സെന്തൊസ -- സന്തോഷങ്ങളുടെ ദ്വീപ്‌

ഒക്‌ടോബർ 21, 2016

വൈകുന്നേരം 4 മണിക്കാണ് സെന്റോസയിലേക്കു പുറപ്പെടുന്നത്.  സിംഗപ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണിത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് സെന്റോസ ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോയും madam Tussaud's wax മ്യൂസിയവുമെല്ലാം സെന്റോസയിലാണ്.

സെന്റോസയിലേക്കു പ്രവേശിക്കാൻ ഒരു ചെറിയ ഫീസ് ഉണ്ട്.  വേറെയും ചില സ്ഥലങ്ങൾ ഉണ്ടത്രേ സിംഗപ്പൂരിൽ ഇങ്ങനെ പ്രവേശന ഫീസ് കൊടുക്കേണ്ടവ. ഞങ്ങളുടെ ഡ്രൈവർ 4 ഡോളർ അവിടെ അടക്കാൻ ആവശ്യപ്പെട്ടു.  വലിയൊരു കവാടത്തിനു മുന്നിൽ ഞങ്ങളെ ഇറക്കി. 4.30 pm തൊട്ടു 9pm വരെയാണ് ഞങ്ങൾക്ക് അവിടെ കറങ്ങാൻ ഉള്ള സമയം.  ഏതാനും ചില ടിക്കറ്റുകൾ കൈവശം ഉണ്ടെന്നതൊഴിച്ചാൽ ഞങ്ങൾക്ക് സെന്റോസയെ കുറിച്ച് ഒരു രൂപവും ഇല്ല.  പ്രധാന കവാടത്തിലൂടെ കുറെ ദൂരം താഴേക്ക് ഇറങ്ങി ചെന്നിട്ടും അധികം ആളുകളെയോ ഞങ്ങൾക്ക് പോവേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളോ കണ്ടില്ല. ഗൂഗിൾ മാപ് നോക്കിയപ്പോൾ ഞങ്ങൾക്ക് പോവേണ്ട sea അക്വാറിയം 1.5km അകലെയാണ് കാണിക്കുന്നത്. ഒറ്റ ചക്രവും രണ്ടു ചക്രവും ഉള്ള സൈക്കിൾ ഉപയോഗിച്ച് ചെറുപ്പക്കാർ ചീറിപ്പായുന്നുണ്ട്‌. അങ്ങനെ പോവേണ്ടി വരുമോ എന്ന് ഓർത്തു നിൽക്കുമ്പോളാണ് പലവാൻ ബീച്ച് എന്ന ബോർഡ് കണ്ടത്. സെന്റോസയിലെ ബീച്ചുകളെ കുറിച്ച് നേരത്തെ ഗൂഗിളിൽ നോക്കി ഒരു ഏകദേശ ധാരണ ഞാൻ ഉണ്ടാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്നേ തൈലാന്റിൽ കണ്ട ബീച്ചുകളുടെ പോലെ ആകർഷകമല്ലാത്തതിനാൽ  സെന്റോസ ബീച്ചുകൾ ഞങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. തൊട്ടു മുന്നിൽ മറ്റൊന്നും കാണാത്തതിനാൽ പലവാൻ ബീച്ചിൽ ഉണ്ടെന്നു അറിയാമായിരുന്ന തൂക്കുപാലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. വളഞ്ഞും പുളഞ്ഞും വളരുന്ന തെങ്ങുകൾ ഈ ബീച്ചിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്.



കുറെ കൂടി മുന്നോട്ട് നടന്നപ്പോൾ തൂക്കുപാലത്തിനു അരികെയെത്തി. ഗൂഗിൾ ഫോട്ടോകളിൽ കണ്ടതിലും ഭംഗിയുണ്ട് ഇവിടം. തൂക്കുപാലത്തിനു താഴെ പച്ച നിറത്തിലുള്ള വെള്ളവും മണലും ചേർന്ന് നല്ലൊരു കാഴ്ചയാണ്. പാലം കടന്നു അപ്പുറത്തു ചെന്നാൽ ഗോപുരം പോലെ ഉയരമുള്ള 2 കെട്ടിടങ്ങൾ ഉണ്ട്. അതിൽ കയറിയാൽ അകലെയുള്ള കാഴ്ചകൾ കൂടി കാണാം







ബീച്ച് കണ്ടു കഴിഞ്ഞു വീണ്ടും ഞങ്ങൾക്ക് പോവേണ്ട സ്ഥലം എങ്ങനെ കണ്ടെത്തും എന്നതായി ചിന്ത. വന്ന വഴിയിലൂടെ അലക്ഷ്യമായി തിരിച്ചു നടക്കുന്നതിനിടെ ഇൻഫർമേഷൻ കൌണ്ടർ എന്ന ബോർഡ് കണ്ടു. നേരെ അങ്ങോട്ട് വച്ച് പിടിച്ചു. അവിടെ ഇരിക്കുന്ന ആളോട് സംസാരിച്ചപ്പോൾ എങ്ങനെയാണ് സെന്റോസയുടെ കിടപ്പ് എന്നും എങ്ങനെയാണ് സ്ഥലങ്ങൾ കാണേണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ മനസിലായി. സെന്റോസയിലെ ടൂറിസ്റ്റ് പോയിന്റുകൾ എല്ലാം തന്നെ പല പല ഭാഗങ്ങളിൽ ആയാണ് ഉള്ളത്.  ഈ സ്ഥലങ്ങളെയെല്ലാം മോണോ റയിൽ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.  ബീച്ച് സ്റ്റേഷൻ, വാട്ടർ ഫ്രണ്ട് സ്റ്റേഷൻ, ഇമ്പിയാ സ്റ്റേഷൻ, സെന്റോസ സ്റ്റേഷൻ, എന്നിങ്ങനെ പല സ്റ്റേഷനുകളുണ്ട്. സെന്റോസയിൽ കാണാൻ ഉള്ള എല്ലാ കാര്യങ്ങളും ഈ സ്റ്റേഷനുകളുടെ പരിസരങ്ങളിലാണുള്ളത്.  മോണോ റയിലിൽ കയറാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. എത്ര തവണ വേണമെങ്കിലും കയറുകയുമാവാം.



മോണോ റയിൽ വഴിയുള്ള യാത്ര തന്നെ രസകരമാണ്. ഒരു സ്റ്റേഷനിലും ഇറങ്ങാതെ ചുമ്മാ കാഴ്ച കാണാൻ ഒന്ന് കറങ്ങുകയും ആവാം


മോണോ റെയിൽ യാത്രക്കിടയിലെ കാഴ്ച.


വാട്ടർ ഫ്രണ്ട് സ്റ്റേഷനിലെ SEA അക്വാറിയം ആണ് ഞങ്ങൾക്ക് ഇവിടെ കാണാൻ ഉള്ള പ്രധാന സ്ഥലം. സെന്റോസയിലെ വിനോദങ്ങളെ കുറിച്ച് ഗൂഗിളിൽ തപ്പിയപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഈ വമ്പൻ അക്വാറിയം. ട്രാവൽ ഏജൻസിയിൽ പ്രത്യേകം പറഞ്ഞാണ് SEA അക്വാറിയം ഉൾപ്പെടുത്തിയത്. ഒരു മണിക്കൂറോളം നടന്നു കാണാൻ മാത്രം വലിപ്പമുണ്ട് ഇതിന്. സാധാരണ അക്വാറിയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രെയിമിനകത്തു മീനുകളെ കാണുന്ന പോലെ മാത്രമല്ല ഇവിടം. ടണൽ പോലെ ഉള്ള ഈ ഭാഗം ആണ് ഏറ്റവും മനോഹരം. സ്രാവ് ഉൾപ്പെടെയുള്ള വലിയ മീനുകൾ തലയ്ക്കു മുകളിലൂടെയും വശങ്ങളിലൂടെയുമെല്ലാം തൊട്ടടുത്ത് എത്തും. ഇത്തരം ഒരു കാഴ്ച മുൻപ് കണ്ട അക്വാറിയങ്ങളിൽ ഒന്നും കണ്ടിട്ടില്ല.






രാവിലെ സിറ്റി ടൂർ ന് കുറെ നേരം വെയിലത്ത് കറങ്ങിയ ശേഷമാണ് സെന്റോസയിൽ കറങ്ങുന്നത്. ഒരു മണിക്കൂർ അക്വാറിയം ചുറ്റി കഴിഞ്ഞപ്പോളെക്കും ആകെ ക്ഷീണിച്ചു. ഒരു കാപ്പി കുടിക്കണം എന്നതാണ് അടുത്ത ലക്ഷ്യം. തൊട്ടടുത്ത് തന്നെ Gong cha എന്ന ഒരു ടീ ഷോപ്പ് ആണ് കണ്ടത്. സാധാരണ ചായ അല്ല. ഐസ് ഇട്ടു തണുപ്പിച്ച വ്യത്യസ്ത തരം ചായകൾ.. 30 ഇനങ്ങളോളം ഉണ്ട്. ലിച്ചി ഫ്രൂട് ടീ ആണ് ഞങ്ങൾ ഓർഡർ ചെയ്തത്. മധുരം, ഐസ് ഇവയൊക്കെ എത്ര ശതമാനം വേണം എന്ന് നമുക്ക് നിർദ്ദേശിക്കാം. അത് പോലെ ഉണ്ടാക്കി തരും.  ലിച്ചി ഫ്രൂട് ടീ വളരെ രസകരം.. ലിച്ചി ഫ്രൂട് പീസ് കയറാൻ പാകത്തിലുള്ള വലിയ സ്ട്രൗ വച്ചാണ് കുടിക്കുന്നത്.. ഒറ്റയിരുപ്പിൽ തന്നെ മറ്റൊരു തരം ടീ കൂടി കുടിച്ചാണ് അവിടന്ന് എഴുന്നേറ്റത്.. അതിന്റെ പേര് മറന്നു പോയി 😊. ക്ഷീണമൊക്കെ അതോടെ തീർന്നു .




പിന്നീട് നേരെ പോയത് ചില റൈഡുകളിലേക്കാണ്.  ഇമ്പിയാ സ്റ്റേഷനിൽ ഇറങ്ങി വേണം ഈ റൈഡുകളിൽ പോവാൻ.  Sky റൈഡ് ന് പുറമെ കേബിൾ കാർ സർവീസ് ഉണ്ട്. രണ്ടിൽ കയറിയാലും സെന്റോസ ദ്വീപിന്റെ വിശാലമായ കാഴ്ചകൾ കാണാം.  ഞങ്ങൾ ടൂർ പ്ലാൻ ചെയ്യുന്നു സമയത്തു കേബിൾ കാർ സർവീസ് അറ്റകുറ്റ പണികൾക്കു വേണ്ടി അടച്ചിരിക്കുകയായിരുന്നു.

അസ്തമയ സമയത്തുള്ള sky ride വളരെ രസകമാണ്


സ്കൈ റൈഡ് ചെന്നിറങ്ങുന്നത് wings of time എന്ന ലേസർ ഷോ നടക്കുന്ന കടൽ തീരത്തേക്കാണ്. ഈ ഷോ കാണാനും ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.



Wings of time ഷോ തുടങ്ങുന്നതിനു മുന്നേ ഏതാനും മണിക്കൂറുകൾ ബാക്കി ഉണ്ട്. സെന്റോസ സ്റ്റേഷനിലേക്കുള്ള മോണോ റെയിൽ പിടിച്ചു ഞങ്ങൾ സെന്റോസ merlion എന്ന കൂറ്റൻ പ്രതിമയ്ക്ക് മുന്നിൽ എത്തി. മറീന ബെയിലെ കൊച്ചു merlion പ്രതിമ പോലെ അല്ല ഇത്. ഫോട്ടോയിൽ ഒരു കുഞ്ഞു പ്രതിമയാണ് തോന്നുന്നെങ്കിലും 37 മീറ്റർ ആണ് ഇതിന്റെ ഉയരം. 11 നിലകൾ ഉണ്ട് ഈ പ്രതിമയ്ക്ക്. ടിക്കറ്റ് എടുത്തു മുകളിൽ കയറിയാൽ കുറെ ദൂരക്കാഴ്ചകൾ കാണാം.



പിന്നീട് wings of time ഷോ കാണാനായി ബീച്ച് ഫ്രണ്ട് സ്റ്റേഷനിലേക്ക്.. സെന്റോസ ദ്വീപിലെ entertainments ഇൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ടത് ഈ ഷോ ആണത്രേ. 18 ഡോളർ ആണ് ടിക്കറ്റ് ചാർജ്. കടലിൽ തീരത്തോട് ചേർന്നാണ് ഷോ നടക്കുന്നത്. മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു ഞങ്ങൾ. ഇരുട്ട് വീഴുന്നതിന്ന് മുന്നേ തന്നെ ക്യാമറ ഫോക്കസ് ചെയ്തു വച്ചു. ഷോക്കിടയിൽ ചെറിയൊരു water spray ഉണ്ടാവും എന്ന് മുന്നറിയിപ്പ് കിട്ടി. എന്നാൽ സാമാന്യം നല്ല രീതിയിൽ നനയുന്ന തരത്തിൽ ഉള്ള ഒരു spray ആണ്‌ കിട്ടിയത്.  20 മിനിറ്റു നേരത്തെക്കുള്ള ഈ ഷോ കണ്ണിനു ഒരു വിരുന്നു തന്നെയായിരുന്നു.















ഷോ യ്ക്ക് ശേഷം ഉള്ള വെടിക്കെട്ട്..




ഷോ കഴിഞ്ഞു ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഞങ്ങളെ തിരിച്ചു ഹോട്ടലിൽ എത്തിക്കാൻ ഡ്രൈവർ വന്നു.  തൊട്ടടുത്ത ദിവസം വീണ്ടും ഞങ്ങൾ സെന്റോസയിൽ വരുന്നുണ്ട്. യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ.. നേരത്തെ ഇമ്പിയാ സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുമ്പോൾ നരേന്ദ്ര മോദിയുടെ വലിയൊരു പോസ്റ്റർ കണ്ടു.. എന്താണ് മോദിക്ക് ഇവിടെ കാര്യം എന്ന് കരുതി ശ്രദ്ധിച്ചപ്പോൾ madame tussauds wax മ്യൂസിയത്തിൽ പുതുതായി സ്ഥാപിച്ച മോദി പ്രതിമയുടെ പരസ്യമാണ്.  നേരത്തെ എന്നോ പത്രത്തിൽ വായിച്ച ഒരു ചെറിയ ഓർമ വന്നു. ഇന്ത്യക്കാർ അടക്കമുള്ള നിരവധി പേരുടെ ജീവൻ തുളുമ്പുന്ന മെഴുകു പ്രതിമകൾ ഇവിടെയുണ്ട്. ഞങ്ങളുടെ schedule ഇൽ ഈ മ്യൂസിയം ഉൾപ്പെടുത്തിയിട്ടില്ല.  തൊട്ടടുത്ത ദിവസം യൂണിവേഴ്സൽ സ്റ്റുഡിയോ പര്യടനം കുറച്ചു നേരത്തെ അവസാനിപ്പിച്ചു ഈ മ്യൂസിയം കൂടി കാണണം എന്ന് അപ്പോൾ തന്നെ തീരുമാനിച്ചു.  അതെ കുറിച്ച് അടുത്ത പോസ്റ്റിൽ .......












Thank you for being here

0 അഭിപ്രായ(ങ്ങള്‍)