ ദൂരെ നിന്ന് വരുന്നതാണ്. ഉണ്ടെന്നു ഉറപ്പിച്ച ശേഷം കൊണ്ടുവന്നാല്‍ മതിയല്ലോ എന്ന് കരുതിയാണ് വിളിക്കുന്നത്‌ ..

ദൂരെ നിന്ന് എന്നെ തന്നെ ഉദ്ദേശിച്ചു കൊണ്ട് വരുന്ന രോഗി ഒരു വന്‍ ഉത്തരവാദിത്തമാണ്.  അടുത്ത ആശുപത്രികളില്‍ ഒക്കെ കാണിച്ചു ശരിയാവാതതാവും എന്ന് ഉറപ്പാണല്ലോ. അപ്പോള്‍ എന്റെ മേലുള്ള പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ്‌.. ആ ഒരു ചിന്ത മനസ്സില്‍ നിര്‍ത്തിക്കൊണ്ട് രോഗിയുടെ അടിസ്ഥാന വിവരങ്ങള്‍ അറിയാനായി എന്റെ ശ്രമം. മറ്റു വല്ല ഡോക്ടര്‍മാരും നോക്കേണ്ട രോഗം ആണെങ്കില്‍ ഇങ്ങോട്ട് വരുത്തേണ്ട കാര്യമില്ലല്ലോ..

എന്താ അസുഖം ? ഞാന്‍ ചോദിച്ചു..

ഓ ഒന്നും പറയണ്ട.. അവന്‍ നല്ല ചുറുചുറുക്കുള്ള ആള്‍ ആയിരുന്നു.. കുറച്ചു വര്‍ഷങ്ങളായി ഒന്നിനും ഒരു ഉത്സാഹമില്ല.. ശരീരം ക്ഷീണിച്ചു വരുന്നു.. ജോലിക്ക് പോവാന്‍ താല്പര്യം കാണിക്കുന്നില്ല. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ.. നിരവധി ഡോക്ടര്‍മാരെ ഇതിനോടകം കാണിച്ചു കഴിഞ്ഞു.. പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല..

പെട്ടു പോയല്ലോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്റെ സ്ഥിതിയും മറ്റു ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തം ആവാന്‍ വഴിയില്ല.. എന്തായാലും കൊണ്ട് വരൂ.. ഞാന്‍ പറഞ്ഞു..

ഫോണ്‍ വെക്കാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഒരു കാര്യം കൂടി സുഹൃത്ത്‌ എന്നോട് പറഞ്ഞു.. അവന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ പാമ്പ് കടിയേറ്റു ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയതാ.. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുറെ കാലം കിഡ്നി തകരാറായി കിടന്നു.. കുറെ തവണ ഡയാലിസിസ് ഒക്കെ ചെയ്താണ് അന്ന് രക്ഷപ്പെട്ടത്.. അതിനു ശേഷം ഒരു കുഴപ്പവും ഇല്ലായിരുന്നു.. ഇപ്പോള്‍ ഇത് എന്താണാവോ !!

ഈ ഒരു വിവരം ഈ രോഗിയുടെ കാര്യത്തിൽ വളരെ നിർണായകമായി.. രോഗനിർണ്ണയത്തിലേക്കുള്ള വഴി എന്റെ മുന്നിൽ വെട്ടി തുറന്നു തന്ന വിവരം.. അതു കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ അസുഖം കണ്ടുപിടിക്കപ്പെടാതെ പോവുകയോ കൂടുതൽ സമയം എടുക്കുകയോ ചെയ്യുമായിരുന്നു..

അണലി കടിച്ചു ഗുരുതരാവസ്ഥയിലായ ആളുകളിൽ കാണുന്ന ഒരു പ്രശ്നമുണ്ട്.. തലയിലെ പിറ്റിയൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായിപ്പോവും ചിലപ്പോൾ.. കുറെ വർഷങ്ങൾക്കു ശേഷമാണ് പലപ്പോഴും അതിന്റെ ലക്ഷണകൾ കണ്ടു തുടങ്ങുക.. പിറ്റിയൂട്ടറി ഗ്രന്ഥി പ്രവർത്ഥനക്ഷമമല്ലെങ്കിൽ അതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തൈറോയ്ഡ്, അഡ്രിനൽ ഗ്രന്ഥികളും പണി മുടക്കും.. സെക്സ് ഹോർമോൺ നിർമ്മാണവും അവതാളത്തിലാവും.. ചുരുക്കത്തിൽ മേൽ പറഞ്ഞ രോഗിയെ പോലെ ഒന്നിനും താൽപര്യമില്ലാത്ത, ഊർജ്ജസ്വലത ഒട്ടും ഇല്ലാത്ത, ലൈംഗിക ശേഷി കുറഞ്ഞ ഒരു അവസ്ഥയിലായിപ്പോവും..

ഇത്തരം അവസ്ഥ പൊതുവെ അപൂർവ്വമാണെങ്കിലും mbbs പഠിക്കുന്ന കാലത്തു തൃശൂർ മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ  ഒരാളെ കണ്ടിട്ടുണ്ട്. പിന്നീട് MD ചെയ്യുന്ന സമയത്തു കോഴിക്കോട് നിന്നും കണ്ടിട്ടുണ്ട്..

പിറ്റേ ദിവസം കാണാൻ ഇരിക്കുന്ന രോഗിയുടെ diagnosis തലേന്ന് തന്നെ ഈ കേസിൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.  രോഗി വന്ന ശേഷം ഹോർമോൺ പരിശോധനകൾ ചെയ്തു ഉറപ്പാക്കുക മാത്രമേ വേണ്ടി വന്നുള്ളൂ..   ഹോർമോൺ മരുന്നുകൾ തുടങ്ങി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും രോഗി പഴയ പ്രതാപം വീണ്ടെടുത്തു..

ബന്ധുവിൽ നിന്നു കിട്ടിയ ഒരു നിർണ്ണായക വിവരമാണ് ഈ രോഗിയുടെ കാര്യത്തിൽ വഴിത്തിരിവായത്..   വേണ്ട സമയത്തു ഇത്തരം വിവരങ്ങൾ ലഭിക്കാൻ അൽപ്പം ഭാഗ്യം കൂടി വേണം .. രോഗിക്കും ചികില്സിക്കുന്നു ഡോക്ടർക്കും...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)