ഒമാന്‍ കാഴ്ചകള്‍ Part 2

ജനുവരി 23, 2019

ചൂടുകാലം അവസാനിക്കുന്ന September മാസം മുതലാണ് ഒമാനിലെ സഞ്ചാരികളുടെ ഉല്‍സവകാലം തുടങ്ങുന്നത്. October , November മാസങ്ങള്‍ യാത്രക്ക് ഏറ്റവും യോജിച്ച സമയമാണ്.. ജനുവരി മുതല്‍ക്ക് തണുപ്പ് കുറേശ്ശെ അലട്ടി തുടങ്ങും.

കഴിഞ്ഞ സീസണില്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ദൂരയാത്ര വാദി ഷാബ് കാണാന്‍ വേണ്ടി 400 കിലോമീറ്റര്‍ താണ്ടി സുര്‍ പട്ടണത്തിലേക്കു നടത്തിയ യാത്രയാണ്.  മികച്ച റോഡുകളാണ് ഒമാനില്‍ ഉടനീളം.. 400 കിലോമീറ്റര്‍ വെറും നാലു മണിക്കൂര്‍ കൊണ്ട് സുഖകരമായി ഓടിയെത്തി.. എല്ലാ സമയത്തും വെള്ളമുള്ള മനോഹരമായ വാദികളില്‍ ഒന്നാണ് വാദി ഷാബ്. കൂറ്റന്‍ മലയിടുക്കിലൂടെ ഒഴുകി വരുന്ന വെള്ളം കടലില്‍ ചേരുന്ന ഭാഗമാണ് പ്രധാനമായും ആളുകള്‍ സന്ദര്‍ശിക്കുന്നത്. ട്രെക്കിംഗ് താല്‍പര്യം ഉള്ളവര്‍ക്ക് അതുമാവാം.  പോവുന്ന വഴിക്കാണ് ഭീമാ സിങ്ക് ഹോള്‍.. നക്ഷത്രം വീണുണ്ടായത് എന്നു ഒമാനികള്‍ വിശ്വസിക്കുന്ന കൂറ്റന്‍ ഗര്‍ത്തം.. അവിടെ നേരത്തെ പോയിട്ടുള്ളതാണ്. അന്ന് മൊബൈല്‍ മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. വെളിച്ചം കുറഞ്ഞ സമയത്ത് എടുത്ത വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ക്ക് പകരം പുതിയ ചിത്രങള്‍ എടുക്കാനുള്ള അവസരമായിരുന്നു അത്. 



വാദി ഷാബ് ശരിക്കും ആസ്വദിക്കാവുന്ന ഒരു സ്ഥലമാണ്. ഉച്ചക്ക് ശേഷമാണ് ഞങ്ങള്‍ അവിടെ എത്തിയത്, ബോട്ടിങ് 5 മണിയോടെ തീരും എന്നതിനാല്‍ കുറെ ദൂരം വാദിക്കരികിലൂടെ ഉള്ളിലേക്ക് നടക്കാന്‍ കഴിഞ്ഞില്ല, നേരത്തെ എത്തിയാല്‍ വേണ്ടുവോളം ആസ്വദിക്കാനുള്ള വക ഇവിടെയുണ്ട്. 





                വെളുത്ത കല്ലുകള്‍ നിറഞ്ഞ തീരം ആരെയും ആകര്‍ഷിക്കും 




പ്രായ ഭേദമന്യേ ..

ഇബ്രിയില്‍ നിന്നു ഡ്രൈവ് ചെയ്യാന്‍ പ്രയാസകരമായ വഴി ആയത് കൊണ്ട് മാത്രം പോകാന്‍ വൈകിപ്പിച്ച സ്ഥലമാണ് സോഹാര്‍. മലയും കുന്നും കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു പോവുന്ന dual track ആയതിനാല്‍ പോവാന്‍ ഒരു മടിയുണ്ടായിരുന്നു. രാത്രി തിരിച്ചുള്ള ഡ്രൈവിങ് ബുദ്ധിമുട്ടാവും എന്ന തോന്നല്‍ .. പറ്റിയ ഒരു കമ്പനി കിട്ടിയ മാത്രയില്‍ ഇറങ്ങി പുറപ്പെട്ടു. കാര്യമായ കറക്കം നടന്നില്ലെങ്കിലും സോഹാര്‍ സുല്‍ത്താന്‍ ഖബൂസ് മോസ്ക് വളരെ ഇഷ്ടപ്പെട്ടു 





മസ്കറ്റ് കാണാന്‍ UAE യില്‍ നിന്നു വന്ന അതിഥികളുമായി പെട്ടന്നു തട്ടിക്കൂട്ടിയ ഒരു യാത്രയില്‍ പകര്‍ത്തിയ രണ്ടു ചിത്രങള്‍ ചുവടെ.. ഒന്നു മസ്കറ്റിലെ സുല്‍ത്താന്‍ ഖബൂസ് പള്ളിയുടെ ഉള്‍വശം.. മറ്റൊന്നു മസ്കറ്റിലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നായ ഖന്ഥാബ് ബീച്ച്.. അവിടെ ബോട്ടിങ് പ്രശസ്തമാണ്. പാറമടകള്‍ക്കുളില്‍ പ്രകൃത്യാ ഉള്ള ഹോളിലൂടെ ബോട്ടില്‍ പോവാം. സമയപരിമിതി മൂലം അന്ന് അതിനു കഴിഞ്ഞില്ല. മസ്കറ്റില്‍ നിന്നും ഖന്ഥാബ് ബീച്ചിലേക്കുള്ള ഡ്രൈവിങ് ഒരു സുഖകരമായ അനുഭവമാണ്..





ഇബ്രിയില്‍ നിങ്ങള്‍ക്ക് ബോറടി തോന്നുന്നുണ്ടോ? ചെറിയോരു ട്രിപ്പിന് പറ്റിയ സ്ഥലം പോലും ഇല്ല എന്ന വിഷമം ??  എങ്കില്‍ പോരൂ .. വാദി ഡാം കാണാം. ഏതാണ്ട് 80 km ഡ്രൈവ് മതി. അല്‍പ്പം ഓഫ് റോഡും ചെറിയ ഒരു ട്രെക്കിങ്ങും. കണ്ണിനും ശരീരത്തിനും കുളിര്‍മ്മയേകുന്ന സ്ഥലമാണ് വാദി ഡാം. രാത്രി ക്യാംപ് ചെയ്യാനും പറ്റുന്ന സ്ഥലം.  







ഇതോടെ തീരുന്നില്ല ഇബ്രി.. ആളനക്കം ഇല്ലാത്ത കുറെ മരുപ്രദേശം ഉണ്ടിവിടെ. കണ്ണു തുറന്നു വച്ചാല്‍ അവിടെയും കണ്ടെത്താം കുറെ നല്ല കാഴ്ചകള്‍ 






ഒരിക്കല്‍ പോയി വേണ്ടവിധം കാണാന്‍ പറ്റാതെ തിരിച്ചു പോന്ന സ്ഥലമാണ് വാദി അല്‍ ഹൊക്കൈന്‍. ഇബ്രിയില്‍ നിന്നും ഏതാണ്ട് 150  km അകലെ Rushtaq ല്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വാദിയും ഒരു ചെറിയ വെള്ളചാട്ടവുമാണ് ഹൊക്കൈനിലെ ആകര്‍ഷണം.  അന്ന് തിരിച്ചു വരുമ്പോള്‍ മാപ് വട്ടം കറക്കി വഴി തെറ്റി അലഞ്ഞതിനാല്‍ ഇത്തവണ മൂന്ന്‍ വ്യത്യസ്ത മാപ്പുകള്‍ ഫോണില്‍ സേവ് ചെയ്തായിരുന്നു യാത്ര.. മൂന്നും കൂടി ഒരുമിച്ച് കൈവിടാന്‍ സാധ്യത കുറവാണ്..  

ഇടയ്ക്കിടെ മഴ ലഭിക്കുന്ന സ്ഥലമാണ് Rushtaq. മഴ ഉള്ള ദിവസങ്ങളില്‍ ചെന്നാല്‍ നിറഞ്ഞു ഒഴുകുന്ന വാദിയുടെയും വെള്ളചാട്ടത്തിന്റെയും അതിമനോഹരമായ കാഴ്ച കാണാം. മഴ ഇല്ലെങ്കില്‍ നീരൊഴുക്ക് വളരെ കുറവായിരിക്കും. എങ്കിലും ഒരു വൈകുന്നേരം മനോഹരമാക്കാന്‍ ഉള്ള വക ഇവിടെയുണ്ട്.





Rushtaq ല്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്തു എത്തിപ്പെടാവുന്ന ആരുടേയും മനം കവരുന്ന പട്ടണമാണ് നഖല്‍. ചുറ്റും വന്‍ മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരയാണ് നഖല്‍ സിറ്റി..  വലിയ ഈന്തപ്പന തോട്ടങ്ങളും ഉടനീളം കാണാം. ചൂട് വെള്ളം ഒഴുകുന്ന ഒരു അരുവിയും നഖല്‍ ഫോര്‍ട്ടുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അരുവിയും ഫോര്‍ട്ടും രണ്ടു തവണയായി പോയാണ് കണ്ടത്. ഇബ്രി തൊട്ടു rushtaq വരെയുള്ള ഡ്രൈവ് ആകര്‍ഷകമാണ്.. മനോഹരമായ കുന്നുകളും താഴ്വരകളും പിന്നിട്ടുള്ള ഡ്രൈവ്. അതിലേറെ ഭംഗിയാണ് Rushtaq തൊട്ടു നഖല്‍ വരെയുള്ള യാത്ര.. യാത്രയുടെ അധിക സമയവും വെള്ളം ഒഴുകുന്ന വാദിക്ക്‌ അരികിലൂടെയാണ്‌.

 ഇളം ചൂട് വെള്ളം ഒഴുകുന്ന അരുവി ഒരു അത്ഭുതമാണ്. വിശാലമായ പാര്‍ക്കിംഗ് സൌകര്യവും ഇരിപ്പിടങ്ങളും അവിടെയുണ്ട്. അരുവിയില്‍ ഇറങ്ങി കുളിക്കുകയും ആവാം. 4 wheel drive വാഹനം ഉണ്ടെങ്കില്‍ അരുവിയിലൂടെ ചെറിയ ഡ്രൈവിങ്ങും നടത്താം.




ഒമാനില്‍ കണ്ടത്തില്‍ വച്ച് ഏറ്റവും ഭംഗി തോന്നിച്ച ഫോര്‍ട്ട്‌ നഖലിലെതാണ്. 17th century യില്‍ ഒമാനി ശില്‍പ്പികള്‍ നിര്‍മ്മിച്ചതാണ് ഈ കോട്ട. നിര്‍മ്മിതിയുടെ സൌന്ദര്യത്തിനു പുറമേ മുകളില്‍ നിന്നും കാണുന്ന കാഴ്ചകളും ആരെയും ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്.







മസ്കറ്റില്‍ നിന്ന് ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു എത്തിപ്പെടാവുന്ന സ്ഥലമാണ് ബന്ധര്‍ കൈരാന്‍ ബീച്ചും വ്യൂ പോയിന്റും.   കുത്തനെയുള്ള മല കയറി എത്തിയാല്‍ വിശാലമായ മുകള്‍ ഭാഗത്ത്‌ നിന്ന് അകലെയുള്ള ബീച്ച് കാണാം. രസകരമായ കാഴ്ചയാണ്. തിരിച്ചു വരുന്ന വഴിക്ക് ഒരു കടലിടുക്ക് കാണാം. കാര്‍ അങ്ങോട്ട് കൊണ്ടുപോകാം .  പഴയ ഒരു ബോട്ട് കിടപ്പുണ്ട് അവിടെ.. Photographers ന്‍റെ ഇഷ്ട ലോക്കഷനുകളില്‍ ഒന്നാണ് ഈ കൊച്ചു കടലിടുക്ക്.







പ്രകൃതിയോട് ഇണങ്ങി, ഒരു വന്‍കിട റിസോര്‍ട്ടില്‍ ഒന്നു താമസിക്കണമെന്നുണ്ടോ?  ഒമാനിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ അലില യില്‍ താമസിക്കാം. ഒമാനിലെ ഉയരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പ്രശസ്ത ടൂറിസ്റ്റ് സ്പോട്ട് ആയ ജബല്‍ അഖ്ദരില്‍ ആണ് അലില സ്ഥിതി ചെയ്യുന്നത്.. ഡ്രൈവറുടെയും വാഹനത്തിന്റെയും മിടുക്ക് തെളിയിക്കേണ്ട വഴികള്‍ താണ്ടി വേണം അലിലയില്‍ എത്താന്‍. റിസോര്‍ട്ടിലെ താമസത്തേക്കാള്‍ എനിക്കു ഇഷ്ടമായത് അങ്ങോട്ടുള്ള യാത്രയും ജബല്‍ അഖ്ദറിന്റെ വ്യത്യസ്ഥമായ ഭൂപ്രകൃതിയുമാണ്.  ഡ്രൈവിങില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട വഴികള്‍ ആയതിനാല്‍ വാഹനം ഓടിക്കുന്ന ആള്‍ക്ക് കുറെ കാഴ്ചകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 







ഇബ്രിക്ക് ഏറ്റവും അടുത്ത പ്രധാന സിറ്റി Nizwa യാണ്.  ചില ഒഴിവു ദിവസങ്ങളില്‍ വെറുതെ കറങ്ങാന്‍ പോവുന്ന സ്ഥലം. സുല്‍ത്താന്‍ ഖബൂസ് പള്ളിയിലും Nizwa grad mall or Lulu വില്‍ കറങ്ങി തരിച്ചു പോരുകയാണ് പതിവ്.  എന്നാല്‍ Nizwa യെ കുറിച്ച് ഗൂഗിളില്‍ നടത്തിയ search കുറച്ചു കൂടി സാദ്ധ്യതകള്‍ തുറന്നു തന്നു. Nizwa സിറ്റിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള Taymsa ostrich farm and Zoo ആണ് അത്തരത്തില്‍ കണ്ടെത്തിയ ഒരു സ്ഥലം. അതിവിശാലമായ ഒരു സ്ഥലത്ത് അടുത്തടുത്ത compound കളിലായാണ് ostrich farm and Zoo. അതിനോട് ചേര്‍ന്ന് നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്കും ഉണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന സ്ഥലമാണിത്.







അതിനു ശേഷം നേരെ സിറ്റിയില്‍ വന്നു ഗ്രാന്‍ഡ്‌ മാളില്‍ ഒരു കറക്കം ആവാം



ഗൂഗിളില്‍ നിന്ന് തന്നെ കണ്ടുപിടിച്ചതാണ് Nizwa നിന്നും ബഹല പോകുന്ന വഴിക്കുള്ള Falaj darris irrigation system and park. നൂറ്റാണ്ടുകള്‍ക്കു മുന്നേ ഒമാനില്‍ നിലനിന്നിരുന്ന ജലസേചന രീതിയുടെ ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമാണിത്. ചെറിയ ചാലുകള്‍ വഴി അനേക ദൂരം കൃഷിക്ക് വേണ്ടി വെള്ളം എത്തിക്കുന്ന രീതി. സഞ്ചാരികള്‍ വരുന്നത് കാരണം അവിടെ ഒരു ചെറിയ പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.







ഈയിടെ renovate ചെയ്ത Nizwa fort, അടുത്തുള്ള ബഹല ഫോര്‍ട്ട്‌,  Al hamra എന്ന സ്ഥലത്തെ പഴയ ഗ്രാമീണ ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ  Nizwa യില്‍ ഇനിയും കാണാന്‍ ബാക്കിയുള്ള സ്ഥലങ്ങളാണ് .


ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഡ്രൈവ് ഇന്‍ ബീച്ചാണ് ബര്‍കയിലെ സുവാദി ബീച്ച്. ഒരു വൈകുന്നേരം ചിലവഴിക്കാന്‍ യോജിച്ച സ്ഥലമാണ് സുവാദി ബീച്ച്. കടല്‍ വെള്ളം തൊട്ടു കൊണ്ട് കാര്‍ നിര്‍ത്താം. അധികം ആള്‍ തിരക്കില്ലാത്ത മനോഹരമായ ബീച്ചാണ് സുവാദി.



മസ്കറ്റിലെ പ്രശസ്തമായ മത്ര ബീച്ചില്‍ നിന്നെടുത്ത ഒരു ചിത്രത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും.. അടുത്ത ചൂട് കാലം വരുന്നതിനു മുന്നേ ഇനിയും കുറെ യാത്രകള്‍ മനസിലുണ്ട്.. അവ അടുത്ത ബ്ലോഗില്‍ കാണാം ..





Thank you for being here

0 അഭിപ്രായ(ങ്ങള്‍)