ആപ്രിക്കോട്ട് പൂക്കുന്ന വക്കാന്‍ വില്ലേജ്

ഫെബ്രുവരി 28, 2019


ഒമാനിലേക്ക് വരുന്നതിനു മുന്നേ തന്നെ ഫോട്ടോഗ്രഫി ഗ്രൂപ്പുകള്‍ വഴി കേട്ടറിവുള്ള ഗ്രാമമാണ് വക്കാന്‍.  പ്രകൃതി ഭംഗികൊണ്ടു അനുഗ്രഹീതമായ ഒരു ഉള്‍ഗ്രാമമാണ് വക്കാന്‍. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 6600 അടി ഉയരത്തിലാണ് വക്കാന്‍ സ്ഥിതി ചെയ്യുന്നത്.. ചുറ്റും അതിലും ഉയരമുള്ള മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുനത് കാരണം  കുറച്ചു സമയത്തേക്ക് മാത്രമേ വക്കാനില്‍ കാര്യമായിട്ട് വെയില്‍ ഉണ്ടാവാറുള്ളു.. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും തണുത്ത കാലാവസ്ഥയാണ് .. വെള്ളത്തിന്റെ ലഭ്യതയും തണുത്ത കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായ ഒരു സ്ഥലമായി വക്കാനെ മാറ്റിയെടുത്തിരിക്കുന്നു.. സ്വാഭാവികമായും  കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഏതാനും കുടുംബങ്ങള്‍ മാത്രമാണ് വക്കാനില്‍ താമസമുള്ളൂ..  ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തു നില്‍ക്കുന്ന ഫെബ്രുവരി മാസത്തില്‍ വക്കാനിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്..  മരങ്ങള്‍ പൂത്തു തുടങ്ങി എന്ന് കേട്ട ഉടനെ വക്കാന്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..

ഫോട്ടോഗ്രഫി താല്പര്യമുള്ളവര്‍ അതിരാവിലെ സൂര്യോദയ സമയത്താണ് വക്കാനില്‍ ചെല്ലുന്നത്.. മേഘങ്ങള്‍ക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യന്റെ വെളിച്ചം വക്കാന് പ്രത്യക ഭംഗി നല്‍കും.. ഇബ്രിയില്‍ നിന്ന് ഏതാണ്ട് 200km ദൂരമുള്ളതിനാല്‍ ആ സമയത്ത് വക്കാനില്‍ എത്തുക എന്നത് പ്രായോഗികമല്ല.. മസ്കറ്റിലെ സുഹൃത്തുമായി ആലോചിച്ചു ഉച്ച തൊട്ടു വൈകുന്നേരം വരെയുള്ള ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തു..

അങ്ങനെ ആ ദിവസം വന്നെത്തി. ഇബ്രിയില്‍ നിന്നും ഞങ്ങള്‍ മൂന്നു പേരും മസ്കറ്റില്‍ നിന്നും സുഹൃത്തും ഫാമിലിയും മറ്റൊരു ഫാമിലിയുമുണ്ട്.. വക്കാനിലെക്കുള്ള റോഡ്‌ തുടങ്ങുന്നിടത്ത് വച്ച് കണ്ടുമുട്ടാന്‍ പാകത്തിലാണ് യാത്ര.

രുഷ്ടാക്ക് നിന്നും നഖലിലേക്ക് പോവുന്ന വഴിയില്‍ നിന്ന് തിരിഞ്ഞു പോകണം വക്കാനിലേക്ക്.  നേരത്തെ പ്ലാന്‍ ചെയ്ത പോലെ അവിടം മുതല്‍ രണ്ടു വാഹനങ്ങളിലായി ഒരുമിച്ചാണ് ഞങ്ങളുടെ യാത്ര.  ഉള്ളിലേക്ക് പോകും തോറും മൂടിയ അന്തരീക്ഷമായി.. വെയില്‍ തീരെ കുറവ്.. ചെറിയ കുന്നുകളും താഴ്വരകളും താണ്ടിയുള്ള യാത്ര രസകരമാണ്. വരാനിരിക്കുന്ന ഓഫ്‌ റോഡ്‌ ഡ്രൈവിനെ കുറിച്ച് ഒരു ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ കരുതിയതിലും വളരെ കടുപ്പമേറിയ റോഡായിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്.  വക്കാന്‍ ന്റെ ഏതാണ്ട് 6-7 km അടുത്ത് വരെ നല്ല ടാര്‍ റോഡുണ്ട്‌. അത് കഴിഞ്ഞാല്‍ മണ്ണ് റോഡാണ്.. പൊടി നിറഞ്ഞ അതികം ഗ്രിപ്പ് ഇല്ലാത്ത റോഡ്‌.. ചെങ്കുത്തായ കയറ്റം.. വളഞ്ഞു പുളഞ്ഞു കയറി പോവണം. മിക്ക സ്ഥലത്തും വീതി കുറവ്. എതിരെ വാഹനം വന്നാല്‍ ചിലപ്പോള്‍ reverse എടുക്കേണ്ടി വരും.. Edge എടുത്തു പോയാല്‍ പൊടിപോലും കാണില്ല കണ്ടു പിടിക്കാന്‍.. 4 wheel drive വാഹനം വേണം ബുദ്ധിമുട്ടില്ലാതെ കയറി പോവാന്‍.

മുകളില്‍ പാര്‍ക്കിംഗ് വളരെ പരിമിതമായതിനാല്‍ ധാരാളം വാഹനങ്ങള്‍ വഴിയരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു.. ഞങ്ങളും അതുപോലെ വഴിയില്‍ കുറച്ചു സ്ഥലം കണ്ടിടത്ത്‌ കാര്‍ പാര്‍ക്ക് ചെയ്തു.



മുകളില്‍ എത്തിയപ്പോഴേക്കും 2pm ആയിരുന്നതിനാല്‍ കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ച ശേഷം കാഴ്ചകള്‍ കാണാം എന്ന് തീരുമാനിച്ചു. സാമാന്യം വലിയ ഒരു ഗ്രാമമാണ് വക്കാന്‍ , തോന്നിയ പോലെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാം എന്നായിരുന്നു എന്റെ മുന്‍ധാരണ. എന്നാല്‍ വക്കാന്‍ വളരെ ചെറിയ ഗ്രാമമാണ്.. വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമേ താമസമുള്ളൂ . അവരുടെ ചെറിയ വീടുകള്‍ അങ്ങിങ്ങായി കാണാം. അതിനോടനുബന്ധിച്ചു കൃഷിയിടങ്ങള്‍.  തുടക്കം മുതല്‍ വക്കാന്‍ അവസാനിക്കുന്നത് വരേയ്ക്കും കല്ല്‌ പാകിയ നടപ്പാതയുണ്ട്. അതിലൂടെ നടന്നു കയറി ഇരു വശവും ഉള്ള കാഴ്ചകള്‍ കാണാനേ കഴിയു. കൃഷിയ്ടങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും ഗ്രാമവാസികളെ ഏതെങ്കിലും തരത്തില്‍ ശല്യം ചെയ്യുന്നതും അവര്‍ ഇഷ്ടപ്പെടില്ല. അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാത്ത രൂപത്തില്‍ വേണം നമ്മള്‍ കാഴ്ചകള്‍ കാണാന്‍.  അവിടത്തെ ആളുകളുടെ ഫോട്ടോ എടുക്കുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല..

മുകളിലേക്ക് കല്ല്‌ പാകിയ നടപ്പാതയിലൂടെ നടന്നു തുടങ്ങുമ്പോള്‍ തന്നെ പുല്ലു വളര്‍ന്നു നില്‍ക്കുന്ന പാടം പോലെയുള്ള ഭാഗം കാണാം.  അവിടെ ഒരു സ്ഥലത്ത് നാട്ടുകാരായ ആളുകള്‍ കൂട്ടം കൂടി ഒരു സദസ്സ് പോലെ ഇരിപ്പുണ്ടായിരുന്നു.  അവരെ ശല്യം ചെയ്യാതെ മുന്നോട്ടു നീങ്ങി. ഇരു വശത്തും ആദ്യം കണ്ടത് Pomegranate തോട്ടങ്ങളാണ്. അകത്തേക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല എന്ന് കണ്ടതോടെ ആ ശ്രമം  ഉപേക്ഷിച്ചു.  കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ എന്തോ ഫ്രൂട്സ് വില്‍ക്കാന്‍ ഇരിക്കുന്ന രണ്ടുപേരെ കണ്ടു. ആദ്യം എടുത്ത ചിത്രം ഒന്നു കൂടെ മികച്ചതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നതില്‍ അവരും ഇഷ്ടക്കേട് കാണിച്ചു.. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു പിന്‍വാങ്ങേണ്ടി വന്നു..



അവിടന്നങ്ങോട്ട് കല്ലു പാകിയ ചെറിയ നടപ്പാത നീണ്ടു കിടക്കുന്നു.. മുകളിലേക്ക് കയറി പോവുന്ന ഒരു പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു അങ്ങനെ കിടക്കുന്നു.. ഇരു വശങ്ങളിലും ആപ്രിക്കോട്ട് മരങ്ങള്‍ പൂത്തു നില്‍ക്കുന്നു. തണുത്ത കാലാവസ്ഥയും ചുറ്റിലെ പച്ചപ്പും ആപ്രിക്കോട്ട് പൂക്കളും ചേര്‍ന്ന് സുഖകരമായ ഒരു അനുഭൂതി.. പതിയെ പതിയെ ഞങ്ങള്‍ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു.. ഇടയ്ക്കു ചെറിയ വിശ്രമം, വീണ്ടും നടത്തം, ഫോട്ടോയെടുപ്പ്...



ആപ്രിക്കോട്ട് പൂക്കളുടെ അടുത്തു നിന്ന് കൊണ്ട് ഒരു ക്ലോസപ്പ് ഫോട്ടോ ആരും ആഗ്രഹിച്ചു പോകും









വെള്ളത്തിന്റെ ലഭ്യത എടുത്തു പറയേണ്ട കാര്യമാണ്.. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങി വരുന്ന വെള്ളം ചെറിയ കുളങ്ങളില്‍ സംഭരിച്ചു വെക്കുന്നു.. അവിടെ നിന്നും ചെറു ചാലുകള്‍ കീറിയാണ്‌ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. കുളത്തില്‍ നിന്നും ചാലുകളിലേക്ക് തുറക്കുന്ന പ്രധാന ദ്വാരം മണ്ണിട്ട്‌ മൂടിയാണ് ജലസേചനം നിര്‍ത്തുന്നത്.. ചാലുകളില്‍ കല്ലും ചാക്കും വച്ച് വെള്ളം വഴി തിരിച്ചു വിടുകയും ചെയ്യുന്നുണ്ട്.. അതിനായി മാത്രം കൈക്കോട്ടും ചുമന്നു കൊണ്ട് നടക്കുന്ന ഒരാളെ വഴിയില്‍ കണ്ടു..



വെള്ളം ഒഴുക്കുന്ന ചാലുകള്‍





കയറ്റം കയറി ക്ഷീണിച്ചെങ്കില്‍ ഇടയ്ക്കു വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും വേണ്ടുവോളമുണ്ട്.




മുകളിലേക്ക് ചെല്ലും തോറും സംഘത്തിലെ ആളുകളുടെ എണ്ണം കുറഞ്ഞു വന്നു.. പലരും ഇടയ്ക്കു വച്ച് നടത്തം നിര്‍ത്തി വിശ്രമിച്ചു. നടപ്പാത അവസാനിക്കുന്നിടത്ത് ഒരു വാച് ടവര്‍ പോലൊരെണ്ണം നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ നിന്ന് താഴ്വര മുഴുവന്‍ കാണാന്‍ കഴിയും. അവിടെ എത്തുന്നതിന്‍റെ ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നേ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു. കയറ്റം കയറി എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ആപ്രിക്കോട്ട് മരങ്ങള്‍ അവസാനിക്കുന്നിടത്താണ് ഞങ്ങളും യാത്ര അവസാനിപ്പിച്ചത്.







തിരിച്ചു ഇറങ്ങുന്ന വഴി നേരത്തെ കണ്ടുവച്ച ഒരു സ്ഥലത്ത് ഒരു ഗ്രൂപ്പ് ഫോട്ടോക്ക് വേണ്ടി എല്ലാവരും പോസ് ചെയ്തു..








നടപാത തുടങ്ങുന്നിടത്ത് ഒരു ചെറിയ കോഫി ഷോപ്പുണ്ട്. വക്കാന്‍ ഭംഗി ആസ്വദിച്ചു കൊണ്ട് ഓപ്പണ്‍ എയറില്‍ ഇരുന്നു ചായ കുടിക്കാം . തൊട്ടടുത്തു തന്നെ വൃത്തിയുള്ള Toilet സൗകര്യങ്ങളുമുണ്ട്..



തിരിച്ചു ഇറങ്ങി വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. എല്ലാവരും ക്ഷീണിച്ചിരുന്നു അപ്പോഴേക്കും. നേരത്തെ ഉണ്ടായിരുന്ന വാഹന തിരക്ക് ഇപ്പോള്‍ ഇല്ല.. ഞങ്ങളുടെ വാഹനം ഉള്‍പ്പെടെ ഏതാനും ചില കാറുകള്‍ മാത്രമേ ഉള്ളൂ.. കയ്യില്‍ കരുതിയിരുന്ന snacks കഴിച്ച ശേഷം  തിരിച്ചുള്ള യാത്ര ആരംഭിച്ചു.. അപ്പോഴേക്കും തണുപ്പിന്റെ കാഠിന്യം കൂടിത്തുടങ്ങിയിരുന്നു.  നേരത്തെ വാഹനങ്ങളുടെ തിരക്കിലൂടെ പേടിയോടെ കയറി ചെന്ന വഴികളിലൂടെ തിരക്കില്ലാതെ അനായാസമായി തിരിച്ചിറങ്ങി.  നന്നേ ഇരുട്ട് വീഴുന്ന മുന്നേ താഴെ എത്തി.. ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ ചുരം ഇറങ്ങി വരുന്നത് സുരക്ഷിതമായിരിക്കില്ല എന്നു കരുതിയാണ് നേരത്തെ ഇറങ്ങിയത്

വക്കാനിലെക്കുള്ള വഴിയില്‍ പെട്രോള്‍ പമ്പുകള്‍ ഇല്ല..  അതിനു മുന്നേ ടാങ്ക് നിറച്ചു പോവുന്നതാണ് നല്ലത്.  കൊടും കയറ്റം കയറുമ്പോള്‍ ടാങ്കില്‍ വേണ്ടത്ര പെട്രോള്‍ ഇല്ലെങ്കില്‍ അനാവശ്യമായി ടെന്‍ഷന്‍ ആയിപ്പോകും.. വണ്ടി വഴിയില്‍ നിന്ന് പോയാല്‍ കുടുങ്ങുന്നത് നമ്മള്‍ മാത്രമായിരിക്കില്ല.. 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)