തായ്ലാൻഡ് കാഴ്ചകൾ (Part 4)

മാർച്ച് 09, 2016

Back to THAILAND 


എത്ര വേഗം ആണ് ദിവസങ്ങൾ കടന്നു പോയത്..ടൂറിൽ ആവുമ്പോൾ എപ്പോഴും അങ്ങനെ ആണല്ലോ..നാലാം ദിവസം ഞങ്ങൾക്ക് ഫുകെറ്റ് സിറ്റി ടൂർ ആണ്. 9pm ന് ആണ് ഫ്ലൈറ്റ്.  ഉച്ചക്ക് മുന്നേ ഹോട്ടൽ മുറി ഒഴിയണം.  ഇന്നത്തെ കറക്കം തുടങ്ങുന്നത് 11am ന് ആണ്.  റൂം ഒഴിഞ്ഞു ബാഗും മറ്റുമായി 11 മണിക്ക് ഞങ്ങൾ റെഡി ആയി. കാബ് വരുന്നതിനു മുന്നേ ibis ഹോട്ടലിനു മുന്നിൽ നിന്നും കുറച്ചു ഫോട്ടോ എടുത്തു..അത്ര മികച്ചത് എന്ന് എടുത്തു പറയാൻ കഴിയില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ഹോട്ടൽ ആണ് ibis..
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കാബ് എത്തി. ഡ്രൈവർക്ക് പുറമെ ഒരു ഗൈഡും ഉണ്ട്.  നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് അയാൾ.. 

ആദ്യം നമുക്ക് ടൈഗർ കിങ്ഡം കവർ ചെയ്യാം.. ഗൈഡ് പറഞ്ഞു.. അയ്യോ ആദ്യം തന്നെ അതാണോ...കൂടെ ഉള്ളവർക്ക് ചെറിയ അങ്കലാപ്പ്..ടൈഗർ കിങ്ഡം ഫുകെറ്റിലെ പ്രശസ്തമായ ഒരു ടൈഗർ പാർക്ക് ആണ്.. ടൂർ പ്ലാൻ ചെയ്യുന്ന സമയത്തു ഫുകെറ്റ് സിറ്റി ടൂർനെ കുറിച്ച് ഗൂഗിളിൽ തപ്പിയപ്പോൾ ആണ് ഈ ടൈഗർ പാർക്കിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്.. കടുവയെ തൊട്ടും തലോടിയും പുറത്തു കിടന്നും ഒക്കെ ഫോട്ടോ എടുക്കാവുന്ന ഒരു സ്ഥലം.. എനിക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം സത്യം ആണ്.  ആയിടെ ബാങ്കോക് നിന്ന് ഒരാൾ എടുത്ത ഒരു ഫോട്ടോ നെറ്റിൽ കണ്ടത് ഓർമ വന്നു.. ഒരു ആൾ കുരങ്ങു ഒരു കുട്ടിയെ ഉമ്മ വെക്കുന്ന ഫോട്ടോ.. തായ്‌ലൻഡ് കാരുടെ പരിശീലന മികവിനെ വീണ്ടും നമിച്ചു.. 
അപ്പോൾ തന്നെ മാഗി agent നെ വിളിച്ചു .. ടൈഗർ കിങ്ഡം കൂടി ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടുത്തി.. കൂടെയുള്ള മറ്റാർക്കും വലിയ താല്പര്യം ഉണ്ടായില്ല..പേടി തന്നെ കാരണം.. എനിക്കും പേടി ഇല്ലാഞ്ഞിട്ടല്ല..ഇത്തരം ഒരു ചാൻസ് പിന്നെ കിട്ടാൻ സാധ്യത ഇല്ല.. അതുകൊണ്ടു പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല..

കുറച്ചു നേരത്തെ യാത്രയേ ഉള്ളു ടൈഗർ കിങ്ഡം എത്താൻ.  ഇഷ്ടമുള്ള ടൈഗർ നെ ടിക്കറ്റ് കൗണ്ടറിൽ വച്ച് സെലക്ട് ചെയ്യാം.. ഏറ്റവും വലിയ ടൈഗർ ന് റേറ്റ് കുറവാണ്.. കാരണം വലിയ ടൈഗർ വല്ലാതെ അങ്ങ് കൊഞ്ചി കുഴയാൻ നിന്ന് തരില്ല.  ഏറ്റവും ചെറിയ ടൈഗർ ന് റേറ്റ് ഏറ്റവും കൂടുതൽ.. അവയെ മടിയിൽ ഇരുത്താനും കുപ്പി പാൽ കൊടുക്കാനും ഒക്കെ പറ്റും.. ഞങ്ങൾ മീഡിയം ടൈഗർ നെ ആണ് സെലക്ട് ചെയ്തത്. വല്ലാതെ അടുത്ത് ഇടപഴകാൻ ഒന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടും ഇല്ലായിരുന്നു.  800 തായ് ബാത്ത് ആണ് ഒരാൾക്ക് മീഡിയം ടൈഗർ ന്റെ റേറ്റ്.. 
ഞങ്ങളെ മീഡിയം ടൈഗർ ന്റെ കൂടിനു മുന്നിൽ കൊണ്ട് നിർത്തി.. ചെറിയ ക്യൂ ഉണ്ട്.  കാമറ ഫ്ലാഷ് ഉപയോഗിക്കരുത്, പെട്ടന്നുള്ള ചലനം, ഉച്ചത്തിലുള്ള ശബ്ദം , സെൽഫി സ്റ്റിക്ക് തുടങ്ങിയവ കർശനമായി വിലക്കിയിട്ടുണ്ട്. ഒരു കൂട്ടിനകത്തു 3-4 കടുവകൾ ഉണ്ട്. ഓരോന്നിനും ഓരോ പരിശീലകനും.. 
അങ്ങനെ ഞങ്ങളുടെ ഊഴം എത്തി. എല്ലാവരുടെയും മുഖം വൈവ പരീക്ഷക്ക് കേറുന്ന സ്റ്റുഡന്റസ് നെ പോലെയുണ്ട് ☺☺
പതുക്കെ അടുത്തിരുന്നു ഒന്ന് ചെറുതായി തൊട്ടു നോക്കി.. കൊള്ളാം ..കുഴപ്പമില്ല..വാൽ പിടിച്ചു നോക്കിയപ്പോൾ ചെറുതായി വാൽ ഒന്ന് കുടഞ്ഞു..പിന്നെ വഴങ്ങി..പിന്നെ ഒറ്റക്കും കൂട്ടമായും കുറെ ഫോട്ടോകൾ എടുത്തു.. ക്യാമറ പരിശീലകന്റെ കയ്യിൽ കൊടുത്തു അയാളെകൊണ്ടും എടുപ്പിച്ചു കുറെ ഫോട്ടോ..  അങ്ങനെ ജീവിതത്തിലെ ആദ്യ കടുവ അനുഭവം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി..
മൃഗങ്ങളുമായുള്ള ഈ വിനോദത്തിനു എതിരെ നിരവധി ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.  സന്ദർശകരെ കടുവ ആക്രമിച്ച വാർത്തകൾ ആണ് അവയിൽ ചിലത്. മൃഗങ്ങളെ മരുന്ന് കൊടുത്തു മയക്കിയാണ് ഇങ്ങനെ നിർത്തുന്നത് എന്നും ചില സംശയങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്..  സത്യമാണോ എന്നറിയില്ല. ഒരു മരുന്ന് കൊടുത്തു മയക്കി ഇവയുടെ സഹജമായ വാസനകൾ മാറ്റി എടുക്കാൻ കഴിയും എന്ന് വിശ്വസിക്കാൻ വയ്യ.. കടുവകൾ ഇടക്കു ഉറങ്ങി തൂങ്ങുന്നുണ്ടായിരുന്നു എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ പരിശീലകൻ കയ്യിലുള്ള വടി കൊണ്ട് അവയുടെ മുഖം ഉയർത്തുന്നുണ്ടായിരുന്നു. മുഖത്തു തൊടുമ്പോഴേക്കും അവ പെട്ടന്ന് മുഖം ഉയർത്തുന്നുണ്ടായിരുന്നു.  ഇതേക്കുറിച്ചു പിന്നീട് ടൂർ agent നോട് ഞാൻ ചോദിച്ചിരുന്നു. അവയുടെ സാധാരണ ഉറക്കം തന്നെ ദിവസത്തിൽ 3-4 തവണ ഉണ്ട് എന്നാണ് എനിക്ക് കിട്ടിയ മറുപടി.. അത്തരം സമയത്തു ചെന്നത് കൊണ്ടാണോ എന്നറിയില്ല.  മരുന്ന് കൊടുത്തു മയക്കുന്നത്  സത്യമാണെങ്കിൽ തികഞ്ഞ ക്രൂരത തന്നെ എന്നതിൽ സംശയമില്ല 



 


ടൈഗർ കിങ്ഡം ഒന്ന് നടന്നു കണ്ട ശേഷം ഞങ്ങൾ യാത്ര തുടർന്നു.  ഇനി നേരെ സിറ്റിയിലേക്കാണ്. ചെറിയ കുന്നുകൾ കയറി ഇറങ്ങിയാണ് യാത്ര.. ഇടയ്ക്കു വയനാട് ചുരം ഇറങ്ങുന്ന പോലെ തോന്നിച്ചു. ഫുകെറ്റിലെ 3 പ്രശസ്തമായ ബീച്ചുകൾ ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ യാത്ര.. പാട്ടൊങ്, കട്ട, കരൺ എന്നിവയാണ് ആ ബീച്ചുകൾ. തലേ ദിവസങ്ങളിലെ യാത്രകളിൽ പാട്ടൊങ് ബീച്ചിന് തീരത്തു കൂടി പല തവണ ഞങ്ങൾ പോയിരുന്നതിനാൽ പിന്നെ അവിടെ ഇറങ്ങിയില്ല. കരൺ ബീച്ചും തീരത്തു കൂടിയുള്ള യാത്രയിൽ ഒതുക്കി. കട്ട ബീച്ച് ആണ് അവയിൽ ഏറ്റവും ഭംഗി.. കട്ട ബീച്ചിന്റെ ഓരം ചേർന്ന് കാബ് നിർത്തി. അതികം ഉയരം ഇല്ലാതെ പടർന്നു പന്തലിക്കുന്ന ഒരു തരം മരങ്ങളാൽ സമ്പന്നമാണ് ബീച്ച്. അവയുടെ ശിഖരങ്ങൾക്കിടയിലൂടെ ബീച്ച് കാണാൻ നല്ല ഭംഗി !


ബീച്ചിലേക്ക് ഇറങ്ങിയാൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന സായിപ്പുമാരെ കാണാം.. നിര നിരയായി നീല നിറത്തിലുള്ള കുടകൾ..എല്ലാ കുടകൾക്കു കീഴിലും സായിപ്പുമാർ ഉണ്ട്..


ബീച്ചിന്റെ ഭംഗി ആസ്വദിച്ച് കുറച്ചു സമയം അവിടെ ചെലവഴിച്ചു. കുറെ ഫോട്ടോകളും എടുത്തു..

ഇത്തരം ചെറിയ മരങ്ങൾ ഈ ബീച്ചിന്റെ ഭംഗി കുറച്ചൊന്നുമല്ല വർധിപ്പിക്കുന്നത്..


പിന്നെ വീണ്ടും വഴിയരികിൽ കാത്തു നിൽക്കുന്ന കാബിലേക്ക് ...


അടുത്ത യാത്ര ഒരു കുന്നിൻപുറത്തേക്കാണ്. അവിടെ കേറിയാൽ ഇപ്പോൾ ഞങ്ങൾ കണ്ട 3 ബീച്ചും ഒരുമിച്ചു കാണാവുന്ന ഒരു പോയിന്റ് ഉണ്ട്. സിറ്റി ടൂറിലെ ആകർഷകമായ ഒരു സ്ഥലം ആണ് ഇതെന്ന് ഗൈഡ് പറഞ്ഞു. ഗൂഗിളിൽ നേരത്തെ തന്നെ ഈ സ്ഥലത്തിന്റെ ഫോട്ടോ ഞാൻ കണ്ടിരുന്നു.  കുന്നു കേറി ഈ സ്ഥലത്തു എത്തിയപ്പോൾ ഫോട്ടോ കണ്ടു എന്റെ മനസ്സിൽ ഉണ്ടായിരുന്ന സങ്കൽപ്പത്തിലും കൂടുതൽ മനോഹരമായി തോന്നി. സുഖകരമായി ഇരുന്നു കാഴ്ചകൾ കാണാൻ പാകത്തിൽ ഒരുക്കിയിരിക്കുന്നു ഇവിടം. സിമന്റ് ബെഞ്ചുകൾ ഉണ്ട്. പരിസരം വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. കുറച്ചു മുകളിൽ ആയി ഒരു മണ്ഡപവും പണിതിട്ടുണ്ട്.. തടസ്സമില്ലാതെ കാഴ്ചകൾ കാണാവുന്ന ഒരിടം.. ഫോട്ടോ എടുക്കാനും വളരെ സൗകര്യപ്രദമായ സ്ഥലം..സാവകാശം ക്യാമറയും ട്രൈപോടും ഒക്കെ സെറ്റ് ചെയ്തു ആസ്വദിച്ചു പടം എടുത്തു..

ഇതാ 3 ബീച്ചുകളുടെ ദൂരക്കാഴ്ച .

പൊള്ളുന്ന വെയിൽ ഉണ്ട് പരിസരത്ത്.. നല്ല ചൂടും.  ഷെഫീർ അതാ ഇളനീരും കൊണ്ട് വരുന്നു.. നമ്മുടെ ചെന്തെങ്ങു പോലത്തെ ചെറിയ തേങ്ങായാണ്. വെള്ളത്തിന് നല്ല മധുരം..തണുപ്പും ഉണ്ട്.. ശരിക്കും ആസ്വദിച്ചു കുടിച്ചു.. അടിച്ചു പൊട്ടിച്ചു കാമ്പും കഴിച്ചു വിശപ്പൊതുക്കി..  വൃത്തിയുള്ള പരിസരത്തു എത്തിയാൽ നമുക്കും വൃത്തിയുള്ളവർ ആവാതിരിക്കാൻ കഴിയില്ല. ഞങ്ങൾ കഴിച്ചതിന്റെ ചെറിയ തരി പോലും പെറുക്കി കളഞ്ഞു വൃത്തിയാക്കി അവിടം.. ഇളനീർ കുടിച്ചു കൊണ്ടിരിക്കെ ഞങ്ങളുടെ പുറകിൽ ബീച്ചിന് മുകളിൽ പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങൾ വന്നിരിക്കുന്നു..നല്ല ഫ്രെയിം..സമയം കളയാതെ എടുത്തു ഒരു ഗ്രൂപ് ഫോട്ടോ 😊😊.. മതി മറന്നു ആസ്വദിച്ചാണ് ഞങ്ങൾ ഇവിടം വിട്ടത്. കുറച്ചധികം സമയം ഇവിടെ ചെലവഴിച്ചു.. അത് ഞങ്ങൾ കാണേണ്ടിയിരുന്ന ഒന്ന് രണ്ടു സ്ഥലങ്ങളുടെ ചെലവിൽ ആയി പോയെന്നു മാത്രം ..
 

അടുത്ത യാത്ര ഫുകെറ്റ് ലെ പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ചാലോങ്ങിലേക്ക്. തായ് ലാൻഡിലെ പ്രധാന മതം ബുദ്ധ മതം ആണ്. 90% വും ബുദ്ധ മതക്കാർ ആണത്രേ ഇവിടെ.  തലേ ദിവസത്തെ ടൂർ കഴിഞ്ഞു ഹോട്ടലിൽ മടങ്ങി എത്തിയപ്പോൾ സിറ്റി ടൂർ നെ കുറിച്ച് വീണ്ടും ഗൂഗിളിൽ പരതിയപ്പോൾ ചാലോങ് ക്ഷേത്രത്തിന്റെ ഏതാനും നല്ല ഫോട്ടോകൾ കണ്ടു. ഞങ്ങളുടെ പാക്കേജിൽ ചാലോങ് ഉണ്ടല്ലോ എന്ന് അപ്പോൾ തന്നെ വിളിച്ചു ഉറപ്പു വരുത്തി. ബുദ്ധ ക്ഷേത്രങ്ങൾ എന്നും എനിക്ക് ഇഷ്ടമുള്ളവയാണ്. ഇത്ര കളർഫുൾ ആയ ആരാധനാലയങ്ങൾ മറ്റു മതക്കാർക്കു ഇല്ല എന്ന് തോന്നുന്നു.. മുൻപ് സിക്കിമിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും കണ്ടു ബോധ്യപ്പെട്ടതാണ് ഇക്കാര്യം.  മറ്റു മതക്കാരുടെ ആരാധനാലായങ്ങളെക്കാൾ സ്വാതന്ത്ര്യവും ഉണ്ട്.. ആർക്കും എപ്പോഴും കയറി ചെല്ലാം. ജെയിംസ് ബോണ്ടിലേക്കുള്ള യാത്രക്കിടെ ഭംഗിയുള്ള ഒരു ക്ഷേത്രം കണ്ടിരുന്നു. അവിടെ ഒന്ന് കാബ് നിർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. ചാലോങ് ക്ഷേത്രം ആ കുറവ് പരിഹരിച്ചു..

ബുദ്ധന്റെ മരണ ശേഷം അശോക ചക്രവർത്തി ആണത്രേ സന്യാസിമാരെ തായ്ലാണ്ടിലേക്ക് അയച്ചു അവിടെ ബുദ്ധ മതം പ്രചരിപ്പിച്ചത്.. സിക്കിം ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങൾ കടന്നു നേപ്പാൾ, ഭൂട്ടാൻ , മ്യാൻമർ വഴി ആയിരിക്കണം അശോക ചക്രവർത്തി അയച്ച സന്യാസിമാർ തായ്ലാണ്ടിൽ എത്തിക്കാണുക. ഈ സ്ഥലങ്ങളിൽ എല്ലാം ബുദ്ധ മതത്തിന്റെ ശക്തമായ സാന്നിധ്യം കാണാം..

ചാലോങ് ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും നട്ടുച്ചയായി. വെയിലിന് നല്ല ചൂട്. വലുതും ചെറുതുമായ നിരവധി കെട്ടിടങ്ങൾ ഉണ്ട് ക്ഷേത്രാങ്കണത്തിൽ.. ഏറ്റവും വലിയ ക്ഷേത്രത്തിനു മുന്നിൽ പോയി നോക്കി. അവിടെ സാമാന്യം നല്ല തിരക്കുണ്ട്. ഫോട്ടോ എടുക്കാൻ അത്ര സൗകര്യം ഇല്ല. ആളുകൾ ഫോട്ടോ ഫ്രെയിമിൽ കയറി വരുന്നു. പിന്നെ നേരിട്ട് ക്യാമറയിൽ വെയിൽ അടിക്കുന്നു.. രൂപം കൊണ്ട് പ്രധാന ക്ഷേത്രത്തിനോട് സാദൃശ്യമുള്ള മറ്റൊരു കെട്ടിടത്തിന് അടുത്തേക്ക് ഞങ്ങൾ നീങ്ങി. ഭാഗ്യത്തിന് അവിടെ ഒരു ഈച്ച പോലും ഇല്ല. വെയിലിന്റെ ശല്യവും ഇല്ല. സ്റ്റുഡിയോ ലൈറ്റ് പോലെ വെയിൽ എനിക്ക് പുറകിൽ നിന്ന് ക്ഷേത്രത്തിനു മുകളിലേക്കു വീഴുന്നു. നല്ല ഒരു ഫോട്ടോ കിട്ടാൻ ഇതിലേറെ എന്ത് വേണം !☺


തൊട്ടപ്പുറത്തെ ക്ഷേത്രം ചെറുതെങ്കിലും കാണാൻ നല്ല ഭംഗി. അതിനുള്ളിലേക്കും ആളുകൾ കയറുന്നുണ്ട്.  വിശപ്പും ദാഹവും കലശലായതിനാലും ഞങ്ങൾക്ക് അനുവദിച്ച സമയം ഏതാണ്ട് തീർന്നതിനാലും ക്ഷേത്രത്തിനു അകത്തു കയറിയില്ല. 

അടുത്തുള്ള ഒരു തട്ട് കടയിൽ ഇളനീർ വിൽപ്പന തകൃതി .. വീണ്ടും ഇളനീർ സേവ.. ഇത്തവണ അസാധാരണ വലുപ്പം ഉള്ള പച്ച ഇളനീർ .. അതും നല്ല മധുരം.  നമ്മുടെ റോഡ് സൈഡിൽ 30 രൂപയാണ് ഇളനീർ വില. ഇവിടെയും അതെ വില തന്നെ. 30 തായ് ബാത്ത് !

ഉച്ച ഭക്ഷണം കഴിക്കാൻ ഒരു ഇന്ത്യൻ ഹോട്ടൽ തേടിപ്പിടിച്ചു.. ഗൈഡ് കാണിച്ചു തന്നതാണ്. ഒരു സിക്കുകാരന്റെ ഹോട്ടൽ. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ സർദാർജിക്കു സന്തോഷമായി.. 

ഇനി ഒരു കശുവണ്ടി ഫാക്ടറി കൂടി കണ്ട ശേഷം നേരെ എയർ പോർട്ടിലേക്ക് എന്ന് ഗൈഡ് ന്റെ അറിയിപ്പ്.  ഒരു രത്ന ഫാക്ടറി കൂടി പാക്കേജിൽ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ എന്നാൽ അങ്ങോട്ട് പോവാം എന്ന് പറഞ്ഞു. കശുവണ്ടി ഫാക്ടറി ഇത്ര കാണാൻ എന്തിരിക്കുന്നു എന്ന് ഞാൻ ഓർത്തു. ഒരു wind mill point കൂടി വൗച്ചറിൽ ഉണ്ട്.  Wind mill ന്റെ ഉസ്താദ് നമ്മുടെ അയൽപക്കത്ത് തന്നെ ഉണ്ട്. പൊള്ളാച്ചിയിലെ വിൻഡ് മില്ലിനെ കടത്തി വെട്ടുന്ന ഒന്നും തായ്‌ലൻഡിൽ ഇല്ല.  അത് കൊണ്ട് അങ്ങോട്ട് പോവുന്നില്ലേ എന്ന് ചോദിച്ചില്ല. 
കുറച്ചു അധികം ദൂരം ഉണ്ട് ഈ രത്ന ഫാക്ടറിയിലേക്ക്.  നിർമ്മാണവും വിൽപ്പനയും എല്ലാം ഉണ്ട്.  അതി വിശാലമായ ഒരു സ്ഥലമാണ്. ആഭരണങ്ങൾ പ്രദർശനത്തിനും വില്പനക്കും വച്ചിരിക്കുന്ന ഹാൾ നടന്നു കാണാൻ തന്നെ അര മണിക്കൂർ എടുക്കും. വിശദീകരിച്ചു തരാൻ ഒരാൾ കൂടെ വരുന്നുണ്ട്. ഒരു മാലയുടെ വില ചോദിച്ചപ്പോൾ തന്നെ മുട്ട് കൂട്ടിയിടിച്ചു.. 😊😊  അതിലും ചെറുതും വീണ്ടും ചെറുതും വില ചോദിച്ചു.. പിന്നെ അധികം ചോദിക്കാൻ മെനക്കെട്ടില്ല.  ഫോട്ടോ എടുക്കുന്നതിനു വിലക്കുണ്ട് ഹാളിൽ.. ആ മോഹവും ഉപേക്ഷിക്കേണ്ടി വന്നു.
അപ്പുറത്തെ ഹാളിൽ രത്നം സംസ്കരിക്കലും ആഭരണ നിർമാണവും നടക്കുന്നു. അവിടെ ഫോട്ടോഗ്രാഫിക് വിലക്കില്ല..




ലോകത്തിലെ ഏറ്റവും വലിയ ഷോറൂം ആണ് ഇതെന്ന്  ഈ ഫോട്ടോ നോക്കിയപ്പോളാണ് മനസിലായത്   !!

ഇവിടെ നിന്ന് പുറത്ത് ഇറങ്ങിയതോടെ ഞങ്ങളുടെ തായ് ടൂർ അവസാനിച്ചു.  ഇനി നേരെ എയർ പോർട്ടിലേക്ക്.  മികച്ച റോഡിലൂടെ ഞങ്ങളുടെ കാബ് കുതിച്ചു പായുന്നു.  ഇഷ്ടം പോലെ സമയം ഉണ്ടായിട്ടും എന്തിന് ഇങ്ങനെ ധൃതിയിൽ പോവുന്നു എന്ന് ആലോചിച്ചു. ഫുകെറ്റ് എയർ പോർട്ടിലെ തിരക്ക് കണ്ടപ്പോൾ മനസിലായി സ്പീഡ് എന്തിനെന്ന്.. നീണ്ട ക്യു... കുറെ നേരം നിന്ന ശേഷമാണ് അകത്തേക്ക് എത്താൻ കഴിഞ്ഞത്.  എയർ പോർട്ടിനു പുറത്തെ മത്തങ്ങ ലൈറ്റുകൾ വീണ്ടും പ്രകാശിച്ചു തുടങ്ങി. ഞങ്ങൾക്ക് യാത്രാ മംഗളങ്ങൾ നേരാൻ എന്ന പോലെ.. 

എയർ ഏഷ്യ കൗണ്ടർ തുറക്കുന്നതിന് 45 മിനിറ്റ് കൂടി ബാക്കി ഉണ്ട്.  ചെറിയ ചില ഷോപ്പിംഗ്.  

 10-15 തായ് ബാത്ത് കൂടി ബാക്കി ഉണ്ട്. വല്ല ഇഞ്ചി മിട്ടായിയും വാങ്ങി തീർത്തേക്കാം !😊😊


9 മണിക്ക് ഫുകെറ്റിൽ നിന്നും ഞങ്ങൾ പറന്നുയർന്നു.. 3 ദിവസം ആഹ്ലാദം മാത്രം തന്ന ഫുകെറ്റ് സിറ്റി ക്രമേണ ഒരു പൊട്ടു പോലെ കണ്ണിൽ നിന്നും മറഞ്ഞു.. നല്ല കുറെ കാഴ്ചകളും ഓർമകളും മനസ്സിൽ അവശേഷിപ്പിച്ച്...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)