Trip to Beehive Tombs of Oman, a UNESCO heritage site

ഓഗസ്റ്റ് 19, 2017



ഒമാനിലെ ഇബ്രിയിലേക്ക്  ജീവിതം പറിച്ചു നടുന്നതിന് മുന്നേ ഒരു അന്വേഷണം നടത്തിയിരുന്നു.. ഇബ്രിയുടെ അടുത്തൊക്കെ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഉണ്ടോ എന്ന്.. ഇല്ല എന്നായിരുന്നു ആദ്യം കിട്ടിയ വിവരം.. പക്ഷെ ഇവിടെ വന്ന ശേഷം മനസിലായി ആ ധാരണ ശരിയല്ല എന്ന്.  ഗൂഗിളില്‍ തിരഞ്ഞപ്പോളാണ്  ഇബ്രിയില്‍ നിന്നും അധികം ദൂരത്തിലല്ലാത്ത, UNESCO പൈതൃകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഈ സ്ഥലത്തെ കുറിച്ച് അറിഞ്ഞത്.  പോവണം എന്ന് അന്ന് തന്നെ തീരുമാനിച്ചെങ്കിലും കുറെ ആഴ്ചകള്‍ക്ക് ശേഷമാണ് സമയം ഒത്തുവന്നത് .  ഫോട്ടോഗ്രഫി കമ്പമുള്ള, കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ കൂടെയായിരുന്നു യാത്ര.

ലോഹ യുഗത്തിലേക്ക് നീളുന്നതാണ് ബീഹൈവ് ടോമ്പിന്റെ  ചരിത്രം. ഇവിടെ നിന്ന് മനുഷ്യരുടെയോ  മൃഗങ്ങളുടെയോ ഫോസ്സിലുകള്‍ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നെങ്കിലും  ഇവ ശവകുടീരങ്ങള്‍ തന്നെയാണ് എന്നാണു അനുമാനം.

ഇബ്രിയില്‍ നിന്നും 64km അകലെ അലൈന്‍ എന്ന സ്ഥലത്താണ് ഈ  ടോമ്പുകള്‍ സ്ഥിതിചെയ്യുന്നത്.  Maps.me എന്ന ഓഫ് ലൈന്‍ മാപിന്റെ സഹായത്തോടെയാണ് ഞങ്ങളുടെ യാത്ര.


Muscat highway യില്‍ കുബാറ exit എടുത്തു ഇടതുവശത്തേക്ക് ഉള്ള വഴിയാണ് അലൈനിലേക്ക് .. നല്ല റോഡ്‌ . ചുറ്റിനും മനോഹരമായ കാഴ്ചകള്‍.  ചെറിയ ചെറിയ ഗ്രാമങ്ങളും പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങളും ചെറുതും വലുതുമായ കുന്നുകളും വഴിയരികില്‍ കാണാം.  മഴക്കാറും ചെറിയ ചാറ്റല്‍ മഴയും കാഴ്ചകള്‍ക്ക് കൂടുതല്‍ ഭംഗിയേകി.  വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും പോവുന്ന റോഡിലൂടെ കുറച്ചു സമയം മുന്നോട്ടു പോയപ്പോള്‍ നേരത്തെ ഫോട്ടോകളില്‍ കണ്ടു പരിചയിച്ച മല നിരകള്‍ കണ്ടു.  തൊട്ടടുത്ത കുന്നിന്മുകളില്‍ ആ ടോമ്പുകളും.  വാഹനം തൊട്ടടുത്ത്‌ പാര്‍ക്ക് ചെയ്യാന്‍ ചെറിയൊരു സ്ഥലം തയ്യാറാക്കിയിട്ടുണ്ട്.  പിന്നീട് കുറച്ചു നടന്നു ഒരു വാദി മുറിച്ചു കടന്നു വേണം കുന്നിന്‍ മുകളിലേക്ക് കയറാന്‍. 




പൊതുവേ ആള്‍ താമസം കുറഞ്ഞ സ്ഥലമാണ്. കുന്നിന്‍ താഴ്വരയില്‍ ഏതാനും ചെറിയ വീടുകള്‍ ഉണ്ട്.  വാദി മുറിച്ചു കടന്നു ചെറിയ ഈടു വഴിയിലൂടെ ടോംബ്  ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.  വഴിക്ക് ഇരുവശവും നല്ല പച്ചപ്പ്‌. ഒന്നാന്തരം കൃഷിയിടമാണ്.  ഈത്തപ്പന തോട്ടവും നെല്‍ച്ചെടി പോലെ തോന്നിക്കുന്ന വേറെ എന്തോ ചെടിയും.. ഒട്ടകത്തിനു കൊടുക്കുന്ന തീറ്റയും ആവാം. കൃഷിയിടത്തിലേക്ക് ചെറിയ ചാലുകള്‍ കീറി നനക്കുന്നുമുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്രായം ചെന്ന ഒരു ഒമാനിയും ബംഗ്ലാദേശി എന്ന് തോന്നിക്കുന്ന വേറെ ഒരാളും ചാലുകളിലൂടെ വെള്ളം തിരിച്ചു വിടുന്ന തിരക്കിലാണ്.  എല്ലാവരുടെയും കയ്യിലെ ക്യാമറയും മറ്റു സാമഗ്രികളും കണ്ടപ്പോള്‍ മുഖത്ത് ചെറിയ ചിരി.. ഫോട്ടോ എടുക്കാന്‍ പോവുകയാണല്ലേ എന്ന ചോദ്യവും ..

സൂര്യന്‍ തൊട്ടപ്പുറത്തെ മലയുടെ പുറകിലേക്ക് മറയുന്ന സമയത്താണ് ഞങ്ങള്‍ ചെല്ലുന്നത്. ചൂട് നന്നേ കുറഞ്ഞിരിക്കുന്നു അപ്പോഴേക്കും.. ചാറ്റല്‍ മഴയും കാറ്റും അപ്പോഴേക്കും ഒതുങ്ങിയിരുന്നു.  ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷണം തോന്നുന്ന ഭൂപ്രകൃതിയാണ് ഇവിടെ.  ഓറഞ്ച് നിറമാണ് ഇവിടത്തെ കുന്നുകള്‍ക്ക്. അടുക്കി അടുക്കി വച്ച പാളികള്‍ പോലെയാണ് കല്ലുകള്‍.. എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാം എന്ന തോന്നല്‍ ഉളവാക്കുന്നവ. കയ്യില്‍ കുടിവെള്ളം കരുതാഞ്ഞത് അബദ്ധമായെന്ന് തോന്നി.  കുന്നിന്‍ മുകളില്‍ എത്തിയപ്പോഴേക്കും കലശലായ ദാഹം !

ഏതാണ്ട് ഒരേ വലിപ്പത്തില്‍ നിരനിരയായി നില്‍ക്കുന്ന നിരവധി ടോമ്പുകള്‍ ഉണ്ടിവിടെ. പലതും ഭാഗികമായി പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു.  അകത്തേക്ക് ഒരാള്‍ക്ക് കഷ്ടിച്ച് നൂണ്ടു കയറാം. അകത്തു കുറെ കൂടി വിശാലതയുണ്ട്.  ടോമ്പ്കള്‍ക്ക് പുറമേ ചുറ്റിലും ഉള്ള കാഴ്ചകളും രസകരമാണ്.  ഒരു വശത്ത് പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങളും  എതിര്‍വശത്തു വലിയ മല നിരകള്‍.  ഒരു വശത്ത് വലിയൊരു താഴ്വരയാണ്. അധികം ഉയരമില്ലാത്ത ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന താഴ്വര. കനത്ത മഴ പെയ്താല്‍ വെള്ളം ഒഴുകുന്ന സ്ഥലമാണെന്ന് തോന്നിപ്പിക്കും.  താഴ്വരയില്‍ ഒട്ടകങ്ങളെ പാര്‍പ്പിക്കുന്ന ചെറിയ കൂരകളും കാണാം


( കൃഷിയിടങ്ങളിലെ പച്ചപ്പ്‌... ദൂരെ മതില് പോലെ കാണുന്ന മലയുടെ മുന്‍പിലെ ചറിയ കുന്നില്‍ വരി വരിയായി നില്‍ക്കുന്ന ടോമ്പുകളും കാണാം.  Photo credits: Baiju Jose)

Baiju Jose എടുത്ത ഒരു ഫോട്ടോ കൂടി ചേര്‍ക്കുന്നു.   ചുമ്മാ പോയി എടുക്കുന്ന ഫോട്ടോ അല്ല.. Milky way വരുന്ന സമയം കണ്ടു പിടിച്ചു രാത്രി വന്നു എടുത്ത ഫോട്ടോയാണ്.  Dedication !  




കുന്നിന്മുകളില്‍ എത്തിയ ഉടനെ സ്ഥലം മൊത്തം ഒരു നിരീക്ഷണം നടത്തിയ ശേഷം കുറച്ചു നേരത്തെ വിശ്രമം.. പിന്നെ കുറെ ചിത്രങ്ങള്‍ പകര്‍ത്തി .











ഒരു വശത്തുള്ള താഴ്വരയാണിത്‌. ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഒരുപാട് താഴെയാണ് ഇത്. Lens distortion കാരണം അത്ര ആഴം തോന്നിക്കാതതാണ് 



അടുത്ത് നിന്നുള്ള കാഴ്ച 




       സുഹൃത്ത്‌ അശ്വിന്‍ പകര്‍ത്തിയ ഏതാനും പനോരമ കൂടി കാണാം 







തിരിച്ചു പോരാന്‍ നേരം ആകാശത്ത് നിറഞ്ഞ രസകരമായ മേഘങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ കൂടി എടുത്തു .


നേരം ഇരുട്ടിയതോടെ ഞങ്ങള്‍ കുന്നിറങ്ങി.  ഞങ്ങള്‍ വരുന്ന വഴി താഴെ കണ്ട ഒരു ഒമാനി സംഘം ഞങ്ങളോട് കുശലം പറഞ്ഞു.. എടുത്ത ഫോട്ടോകള്‍ ചിലതെല്ലാം നോക്കി പുഞ്ചിരിച്ചു... 

ദാഹം മാറ്റാന്‍ ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഒരു ജ്യൂസ് കടയില്‍ കയറി. മലയാളികളുടെ കടയാണ്.  ഈ സ്ഥലം അവര്‍ക്ക് പോലും അറിയില്ല എന്നതാണ് രസകരമായ കാര്യം. ഞങ്ങളുടെ ഫോട്ടോ കണ്ടപ്പോള്‍ അവിടെ വരെ ഒന്ന് പോവണം എന്ന് ആത്മഗതം !

ഇബ്രി പരിസരത്ത് ഉള്ളവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പോയി വരാവുന്ന മികച്ച ഒരു ടൂരിസ്റ്റ് സ്പോട് ആണ് ബീഹൈവ് ടോംബ് . ഇന്ന് തന്നെ പുറപ്പെടാന്‍ ഒരുങ്ങിക്കോളൂ ....

Thank you for being here

0 അഭിപ്രായ(ങ്ങള്‍)