തലവേദന ഒരു തലവേദനയാകുമ്പോള്‍

ഒക്‌ടോബർ 02, 2018

ഉച്ചക്ക് ഒപി കഴിഞ്ഞു വീട്ടിലെത്തിയതെ ഉള്ളൂ ഫോണ്‍ നിര്‍ത്താതെ റിംഗ് ചെയ്യുന്നു. സഹപ്രവര്‍ത്തകനായ ഡോക്ടര്‍ തലവേദന കാരണം തളര്‍ന്നു വീണു , പെട്ടന്ന് വരുമോ എന്ന് ചോദിയ്ക്കാന്‍ സിസ്റ്റെര്‍ വിളിക്കുന്നതാണ്.. ആശുപത്രിയില്‍ എത്തിയപ്പോള്‍ കാണുന്നത് തലവേദനകൊണ്ട് പുളയുന്ന സഹപ്രവര്‍ത്തകനെയാണ്.  ചെറുപ്പക്കാരനും ഉത്സാഹിയുമായ ഡോക്ടര്‍.. സുന്ദരമായ ആ മുഖം ആകെ വാടിപോയിരിക്കുന്നു.. CT സ്കാന്‍ ഫിലിമിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ സ്തബ്ധനായി പോയി.. വലിയൊരു ട്യൂമര്‍.. ചുറ്റും നീര്‍ക്കെട്ടും.. ഞാന്‍ കാണുന്നതിനു മുന്നേ സ്വന്തം സ്കാന്‍ ആള്‍ കാണുകയും ചെയ്തിട്ടുണ്ട്. ആ നിരാശയും മുഖത്തുണ്ട്‌.

കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തലച്ചോറിലെ പ്രഷര്‍ കൂടി അദ്ദേഹം അബോധാവസ്ഥയിലായി. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച പോലെ ആയി.. സര്‍ജറി ചെയ്തു ട്യൂമര്‍ നീക്കം ചെയ്‌തെങ്കിലും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചു കൊണ്ടു മരണത്തിനു കീഴടങ്ങി

കഴുത്തിലെ എല്ലു തേയ്മാനത്തിന്റെ വേദനയാവാം എന്നു പറഞ്ഞു കുറെ കാലമായി കൊണ്ടു നടക്കുന്നതായിരുന്നു ആ തലവേദന എന്നു പിന്നീട് അറിയാൻ കഴിഞ്ഞു.. MRI എടുക്കുന്നത് ഇന്ന് നാളെ എന്നു പറഞ്ഞു നീണ്ടു പോയി.. അവസാനം മരണത്തിലാണ് കലാശിച്ചത്.

കുഴപ്പമില്ലാത്ത തലവേദന, മൈഗ്രൈന്‍ , Sinusitis എന്നെല്ലാം സ്വയം തീരുമാനിച്ചു മുന്നോട്ടു കൊണ്ട് പോകുന്ന ചില തലവേദനകള്‍ ഇങ്ങനെ അവസാനിക്കുന്നത് പലപ്പോഴായി കാണേണ്ടി വരുന്നത് സങ്കടകരമാണ്.

ജീവിതത്തില്‍ ഒന്ന് രണ്ടു തലവേദനയെങ്കിലും വരാതെ നമുക്ക് മരിക്കാന്‍ കഴിയില്ല. അത്ര സാധാരണമാണ്. ഈ തലവേദനകളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ കുഴപ്പക്കാർ ഉള്ളൂ.. എന്നാല്‍ ഈ നെല്ലും പതിരും തിരിച്ചറിയുന്നതില്‍ പിഴവ് പറ്റിയാല്‍ കൊടുക്കേണ്ടി വരുന്ന വില സ്വന്തം ജീവന്‍ തന്നെയാവാം

5 വര്‍ഷമായും 5 മാസമായും 5 ദിവസമായും ഉള്ള തലവേദനകളുമായി 3 രോഗികള്‍ ഒപിയില്‍ വന്നു എന്നിരിക്കട്ടെ.. ആര്‍ക്കായിരിക്കും ഡോക്ടര്‍മാര്‍ കൂടതല്‍ പ്രാധാന്യം നല്‍കുന്നത്? എല്ലാവരും കരുതുന്നത് പോലെ 5 വര്‍ഷക്കാരനെയല്ല ഡോക്ടര്‍ ആദ്യം പരിഗണിക്കുന്നത്.. വൈറല്‍ പനി പോലെയുള്ള വ്യക്തമായ കാരണം ഒന്നും കാണുന്നില്ലെങ്കില്‍, ജീവിതത്തില്‍ ആദ്യമായി വരുന്ന അത്ര അസഹനീയമായ വേദനയാണെങ്കില്‍ 5 ദിവസക്കാരനാണ് ആദ്യ പരിഗണന അര്‍ഹിക്കുന്നത്.. അത് കഴിഞ്ഞു 5 മാസക്കാരന്‍ .. 5 വര്‍ഷമായ തലവേദന രോഗിയെ ഒരു പക്ഷെ വല്ലാതെ അലട്ടുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നുണ്ടാവാം. എന്നാല്‍ ഗൌരവമുള്ള ഒരു അസുഖം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.



തലവേദനകള്‍ പ്രധാനമായും 2 വിഭാഗങ്ങള്‍ ഉണ്ട്.. തലവേദന തന്നെ ഒരു അസുഖമായി വരുന്ന Primary headaches , മറ്റു അസുഖങ്ങളുടെ ഭാഗമായി വരുന്ന Secondary headaches

Primary headaches അവയുടെ ശതമാന കണക്കു ഉള്‍പ്പെടെ താഴെ പറയുന്നവയാണ്

1. ടെന്‍ഷന്‍ ടൈപ്പ്  തലവേദന  ( 50%)
2. മൈഗ്രൈന്‍ ( 40-45%)
3. Trigeminal autonomic cephalalgia (TCA)

അപൂർവ്വയിനം primary headaches :-
1. Idiopathic stabbing ( 2%)
2. ശാരീരിക അദ്ധ്വാനത്തിന്റെ ഭാഗമായി വരുന്ന exertional headache (1%)

Secondary headaches :( പ്രധാനപ്പെട്ടവ മാത്രം ഇവിടെ പ്രതിപാദിക്കുന്നു)

1. അണുബാധ  ( 63%)
2. തലക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ (4%)
3. രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ ( 1%)
4.Subarachnoid hemorrhage ( less than 1%) തലച്ചോറിന്റെ ആവരണത്തിനിടയില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ്
5. തലച്ചോറിലെ ട്യൂമറുകള്‍ (0.1%)
6. Benign intracranial hypertension

ടെന്‍ഷന്‍ തലവേദന :-

ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരം തലവേദനയാണിത്‌. മാനസികവും  ശാരീരികവുമായ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവരിലും വിഷാദ രോഗികളിലും മറ്റും ഇത്തരം തലവേദന സധാരണമാണെങ്കിലും തലവേദനയ്ക്ക് ആ പേര് വന്നത് തലയിലെയും നെറ്റി , കഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ പേശികളിലെ ടെന്‍ഷന്‍ ഉദ്ദേശിച്ചാണ് . കണ്ണിനു ചുറ്റും നെറ്റിയിലും തലയുടെ മുകള്‍ ഭാഗത്തും വലിഞ്ഞു മുറുകുന്ന രൂപത്തിലുള്ള വേദനയാണ് സാധാരണ കാണപ്പെടുന്നത്. പതിയെ തുടങ്ങി കടുപ്പം കൂടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വേദനയായോ മാസത്തില്‍ 10-15 ദിവസം വരെ നീണ്ടു നില്‍ക്കുന്ന, ദീര്‍ഘ കാലത്തെ തലവേദനയായോ ഈ അസുഖം വരാം. ദൈനംദിന ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും പലപ്പോഴും ഇത്തരം തലവേദന ഒരു ശല്ല്യം ആയി മാറാറുണ്ട്.  മൈഗ്രൈന്‍ തലവേദനയുടെ കൂടെ കാണപ്പെടാറുള്ള ചര്‍ദ്ദിയോ വെളിച്ചം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന അസ്വസ്ഥതയോ മറ്റു പ്രശ്നങ്ങളോ ഒന്നും തന്നെ ഇത്തരം തലവേദനയുടെ കൂടെ കാണാറില്ല. ദീര്‍ഘ നേരം കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്നതും  കുറെ ദൂരം ഡ്രൈവ് ചെയ്യുന്നതും  കാഴ്ച തകരാര്‍ മൂലമുള്ള  കണ്ണിന്റെ  സ്ട്രൈനും ചില കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം ഇത്തരം തലവേദനക്ക് കാരണമാവാം . തലയില്‍ കൈകൊണ്ടു അമര്‍ത്തിയാല്‍ ചിലപ്പോള്‍ വേദന തോന്നാറുണ്ട് ഇത്തരക്കാരില്‍..
ഉറക്കത്തിൽ സ്ഥിരമായി പല്ലു കൂട്ടി കടിക്കുന്നവരിലും ഇത്തരം തലവേദന വരാൻ സാധ്യത കൂടുതലാണ്.

തലവേദന ഉണ്ടാക്കുന്ന കാര്യങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.  മാനസിക പിരിമുറുക്കവും ആശങ്കകളും അകറ്റാനുള്ള വഴികളും ആലോചിക്കാവുന്നതാണ്.  Heat pad, ice packs തുടങ്ങിയ ലഘുവായ കാര്യങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മരുന്ന് കഴിക്കാം.. ദൈനംദിന  ജീവിതം ബുദ്ധിമുട്ടാക്കുന്ന രൂപത്തില്‍ മാസത്തില്‍ പലതവണ വരുന്ന ഇത്തരം തലവേദനയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വന്നേക്കാം.. ഡോക്ടറെ കണ്ടു വേണ്ട പരിശോധനകള്‍ ചെയ്യിക്കണം . തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വന്നാല്‍ വേദന സംഹാരി വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ അല്ല ഉപയോഗിക്കുന്നത് എന്ന് പ്രത്യേകം ഓര്‍ക്കുക.  Paracetamol അല്ലാത്ത ഉയർന്ന വിഭാഗം വേദന സംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ദീർഘ നാൾ വാങ്ങി കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. പല്ലു കൂട്ടി കടിക്കുന്ന brexism എന്ന അസുഖമുള്ളവരിൽ ബോട്ടുലിനം ഇൻജക്ഷൻ തലവേദനയ്ക്ക് ഗുണം ചെയ്യും.

മൈഗ്രൈന്‍ :-
ടെന്‍ഷന്‍ തലവേദനയുടെ അത്ര സാധാരണയല്ലെങ്കിലും ജനങ്ങള്‍ക്ക്‌ കൂടുതല്‍ പരിചിതമായ തലവേദനയാണ് മൈഗ്രൈന്‍. കൌമാരക്കാരിലും ചെറുപ്പക്കാരിലുമാണ് കൂടുതലായും കാണപ്പെടുന്നത് . മദ്ധ്യവയസ്കരില്‍ ആദ്യമായി തുടങ്ങുന്ന തലവേദന മൈഗ്രൈന്‍ ആവാന്‍ സാധ്യത കുറവാണ്.  ഒരു വശത്തോ മുഴുവനായോ അനുഭവപ്പെടുന്ന കുത്തുന്ന തരത്തിലുള്ള ശക്തമായ വേദനയാണ് സാധാരണ കാണപ്പെടുന്നത്. മറ്റു തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി മൈഗ്രിന്റെ കൂടെ കാണപ്പെടാറുള്ള ചില പ്രത്യേക ലക്ഷണങ്ങള്‍ ഇവയാണ്

➤വെളിച്ചം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും ഉള്ള അസ്വസ്ഥത
➤ശരീരം ഇളകുമ്പോള്‍ കൂടുതല്‍ വേദന
➤കണ്ണില്‍ ലൈറ്റ് അടിക്കുന്ന പോലെയോ കാഴ്ച മണ്ഡലത്തില്‍ ചില ➤ഭാഗങ്ങളില്‍ ഇരുട്ട് ആവുന്ന പോലെയോ തോന്നല്‍
➤തല കറക്കം, ശരീരം ഭാരം കുറഞ്ഞ പോലെ തോന്നല്‍,  ഓക്കാനം/ ചര്‍ദ്ദി
➤അപൂര്‍വ്വമായി ശരീരത്തിന്റെ ഒരു ഭാഗം തരിപ്പോ താല്‍ക്കാലികമായ       ബലക്കുറവോ ഉണ്ടാവല്‍

സാധാരണ ചില ഇടവേളകളില്‍ വന്നുപോവുന്ന തലവേദനയാണ് മൈഗ്രൈന്‍ . മണിക്കൂറുകള്‍ തൊട്ടു ദിവസങ്ങളോളം നീണ്ടു നില്‍ക്കാം. ചിലരില്‍ ഒരിക്കല്‍ ഉണ്ടായാല്‍ പിന്നെ കുറെ കാലത്തേക്ക് ഉണ്ടാവണമെന്നില്ല . അത്തരക്കാര്‍ വേദന വരുമ്പോള്‍ മാത്രം ചികിത്സ എടുത്താല്‍ മതിയാകും .  എന്നാല്‍ വളരെ അടുപ്പിച്ചു ശക്തമായ മൈഗ്രൈന്‍ ഉണ്ടാകുന്നവര്‍ സ്ഥിരമായി കുറച്ചു കാലം മരുന്ന് കഴിക്കേണ്ടി വരും. അനേകം മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. രോഗിയുടെ തൊഴിലും സ്വഭാവവും ശരീര ഘടനയും അനുസരിച്ചാണ് അനുയോജ്യമായ മരുന്ന് തിരെഞ്ഞെടുക്കുന്നത് .

മൈഗ്രൈന്‍ ഉണ്ടാവാറുള്ള ആളുകളില്‍ പെട്ടന്ന് ഒരു തലവേദന വരാന്‍ കാരണമായ ചില trigger കള്‍ ഉണ്ട്. അവ മനസിലാക്കിയിരിക്കുന്നത് മൈഗ്രൈന്‍ വരാതെ നോക്കാന്‍ ഉപകരിക്കും . അത്തരത്തിലുള്ള പ്രധാന Trigger കള്‍ താഴെ

➥വിശപ്പ്‌, ഉറക്കമില്ലായ്മ, ഉറക്കക്കൂടുതല്‍
➥ശക്തമായ വെളിച്ചം/ ശബ്ദം
➥മാനസിക/ ശാരീരിക സമ്മര്‍ദ്ദം
➥മദ്യം, അമിതമായ ശാരീരിക അദ്ധ്വാനം, ചില ഭക്ഷണ വസ്തുക്കള്‍, ➥കാലാവസ്ഥ വ്യതിയാനം, ഉയരം കൂടിയ സ്ഥലങ്ങളിലേക്കുള്ള യാത്ര, ➥മാസമുറ സമയത്തുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

Trigeminal autonomic cephalalgia

 കണ്ണുകൾക്ക്‌ ചുറ്റും നെറ്റി ഭാഗത്തും അൽപ്പം പുറകിലും മുഖത്തുമായി കാണപ്പെടുന്ന ശക്തമായ തലവേദനകളാണ് ഈ വിഭാഗത്തിൽ.  തലയുടെ ഏതെങ്കിലും ഒരു വശത്തു മാത്രം കാണപ്പെടുന്നു എന്നതും , വേദനയോടൊപ്പം അതേ വശത്തെ കണ്ണു കലങ്ങൽ, കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരവ് , മൂക്കടപ്പ്, കണ്പോളകൾ വീർത്തു പോവൽ /അടഞ്ഞു പോവൽ, ആ ഭാഗത്തു ചുവപ്പു നിറം, വിയർപ്പു തുടങ്ങിയ ലക്ഷണങ്ങൾ കൂടെ കാണുന്നതും ഈ വിഭാഗം തലവേദനകൾക്കു മാത്രമുള്ള പ്രത്യേകതകളാണ്.  3 തരം തലവേദനകൾ ഇക്കൂട്ടത്തിലുണ്ട്.

Cluster headache (0.1%) ആണ് ഇവയിൽ ഏറ്റവും സാധാരണം.  പേരു സൂചിപ്പിക്കുന്ന പോലെ cluster കൾ ആയാണ് സാധാരണ കാണുന്നത്..   ദിവസേന 8 തവണ മുതൽ ഒന്നിട വിട്ട ദിവസങ്ങളിൽ ഒരു  തവണ എന്ന വ്യത്യസ്തമായ അളവിൽ ദിവസവും ഏതാണ്ട് ഒരേ  സമയത്തു വരുന്ന ചെറു വേദന എപ്പിസോഡുകൾ.. ഓരോ വേദനയും കാൽ മണിക്കൂർ തൊട്ടു 3 മണിക്കൂർ വരെ നീണ്ടു നിൽക്കാം. ഒരു ദിവസം അത്തരം 8 cluster കൾ വരെ വരാം.  മൈഗ്രൈനിൽ നിന്നു വ്യത്യസ്തമായി ഉറക്കത്തിനിടെ തലവേദന ആരംഭിക്കാം. മദ്യം, ചില ശക്തമായ മണം എന്നിവയെല്ലാം ഒരു നിമിത്തമായി മാറാം..  ആണുങ്ങളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. മറ്റു തലവേദനക്കാർ ആ സമയം അനങ്ങാതെ ഒതുങ്ങി കൂടാൻ ഇഷ്ടപ്പെടുമ്പോൾ ക്ലസ്റ്റർ കാർ ദേഹം അനങ്ങി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാനായിരിക്കും ഇഷ്ടപ്പെടുന്നത്. ചിലരിൽ cluster ഒരു ദീർഘ കാല രൂപത്തിൽ കാണാറുണ്ട്.. അനേകം മാസങ്ങളോളം ഇല്ലാതിരുന്ന ശേഷം വീണ്ടും മടങ്ങി വരുന്ന രൂപത്തിൽ..

Paroxysmal hemicrania യാണ് ഈ വിഭാഗത്തിൽ വരുന്ന മറ്റൊരു തലവേദന.  ഏതാണ്ട് cluster headache പോലെ തന്നെയാണ് ലക്ഷണങ്ങൾ.  ഓരോ തലവേദന എപ്പിസോഡുകളുടെയും ദൈർഘ്യം cluster നേക്കാൾ കുറവാണ് ( 2-30 മിനിറ്റ് വരെ)

1 sec മുതൽ 10 മിനിറ്റ് വരെ നീണ്ടു നിൽക്കുന്ന എന്നാൽ ദിവസവും 100 എപ്പിസോഡ് വരെ ഉണ്ടാകാവുന്ന SUNCT എന്ന ഒരു വിഭാഗം തലവേദന കൂടി ഈ ഗണത്തിൽ പെടുന്നു.. ബ്രഷിങ്, കുളി, ഷേവിങ്ങ്, ചവക്കൽ, സംസാരിക്കൽ തുടങ്ങി നിരവധി ട്രിഗറുകൾ ഇത്തരം തലവേദനയ്ക്കുണ്ട് .

Secondary headaches അഥവാ ഇതര കാരണങ്ങൾ കൊണ്ടുണ്ടാവുന്ന തലവേദനകൾ :-

# അണുബാധ : -
തുമ്മൽ/  തൊണ്ടവേദന മൂക്കോലിപ്പ് ഒക്കെയായി വരുന്ന സാധാരണ വൈറൽ പനി, ഡെങ്കി പനി, ടൈഫോയ്ഡ്  തുടങ്ങി ഒട്ടു മിക്ക അണുബാധകളുടെ കൂടെയും വിവിധ തീവ്രതകളിലുള്ള തലവേദനകൾ സാധാരണയാണ്.  എന്നാൽ തലച്ചോറിലെ അണുബാധകൾ കൂടുതൽ മാരകമായ അവസ്ഥയാണ്.  വ്യക്തമായ കാരണം കാണാൻ കഴിയാത്ത പനിയും ശക്തമായ തലവേദനയും ഉണ്ടെങ്കിൽ തലച്ചോറിലെ അണുബാധ സംശയിക്കണം.. വിശദമായ ക്ലിനിക്കൽ പരിശോധനകളിലൂടെ ഈ സാധ്യത മിക്കപ്പോഴും മനസിലാക്കാൻ കഴിയും.. സംശയം ഉണ്ടെങ്കിൽ നട്ടെല്ലിൽ നിന്നും നീര് കുത്തിയെടുത്തു പരിശോധിക്കുന്നതിലൂടെ കൃത്യമായി അറിയാം

രക്തക്കുഴൽ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള തലവേദനകൾ :-
Temporal arteritis /Giant cell arteritis ആണ് ഇതിൽ പ്രധാനി.  തലയുടെ ഒരു ഭാഗത്തു അനുഭവപ്പെടുന്ന വേദന.. കൂടെ തളർച്ച, പനി, അതേ വശത്തെ കാഴ്ച മങ്ങൽ മുതൽ അന്ധത വരെ ഉണ്ടാകാം.  പൊതുവെ 50 വയസിനു മുകളിൽ ഉള്ളവരെയാണ് ഈ അസുഖം ബാധിക്കുന്നത്.  ചിലരിൽ കഴുത്തു, ചുമൽ, പുറം ,കൈകാലുകൾ തുടങ്ങിയവയുടെ വേദനയായി അനുഭവപ്പെടുന്ന polymyalgia rheumatica എന്ന അവസ്ഥയും ഇതിനു കൂടെ കാണാറുണ്ട്

Subarachnoid hemorrhage :-
തലച്ചോറിന്റെ ആവരണത്തിനുള്ളിൽ ഉണ്ടാകുന്ന രക്തസ്രാവം.. സ്വിച്ച് ഇട്ട പോലെ പെട്ടന്ന് ഉണ്ടാവുന്ന അതി കഠിനമായ വേദനയാണ് ലക്ഷണം. ഇടി വെട്ടുന്ന പോലെ വരുന്ന തലവേദന എന്നു ആലങ്കാരികമായി പറയാറുണ്ട് ഇതിനെ.
 തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന അന്യൂറിസം എന്ന ചെറു മുഴകൾ , AV malformations , bleeding disorders എന്നിവയെല്ലാം ഇത്തരം ബ്ലീഡിങ് ന് കാരണമാവാം.  എത്രയും പെട്ടന്ന് ചികിത്സ നൽകേണ്ട ഗൗരവമേറിയ അവസ്ഥയാണ്.

തലച്ചോറിലെ ട്യൂമറുകൾ :-
തലവേദന എന്നു കേൾക്കുമ്പോൾ പൊതുവെ എല്ലാവരും ഭയപ്പെടുന്നത് ട്യൂമർ ആണെങ്കിലും മൊത്തത്തിൽ ഉള്ള തലവേദനകളുടെ 0.1% താഴെ മാത്രമേ ട്യൂമർ മൂലം വരുന്നുള്ളൂ..  കാലക്രമേണ തീവ്രത കൂടി കൂടി വരുന്ന , കിടക്കുമ്പോഴും രാവിലെ സമയങ്ങളിലും കൂടുതൽ അനുഭവപ്പെടുന്ന dull type തലവേദനയാണ് ട്യൂമർ മൂലം കാണപ്പെടുന്നത്.  കാൻസർ മുഴകളും കാൻസർ അല്ലാത്ത മുഴകളും തലച്ചോറിൽ കാണപ്പെടാറുണ്ട്. തലച്ചോറിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനനുസരിച്ചു തലവേദനയ്ക്ക് പുറമെയുള്ള ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും..

Benign intracranial hypertension :-  തലച്ചോറിലെ cerebrospinal fluid ന്റെ പ്രഷർ പ്രത്യേകിച്ചു കാരണം ഒന്നുമില്ലാതെ കൂടി നിൽക്കുന്ന അവസ്ഥയാണിത്.  തല വേദന , ഛർദി എന്നിവയ്ക്ക് പുറമെ കാഴ്ച മങ്ങലും ചെവിയിൽ മൂളലും അനുഭവപ്പെടാം.  ശരീര ഭാരം കൂടുതലുള്ള ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഇത്തരം തലവേദന പ്രധാനമായും കാണുപെടുന്നത്.  CT/MRI സ്കാൻ നോർമൽ ആയിരിക്കും. നട്ടെല്ലിൽ സൂചി കുത്തി csf pressure അളന്നാണ് രോഗ നിർണ്ണയം നടത്തുന്നത്. കൃത്യമായ രോഗനിർണയം നീണ്ടുപോയാൽ കാഴ്ചക്ക് കാര്യമായ തകരാറു സംഭവിക്കാൻ സാധ്യതയുണ്ട്

കണ്ണും സൈനസും :-
അകാരണമായി സ്ഥിരമായി തലവേദനയ്ക്കു പഴി കേൾക്കുന്നവരാണ് കണ്ണും സൈനസുകളും.  പൊതുവെ മറ്റു തലവേദനകൾ ജനങ്ങൾ ഇവയുടെ തലയിൽ ചാർത്തി കൊടുക്കാറാണ് പതിവ്.   സ്ഥിരമായ കണ്ണിന്റെ strain തലവേദനയ്ക്ക് കാരണമായേക്കാം.. എന്നാലും പ്രധാന കാരണമല്ല.  Acute narrow angle glaucoma എന്ന കണ്ണിലെ പ്രഷർ പെട്ടന്ന് കൂടുന്ന അവസ്ഥയിൽ കണ്ണും ചുറ്റുഭാഗവും കഠിനമായി വേദനിക്കാം.  മറ്റു കണ്ണു സംബന്ധമായ പ്രശ്നങ്ങൾ ശക്തമായ തലവേദനയുണ്ടാക്കാൻ സാധ്യത കുറവാണ്.
തലയുടെ ഒട്ടു മിക്ക CT സ്കാനിലും കാണാറുള്ള ഒരു അവസ്ഥയാണ് നേരിയ sinusitis.  അങ്ങനെ ഒരു റിപ്പോർട് കണ്ട ഉടനെ sinusitis ആണ് തലവേദനയുടെ കാരണം എന്ന് പൊതുവെ ആളുകൾ പ്രഖ്യാപിക്കുന്നതു കാണാറുണ്ട്. Purulent sinusitis തലവേദനയ്ക്ക് കാരണമാവാം. നേരിയ രൂപത്തിലുള്ള sinusitis നീണ്ടു നിൽക്കുന്ന കടുത്ത തലവേദനയുണ്ടാക്കാൻ സാധ്യതയില്ല.

നിങ്ങൾക്കു ഒരു തലവേദന വന്നാൽ എന്തു ചെയ്യണം ?

ഇക്കാര്യത്തിൽ പല ഡോക്ടർമാരും പറയുന്നതിൽ വ്യക്തിപരമായ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കാം..

വൈറൽ പനി പോലെ വ്യക്തമായ കാരണം അറിയാവുന്ന തല വേദനയാണെങ്കിൽ ഏതാനും ദിവസം കാത്തു നിൽക്കുന്നതിൽ കുഴപ്പമില്ല.. എന്നാൽ 5-6 ദിവത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. 

സ്ഥിരമായി കുറച്ചു കാലമായി അലട്ടി കൊണ്ടിരിക്കുന്ന തലവേദനയെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഒരു തവണ CT/ MRI എടുത്തു നോക്കുന്നതാണ് ഉചിതം.  മൈഗ്രൈൻ പോലെയുള്ള കൃത്യമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചിലർ ആദ്യമേ സ്കാൻ ചെയ്യിക്കാറില്ലെങ്കിലും വ്യക്തിപരമായി ഞാൻ സ്കാൻ നെ അനുകൂലിക്കുന്നു.. രോഗിക്കും ഡോക്ടർക്കും 100% ആത്മവിശ്വാസം നൽകാൻ സ്കാൻ ഉപകരിക്കും.  ലക്ഷണങ്ങൾ കേട്ടും രോഗിയെ പരിശോധിച്ച ശേഷവും കുഴപ്പമില്ലാത്ത തലവേദന എന്ന നിഗമനത്തിൽ എത്തിയ ശേഷം  100 ശതമാനം ഉറപ്പാക്കാൻ വേണ്ടി ചെയ്യുന്ന സ്കാൻ ചിലപ്പോൾ ഞെട്ടിക്കാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം എല്ലാ primary headaches ലും തലച്ചോറിലെ അണുബാധ, Benign intracranial hypertension  ഉൾപ്പെടെ ചില തരം secondary headaches ലും സ്കാൻ നോർമൽ ആയിരിക്കും. സ്കാൻ നോർമൽ ആണല്ലോ , പിന്നെ എന്തുകൊണ്ട് തലവേദന എന്ന സ്ഥിരം ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല എന്നർത്ഥം.

ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത തലവേദനകൾ ഏതെല്ലാമാണ് ?
താഴെ പറയുന്ന ലക്ഷണങ്ങളോട് കൂടിയുള്ള തലവേദനകൾ സൂക്ഷിക്കണം

* വിട്ടു മാറാത്ത പനി
* തലക്കുള്ള പരിക്കുകൾ
* കാഴ്ച മങ്ങൽ/ രണ്ടായി കാണൽ
* ബലക്കുറവ്,  അടിക്കടി വീഴാൻ പോവൽ
* സ്വഭാവ വ്യത്യാസം, ഓർമ്മക്കുറവ്
* തലച്ചോർ സംബന്ധമായ അസുഖത്തെ സൂചിപ്പിക്കുന്ന മറ്റു ലക്ഷണങ്ങൾ
* സ്വിച്ച് ഇട്ട പോലെ വരുന്ന കഠിനമായ തലവേദന
* കിടക്കുമ്പോൾ കൂടുതലായി തോന്നുന്ന വേദന
* 50 വയസിനു ശേഷം ആരംഭിച്ച തലവേദന
* നേരത്തെ ഉള്ളതിൽ നിന്നു തലവേദനയ്ക്ക് കാര്യമായ സ്വഭാവ വ്യത്യാസം
* കാൻസർ പോലെ ഗുരുതരമായ അസുഖങ്ങൾ ഉള്ളവരിൽ പുതുതായി കാണുന്ന തലവേദന

തലവേദനകൾ നിത്യജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ഭൂരിഭാഗം തലവേദനകളും ഗൗരവം കുറഞ്ഞ അസുഖങ്ങളാണെന്നു മനസ്സിലായല്ലോ.. എന്നാൽ ഇത്തരം ഒരു ധാരണ മനസിൽ വച്ചു കൊണ്ടു ഗൗരവമുള്ള ഒരു തലവേദന യഥാസമയം ശ്രദ്ധിക്കപ്പെടാതെ പോവരുത്.  ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നു സാരം

Thank you for being here

0 അഭിപ്രായ(ങ്ങള്‍)