യാത്രാ ഫോട്ടോകള്‍ മനോഹരമാക്കാന്‍ 10 മുന്‍കരുതലുകള്‍

ഒക്‌ടോബർ 13, 2017


യാത്രകള്‍ എപ്പോഴും സുഖകരമായ ഒരു അനുഭൂതിയാണ്. ഒരു യഥാര്‍ത്ഥ സഞ്ചാരിക്ക് യാത്രയെ കുറിച്ച് ആലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ ആ അനുഭൂതി അനുഭവിച്ചു തുടങ്ങാന്‍ കഴിയും.  ഒരു യാത്ര മികച്ചതാവാന്‍ പല കാര്യങ്ങള്‍ ഒത്തുചേരേണ്ടതുണ്ട്.  അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഗ്രഫി.. യാത്രകള്‍ക്കിടയില്‍ ഒരു മൊബൈല്‍ ഫോട്ടോയെങ്കിലും എടുക്കാത്തവര്‍ ഉണ്ടാവില്ലല്ലോ.. യാത്രക്കിടയിലുള്ള കാഴ്ചകളും അനുഭവങ്ങളും അവസാനിക്കുമ്പോള്‍ ആ ഓര്‍മ്മകളെ സജീവമായി നിലനിര്‍ത്തുന്നത് ഫോട്ടോഗ്രഫിയാണ്.. യാത്രക്കിടയില്‍ ഫോട്ടോകള്‍ എടുക്കുന്നവരും ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടി യാത്ര ചെയ്യുന്നവരുമുണ്ട്. ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടി യാത്ര ചെയ്യുന്നവര്‍ക്കാണ് യാത്രയ്ക്ക് കൂടുതല്‍ മുന്നൊരുക്കം ആവശ്യമുള്ളത് .. മികച്ച ഫോട്ടോകള്‍ ലഭിച്ചില്ലെങ്കില്‍ യാത്രയുടെ പൂര്‍ണ്ണത കൈവരില്ല ഇത്തരക്കാര്‍ക്ക്..  പലപ്പോഴും മനസ്സില്‍ ഉദ്ദേശിച്ച പോലെയുള്ള ചിത്രങ്ങള്‍ ആയിരിക്കില്ല നമുക്ക് ലഭിക്കുന്നത്..  വേണ്ടവിധം മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ യാത്രയില്‍ നമുക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മികച്ചവയാക്കാന്‍ കഴിയും.

1. യാത്രാ പ്ലാനിംഗ് :-

സ്ഥിരമായി ആളുകള്‍ പോയികൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ക്ക് പകരം സ്വന്തം അഭിരുചിക്കനുസരിച്ചാണ് പോവേണ്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.. ചിലര്‍ക്ക് വന്‍ നഗരങ്ങള്‍ , ചിലര്‍ക്ക് കൂടുതല്‍ ശാന്തതയുള്ള സ്ഥലങ്ങള്‍, ചിലര്‍ക്ക് ചരിത്ര പ്രാധാന്യം ഉള്ളവ, ബീച്ച്, കാട് എന്നിങ്ങനെ ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമായിരിക്കും.. ഇതു തരം സ്ഥലമാണ് ഇഷ്ടം കൂടുതലെങ്കില്‍ അത്തരം സ്ഥലങ്ങള്‍ക്ക് വേണ്ടി അന്വേഷിക്കാം.. ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കും.. പോവേണ്ട സ്ഥലം തീരുമാനമായാല്‍ പിന്നെ ഏറ്റവും അനുയോജ്യമായ സീസണ്‍ഏതാണെന്ന് നോക്കാം.. പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതു സീസണില്‍ ആണ് ഏറ്റവും ഭംഗി എന്ന് അന്വേഷിക്കാം.. കൂടുതല്‍ മികച്ച സീസണില്‍ പക്ഷെ യാത്ര കൂടുതല്‍ ചിലവേറിയതായിരിക്കും എന്ന് മാത്രം.. കടുത്ത മഴക്കാലങ്ങള്‍ പൊതുവേ യാത്രകള്‍ക്ക് അനുയോജ്യമല്ലെങ്കിലും  മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ അതൊരു തടസമല്ല. മറ്റു സീസണുകളില്‍ കിട്ടാത്ത ആകര്‍ഷകമായ ചില ചിത്രങ്ങള്‍ മഴക്കാലത്ത് മാത്രമായി ലഭിക്കും.. കൂടുതല്‍ ക്ഷമയും ക്യാമറ കേടാവാതിരിക്കാന്‍ മുന്കരുതലും വേണമെന്ന് മാത്രം.. മഴയ്ക്ക്‌ മുന്നേ ഉരുണ്ടു കൂടുന്ന മേഘങ്ങള്‍,  താല്‍ക്കാലികമായി ഉണ്ടാവുന്ന അരുവികള്‍ തുടങ്ങിയവയെല്ലാം മറ്റു സമയങ്ങളില്‍ കിട്ടില്ലല്ലോ.. മഴക്കാലത്ത്‌ എടുക്കുന്ന ചിത്രങ്ങള്‍ പൊതുവേ നിറങ്ങളും contrast ഉം കൂടിയവയായിരിക്കും ..

മലമ്പുഴ ഡാം പരിസരത്ത് നിന്ന് മഴയ്ക്ക് മുന്നേയും ശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് താഴെ





ഏതു കാലാവസ്ഥയിലും നല്ല ചിത്രങ്ങള്‍ കിട്ടും.. അവയെ നമ്മള്‍ കണ്ടെത്തണം എന്ന് മാത്രം.. ഹോങ്കോങ്ങിലെ പോലിംഗ് മോനാസ്റ്റെരി പരിസരത്ത് നിന്നും പെട്ടന്ന് വീണ മഞ്ഞിലും മഴയത്തും എടുത്ത ചിത്രമാണ് താഴെ



2. കാണാന്‍ എന്തെല്ലാം? 

യാത്ര പ്ലാന്‍ ചെയ്യുന്നുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്നാണിത്. ഗൂഗിള്‍ ഉപയോഗിച്ച് പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രധാന ആകര്‍ഷണങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാം.. അതില്‍ സ്വന്തം ഇഷ്ടങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.. 

3. മുന്‍ഗണനാ ക്രമം :

ഓരോ സ്ഥലത്തും നിരവധി ടൂറിസ്റ്റ് സ്പോട്ടുകള്‍ ഉണ്ടാവുമല്ലോ. എല്ലാം ഒരു സന്ദര്‍ശനം കൊണ്ട് കണ്ടു തീരില്ല പലപ്പോഴും.. എത്ര ദിവസം കയ്യില്‍ ഉണ്ടെന്നും ഓരോ സ്പോട്ടും കണ്ടു തീര്‍ക്കാന്‍ വേണ്ട സമയവും അവ തമ്മിലുള്ള ദൂരവും എത്തിപ്പെടാന്‍ വേണ്ട സമയവും എല്ലാം നേരത്തെ മനസിലാക്കാന്‍ പ്രയാസമില്ല. ഇവിടെയും ഗൂഗിളിന്‍റെ സഹായം തേടാവുന്നതാണ്. അതിനനുസരിച്ച് കൂടുതല്‍ പ്രാധാന്യം തോന്നുന്ന സ്ഥലങ്ങള്‍ മുന്ഗണനാ ക്രമത്തില്‍ തീരുമാനിച്ചു വെക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ ഒരു സ്ഥലവും ആസ്വദിച്ചു കാണാന്‍ കഴിഞ്ഞില്ലെന്നു വരാം. ചിത്രങ്ങള്‍ എടുക്കാന്‍ കൂടുതല്‍ സമയം വിനിയോഗിക്കാന്‍ കഴിയാതെ നിരാശരാവാനും സാധ്യതയുണ്ട് .

4. മറ്റുള്ളവരുടെ ചിത്രങ്ങളില്‍ നിന്ന് പഠിക്കാം :-

നമുക്ക് മുന്നേ പോയ ആളുകള്‍ എടുത്ത നിരവധി ചിത്രങ്ങള്‍ കാണാന്‍ ഗൂഗിള്‍ അവസരം ഒരുക്കി തരുന്നുണ്ട്. പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നമ്മള്‍ എത്തിപ്പെടുന്നതിനു മുന്നേ തന്നെ ആ സ്ഥലത്തെ കുറിച്ച് വിശദമായി മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കും.. എവിടെ നിന്നെല്ലാം ചിത്രങ്ങള്‍ എടുക്കാമെന്നും എതെല്ലാം തരത്തില്‍ എടുക്കാമെന്നും ഒരു മുന്‍ധാരണ ഉണ്ടായിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. മറ്റുള്ളവര്‍ എടുത്തത് അത് പോലെ തന്നെ പകര്‍ത്താതെ സ്വന്തമായി പുതിയ ഫ്രെയിമുകള്‍ കണ്ടെത്താനും കഴിയും.

ഗാങ്ക്ടോക്കിലെ സുമോഗോ തടാകത്തിനടുത്ത് നിന്നും എടുത്ത ചിത്രം 

അബുദാബിയില്‍ പോവുന്നതിനു മാസങ്ങള്‍ക്ക് മുന്നേ ആലോചിച്ചു വച്ചതാണ് ഈ ചിത്രം 


5. സന്ദര്‍ശന സമയം ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാം :-


സാധാരണ എല്ലാവരും തിരഞ്ഞെടുക്കുന്ന സമയം രാവിലെ 9-10 മണി മുതല്‍ അങ്ങോട്ടാണല്ലോ.. എന്നാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്ദേശിച്ചാണെങ്കില്‍ ഈ സാധാരണ സമയം ഉചിതമല്ല.. കൂടുതല്‍ സന്ദര്‍ശകര്‍ വന്നു തുടങ്ങുന്ന സമയം മുതല്‍ ആളുകള്‍ പെടാതെ നല്ല ഫ്രെയിം കണ്ടെത്താനുള്ള സാധ്യത കുറയും.. ഫ്രയിമിലെ ആളുകളെ കുറച്ചൊക്കെ എഡിറ്റിംഗ് വഴി നീക്കം ചെയ്യാമെങ്കിലും perfect ആവണമെന്നില്ല .   വെയില്‍ ശക്തമായാല്‍ പിന്നെ ഫ്രെയിമിനകത്ത് നീണ്ട നിഴലുകളും, ഇരുട്ട് കൂടിയതും കുറഞ്ഞതുമായ ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഫോട്ടോയുടെ ഭംഗിയെ കാര്യമായി ബാധിക്കുന്നവയാണ് ഇവ രണ്ടും. സന്ദര്‍ശകര്‍ കുറഞ്ഞ സമയത്ത്, സൂര്യോദയ സമയത്തെ പൊന്‍ വെളിച്ചം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കും. 

സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതു സമയത്താണ് കൂടുതല്‍ ഭംഗി എന്ന് നേരത്തെ മനസിലാക്കി വെക്കാം. ഗൂഗിള്‍ ഫോട്ടോകള്‍ അതിനു സഹായകമാണ്.  ചില സ്ഥലങ്ങള്‍ പകല്‍ വെളിച്ചത്തിലെങ്കില്‍ മറ്റു ചിലവ രാത്രിയില്‍ ആയിരിക്കും കൂടുതല്‍ ഭംഗി.. പകല്‍ വെളിച്ചത്തിലും രാത്രിയിലും ഭംഗിയുള്ളവ വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാം.. ഏതാനും മണിക്കൂറുകള്‍ കൂടുതല്‍ ചിലവഴിച്ചാല്‍ രാത്രിയിലെ കാഴ്ചകളും പകര്‍ത്താമല്ലോ. 

നിരവധി ആളുകള്‍ ഉള്ള സമയത്ത് എടുത്തതാണ്.. കുറച്ചു ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ അത്തരം സമയത്തും കൂടുതല്‍ ആളുകള്‍ പെടാതെ ഫോട്ടോ എടുക്കാം 


ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ പല പച്ചയായ ജീവിതങ്ങളും പകര്‍ത്താം 




ആള്‍ക്കൂട്ടം എപ്പോഴും ശത്രുക്കള്‍ അല്ല.. വേറിട്ട മുഖങ്ങള്‍ക്കു വേണ്ടി തിരയാം..


കിട്ടിയത് കൊണ്ട് തൃപ്തിയടയാനും ശീലിക്കേണ്ടതുണ്ട്‌ :-)


മറ്റുള്ളവര്‍ കാണുന്ന ആങ്കിളില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ ശ്രമിക്കുന്നത് ചിത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും


പ്രദേശവാസികളോടോ സ്ഥലം കൂടുതല്‍ പരിചയമുള്ളവരോടോ അന്വേഷിക്കുന്നത് മികച്ച ഫ്രെയിമുകള്‍ കിട്ടാന്‍ സഹായകമാവും

6. ഫോട്ടോഗ്രാഫി നിയന്ത്രണങ്ങള്‍ :-

ചില സ്ഥലങ്ങളില്‍ ഫോടോഗ്രാഫിക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. അത് നേരത്തെ ഗൂഗിളില്‍ നിന്നും മനസിലാക്കാം. അത്തരം സ്ഥലങ്ങളില്‍ അതിസാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. അതെ സ്ഥലത്ത് തന്നെ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ നിന്നും ഫോട്ടോ കിട്ടുമോ എന്ന് നോക്കാം..


മൈസൂര്‍ പാലസിന്റെ അകത്തു ഫോട്ടോ എടുക്കാന്‍ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും പുറത്തു നിന്നും മികച്ച ചിത്രങ്ങള്‍ കിട്ടും
7. പ്രശ്നങ്ങളെ മുന്‍കൂട്ടി കാണുക :-

നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുക. പോവുന്ന സ്ഥലം, പ്രത്യേകിച്ച് വിദേശ രാജ്യങ്ങള്‍ ആണെങ്കില്‍ ജനങളുടെ പൊതുവേ സന്ദര്‍ശകരോടുള്ള മനോഭാവം, സുരക്ഷ തുടങ്ങിയവയെ കുറിച്ച് നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു ലോക്കല്‍ ഗൈഡിനെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ കുറെ കൂടെ എളുപ്പം ആയിരിക്കും. ഓരോ രാജ്യങ്ങളിലും മ്യൂസിയം പോലെയുള്ള സ്ഥലങ്ങള്‍ അടച്ചിടുന്ന ദിവസങ്ങള്‍ വ്യത്യസ്തമായിരിക്കും. അതും നേരത്തെ അറിഞ്ഞു വെക്കാവുന്നതാണ്. പൊതു അവധി, സ്കൂള്‍ അവധി ദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങള്‍ യാത്രക്ക് തിരഞ്ഞെടുത്താല്‍ കൂടുതല്‍ തിരക്കും അതുമൂലമുള്ള ബുദ്ധിമുട്ടുകളും പ്രതീക്ഷിക്കണം. മോശം കാലാവസ്ഥ ആണെങ്കില്‍ ശരീരവും ക്യാമറയും സംരക്ഷിക്കാം ഉള്ള സജ്ജീകരണങ്ങളുമായി വേണം യാത്ര പോവാന്‍ .. വലിയ ട്രാഫിക്‌ ജാമുകള്‍ സ്ഥിരമായി ഉണ്ടാവാറുള്ള റൂട്ട് ആണെങ്കില്‍ ആവശ്യത്തിനു സമയം ഉറപ്പു വരുത്താന്‍ നേരത്തെ പുറപ്പെടുക. താമസ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാന ലക്ഷ്യത്തിന്റെ അടുത്ത് ആവുന്നതാണ് കൂടുതല്‍ നല്ലത് .

8. മുന്‍കൂട്ടിയുള്ള പരിശീലനം , തയ്യാറെടുപ്പ് :-




ചില ഫോടോകള്‍ക്ക് നേരത്തെ ഒന്ന് ഹോം വര്‍ക്ക് ചെയ്യുന്നത് ഗുണം ചെയ്യും. ലേസര്‍ ഷോ ഫോട്ടോ എടുക്കേണ്ടത് എങ്ങനെയെന്നു professional വീഡിയോകള്‍ ഗൂഗിളില്‍ നോക്കിയിരുന്നു ഇവിടെ പോവുന്നതിനു മുന്നേ.. എവിടെ നിന്നാലാണ് ഇതിന്റെ ഏറ്റവും മികച്ച ഫ്രെയിം കിട്ടുക എന്നത് വരെ നേരത്തെ സേര്‍ച്ച്‌ ചെയ്തു തീരുമാനിച്ചാണ് പോയത്. ഈ സ്ഥലം പകല്‍ സമയത്ത് വന്നു നോക്കുകയും ചെയ്തിരുന്നു.. ഇത്തരം മുന്നൊരുക്കങ്ങള്‍ ചിത്രങ്ങള്‍ മികച്ചതാക്കാന്‍ സഹായിക്കും. ക്യാമറയുടെ പരിമിതികള്‍ കാരണം വേണ്ടത്ര നന്നാക്കാന്‍ പറ്റിയില്ലെങ്കിലും വലിയ കുഴപ്പം ഇല്ല എന്ന് ഞാന്‍ കരുതുന്ന ചിത്രങ്ങളില്‍ ഒന്നാണിത്



വൃന്ദാവന്‍ ഗാര്‍ഡനിലെ ലൈറ്റ് ഷോ. കുട്ടിക്കാലത്ത് പോയി കണ്ടതാണ്..അന്നത്തെ ഓര്‍മ്മയില്‍ ഇത് വലിയ ഒരു സംഭവം ആയിരുന്നു. പക്ഷെ അടുത്തിടെ വീണ്ടും പോയി കണ്ടപ്പോള്‍ തീരെ ചെറിയ, ഭംഗി ഇല്ലാത്ത ഒന്നായാണ് തോന്നിയത്. കൂടുതല്‍ മികച്ച ഷോകള്‍ നിരവധി കണ്ടത് കൊണ്ടായിരിക്കാം. എന്നാലും ഒരു ചിത്രം എടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇരുട്ട് വീണു കഴിഞ്ഞാല്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസമായതിനാല്‍ ഷോ തുടങ്ങുന്നതിനു വളരെ മുന്നേ തന്നെ ഗാലറിയിലെ ഉയരമുള്ള ഒരു സ്ഥലത്ത് ക്യാമറ ഫിക്സ് ചെയ്തു നേരത്തെ തന്നെ ഫോക്കസ് ചെയ്തു വച്ചു.


സിങ്ങപൂര്‍ sentosa ദ്വീപിലെ ലേസര്‍ ഷോ.. ഇതും നേരത്തെ പോയി ഫോക്കസ് ചെയ്തു റെഡി ആയി ഇരുന്ന ശേഷം എടുത്ത ഫോട്ടോ ആണ്. 

9. സ്വന്തം ക്യാമറയെ മനസിലാക്കുക :-

ഫോട്ടോഗ്രാഫിയില്‍ വെളിച്ചം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു..കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ് താനും. മിക്ക ക്യാമറകളിലും ഒരു പരിധി വരെ അതിനെ അതിജീവിക്കാന്‍ ഉള്ള വഴികളുണ്ട്. എന്നാലും ധാരാളം പരിമിതികള്‍ ഉണ്ട് താനും. കുറഞ്ഞ വെളിച്ചത്തിലും കൂടിയ വെളിച്ചത്തിലും എങ്ങനെ മികച്ച ചിത്രങ്ങള്‍ എടുക്കാം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അറിയുന്ന ആളുകളോട് ചോദിച്ചോ ഗൂഗിളിന്റെ സഹായത്താലോ അതൊക്കെ പഠിക്കാവുന്നതാണ്. കൊണ്ട് നടക്കാന്‍ ചെറിയൊരു ബുദ്ധിമുട്ട് കാണുമെങ്കിലും ചിത്രങ്ങളുടെ നിലവാരം പല മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ് tripod അഥവാ ക്യാമറ സ്റ്റാന്റ്. ക്യാമറയുടെ ഷട്ടര്‍ സ്പീഡ്, Aperture, ISO എന്നീ അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കി വച്ചാല്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അടിത്തറ പണിതു എന്ന് ചുരുക്കം.

10. രംഗം വിടുന്നതിനു മുന്നേ എടുത്ത ചിത്രങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം :-




സ്വപ്ന തുല്യമായ ഒരു ഫ്രെയിം ആയിരുന്നു എനിക്കിത്. ക്യാമറ ഓട്ടോ ഫോകസ് മോഡില്‍ ആയിരുന്നു സെറ്റ് ചെയ്തു വച്ചിരുന്നത്. അറിയാതെ കൈ തട്ടി അത് manual ഫോകസ് മോഡിലേക്ക് പോയത് ഞാന്‍ അറിഞ്ഞില്ല. ക്യാമറ ഞങ്ങളെ കൃത്യമായി ഫോക്കസ് ചെയ്തു കാണും എന്ന ഉറപ്പില്‍ display യില്‍ കണ്ട ചിത്രം കൂടുതല്‍ സൂക്ഷിച്ചു നോക്കിയില്ല. പിന്നീട് വീട്ടില്‍ വന്നു computer ലേക്ക് ചിത്രം പകര്‍ത്തിയപ്പോളാണ് അബദ്ധം മനസിലായത്.. ചിത്രം ഫോക്കസില്‍ അല്ല.  ക്യാമറ display യില്‍ ചിത്രം enlarge ചെയ്തു നോക്കി ഉറപ്പു വരുത്തണം ഫോക്കസ് കൃത്യമാണോ എന്നത്..  ഈ സ്ഥലത്ത് വീണ്ടും പോവാന്‍ കഴിഞ്ഞാലും ഈ കാര്‍ ഇപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല.. ഈ ഫ്രെയിം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് ചുരുക്കം.. 

11 . പ്രത്യേകം ഓര്‍മ്മിക്കാന്‍ ഒരു എക്സ്ട്രാ പോയിന്റ് : 



ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒരു കാര്യം മറക്കരുത്.. Find time to enjoy yourselves

Thank you for being here

0 അഭിപ്രായ(ങ്ങള്‍)