രോഗനിര്‍ണ്ണയത്തിന്റെ നാള്‍ വഴികള്‍ : ലേഖനം 3

ജൂൺ 29, 2018

പനിയുമായി വന്ന ഒരു കോളേജ് വിദ്യാര്‍ഥിയെകുറിച്ചാണ് ഇന്ന് പറയാനുള്ളത്.. ഒത്തിരിയധികം തല പുകയ്ക്കുകയോ മിനക്കെടുകയോ ചെയ്യാതെ എളുപ്പം മനസിലാക്കാവുന്ന അസുഖം.. എങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ട  ചില വസ്തുതകള്‍ ഇതിലുള്ളത് കൊണ്ടാണ് ഈ കേസ് തിരഞ്ഞെടുത്തത്..

കടുത്ത പനിയും ചെറിയ തോതില്‍ വയറിളക്കവും ചര്ദ്ധിയുമുണ്ട് അവന്.. കൂടാതെ തലവേദനയും.. പ്രാഥമിക പരിശോധനകളില്‍ ടൈഫോയിഡ് പോലെ തോന്നിച്ചു.. അത് തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ബ്ലഡ് കള്‍ച്ചര്‍ എന്ന ടെസ്റ്റിനു രക്ത സാമ്പിള്‍ അയച്ച ശേഷം അഡ്മിറ്റ്‌ ചെയ്തു ആന്റിബയോട്ടിക് ഇന്‍ജെക്ഷന്‍ തുടങ്ങി.. റിപ്പോര്‍ട്ട് കിട്ടാന്‍ മൂന്നു ദിവസം എടുക്കും.. അത് വരെ കാത്തിരിക്കാന്‍ കഴിയില്ല.  Clinical diagnosis വച്ച് ചികിത്സ തുടങ്ങുകയെ വഴിയുള്ളൂ. പിന്നീട് റിപ്പോര്‍ട്ട് വരുമ്പോള്‍ ടൈഫോയിഡ് ആണോ എന്നും  ഇപ്പോള്‍ തുടങ്ങിയ മരുന്ന് തന്നെ മതിയോ മാറ്റം വല്ലതും വേണമോ എന്നുമെല്ലാം  ഉറപ്പാക്കാന്‍ കഴിയും. 



ടൈഫോയിഡ് പനിക്ക് ശരിയായ മരുന്ന് തുടങ്ങിയാല്‍ തന്നെയും പനി കുറയാന്‍ 3-4 ദിവസത്തോളം എടുക്കും. ഇക്കാര്യം ആദ്യമേ അവരോടു പറയുകയും ചെയ്തു.. അല്ലെങ്കില്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ കൊണ്ട് ഡോക്ടറെ ബുദ്ധിമുട്ടിക്കും.. ഈ മരുന്നൊക്കെ കൊടുത്തിട്ടും എന്താ പനിക്ക് ഒരു കുറവും ഇല്ലാത്തത് എന്ന ചോദ്യം കേള്‍ക്കാതിരിക്കാന്‍ എപ്പോഴും ഒരു മുഴം നീട്ടി എറിയാറുണ്ട്. 

3 ദിവസം ആയപ്പോഴേക്കും പനിയുടെ തീവ്രത കുറഞ്ഞു. രക്ത പരിശോധന റിപ്പോര്‍ട്ട് അപ്പോഴും വന്നിട്ടില്ല.. പിറ്റേ ദിവസം മുതല്‍  UAE യാത്രക്ക് വേണ്ടി പത്തു ദിവസം ലീവ് എടുക്കുന്നതിനാല്‍ അഡ്മിറ്റ്‌ ആയവരില്‍ ഒരു വിധം ഡിസ്ചാര്‍ജ് ചെയ്യാന്‍ പരുവത്തിലായവരെയെല്ലാം വീട്ടില്‍ വിട്ട കൂട്ടത്തില്‍ അവനെയും പറഞ്ഞു വിട്ടു. ആന്റിബയോട്ടിക് ഇന്‍ജെക്ഷന്‍ ഗുളികയാക്കി മാറ്റി.. വീട്ടില്‍ ചെന്നാലും ഒന്ന് രണ്ടു ദിവസം കൂടി പനി കാണും, എങ്കിലും പേടിക്കേണ്ടതില്ല, മരുന്ന് മുടങ്ങാതെ കഴിച്ചാല്‍ മതി എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.. അത് സമ്മതിക്കുകയും ചെയ്താണ് വീട്ടില്‍ പോയത്.. 

ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം അവര്‍ വീണ്ടും ഒപിയില്‍ വന്നു.. മുഖത്ത് വലിയ തെളിച്ചമില്ല.. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ കുറ്റപ്പെടുത്തുന്ന ടോണില്‍ പറഞ്ഞു തുടങ്ങി.. 

വീട്ടില്‍ ചെന്ന് വീണ്ടും പനിച്ചു..

ഞാന്‍ പറഞ്ഞിരുന്നല്ലോ ഒന്ന് രണ്ടു ദിവസം കൂടി പനി കാണുമെന്നു..

ഞങ്ങള്‍ നേരെ തൃശ്ശൂരിലെ  ............ ആശുപത്രിയില്‍ പോയി.. പനിയൊന്നും ഇങ്ങനെ വച്ച് കളിക്കാന്‍ പറ്റില്ല.. 

ഓക്കേ.. എന്നിട്ട് അവിടന്നു എന്ത് പറഞ്ഞു? 
ആ അത് പറയാനാ ഞങ്ങള്‍ വന്നത്.. ഡോക്ടര്‍ ഇവിടെ നിന്ന് ടൈഫോയിഡ് എന്നല്ലേ പറഞ്ഞത്.. അവിടെ നിന്ന് അവര്‍ പറഞ്ഞത് ടൈഫോയിഡ് അല്ല സാധാരണ വൈറല്‍ പനിയാണെന്നാണ്.. 

അതാണ്‌ കാര്യം.. ഇല്ലാത്ത അസുഖത്തിന് ഞാന്‍ ചികിത്സിച്ചു എന്നാണ് പറഞ്ഞു വരുന്നത് . തൃശ്ശൂരിലെ പ്രസ്തുത ആശുപത്രി എന്നാല്‍ അവസാന വാക്ക് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.. വലിയ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നതാണ് എല്ലാറ്റിലും മേലെ എന്ന ഒരു ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.. 

ഈ രോഗിയുടെ രക്ത പരിശോധന ഫലം നേരത്തെ ലാബില്‍ നിന്നും എന്നെ അറിയിച്ചിരുന്നു.. ഞാന്‍ അവരോടു കൂടുതല്‍ ഒന്നും പറഞ്ഞില്ല. നിങ്ങളുടെ രക്ത പരിശോധന റിപ്പോര്‍ട്ട് ലാബില്‍ റെഡി ആയിട്ടുണ്ട്‌.. അതൊന്നു വാങ്ങിച്ചു ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞു.. 

റിപ്പോര്‍ട്ട് കൊണ്ട് വന്നപ്പോള്‍ അത് തുറന്നു വായിക്കാന്‍ ആവശ്യപ്പെട്ടു അവനോടു.. അവന്‍ വായിച്ചു. 

"സാല്‍മോണല്ല ടൈഫി ഐസോലേറ്റെഡ് " എന്നാണ് എഴുതിയിരിക്കുന്നത്.. 

എന്ന് വച്ചാല്‍ രക്തത്തില്‍ നിന്നും സാല്‍മോണല്ല ടൈഫി യെ വേര്‍തിരിച്ചെടുത്തു എന്നല്ലേ അര്‍ഥം ? ഞാന്‍ ചോദിച്ചു..

അതെ എന്ന് അവന്‍ തലയാട്ടി

 ശരി.. ഈ സാല്‍മോണല്ല ടൈഫി എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖത്തെയാണ്  നമ്മള്‍ ടൈഫോയിഡ് എന്ന് വിളിക്കുന്നത്‌ !!

അത് കേട്ടപ്പോള്‍ അച്ഛനും മകനും ആകെ പരുങ്ങി.. കുറ്റപ്പെടുത്തുന്ന ഭാവം പതുക്കെ പതുക്കെ മാറി ദയനീയമായി...

നിങ്ങള്ക്ക് എല്ലാം വിശദമായി ഞാന്‍ അന്ന് പറഞ്ഞു തന്നതാണല്ലോ.. അത് പ്രകാരം ഒരു രണ്ടു ദിവസം കൂടി ക്ഷമിച്ചിരുന്നെങ്കില്‍ മറ്റൊരാശുപത്രിയില്‍ വീണ്ടും അഡ്മിറ്റ്‌ ആയ സമയവും ചിലവും ലാഭിക്കാമായിരുന്നു.. 

കൂടുതല്‍ ഒന്നും പറയാതെ രണ്ടു പേരും തരിച്ചു പോയി.. 

ചെറുകിട ആശുപത്രികളില്‍ ജോലി ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കാണും.. ഒരു ഡോക്ടറുടെ കഴിവ് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.. പഠിക്കുന്ന കാലത്ത് കാണിച്ച ഉത്സാഹം, ആത്മാര്‍ഥത, പഠന സമയത്ത് ലഭിച്ച clinical exposure, പഠിപ്പിച്ച ആധ്യാപകരുടെ കഴിവ്, പഠനം കഴിഞ്ഞു ജോലിയോടുള്ള സമര്‍പ്പണം, പഴയ കാര്യങ്ങള്‍ മറക്കാതിരിക്കാനും പുതിയവ അറിയാനും നടത്തുന്ന ശ്രമം, ഇതര specialty ഡോക്ടര്‍മാരുമായുള്ള ആശയ വിനിമയം എല്ലാം ഡോക്ടറുടെ കഴിവിനെ സ്വാധീനിക്കും.. എന്നാല്‍ ജോലി ചെയ്യുന്ന ആശുപത്രിയുടെ വലിപ്പവും ഡോക്ടറുടെ മിടുക്കും തമ്മില്‍ വലിയ ബന്ധം ഒന്നും തന്നെയില്ല. ഒരു പക്ഷെ ചെറിയ ആശുപത്രിയില്‍ നിങ്ങള്‍ കണ്ട ഡോക്ടര്മാരിലും മിടുക്ക് കുറഞ്ഞവരും അവിടെ ഉണ്ടാവാം. വലിപ്പം കൂടിയ ഒരു കെട്ടിടത്തില്‍ ജോലി ചെയ്തത് കൊണ്ട് മാത്രം ഡോക്ടറുടെ അറിവും കഴിവും വര്‍ദ്ധിക്കുകയില്ല. 

ഈ ഒരു ചിന്താഗതി ജനങ്ങള്‍ വച്ച് പുലര്‍ത്തുന്നത് കൊണ്ട് ചില പ്രശ്നങ്ങള്‍ ഉണ്ട്. ചില ആളുകളില്‍ വന്‍കിട ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ രോഗനിര്‍ണ്ണയത്തോടും ഡോക്ടര്‍ പറഞ്ഞതിനോടും ഒരു അനാരോഗ്യകരമായ നിലയിലുള്ള വിധേയത്വം കാണാറുണ്ട്.   രോഗനിര്‍ണ്ണയം നൂറു ശതമാനം ശരിയാണെങ്കില്‍ ഒരുതരത്തില്‍ ആ വിധേയത്വം നല്ലതാണ് താനും.  എന്നാല്‍ എല്ലാ ഡോക്ടര്‍മാരും മനുഷ്യരാണ്.  എത്ര പേരും പ്രശസ്തിയുമുള്ള ഡോക്ടര്‍മാര്‍ക്കും ചിലപ്പോള്‍ രോഗനിര്‍ണ്ണയത്തില്‍ തെറ്റ് സംഭവിക്കാം.. ഒരു പക്ഷെ പിന്നീട് ഏതെങ്കിലും ചെറിയ ആശുപത്രിയിലെ ഡോക്ടര്‍ ശരിയായ രോഗനിര്‍ണ്ണയം നടത്തുകയോ അല്ലെങ്കില്‍ അതിനു വേണ്ട ചില ടെസ്റ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്തേക്കാം.. ആ സമയത്ത് അല്ല.. എന്റെ അസുഖം ഇതാണ്, അത് ആ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്, അക്കാര്യം അവര്‍ നോക്കിക്കോളും, ഡോക്ടര്‍ ഇപ്പോള്‍ ഞങ്ങള്‍ വന്ന കാര്യത്തിനു ചികിത്സിച്ചാല്‍ മതി എന്ന  മട്ടില്‍ പറയുന്ന കടുത്ത മറുപടി ഒരു പക്ഷെ ശരിയായ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും തുറന്നു കിട്ടുന്ന വഴി സ്വയം കൊട്ടിയടക്കുന്നതിനു തുല്യമാണ്.. 

രണ്ടു ഉദാഹരണങ്ങള്‍ ചുരുക്കി വിവരിക്കാം.. Liver cirrhosis (കരള്‍ വീക്കം) എന്ന് രോഗനിര്‍ണ്ണയം നടത്തി ഒരു Gastroenterologsit ചികിത്സിച്ചു കൊണ്ടിരുന്ന ഒരു രോഗിയെ ഒരിക്കല്‍ ഞങ്ങളുടെ ആശുപത്രിയില്‍ വച്ച് കാണുകയുണ്ടായി. രക്തം കുറഞ്ഞു പോവുമ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നും രക്തം കയറ്റണം എന്ന് പ്രസ്തുത ഡോക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരം രക്തം കയറ്റാന്‍ വേണ്ടി വന്നതാണ്‌,  പഴയ റിപ്പോര്‍ട്ടുകള്‍ എല്ലാം വാങ്ങി നോക്കിയപ്പോള്‍ കരള്‍ വീക്കം മൂലമുള്ള പ്രശ്നമാണ് എന്ന് വ്യക്തതയോടെ പറയാന്‍ പറ്റുന്ന ഒരു തെളിവും ഇല്ല. എന്നാല്‍ രോഗിയെ പരിശോധിക്കുമ്പോള്‍ ബ്ലഡ്‌ കാന്‍സര്‍ ലക്ഷണങ്ങള്‍ ആണ് കാണുന്നത് താനും  

എന്റെ സംശയം കൂടെ വന്ന മകനുമായി ഞാന്‍ ചര്‍ച്ച ചെയ്തു. ഭാഗ്യവശാല്‍ തുടര്‍ന്നുള്ള പരിശോധനകള്‍ നടത്താന്‍ മകന്‍ സമ്മതം തന്നു. മജ്ജ കുത്തി പരിശോധിച്ചപ്പോള്‍ സംശയിച്ച പോലെ തന്നെ ബ്ലഡ്‌ കാന്‍സര്‍.. എന്നാല്‍ പ്രായക്കൂടുതല്‍ കൊണ്ടും രോഗനിര്‍ണ്ണയം കുറെ വൈകി പോയതിനാലും ആ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

രണ്ടാമത്തെ രോഗി അപസ്മാരം ഉണ്ടായി എന്ന് പറഞ്ഞു ഒപിയില്‍ വന്നയാള്‍.. അപസ്മാര രോഗത്തിന് വേണ്ടി ഒരു Neurologist നെ കണ്ടു മരുന്ന് കഴിക്കുണ്ട്. എങ്കിലും ഇടയ്ക്കിടെ വീണ്ടും ഉണ്ടാകുന്നുണ്ട്.  

രോഗ വിവരം വിശദമായി ചോദിച്ചപ്പോള്‍ അപസ്മാരം പോലെ തന്നെ തോന്നിക്കുന്ന Syncope എന്ന അവസ്ഥ പോലെയാണ് എനിക്ക് തോന്നിയത്. പരിശോധനക്കിടെ രോഗിയുടെ പള്‍സ് പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ വേണ്ടതിലും വളരെ കുറവ്.. Complete heart block . ഹൃദയം തീരെ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ.. ഹൃദയമിടിപ്പ് വല്ലാതെ കുറഞ്ഞാല്‍ തലച്ചോറിലേക്ക് വേണ്ടത്ര രക്തം പമ്പ്‌ ചെയ്യപ്പെടാതെ ആള്‍ കുഴഞ്ഞു വീഴും.. അതാണ്‌ syncope.. ചിലപ്പോള്‍ കുറെ നേരം തലച്ചോറിലേക്ക് രക്തപ്രവാഹം കുറഞ്ഞാല്‍ അതുകൊണ്ട് അപസ്മാരം പോലെ ഉണ്ടാവുകയും ചെയ്യാം. 

ഈ രോഗിയുടെ കാര്യത്തില്‍ ഇക്കാര്യം കണ്ടു പിടിച്ചത് വളരെ സഹായകമായി. ഹൃദയമിടിപ്പ് നോര്‍മല്‍ ആക്കാന്‍ Pacemaker വച്ചതോട് കൂടി എന്നെന്നേക്കുമായി അയാളുടെ അപസ്മാര പ്രശ്നം പരിഹരിക്കപ്പെട്ടു. 

പറഞ്ഞു വരുന്നത് ആരുടേയും വാക്ക്  അവസാന വാക്കല്ല എന്നതാണ്. ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ മുന്‍വിധികള്‍ ഇല്ലാത്ത മനസുമായി പോവുക. നിങ്ങളുടെ അസുഖ വിവരവും ചികിത്സാ വിവരവും തീര്‍ച്ചയായും ഡോക്ടറോട് പറയുക. ഡോക്ടര്‍ ശക്തമായി അക്കാര്യത്തില്‍ എന്തെങ്കിലും സംശയം ഉന്നയിച്ചാല്‍ അത് പൂര്‍ണ്ണമായി തള്ളി കളയാതെ അതിനു ചെവി കൊടുക്കുക.,  ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മട്ടില്‍ ഡോക്ടറെ നിരുല്സാഹപ്പെടുത്താതിരിക്കുക.   ചുരുങ്ങിയ പക്ഷം നിങ്ങളുടെ പഴയ ഡോക്ടറെ വീണ്ടും കണ്ടു ഇക്കാര്യം ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യാമല്ലോ.. 

MBBS കഴിഞ്ഞ ഉടനെ ഒരു വന്‍കിട ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ കണ്ട ഒരു പെന്‍ഷന്‍ പറ്റിയ പട്ടാളക്കാരന്റെ കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം.. പാതി രാത്രി മകനെയും കൂട്ടി ആശുപത്രിയില്‍ വന്നിരിക്കുകയാണ്. 
എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ വളരെ വിചിത്രമായ പരാതി.. 

ഡോക്ടര്‍... എന്റെ ഹൃദയമിടിപ്പ് 90 കാണിക്കുന്നു ഇപ്പോള്‍..

അതിനെന്താ കുഴപ്പം?  നെഞ്ച് വേദന, ശ്വാസം മുട്ട് അങ്ങനെ വല്ലതും ഉണ്ടോ? ഞാന്‍ ചോദിച്ചു..

ഇല്ല.. വേറെ ഒരു കുഴപ്പവും ഇല്ല.. 

എങ്കില്‍ ഹൃദയമിടിപ്പ് 90 ആയതു കൊണ്ട് ഒരു കുഴപ്പവും ഇല്ല.. ഞാന്‍ പറഞ്ഞു.. 

ഹേ അങ്ങനെയല്ല.. ഞാന്‍ ഒരു അറ്റാക്ക്‌ രോഗിയാണ്,  എന്റെ ഡോക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ഹൃധയമിടിപ്പ് 65-70 ല്‍ നില്‍ക്കണം എന്ന്.. ദിവസം പല തവണ ഞാന്‍ ചെക്ക് ചെയ്തു നോക്കാറും ഉണ്ട്.. അപ്പോഴൊന്നും 90 ഉണ്ടാവാറില്ല ... 

65-70 തന്നെയാണ് നിങ്ങള്ക്ക് നല്ലത്.. എന്ന് വച്ച് വല്ലപ്പോഴും അതിനു മുകളില്‍ പോവുന്നത് അസുഖം ആണെന്നു അര്‍ഥം ഇല്ല.. മനുഷ്യ ശരീരം എന്നാല്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരു യന്ത്രം അല്ല,  നിങ്ങള്‍ ചെയ്യുന്ന ശാരീരിക അദ്ധ്വാനം, നിങ്ങളുടെ മാനസിക സമ്മര്‍ദം എല്ലാം നിങ്ങളുടെ ഹൃദയമിടിപ്പിനെ സ്വാധീനിക്കും .. ഹൃദയമിടിപ്പിനെ കുറിച്ച് ഇങ്ങനെ ആവശ്യമില്ലാതെ ടെന്‍ഷന്‍ അടിക്കുന്നത് കൊണ്ട് തന്നെ ഹൃദയമിടിപ്പ് കൂടും.. അത് കൊണ്ട് അടിക്കടി പള്‍സ് ചെക്ക് ചെയ്യുന്നതൊക്കെ നിര്‍ത്തി വച്ച്, ജീവിതത്തിലെ മറ്റു സുഖവും സൌന്ധര്യവുമൊക്കെ ആസ്വദിക്കാന്‍  വേണ്ടി സമാധാനമായിട്ട് തിരിച്ചു പോയാട്ടെ.. ഞാന്‍ പറഞ്ഞു.. 

ഇത് കേട്ടതും ആള്‍ കഠിനമായി ദേഷ്യപ്പെട്ടു.. നിങ്ങളെക്കാള്‍ വലിയ എന്റെ ഡോക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ഹൃദയമിടിപ്പിനെ കുറിച്ച്.. നിങ്ങള്ക്ക് എന്തറിയാം.. 

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഞാന്‍ അന്ന് തിരിച്ചും ദേഷ്യപ്പെട്ടു. കൂടെ വന്ന മകന് കാര്യം പിടികിട്ടി.. അയാള്‍ പതുക്കെ രോഗിയെ അനുനയിപ്പിച്ചു കൊണ്ട് പോവാന്‍ ശ്രമിക്കുകയും എന്നെ ദയനീയമായി നോക്കുകയും ചെയ്തു .. പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല,, പിറുപിറുത്തു കൊണ്ട് തറയില്‍ ഉറക്കെ ചവിട്ടി കൊണ്ട് അയാള്‍ എഴുന്നേറ്റു പോയി.. 

അറ്റാക്ക്‌ വന്ന ശേഷം രോഗികളുടെ ഹൃദയമിടിപ്പ് പരമാവധി കുറഞ്ഞ നിലയില്‍ നിര്‍ത്തേണ്ടതുണ്ട്.. പറഞ്ഞതില്‍ തെറ്റില്ല.. ഡോക്ടര്‍ ഇക്കാര്യം അയാളോട് പറഞ്ഞു കാണും. എന്നാല്‍ ഡോക്ടര്‍ പറഞ്ഞതിനും അപ്പുറം അയാള്‍ മനസിലാക്കി.. ആ ഡോക്ടറോടുള്ള അമിതമായ വിധേയത്വം കാരണം പിന്നീട് മാറൊരാള്‍ പറയുന്നത് ചെവിക്കൊള്ളാന്‍ തയ്യാറായുമില്ല.. 

പറയാന്‍ ഉദ്ദേശിച്ച കാര്യം എല്ലാവര്ക്കും വ്യക്തമായല്ലോ.. അതുകൊണ്ട് ഉപസംഹരിക്കുന്നില്ല.. 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)