മൂത്രാശയ കല്ലുകളെ കുറിച്ച് അറിയാം

സെപ്റ്റംബർ 17, 2017


മൂത്രാശയ കല്ലുകള്‍ മൂലമുള്ള വേദന അനുഭവിചിട്ടില്ലെങ്കില്‍ പോലും അതിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.. ഏതൊരു ആശുപത്രിയിലെയും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കഠിനമായ വയറുവേദനക്കാരില്‍ വലിയൊരു പങ്കു മൂത്രാശയ കല്ലുകള്‍ മൂലമുള്ളവയായിരിക്കും. സര്‍വ്വ സാദാരണമായ ഒരു അസുഖം ആണെങ്കില്‍ പോലും പലപ്പോഴും ഇത്തരം രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പലരും വേദന വരുമ്പോള്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി , തല്ക്കാലം വേദന ശമിക്കുന്നതോടെ പിന്നെ അതിനെ കുറിച്ച് അശ്രദ്ദരാവുകയാണ് പതിവ്. എന്നാല്‍ ഇത്തരം അശ്രദ്ധക്ക് ഒരു പക്ഷെ കൊടുക്കേണ്ടി വരുന്ന വില സ്വന്തം കിഡ്നി തന്നെ ആയേക്കാം ,  വേണ്ട വിധത്തിലുള്ള പരിശോധനകളിലൂടെ ഭൂരിഭാഗം കല്ലുകളുടെയും പുറകിലെ കാരണം കണ്ടെത്താന്‍ കഴിയുകയും പിന്നീട് കല്ലുകള്‍ രൂപപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ചികിത്സയും എടുക്കാന്‍ കഴിയും. വേദന മാറുന്നതോടെ ചികിത്സ അവസാനിപ്പിക്കുമ്പോള്‍ അതിനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത് .

എങ്ങനെ, എന്തുകൊണ്ട് കല്ലുകള്‍ ഉണ്ടാവുന്നു ?

ശരീരത്തിലെ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പല വസ്തുക്കളും കിഡ്നി മൂത്രം വഴി പുറം തള്ളുന്നു. നിരവധി ലവണങ്ങള്‍  അടങ്ങിയ ഒരു ദ്രാവകമാണ് മൂത്രം. എളുപ്പത്തില്‍ വെള്ളത്തില്‍ ലയിക്കുതും അല്ലാത്തവയുമായ ഘടകങ്ങള്‍ മൂത്രത്തില്‍ ഉണ്ട്.  എളുപ്പത്തില്‍ ലയിക്കുന്ന വസ്തുക്കള്‍ മൂത്രം ഒഴുകുന്ന വഴികളില്‍ അടിഞ്ഞു കൂടാതെ വേഗം പുറംതള്ളപ്പെടുന്നു. എന്നാല്‍ ലയിക്കാന്‍ ബുദ്ധിമുട്ടുള്ള വസ്തുക്കളെ കൂടുതല്‍ മൂത്രത്തില്‍ ലയിപ്പിച്ചെടുത്തു അല്‍പസ്വല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും കിഡ്നി പുറംതള്ളുന്നു. ഇത്തരം വസ്തുക്കള്‍ ലയിക്കാതെ അടിഞ്ഞു കൂടാന്‍ ഉള്ള പ്രവണതയില്‍ നിന്നും സ്വയം രക്ഷ നേടാന്‍  തനതായ ചില വഴികളും കിഡ്നിക്ക് അറിയാം.  ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ സഹായകമാവുന്ന സിട്രെറ്റ് പോലുള്ള ചില ലവണങ്ങളെ മൂത്രത്തില്‍ ഉള്‍പ്പെടുത്തിയാണ് കിഡ്നി ഇത് സാധ്യമാക്കുന്നത്.

സ്ഥിരമായി കിഡ്നിക്ക് എല്ലാ ലവണങ്ങളെയും വേണ്ടവിധം ലയിപ്പിക്കാന്‍ വേണ്ടത്ര മൂത്രം ഇല്ലാതെ വന്നാല്‍ മൂത്രത്തിന്റെ സാന്ദ്രത വളരെ കൂടാന്‍ ഇടവരുന്നു. ചൂട് കാലത്ത് മൂത്രം കടും മഞ്ഞ നിറത്തില്‍ പോവുന്നത് കണ്ടിട്ടില്ലേ.. വേണ്ട വിധം അളവില്‍ വെള്ളം കുടിക്കാതിരുന്നാല്‍ കുറഞ്ഞ അളവ് മൂത്രത്തില്‍ കൂടുതല്‍ വസ്തുക്കള്‍ ലയിപ്പിച്ചു കിഡ്നി പുറംതള്ളുന്നത് കൊണ്ടാണ് മൂത്രത്തിന് നിറം കൂടുന്നത്. ഇത്തരം അവസ്ഥയില്‍ മൂത്രം ഒഴുകുന്ന വഴികളില്‍ ചില ലവണങ്ങള്‍ അടിഞ്ഞു കൂടാന്‍ സാധ്യത വളരെ കൂടുതല്‍ ആണ്. വളരെ കാലങ്ങളായി ഇങ്ങനെ അടിഞ്ഞു കൂടുന്ന ലവണങ്ങളും നിര്‍ജീവ കോശങ്ങളുമെല്ലാം കൂടി ചേര്‍ന്നാണ് കല്ലായി മാറുന്നത് .  മൂത്രാശയക്കല്ല് ഉള്ള ആളുകളോട് ധാരാളം വെള്ളം കുടിക്കാന്‍ ആവശ്യപ്പെടാന്‍ കാരണം ഇതാണ്.

ഇനി വേണ്ട അളവില്‍ മൂത്രം ഉണ്ടെങ്കില്‍ പോലും കല്ല്‌ ഉണ്ടാവാന്‍ ഉള്ള വേറെ ചില കാരണങ്ങള്‍ ഉണ്ട്.  2.5 തൊട്ടു 3 ലിറ്റര്‍ വരെ മൂത്രം ഒഴിച്ചാല്‍ പോലും ചില അസുഖങ്ങള്‍ കാരണം മൂത്രത്തില്‍ എത്തുന്ന ലവണങ്ങളുടെ അളവ് വളരെ കൂടുതലായി എന്ന് കരുതൂ.. അപ്പോളും യഥാര്‍ത്ഥത്തില്‍  ഉണ്ടാവുന്നത് മൂത്രം കുറവായ പോലെ ഉള്ള ഒരു അവസ്ഥയാണ്.  അളവ് സാധാരണ പോലെ ആണെങ്കിലും സാന്ദ്രത കൂടുതല്‍ ആയിരിക്കും എന്ന് ചുരുക്കം.  ഇത്തരം അസുഖങ്ങള്‍ ചിലത് പാരമ്പര്യമായി കിട്ടുന്നവയാണ്‌.. ചിലത് മറ്റു ചില രോഗങ്ങള്‍ വഴിയും ജീവിത ശൈലി മൂലവുമാണ്. കല്ല്‌ രൂപപ്പെടുന്നത് തടയാന്‍ കിഡ്നി സിട്രേറ്റിനെ ഉപയോഗപ്പെടുത്തുന്നത് പറഞ്ഞല്ലോ..ചില ആളുകളില്‍ ജന്മനാ മൂത്രത്തിലെ സിട്രെറ്റിന്റെ അളവ് കുറവായിരിക്കും. അത്തരക്കാരിലും കല്ലുണ്ടാവാന്‍ സാധ്യത കൂടും. ഇത്തരം അവസ്ഥകളെ  തിരിച്ചറിയല്‍ കല്ലുകളുടെ ചികിത്സയുടെ പ്രധാന ഘടകമാണ്.  നിര്‍ഭാഗ്യവശാല്‍ പല രോഗികളിലും അത് നടക്കുന്നില്ല എന്നതാണ് വസ്തുത .

കല്ലുകള്‍ എവിടെയെല്ലാം കാണപ്പെടാം?

കിഡ്നിയുടെ അകത്താണ് ഭൂരിഭാഗം കല്ലുകളും രൂപം കൊള്ളുന്നത്‌. ഇവ മൂത്രം വഴി ഒഴുകിയിറങ്ങി യുരീറ്റര്‍ എന്ന കുഴലില്‍ തങ്ങി നില്‍ക്കാം.. കിഡ്നിയില്‍ നിന്നും മൂത്ര സഞ്ചി വരെ മൂത്രം എത്തിക്കുന്ന കുഴലുകള്‍ ആണ് യുരീറ്റര്‍.  മൂത്ര സഞ്ചിക്ക് അകത്തും ചിലപ്പോള്‍ കല്ലുകള്‍ രൂപപ്പെടാം. മൂത്ര സഞ്ചിയിലെ കല്ലുകള്‍ ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന വലിപ്പം വരാം.. 17 cm  വരെ വലിപ്പമുള്ള  കല്ലുകള്‍ മൂത്ര സഞ്ചിയില്‍ നിന്ന് പുറത്തെടുക്കപ്പെട്ടിട്ടുണ്ട് .

വിവിധ തരം മൂത്രാശയ കല്ലുകള്‍ ഏതൊക്കെ എന്ന് നോക്കാം

കാല്‍സ്യം കല്ലുകള്‍ :

75 തൊട്ടു 85% കല്ലുകളും വിവിധ തരം കാല്‍സ്യം ലവണങ്ങളാണ്.  പ്രധാനമായും കാത്സ്യം ഫോസ്ഫേറ്റും കാത്സ്യം ഓക്സലെറ്റും.. ചിലപ്പോള്‍ ഇവയുടെ സങ്കരവും.  വിവിധ കാരണങ്ങള്‍ കൊണ്ട് കാല്‍സ്യം കല്ലുകള്‍ രൂപപ്പെടാം.  ഏറ്റവും പ്രധാന കാരണം Idiopathic Hypercalciuria എന്ന ജന്മനാ ഉള്ള ഒരു അവസ്ഥയാണ്. ഇത്തരക്കാരില്‍ കിഡ്നി വഴി പുറം തള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് സാദാരണക്കാരിലും കൂടുതലായിരിക്കും. എന്നാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നോര്‍മല്‍ ആക്കി നിര്‍ത്താന്‍ ശരീരത്തിന് വളരെ മികച്ച സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇവരില്‍ രക്തത്തിലെ കാല്‍സ്യം നോര്‍മല്‍ ആയിരിക്കും.  ഭക്ഷണത്തിലെ ചില ക്രമീകരണങ്ങള്‍ ഇത്തരം ആളുകളില്‍ അത്യാവശ്യമാണ്. കാല്‍സ്യം കല്ലാണല്ലോ മൂത്രത്തില്‍ എന്ന് വിചാരിച്ചു ഭക്ഷണത്തിലെ കാല്‍സ്യം അളവ് കുറക്കെണ്ടതില്ല. സാദാരണ അളവില്‍ കാല്‍സ്യം കഴിക്കാം. എന്നാല്‍ മരുന്ന് രൂപത്തില്‍ അധിക കാല്‍സ്യം കഴിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ്.  ഭക്ഷണത്തിലെ പ്രോടീന്‍ അളവും ഉപ്പിന്‍റെ അളവും കുറയ്ക്കുന്നത് ഇത്തരം കല്ലുകള്‍ രൂപപ്പെടുന്നത് തടയാന്‍ സഹായകമാണ് . ഉപ്പും മാംസാഹാരവും മറ്റു പ്രോടീന്‍ അധികമുള്ള ഭക്ഷണങ്ങളുമാണ് കുറയ്ക്കേണ്ടത് . മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കാന്‍ ഉള്ള മരുന്നുകള്‍ ഇത്തരം കല്ലുകളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താം

Parathyroid ഗ്രന്ഥി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. Parathyroid ഗ്രന്ഥിയില്‍ ഉണ്ടാവുന്ന ചില ട്യൂമറുകള്‍ രക്തത്തിലെ കാല്‍സ്യം ക്രമാതീതമായി കൂട്ടുകയ്ടും കൂടുതല്‍ അളവില്‍ കാല്‍സ്യം പുറംതള്ളാന്‍ കിഡ്നി നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ രൂപപ്പെടുന്ന കല്ലുകളുടെ ചികിത്സ എന്നാല്‍ parathyroid tumor സര്‍ജറി വഴി നീക്കം ചെയ്യുക എന്നതാണ് .

ശരീരത്തിലെ അമ്ല- ആല്കലി ബാലന്‍സ് നിലനിര്‍ത്താനുള്ള കിഡ്നിയുടെ കഴിവ് നഷ്ടപ്പെടുന്ന അസുഖങ്ങളില്‍ ( Renal tubular acidosis)കാത്സ്യം കല്ലുകള്‍ രൂപപ്പെടാം . ഈ അവസ്ഥയും വ്യക്തമായി നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞു ചികിത്സയെടുത്താല്‍ കല്ലുകള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ കഴിയും

Calcium Oxalate കല്ലുകള്‍ ഭക്ഷണത്തിലെ Oxalate അളവ് കൂടുന്നത് കൊണ്ടും ചില ജനിതക തകരാറുകള്‍ കൊണ്ടും കുടലിനെ ബാധിക്കുന്ന ചില തരം അസുഖങ്ങള്‍ കൊണ്ടും വരാം. കുടല്‍ സംബന്ധമായ ചില സര്‍ജറികള്‍ക്ക് ശേഷവും ഇത്തരം കല്ലുകള്‍ രൂപപ്പെടാന്‍ ഉള്ള പ്രവണത കാണാറുണ്ട്‌. ചോക്കലറ്റ്, അണ്ടിപരിപ്പ് വര്‍ഗ്ഗങ്ങള്‍ , ചീര തുടങ്ങിയ oxalate കൂടിയ ഭക്ഷണങ്ങള്‍ ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ടതാണ്.  Oxalate കല്ലുകള്‍ രൂപപ്പെടാനുള്ള അടിസ്ഥാന കാരണത്തിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്‌ .

യൂറിക് ആസിഡ് കല്ലുകളാണ് മറ്റൊരു പ്രധാന ഇനം . പ്രോടീന്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത്‌ യൂറിക് ആസിഡ് കല്ലുകള്‍ രൂപപ്പെടാന്‍ കാരണമായേക്കാം . കാന്‍സര്‍, കാന്‍സര്‍ ചികിത്സ, ചില ജനിതക രോഗങ്ങള്‍ എന്നിവയെല്ലാം യൂറിക് ആസിഡ് കല്ലുകള്‍ക്ക് കാരണമാവാം.  യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്.  ക്ഷാര ഗുണമുള്ള മൂത്രത്തില്‍ യൂറിക് ആസിഡ് അലിഞ്ഞു പോവുന്നതിനാല്‍ മൂത്രത്തിന്റെ  ക്ഷാര ഗുണം കൂട്ടുന്ന മരുന്നുകളും യൂറിക് ആസിഡ് കല്ലുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.

Cystine stones :
പൊതുവേ അപൂര്‍വ്വമായി കാണപ്പെടുന്ന കല്ലുകളാണ് ഇവ. ജന്മനാ മൂത്രത്തിലെ cystine അളവ് കൂടുന്നതാണ് ഇത്തരം കല്ലുകള്‍ക്ക് കാരണം . ഉപ്പു കുറയ്ക്കല്‍, മൂത്രം ക്ഷാര ഗുണം കൂടിയതാക്കല്‍ , ധാരാളം വെള്ളം കുടിച്ചു മൂത്രത്തിന്റെ അളവ് മൂന്നു ലിറ്ററിന് മുകളില്‍ നിലനിര്‍ത്തല്‍ തുടങ്ങിയവ വഴി ഇത്തരം കല്ലുകളെ തടയാം.

Struvite stones:

സ്ഥിരമായി മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്ന ആളുകളിലാണ് ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്.  പ്രത്യേകിച്ച് കാര്യമായ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ, മറ്റു തരം കല്ലുകളില്‍ നിന്ന് വ്യത്യസ്തമായി അത്ഭുതകരമാം വിധം വലിപ്പത്തില്‍ ഇവ രൂപപ്പെടാം. ചിലപ്പോള്‍ വളര്‍ന്നു വളര്‍ന്നു കിഡ്നിയെ തന്നെ പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞേക്കാം . അതിനു ശേഷമായിരിക്കും കല്ലിനെ കുറിച്ച് അറിയുന്നത് തന്നെ. ഇത്തരം കല്ലുകള്‍ സര്‍ജറി വഴി നീക്കം ചെയ്യേണ്ടതുണ്ട്. മൂത്രത്തിലെ അണുബാധ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ചിലപ്പോള്‍ വളരെ കാലം തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കേണ്ടിയും വരാം. Cystine, Uric acid കല്ലുകളും ചിലപ്പോള്‍ ഇത്തരത്തില്‍ വളര്‍ന്നു വലുതാവാം

എന്തൊക്കെയാണ് മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍ ?

കിഡ്നിയുടെ ഉള്ളില്‍ ഇരിക്കുന്ന കല്ലുകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കണമെന്നില്ല. ഈ കല്ലുകള്‍ , കിഡ്നിയില്‍ നിന്നും മൂത്ര സഞ്ചി വരെ പോവുന്ന യുരീറ്റര്‍ കുഴലിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ ഉണ്ടാക്കുന്ന മുറിവുകളാണ് ശക്തമായ വേദനയായി രോഗി അനുഭവിക്കുന്നത് . സാധാരണയായി പതിയെ തുടങ്ങി ക്രമേണ ശക്തി കൂടി പിന്നീട് അല്‍പ്പം കുറഞ്ഞു വീണ്ടും ശക്തമായി തിരിച്ചു വരുന്ന രൂപത്തിലാണ് കല്ല്‌ മൂലം ഉണ്ടാവുന്ന വേദന അനുഭവപ്പെടാറ്. ചിലപ്പോള്‍ വേദനയുടെ കൂടെ ചര്ധിയും കാണാറുണ്ട്‌. മൂത്രത്തില്‍ നേരിയ രൂപത്തില്‍ രക്തത്തിന്റെ അംശവും കണ്ടേക്കാം.. കല്ല്‌ ഇരിക്കുന്ന സ്ഥലത്തിനനുസരിച്ചു ഇടുപ്പിലെക്കോ ജനനേന്ദ്രിയത്തിന്റെ ഭാഗത്തേക്കോ വേദന വ്യാപിക്കം. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നലും ചിലപ്പോള്‍ മൂത്രം ഒഴിച്ച് കഴിഞ്ഞു നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതയും കല്ല്‌ മൂലം ആവാം..

രോഗ നിര്‍ണ്ണയം എങ്ങനെ?
വേദനയുടെ സ്ഥലവും കടുപ്പവും മറ്റു ലക്ഷണങ്ങളും വച്ച് കല്ല്‌ കൊണ്ടുള്ള വേദനയാണെന്ന് ഏതാണ്ട് ഊഹിക്കാന്‍ കഴിയുമെങ്കിലും ഉറപ്പു വരുത്താന്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടതുണ്ട്.  ആദ്യ കാലത്ത് വയറിന്‍റെ X ray പരിശോധന ഇക്കാര്യത്തിന് വേണ്ടി വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നു. എന്നാല്‍ x ray യില്‍ തെളിഞ്ഞു വരാത്ത തരം കല്ലുകള്‍ ഉണ്ട്. തീരെ ചെറിയ കല്ലുകള്‍ X ray വഴി കണ്ടു പിടിക്കാന്‍ കഴിയില്ല.  Ultra sound scan വ്യാപകമായതോടെ കല്ല്‌ തിരിച്ചറിയാന്‍ x ray പൊതുവില്‍ ഉപയോഗിക്കതെയായി. ഒട്ടു മിക്ക കല്ലുകളും ultrasound വഴി കണ്ടു പിടിക്കാം.. പക്ഷെ തീരെ ചെറിയ കല്ലുകള്‍ കാണാതെ പോവാനുള്ള സാധ്യത അപ്പോഴും ഉണ്ട്. CT സ്കാന്‍ ആണ് കൂടുതല്‍ മികച്ച കൃത്യതയുള്ള ടെസ്റ്റ്. പക്ഷെ കൂടിയ ചിലവും എല്ലാ ആശുപത്രികളിലും CT സ്കാന്‍ ലഭ്യമല്ലതതിനാലും  Ultrasound സ്കാന്‍ തന്നെയാണ് ഇപ്പോഴും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.  എന്നാല്‍ സര്‍ജറി, ESWL  തുടങ്ങിയ ചികിത്സകള്‍ കല്ലിനു വേണ്ടി ചെയ്യുന്നതിന് മുന്നേ CT സ്കാന്‍ എടുക്കേണ്ടി വരും

മൂത്രം പരിശോധിക്കുന്നതിലൂടെ കല്ലുകള്‍ ഉണ്ടെന്നു ചില സൂചനകള്‍ ഒരു പക്ഷെ കിട്ടിയേക്കാം. പക്ഷെ വ്യക്തമായ ഒരു നിഗമനത്തില്‍ ഏതാണ കഴിയില്ല.

മറ്റു ടെസ്റ്റുകള്‍ :-

കല്ലിന്റെ സാന്നിധ്യം മനസിലാക്കാനും വേദന കുറയ്ക്കാന്‍ ഉള്ള മരുന്നുകള്‍ നല്‍കാനും മുകളില്‍ പറഞ്ഞ ടെസ്റ്റുകള്‍ മതിയാവും. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ടെസ്റ്റുകള്‍ അവിടെ അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഇതു തരത്തിലുള്ള അസുഖം മൂലമാണ് കല്ലുകള്‍ രൂപപ്പെടുന്നത് എന്ന് മനസിലാക്കാന്‍ മറ്റു ടെസ്റ്റുകള്‍ ആവശ്യമാണ്‌. 24 മണിക്കൂര്‍ ഒഴിക്കുന്ന മൂത്രം ശേഖരിച്ചു അതിലെ കാത്സ്യം, യൂറിക് ആസിഡ്, Oxalate, Citrate, PH തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. അത് പോലെ തന്നെ രക്തത്തിലെയും മേല്‍ പറഞ്ഞ ലവണങ്ങളുടെ അളവ് പരിശോധിക്കേണ്ടതുണ്ട്. ഇവയില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവ പരിഹരിക്കാന്‍ ശ്രമിക്കുന്നത് കല്ലുകള്‍ വീണ്ടും ഉണ്ടാവാതിരിക്കാന്‍ സഹായകമായിരിക്കും. മൂത്ര കല്ലിന്റെ അസുഖം ഉള്ളവര്‍ ഒരു അരിപ്പയിലൂടെ മൂത്രം ഒഴിക്കുന്നത് പുറത്തു പോവുന്ന കല്ല്‌ ശേഖരിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ പുറം തള്ളപ്പെടുന്ന കല്ലുകളെ chemical പരിശോധനക്ക് വിധേയമാക്കുന്നത് അതിനനുസരിച്ചുള്ള ചികിത്സ തെരഞ്ഞെടുക്കാന്‍ സഹായിക്കും.  എന്നാല്‍ മേല്‍ പറഞ്ഞ ടെസ്റ്റുകള്‍ അല്‍പ്പം ചിലവേറിയതും പല ലാബുകളിലും ലഭ്യമല്ലാത്തതും ഒരു പ്രശ്നമാണ്.

ചികിത്സ എങ്ങനെ ?

ഓരോ തരം കല്ലുകളുടെയും പൊതുവേയുള്ള ചികിത്സയെകുറിച്ചു നേരത്തെ സൂചിപ്പിച്ചുവല്ലോ.. വേണ്ടത്ര അളവില്‍ വെള്ളം കുടിച്ചു 3- 3.5 മൂത്രം ഉറപ്പുവരുത്തലാണ് കല്ല്‌ വരാതിരിക്കാനും വന്നവ പുറം തള്ളപ്പെടാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.  5mm വരെ വലിപ്പമുള്ള കല്ലുകള്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ പുറംതള്ളപ്പെടും. യുരീട്ടരില്‍ സ്ഥിതി ചെയ്യുന്ന കല്ലുകള്‍ കൂടുതല്‍ വേഗത്തില്‍ പുറം തള്ളപ്പെടാന്‍ ചില മരുന്നുകള്‍ നിലവിലുണ്ട്.  എന്നാല്‍ അതിലും കൂടുതല്‍ വലിപ്പമുള്ള കല്ലുകള്‍ പുറത്തെടുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കാം..

നിര്‍ബന്ധമായും കല്ലുകള്‍ നീക്കം ചെയ്യേണ്ട സാഹചര്യങ്ങള്‍ എതെല്ലാം?

- മരുന്ന് കൊണ്ട് മാറാത്ത കടുത്ത വേദന
- മൂത്രത്തിന്റെ സുഖമമായ പ്രവാഹത്തിന് തടസ്സം.
- അണുബാധ
-ശക്തമായ രക്തസ്രാവം
മേല്‍ പറഞ്ഞ സാഹചര്യങ്ങളിലാണ് കല്ലുകള്‍ അത്യാവശ്യമായി എടുത്തു കളയേണ്ടത്‌.

ആധുനിക ചികിത്സാ രീതികള്‍ വന്നതോടെ വലിയ മുറിവ് ഉണ്ടാക്കി കിഡ്നിയുടെ അടുത്തേക്ക് എത്തുന്ന തുറന്ന ശസ്ത്രക്രിയകള്‍ ആവശ്യമില്ലാതായി.. മുറിവ് ഇല്ലാതെയോ തീരെ ചെറിയ മുറിവ് ഉണ്ടാക്കിയോ കല്ലുകള്‍ പുറത്തെടുക്കാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്..

1. PCNL ( Percutaneous nephrolitholithotomy)
തൊലിപ്പുറത്ത് വളരെ ചെറിയ മുറിവുണ്ടാക്കി, ട്യൂബ് പോലെ ഒരു ഉപകരണം കടത്തി കിഡ്നിയിലെ കല്ല്‌ ലേസര്‍ ഉപയോഗിച്ചോ സൗണ്ട് വേവ് ഉപയോഗിച്ചോ പൊടിച്ചു കളയുന്ന രീതിയാണിത്..  കല്ല്‌ മൂലം മൂത്രക്കുഴലില്‍ ഉള്ള തടസം മാറ്റി മൂത്രത്തിന്റെ ഒഴുക്ക് സുഖമമാക്കാന്‍ ഇതോടൊപ്പം മൂത്ര നാളിയിലൂടെ ചെറിയൊരു ട്യൂബ് ഇട്ടു വെക്കാറുണ്ട്. ഇത് പിന്നീട് എടുത്തു കളയാവുന്നതാണ്.

2. ESWL ( Extra corporeal shock wave lithotripsy)

ഉയര്‍ന്ന ഊര്‍ജ്ജം ഉള്ള ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ ചെറിയ കഷങ്ങളാക്കി മാറ്റുന്ന ചികിത്സാ രീതിയാണിത്. തൊലിപ്പുറത്ത് മുറിവുണ്ടാക്കേണ്ട ആവശ്യമില്ല ഈ ചികിത്സാ രീതിക്ക്. വലിയ കല്ലുകള്‍ ചെറിയ കഷ്ണങ്ങളായി മാറിക്കഴിഞ്ഞാല്‍ സ്വാഭാവികമായും മൂത്രത്തിലൂടെ പുറംതള്ളപ്പെടും എന്നതാണ് ഈ ചികിത്സയുടെ തത്വം.

3. Ureteroscopic removal :
മൂത്ര നാളിയിലൂടെ ഒരു ട്യൂബ് കടത്തി മൂത്ര സഞ്ചി വഴി യുറീറ്ററില്‍ എത്തി കല്ല്‌ എടുത്തു കളയുന്ന രീതിയാണിത്.  കിഡ്നിയില്‍ നിന്നും അകലെ, മൂത്ര സഞ്ചിയോട് ചേര്‍ന്ന് കിടക്കുന്ന യുറീറ്ററിലെ കല്ലുകള്‍ നീക്കം ചെയ്യാനാണ് പൊതുവേ ഈ രീതി ഉപയോഗപ്പെടുത്തുന്നത്.. എന്നാല്‍ കൂടുതല്‍ അകലത്തില്‍ കിഡ്നിയോട് ചേര്‍ന്ന് കിടക്കുന്ന കല്ലുകളും ഈ രീതിയില്‍ നീക്കം ചെയ്യാന്‍ കഴിയും

Thank you for being here

0 അഭിപ്രായ(ങ്ങള്‍)