കിഴക്കന്‍ ഒമാനിലേക്ക് ഒരു പെരുന്നാള്‍ യാത്ര

സെപ്റ്റംബർ 07, 2018

വാദികളും  മലകളും ബീച്ചുകളുമാണ് ഒമാനിലെ ടൂറിസത്തിന്റെ കാതല്‍. ഇവിടെ വരുന്നതിനു മുന്നേ തന്നെ അക്കാര്യം മനസിലാക്കിയിരുന്നു. മുഴുവന്‍ സമയവും വെള്ളമുള്ള മനോഹരമായ രണ്ടു വാദികള്‍ ഇവിടെയുണ്ട്. വാദി ശാബും ബനീ ഖാലിദും.

ഇബ്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതലേ ആഗ്രഹിച്ചിരുന്നതാണ് ഇവ രണ്ടും കാണാന്‍ പോവണമെന്ന്.. ഗൂഗിള്‍ മാപില്‍ തിരഞ്ഞപ്പോള്‍ 400 KM എന്ന ദൂരം തെളിഞ്ഞു വന്നപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു തല്ക്കാലം പ്ലാന്‍ നീട്ടി വച്ചതാണ്. കിഴക്കന്‍ ഒമാനിലെ തുറമുഖ നഗരമായ സുര്‍ പട്ടണത്തിനടുത്താണ് ഈ രണ്ടു വാദികളും. മസ്കറ്റില്‍ നിന്ന് സുര്‍ പോവുന്ന വഴിയില്‍ കുറെ ദൂരം നേരത്തെ പോയിട്ടുണ്ട്. നക്ഷത്രം വീണു ഉണ്ടായത് എന്ന് നാട്ടുകാര്‍ കരുതുന്ന വെള്ളം നിറഞ്ഞ ഒരു ഗര്‍ത്തം കാണാന്‍ വേണ്ടി. ഭിമ സിങ്ക് ഹോള്‍ എന്നാണു അത് അറിയപ്പെടുന്നത്. അന്ന് സുഹൃത്തിന്റെ കൂടെ  മസ്കറ്റില്‍ നിന്നാണ് യാത്ര തുടങ്ങിയത്..എന്നാല്‍ ഇബ്രിയില്‍ നിന്ന് അത് വരെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവാന്‍ പ്രയാസമാവുമോ എന്ന ശങ്ക കാരണം വാദി കാണാനുള്ള ആഗ്രഹം അങ്ങനെ നീണ്ടു നീണ്ടു പോയി .

പെരുന്നാളിന് UAE യില്‍ നിന്നും അനിയന്‍ ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ പഴയ വാദി മോഹം പൊടിതട്ടിയെടുത്തു. 2 പേര്‍ ഉണ്ടെങ്കില്‍ 400km ഡ്രൈവ് ഇവിടെ ഒരു പ്രശ്നമുള്ള കാര്യമേയല്ല.

തലേ ദിവസത്തെ സോഹാര്‍ യാത്ര കഴിഞ്ഞു എത്താന്‍ വൈകിയ കാരണം രാവിലെ പുറപ്പെടാന്‍ വൈകി.  വാദി ഷാബ് കാണാന്‍ ആണ് പ്ലാന്‍. പോവുന്ന വഴിക്കാണ് ഭിമ സിങ്ക് ഹോള്‍. അതും കാണണം. പിന്നീട് സമയം കിട്ടുകയാണെങ്കില്‍ ബനി ഖാലിദ്‌ കൂടെ..  വാദി പരിസരത്ത് ഉച്ച ഭക്ഷണം കഴിക്കാന്‍ പറ്റുന്ന സെറ്റ് അപ്പ് ഒന്നും കാണില്ല എന്നു അറിയാവുന്നത് കാരണം ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം കയ്യില്‍ കരുതി.

മാപ്പ് നോക്കിയാണ് യാത്ര. ദൂരം അല്‍പ്പം കൂടുതല്‍ ആണെങ്കിലും സമയം കുറവ് കാണിക്കുന്ന വഴി വച്ച് പിടിച്ചു.  സംസാരിച്ചിരിക്കാന്‍ കൂടെ ആളുണ്ടെങ്കില്‍ ഇവിടത്തെ ഡ്രൈവിംഗ് ഒട്ടും മുഷിയാത്ത ഏര്‍പ്പാടാണ്. റോഡുകള്‍ തമ്മില്‍ പരസ്പരം ഒരുപാട് കണക്ഷനുകള്‍ ഉള്ള കാരണം town ലേക്ക് കയറാതെ തന്നെ പോവാം.

മസ്കറ്റ് എക്സ്പ്രസ്സ്‌ റോഡില്‍ നിന്ന് സുര്‍ ലേക്കുള്ള റോഡു തുടങ്ങുന്നിടത്ത് തന്നെ ഒരു മല കയറാനുണ്ട്. അമാരത്ത് height.. വളഞ്ഞും പുളഞ്ഞും കുത്തനെ കയറണം. കയറ്റം തുടങ്ങുന്ന സ്ഥലത്ത് തന്നെ ട്രാഫിക്‌ മുന്നറിയിപ്പുണ്ട്. ലോ ഗിയറില്‍ വാഹനം ഓടിക്കാന്‍. കുത്തനെ ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക്ക്‌ ചൂടായി അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍. റോഡുകളില്‍ കാണുന്ന വാഹനങ്ങളില്‍ 99% വും ഓട്ടോമാറ്റിക് ആണ്. മുന്നറിയിപ്പ് മുഖവിലക്കെടുത്ത് ഞങ്ങളും മാനുഅല്‍ മോഡിലേക്ക് മാറി. ഇറക്കം ഇറങ്ങുമ്പോള്‍ മനസിലാവും ആ മുന്നറിയിപ്പ് പ്രാധാന്യമുള്ളതാണെന്ന്..

റോഡില്‍ കണുന്ന വാഹനങ്ങളില്‍ അധികവും UAE registration. ഇടയ്ക്കു പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറിയപ്പോഴും കണ്ട വാഹനങ്ങള്‍ അധികവും UAE ല്‍ നിന്ന് വന്നവ. പെരുന്നാള്‍ ടൂര്‍ ടീം ആണ്. ഒറ്റക്കും ചെറു സംഘങ്ങളായും ഉണ്ട്.  സന്ദര്‍ശിക്കാന്‍ പോവുന്ന സ്ഥലങ്ങളിലെ തിരക്ക് അപ്പോഴേ ഊഹിക്കാന്‍ കഴിഞ്ഞു.

ആദ്യം സിങ്ക് ഹോള്‍ മാപ്പില്‍ സെറ്റ് ചെയ്തു. അത് വാദി ഷാബ് എത്തുന്നതിനു മുന്നേയാണ്‌. കൃത്യമായി മെയിന്‍ റോഡില്‍ നിന്ന് എക്സിറ്റ് എടുത്തു.. വളഞ്ഞു പുളഞ്ഞു പോവുന്ന റോഡ്‌.. ബീച്ചിനു അരികിലൂടെയാണ്‌ യാത്ര. തിരക്കില്ലാത്ത നിരവധി ബീച്ചുകള്‍ കാണാം പോവുന്ന വഴിക്ക്.. അങ്ങിങ്ങായി ചിലര്‍ വാഹനം ബീച്ചിലേക്ക് ഇറക്കി വിശ്രമിക്കുന്നു. പക്ഷെ തിരക്ക് തീരെ ഇല്ല. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ബീച്ചും അവ ഇല്ലാതെ സുന്ദരമായ മണല്‍ മാത്രം ഉള്ള ബീച്ചുകളുമുണ്ട്. കുടുംബമായി വന്നിരിക്കാന്‍ പറ്റിയ സ്ഥലമാണ്‌. ഞങ്ങള്‍ക്ക് ബീച്ചില്‍ ചിലവഴിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ മാത്രം അങ്ങോട്ട്‌ കാര്‍ ഇറക്കാന്‍ ഉള്ള ഉള്‍വിളി മനസ്സില്‍ ഒതുക്കി..

റോഡിനു ഇരു വശങ്ങളിലും കഴുതകളും ഒട്ടകങ്ങളും യഥേഷ്ടം വിഹരിക്കുന്നു. കഴുതകളെ ഒമാനില്‍ വച്ച് മറ്റെവിടെ നിന്നും കണ്ടിട്ടില്ല. സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ ഒട്ടകത്തെ ഇടിച്ചു പണി വാങ്ങും..

സിങ്ക് ഹോള്‍ സ്ഥിതി ചെയ്യുന്നത് ഒരു പാര്‍ക്കിനുള്ളിലാണ്. ദൂരെ നിന്ന് തന്നെ വാഹനങ്ങളുടെ വന്‍ നിര തന്നെ കാണാന്‍ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും തിരക്കുണ്ടാവും എന്ന് ഉറപ്പായി. എന്നാല്‍ ഈ പാര്‍ക്ക് വളരെ വിശാലമായ സ്ഥലമായതിനാല്‍ തിരക്ക് അനുഭവപ്പെടില്ല. പാര്‍ക്കിനു നടുവിലാണ് ഉല്‍ക്ക വീണു ഉണ്ടായത് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. കാര്‍ വഴിയരികില്‍ ഒതുക്കി ഞങ്ങള്‍ സിങ്ക് ഹോള്‍ ലക്ഷ്യമാക്കി നടന്നു. പുറത്തു വളരെ നല്ല കാലാവസ്ഥ. 50 ഡിഗ്രി ചൂടില്‍ നില്‍ക്കുന്ന ഇബ്രിയില്‍ നിന്നും 34 ഡിഗ്രി ചൂടുള്ള സുര്‍ ലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ഒരു സുഖം അനുഭവപ്പെടുമല്ലോ. പോരാത്തതിന് കടലില്‍ നിന്നുള്ള തണുത്ത കാറ്റും ഉണ്ട്.

സിങ്ക് ഹോളില്‍ നിറയെ ആളുകളുണ്ട്. ഉയരത്തില്‍ നിന്ന് ചാടിയും നീന്തിയും ആളുകള്‍ ആഘോഷിക്കുന്നു. കുറെ പേര്‍ പര്കിലെ പല സ്ഥലങ്ങളിലായി ഇരിപ്പുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവരും കഴിക്കുന്നവരും ഉണ്ട് അക്കൂട്ടത്തില്‍. കടലിനു അടുത്തായതിനാല്‍ സിങ്ക് ഹോളിലെ വെള്ളം കടല്‍ വെള്ളം പോലെ ഉപ്പു രസമാണ്. തണുത്ത ഉപ്പു വെള്ളത്തില്‍ ഇറങ്ങി കയ്യും മുഖവും കഴുകി ഞങ്ങള്‍ തിരിച്ചു കയറി. കുറച്ചു നേരം പരിസരത്ത് നിന്ന് ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം വാദി ഷാബിലേക്ക് യാത്രയാരംഭിച്ചു.



വാദി ഷാബിനു കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിനു മുകളില്‍ കാര്‍ എത്തിയപ്പോള്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന് മാപ്പ് ഉറക്കെ വിളിച്ചു പറഞ്ഞു. താഴേക്ക്‌ എത്തിപ്പെടാനുള്ള വഴി കണ്ടു പിടിക്കാന്‍ കുറച്ചു നേരം കറങ്ങേണ്ടി വന്നു. താഴെ എത്തിയപ്പോള്‍ ദൂരെ നിന്ന് തന്നെ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാന്‍ കഴിഞ്ഞു.. കാര്‍ ഒതുക്കിയിട്ടു കയ്യില്‍ കരുതിരുന്ന ഭക്ഷണം കഴിച്ചു. അതിനു ശേഷം വാദി ലക്ഷ്യമാക്കി പതുക്കെ നടന്നു.. 


മലകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളം കടലിലേക്ക്‌ ചേരുന്നിടമാണ് ഇത്. പച്ച നിറത്തിലുള്ള വെള്ളം ആരുടേയും മനം കവരും.. കാര്‍ പാര്‍ക്ക്‌ ചെയ്യുന്നിടത്ത് നിന്നും വാദി മുറിച്ചു കടന്നു വേണം ഉള്ളിലേക്ക് നടക്കാന്‍.. ചെറിയ ദൂരം കുറുകെ ബോട്ടില്‍ കടത്തി തരാന്‍ ഒരാള്‍ക്ക്‌ ഒരു റിയാല്‍ വച്ച് കൊടുക്കണം. സഞ്ചരിക്കേണ്ട ദൂരം വച്ച് നോക്കുമ്പോള്‍ അത് വലിയ തുകയാണ്. ഈ തുകയും ബോട്ടിംഗ് നു കാത്തു  നില്‍ക്കുന്ന ആളുകളുടെ എണ്ണവും കണ്ടാവണം കുറെ പേര്‍ വടി കുത്തി വാദിയുടെ ആഴം കുറഞ്ഞ ഭാഗം കണ്ടു പിടിച്ചു അത് വഴി മറുകരയിലേക്ക് കടക്കുന്നുണ്ടായിരുന്നു.. അങ്ങനെ കടക്കാന്‍ കഴിയും എന്ന് കണ്ടതോടെ കുറെ പേര്‍ ക്യൂവില്‍ നിന്നും അങ്ങോട്ട്‌ നീങ്ങി. 



ബോട്ടില്‍ മറുകരയില്‍ ചെന്നിറങ്ങുമ്പോള്‍ 6 മണിക്ക് തിരിച്ചെത്താന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അത് വരെയാണ് തിരിച്ചു ബോട്ട് സര്‍വീസ് ഉള്ളൂ. ഞങ്ങള്‍ മറുകരയില്‍ എത്തുമ്പോള്‍ ഏതാണ്ട് 3.30 ആയി. ഒരു മണിക്കൂര്‍ കൊണ്ട് നടന്നെതാവുന്ന അത്ര ദൂരമേ പോവാന്‍ കഴിയൂ. ഒരു മണിക്കൂര്‍ തിരിച്ചു നടക്കണം. ഫോട്ടോ എടുക്കാന്‍ ചിലവഴിക്കുന്ന സമയം കൂടി പരിഗണിച്ചാല്‍ 6 മണിക്ക് തിരിച്ചെത്താം . 

ഇരു വശവും കഴുതകള്‍ മേഞ്ഞു നടക്കുന്ന ചെറിയ ഈട് വഴികള്‍ പിന്നിട്ടു വാദിയുടെ തീരത്ത് കൂടി ഞങ്ങള്‍ നടന്നു.. ഒറ്റയ്ക്കും ചെറുതും വലുതുമായ കൂട്ടമായും കുടുംബമായും നിരവധി ആളുകള്‍ ഉണ്ട്. പലരും അവരവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഇരിക്കുന്നു.. ചിക്കന്‍ ടിക്ക, ബാര്‍ബക്യൂ തുടങ്ങിയ പാചകങ്ങളും പലരും പരീക്ഷിക്കുന്നുണ്ട്. ചിലര്‍ വലിയ ചെമ്പുമായി ബിരിയാണി വെക്കാന്‍ ഉള്ള തയാറെടുപ്പിലാണ്. ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്ന ചെറിയ വഴി കടന്നു ചെല്ലുന്നത് വെളുത്തു    ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഭാഗത്തേക്കാണ്. അരികിലൂടെ പച്ച നിറത്തില്‍ വെള്ളം ഒഴുകുന്നു. സീസന്‍ അല്ലാത്തതിനാല്‍ നീര്‍ച്ചാല് പോലെയേ വെള്ളമുള്ളൂ.. മഴയ്ക്ക് ശേഷം വന്നാലേ യഥാര്‍ത്ഥ ഭംഗി അറിയാന്‍ കഴിയൂ. 





ഇടയ്ക്കു അല്‍പ്പം വിശ്രമം 

കുറച്ചു കൂടി മുന്നോട്ട് നടന്നു വാദിയുടെ വീതി കുറഞ്ഞ ഒരു ഭാഗത്തെത്തി. വെള്ളം കൂടുതലുള്ള സമയത്ത് ആളുകള്‍ മുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി ഉല്ലസിക്കുന്ന സ്ഥലം. സീസന്‍ സമയത്ത് കാണുന്ന നീല വെള്ളത്തിനു പകരം കലങ്ങിയ വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. അവിടെ ആളുകള്‍ നീന്തി രസിക്കുന്നുണ്ട്. വലിയ സൌണ്ട് ബോക്സില്‍ പാട്ട് വച്ച് ഉല്ലസിക്കുന്ന ആളുകളും ഉണ്ട്. 



വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്ന ഒരു മിടുക്കി കുഞ്ഞിന്റെ ഫോട്ടോ കൂടി എടുത്ത ശേഷം ഞങ്ങള്‍ തിരിച്ചു നടന്നു. 


തിരിച്ചു അമാരത്ത് heights ല്‍ എത്തിയപ്പോഴേക്കും മസ്കറ്റ് സിറ്റിയില്‍ ലൈറ്റുകള്‍ തെളിഞ്ഞിരുന്നു 


Thank you for being here

0 അഭിപ്രായ(ങ്ങള്‍)