തായ് ലാന്‍ഡ്‌ കാഴ്ചകള്‍ (Part 3)

മാർച്ച് 03, 2016

Back to THAILAND 

മൂന്നാം ദിവസം ഫുകെറ്റിലെ ഏറ്റവും മനോഹരമായ ദ്വീപായ ഫിഫി ഐലൻഡിലേക്കാണ് യാത്ര. തലേ ദിവസത്തിൽ നിന്ന് വ്യത്യസ്ഥമായി കുറെ കൂടി നേരത്തെയാണ് ഫിഫി ടൂർ. ഗൈഡ് പറഞ്ഞത് പ്രകാരം 7 മണിക്ക് തന്നെ ഞങ്ങൾ റെഡിയായി. കുറച്ചു കഴിഞ്ഞപ്പോൾ ഞങളുടെ കാബ് എത്തി. അടുത്തുള്ള ചില ഹോട്ടലുകളിൽ നിന്ന് ഏതാനും പേരെ കൂടി കയറ്റി കാബ് യാത്രയായി.  

അര മണിക്കൂർ യാത്രയുടെ അവസാനം ഞങ്ങൾ എത്തിയത് വലിയ ഒരു ബോട്ട് ജെട്ടിയിൽ ആണ്.  അവിടെ ഞങ്ങളെ കാത്തു വലിയ ഒരു ടീം തന്നെ ഉണ്ട്.  നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കുന്ന രസികനായ ഒരു ഗൈഡ്നെ തന്നെ ഇത്തവണ കിട്ടി.   ടൂർ പ്ലാൻ ഗൈഡ് വിവരിച്ചു തന്നു.  കുറെ മനോഹരമായ ബീച്ചുകളുടെ ഒരു കൂട്ടം ആണ് ഫിഫി.  ഒരു മണിക്കൂർ ബോട്ട് യാത്രയുണ്ട് അങ്ങോട്ട്. കടൽ യാത്രയിൽ ചർധിക്കാൻ സാധ്യത ഉള്ള ആളുകൾക്ക് ഒരു ബോട്ടിലിൽ ഗുളികകൾ വച്ചിട്ടുണ്ട്. വേണ്ടവർക്ക് എടുത്തു കഴിക്കാം എന്ന് ഗൈഡ് ഓർമ്മപ്പെടുത്തി.  സിംഗപ്പൂരിൽ നിന്ന് ഇൻഡോനേഷ്യയിലെ ബിൻതാൻ ദ്വീപ് വരെ ഒരു മണിക്കൂറിൽ ഏറെ ഞാൻ കടലിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും പ്രശ്നം ഒന്നും ഉണ്ടായില്ല. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് പറഞ്ഞ പോലെ വെറുതെ ഒരു ശങ്ക.. തല കറങ്ങി ചർധിച്ചു ടൂർന്റെ രസം കളയാൻ വയ്യ.  എന്തായാലും ഒരെണ്ണം കഴിച്ചേക്കാം. ഇത്തിരി മയക്കം ഉണ്ടാവും. അത് ഗൈഡ് ഓർമിപ്പിക്കുന്നുണ്ടായിരുന്നു.  ഗുളികകൾ ബോട്ടിലിൽ വെറുതെ കൂട്ടി ഇട്ടിരിക്കാണ്. പേര് ഒന്നും കാണുന്നില്ല.  Meclizine ആയിരിക്കും എന്ന് ഊഹിച്ചു.  ഞങ്ങൾ 4 പേരും ഓരോന്ന് കഴിച്ചു. 

ആദ്യത്തെ പോയിന്റിൽ നോർക്കലിങ്ക് ആണ്. കടലിനടിയിലെ കാഴ്ചകൾ കാണുന്ന പരിപാടി.  സ്പീഡിൽ നീന്താൻ വേണമെങ്കിൽ മീനിന്റെ വാൽ പോലെയുള്ള നീളൻ ചെരുപ്പ് വാടകക്ക് എടുക്കാം. 250 ബാത്ത് ആണ് ചാർജ്.  ഞങ്ങൾ 2 പേർ ഓരോ ജോഡി വീതം എടുത്തു.  നോർക്കാലിങ് ന് ഇറങ്ങാണോ വേണ്ടയോ എന്ന് അപ്പോഴും തീരുമാനം എടുത്തിരുന്നില്ല.  അടിയിൽ കാണുന്ന വസ്തുക്കളിൽ ഒന്നും കൈ കൊണ്ട് തൊടരുത് എന്ന് മുന്നറിയിപ്പ് തന്നു. അങ്ങനെ ചെയ്തു കൈയും കാലും ഒക്കെ മുറിഞ്ഞു രക്തം ഒഴുകുന്ന ഫോട്ടോകൾ കാണിച്ചു തന്നു..

ഞങ്ങളെ പല ടീം ആക്കി തിരിച്ചു. ഓരോ ടീമിനും കയ്യിൽ ഓരോ നിറത്തിലുള്ള റിബ്ബൺ കെട്ടാൻ തന്നു.  ഓരോ നിറക്കാരെയും ഓരോ ബോട്ടിൽ കയറ്റി.  ബോട്ട് പതിയെ നീങ്ങി. വെള്ളത്തിന്റെ നിറം പച്ചയിൽ നിന്ന് ക്രമേണ നീല ആയി. കടലിനു ആഴം കൂടി വരുന്നതിന്റെ നിറമാണ്.  ഞങ്ങളുടെ തൊട്ടു പുറകിലെ യമഹ എൻജിനുകൾ ഒന്ന് കൂടി ചരിച്ചു propeller കൂടുതൽ ആഴത്തിലേക്ക് ഇറക്കി ഡ്രൈവർ. പൊടുന്നനെ 3 എൻജിനും കൂടുതൽ ഉച്ചത്തിൽ അലറി.  ത്രില്ലടിപ്പിക്കുന്ന വേഗത്തിൽ ബോട്ട് കുതിച്ചു.   ശക്തമായ ഓളവും ബോട്ടിന്റെ അടി ഭാഗവും കൂട്ടി ഇടിക്കുമ്പോൾ ഒരു കട്ട റോഡിലൂടെ പോവുന്ന പോലെയുള്ള കുലുക്കം. ഓളങ്ങൾ കുറവുള്ള യാത്ര വളരെ സുഖകരം. മരുന്നിന്റെ മയക്കവും ബോട്ടിന്റെ ചാഞ്ഞാടലും കൂടി ആയപ്പോൾ സുഖമായി ഉറങ്ങി.. 

ഇടയ്ക്കു ഉണർന്നപ്പോൾ ചുറ്റിലും കൂറ്റൻ മലകൾ ഉള്ള ഭാഗത്തു എത്തിയിട്ടുണ്ട്.  ബോട്ടിന്റെ വേഗത കുറഞ്ഞിരിക്കുന്നു. ലക്ഷ്യ സ്ഥാനം എത്തി എന്ന് മനസിലായി. ഒരു കൂറ്റൻ മലയോട് ചേർന്ന തീരത്തിനടുത്തു ബോട്ട് നിർത്തി.  നീന്തൽ അറിയാത്തവർക്ക് ലൈഫ് ജാക്കറ്റ് എടുത്തു കൊടുക്കുന്നു ഗൈഡ്.  കടലിന്റെ അടിഭാഗം അടുത്ത് കാണാൻ വെക്കുന്ന കണ്ണടയും പിന്നെ പുറത്തേക്കു തള്ളി നിൽക്കുന്ന oxygen കുഴലും ഓരോരുത്തർക്കും ഫിറ്റ് ചെയ്തു കൊടുക്കുന്നു.  മൂക്കു മാസ്ക് വച്ച് മറക്കും. Oxygen കുഴലിന്റെ ഒരറ്റം വായിൽ വച്ച് അതിലൂടെ വേണം ശ്വസിക്കാൻ.   
നല്ല തെളിഞ്ഞ കാലാവസ്ഥ. പച്ച നിറത്തിലുള്ള വെള്ളം.. ഇളം കാറ്റ്..തൊട്ടടുത്ത് പടുകൂറ്റൻ പാറ ..നേരത്തെ വെള്ളത്തിൽ ഇറങ്ങാണോ വേണ്ടയോ എന്ന ശങ്ക ഒക്കെ പമ്പ കടന്നു. ഒരു കണ്ണടയും oxygen പൈപ്പ് ഉം ഫിറ്റ് ചെയ്തു ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ ഞാനും കടലിലേക്ക് എടുത്തു ചാടി .. 


അടിയിലെ കാഴ്ചകൾ കാണാൻ ഞാൻ മുഖം വെള്ളത്തിലേക്ക് താഴ്ത്തി. നല്ല രസം..നിറയെ വർണ മത്സ്യങ്ങൾ.. പല നിറത്തിലുള്ള കല്ലുകളും പവിഴ പുറ്റുകളും.. മഞ്ഞയിൽ ബ്രൗൺ പുളിയുള്ള തരം മീനുകൾ ആണ് കൂടുതലും. ബോട്ടിൽ നിന്ന് ഗൈഡ് തീറ്റ എറിഞ്ഞു കൊടുക്കുമ്പോൾ മീനുകൾ കൂട്ടത്തോടെ എത്തുന്നു.. 
ട്യൂബിലൂടെ ഉള്ള ശ്വാസം എടുപ്പ് എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റെ ശ്വാസത്തിൽ എനിക്കുള്ള നിയന്ത്രണം നഷ്ടമായ പോലെ.. ചെറിയ ചെറിയ ശ്വാസങ്ങൾ പെട്ടന്ന് പെട്ടന്ന് എടുക്കേണ്ടി വരുന്നു. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ പോലെ തോന്നിച്ചു.. കുഴൽ ഞാൻ ഊരി വച്ചു. ശ്വാസം നീട്ടി പിടിച്ചു മുങ്ങിയപ്പോൾ എല്ലാം ഓക്കേ. ഇടക്കൊന്നു പൊങ്ങണം എന്നല്ലേ ഉള്ളൂ..ഈ വെന്റിലേറ്റർ എനിക്ക് വേണ്ട..

കുറെ നാളുകൾക്കു ശേഷം നീന്തുന്ന കാരണം പെട്ടന്ന് കിതപ്പ് തോന്നി. ബോട്ടിൽ കേറി ലൈഫ് ജാക്കറ്റ് ഇടുമ്പോൾ ഗൈഡ് ന്റെ തമാശ..വെള്ളത്തിൽ ഇറങ്ങിയപ്പോൾ ആണോ നീന്തൽ അറിയാത്ത കാര്യം ഓർമ വന്നത് എന്ന് !!





അനുവദിച്ച സമയം തീർന്നതോടെ വീണ്ടും ബോട്ടിലേക്ക്.  വെള്ളം ഉണങ്ങുന്നത് വരെ അർദ്ധ നഗ്നൻ ആയാണ് ഇരിപ്പ് ! പിന്നെ കൂടെ ഉള്ള പലരും ഞങ്ങളെക്കാൾ കഷ്ടം വേഷത്തിൽ ആയിരുന്നത് കൊണ്ട് വലിയ ചമ്മൽ ഇല്ലാതെ ഇരിക്കാൻ പറ്റി 😊 

ലഞ്ച് കഴിക്കാനാണ് അടുത്ത ഹാൾട്.  ബോട്ട് പതിയെ ഒരു തീരത്തു അടുപ്പിച്ചു. ഫുകെറ്റിലെ മുഖമുദ്രയായ പച്ച മര ബോട്ടിന്റെ അടുത്ത് ഞങ്ങളുടെ ഫൈബർ ബോട്ട് നങ്ങൂരം ഉറപ്പിച്ചു. 


തലേന്നത്തെ മുസ്ലിം വില്ലേജ് പോലെ അത്ര വലുതല്ല ഇന്നത്തെ ഹോട്ടൽ. ഭക്ഷണവും അത്ര വറൈറ്റി അല്ല.  ഹോട്ടലിന്റെ ഒരു ഇടനാഴി ബീച്ച് കാഴ്ചകളാൽ സമ്പന്നം. അവിടെ വന്നിരുന്നാൽ എന്റെ സാറേ.. പിന്നെ ഭക്ഷണം ഒന്നും വേണ്ട 😊😊  ഒരു ഫാമിലി ഫോട്ടോ എടുത്തിട്ട് തന്നെ കാര്യം !


പിന്നീടുള്ള യാത്ര ഫിഫി യിലെ ഏറ്റവും മനോഹരമായ മായാ ബേ യിലേക്കാണ്.  പോവുന്ന വഴിക്കു ഏതാനും ഗുഹകൾ ഒക്കെ കണ്ടു. പിന്നെ ഒരു മങ്കി ബേ യും..മങ്കി ബേ യിൽ സഞ്ചാരികളെ ഇറങ്ങാൻ അനുവദിക്കില്ല.  മങ്കി കളുടെ ആക്രമണം ഭയന്നാണ്. പാറക്കൂട്ടങ്ങളുടെ അടുത്തേക്ക് ബോട്ട് അടുപ്പിക്കുമ്പോൾ തന്നെ അവ കൂട്ടം കൂട്ടമായി ഇറങ്ങി വരും. സഞ്ചാരികൾ എറിഞ്ഞു കൊടുക്കുന്ന കോളയും പെപ്സിയും ഒക്കെ നീന്തി വന്നു എടുക്കുന്നു.

ഇനിയാണ് മായാ ബേ യിലേക്കുള്ള യാത്ര. ലോകത്തെ ടോപ് ബീച്ചുകളുടെ കൂട്ടത്തിൽ പല സൈറ്റ് കളിലും കാണാറുള്ള ബീച്ചുകളിൽ ഒന്നാണത്.  പോവുന്ന വഴിക്കു ഗൈഡ് ഓർമ്മിപ്പിച്ചു..പണ്ട് സുനാമി തിരകൾ തകർത്തു എറിഞ്ഞ സ്ഥലങ്ങൾ ആണ് ഇവയെല്ലാം എന്ന് !

അങ്ങനെ ഞങ്ങൾ അവിടെ എത്തിയിരിക്കുന്നു. കൊച്ചു കൊച്ചു പാറക്കൂട്ടങ്ങളാൽ നിറഞ്ഞ മനോഹരിയായ ബീച്ച്. കടകളും മറ്റും ഒന്നും ഇല്ല. സഞ്ചാരികളും അവർ വന്ന ബോട്ടുകളും മാത്രം.  ഞങ്ങൾ വന്ന ടൈപ്പ് ഫൈബർ ബോട്ടുകൾ ആണ് കൂടുതലും. ഒരറ്റത്ത് പച്ച നിറത്തിലുള്ള മര ബോട്ടുകളും..എന്റെ ക്യാമറക്കു പറ്റിയ ഫ്രെയിം ഞാൻ ദൂരെ നിന്നെ കണ്ടെത്തി. ഭാഗ്യം അവിടെ വലിയ തിരക്കില്ല. ഏതാനും മര ബോട്ടുകൾ അവിടെ ഉണ്ട്. ഫോട്ടോക്ക് നല്ലതു അവയാണ്.  ബോട്ട് തീരത്തോട് വല്ലാതെ അടുപ്പിക്കില്ല. അടിയിലെ പാറകളിൽ തട്ടി എൻജിൻ കേടാവാതിരിക്കാൻ. 

അരക്കൊപ്പം വെള്ളത്തിൽ ഇറങ്ങി ബീച്ചിലേക്ക് നടക്കണം. കാമറ ബാഗ് തലയിൽ വച്ചാണ് നടപ്പ്. കല്ലുകളിൽ തട്ടി വീഴാതെ നോക്കണം. മൊബൈൽ നനയാതെയും... ആകർഷകമായ പച്ച നിറമുള്ള വെള്ളത്തിലൂടെ പതുക്കെ നടന്നു ഞങ്ങൾ ബീച്ചിൽ എത്തി.. ആൾക്കൂട്ടത്തിൽ നിന്നും മാറി കാമറ സെറ്റ് ചെയ്തു , തായ്ലാണ്ടിൽ ഫോട്ടോകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട , ഇത് വരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ബീച്ചിന്റെ ഈ ഫോട്ടോ എടുത്തു.


ബീച്ചിൽ വച്ച് ഒരു ചാട്ടം ഫോട്ടോ എടുക്കണമെന്ന് ടൂർ പ്ലാൻ ചെയ്തപ്പോൾ തന്നെ ആലോചിച്ചാണ്. ബീച്ചിലെ ആഘോഷങ്ങളിൽ ഒന്ന് ഈ ചാട്ടം ആണെന്ന് എങ്ങനൊക്കെയോ നമ്മുടെ മനസുകളിൽ കയറിയിട്ടുണ്ട്.. കുറച്ചു അധികം ടേക്ക് എടുക്കേണ്ടി വന്നെങ്കിലും ഞങ്ങളും ഒപ്പിച്ചു ഒരെണ്ണം.. ഇതും എന്റെ പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് 


ഈ ബീച്ചിന് പുറകു വശത്തായി ഒരു ചെറിയ നടപ്പാത ഉണ്ട്. അത് വഴി പോയാൽ ഒരു ചെറിയ കണ്ടൽ കാട്..അതും കടന്നു പോയാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്.. ഒരു ഉയർന്ന സ്ഥലം ആണ്. താഴേക്ക് നോക്കിയാൽ ബീച്ചിന്റെ വേറൊരു ഭാഗം കാണാം. തെളിഞ്ഞ വെള്ളത്തിനടിയിൽ മാർബിൾ പാകിയ പോലെയുള്ള കല്ലുകൾ കാണാം. അവിടെ നിന്ന് ഉള്ള കാഴ്ചയാണ് താഴെ.. മുകളിൽ നിന്ന് താഴേക്ക് സാഹസികമായി ഇറങ്ങാൻ കയർ തൂക്കി ഇട്ടിരിക്കുന്നു. താഴെ ഈ ഭാഗം കാണുമ്പോൾ കയർ വഴി തൂങ്ങി ഇറങ്ങാൻ ഒരു പ്രവണത വരും..എന്നാൽ ആരും അത്തരം സാഹസത്തിനു മുതിരുന്നത് കണ്ടില്ല. നമ്മുടെ നാട്ടിലെ പോലെ തടയാനോ പുറകിൽ നിന്ന് വിസിൽ അടിക്കാനോ ആരും ഇല്ല.. 

വ്യൂ പോയിന്റ് ന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു നിന്ന് ഏതാനും ഫോട്ടോകൾ കൂടി എടുത്തപ്പോഴേക്കും ഞങ്ങൾക്ക് അനുവദിച്ച സമയം ആയി..  ബീച്ചിൽ തിരിച്ചെത്തിയപ്പോൾ ഗൈഡ് ഓരോരുത്തരെ ആയി ബോട്ടിലേക്ക് വിളിച്ചു കയറ്റികൊണ്ടിരിക്കുന്നു..  മനസ്സ് നിറയ്ക്കുന്ന ഈ ബീച്ചിൽ നിന്നും ഞങ്ങൾക്കും പോവേണ്ടിയിരിക്കുന്നു.. ഞങ്ങളുടെ 4 പേരുടെയും പേര് ബീച്ചിൽ എഴുതി അവിടെ ഇരുന്നു ഒരു ഫോട്ടോ എടുത്തു.. ഞങ്ങളുടെ വ്യക്തി മുദ്ര അവിടെ പതിപ്പിച്ചിരിക്കുന്നു 😊😊
വീണ്ടും ബാഗ് തലയിൽ വച്ച് വെള്ളത്തിലൂടെ ബോട്ടിലേക്ക് ...
( വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച )



അടുത്ത യാത്ര കോ ഐലൻഡ് ലെ സമുയി ബീച്ചിലേക്ക്. മായാ ബേ യിൽ നിന്ന് കുറച്ചു ദൂരമേ ഉള്ളു. നല്ല വെയിലാണ് ബീച്ചിൽ.  വെയിലത്തും ബീച്ചിന്റെ ഭംഗി ആസ്വദിച്ചു ഇരിക്കാൻ മരം കൊണ്ടുണ്ടാക്കിയ സീറ്റുകളും നിലത്തു ഉറപ്പിക്കാവുന്ന വലിയ വർണ കുടകളും ഉണ്ട്.  സീറ്റും കുടയും വാടകയ്ക്കു കിട്ടും. 
ചെറിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ സുന്ദരമായ ബീച്ച് ആണ് സമുയി. നല്ല ഫോട്ടോ ഫ്രെയിം ആണ്.  ഫുകെറ്റ് സിറ്റി ടൂറിൽ ഉൾപ്പെടുന്ന pattong ബീച്ചിൽ ഇത് പോലെ ഫോട്ടോക്ക് പറ്റിയ പാറക്കൂട്ടങ്ങൾ ഉള്ള ഒരു സ്ഥലം അത് വഴി കാറിൽ പോയപ്പോൾ ഞാൻ കണ്ടു വച്ചിരുന്നു. സിറ്റി ടൂർ ഉള്ള നാലാം ദിവസം ഡ്രൈവറോട് പറഞ്ഞു അവിടെ ഇറങ്ങാം എന്നായിരുന്നു പ്ലാൻ. ഇനിയിപ്പോ അത് അവശ്യമില്ല. അതിലും നല്ല കാഴ്ചകൾ ആണ് ഇവിടെ.. 



വെയിൽ കൊണ്ട് തളർന്ന ഞങ്ങൾക്ക് ടൂർ ഓപ്പറേറ്റർ വക ഒരു കഷ്ണം തണ്ണി മത്തൻ ഫ്രീ.  എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ട്. 



ബീച്ചിൽ ഇരിപ്പിടം വാടകയ്ക്കു എടുത്തു നീണ്ടു നിവർന്നു കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെ. കിടക്കുന്ന ആളുകളുടെ മുഖം അത് വിളിച്ചു പറയുന്നില്ലേ?



മാല പോലെ തിര.. അതാണ് തിരമാല !!☺☺ഈ തിരമാല എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു

തിരമാല ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ബീച്ചിൽ കിടന്നിരുന്ന ചിപ്പികൾ ശ്രദ്ധയിൽ പെട്ടത്. ബീച്ചിലെ നീല വെള്ളവും ബ്രൗൺ പാറക്കെട്ടുകളും ബാക് ഗ്രൗണ്ടിൽ വരത്തക്ക വിധം ഒരു ഫോട്ടോ എടുത്തു. മാക്രോ ലെൻസ് കൊണ്ട് വന്നത് വെറുതെ ആയില്ല.. 


ഗൈഡ് ന്റെ വിളി പിന്നാലെ എത്തി. ബോട്ടിൽ കേറി ഏതാനും ഫോട്ടോകൾ കൂടി എടുത്തു. പിന്നെ മടക്ക യാത്ര.. അങ്ങനെ മൂന്നാം ദിവസം ഇവിടെ അവസാനിക്കുന്നു.. 

7 മണി  ആയപ്പോഴേക്കും ഹോട്ടലിൽ തിരിച്ചെത്തി. രാത്രി ഇന്ത്യൻ ഭക്ഷണം അന്വേഷിച്ചു ഇറങ്ങി. ചെറിയ ഒരു തട്ട് കട പോലത്തെ ഒരു ഇന്ത്യൻ ഹോട്ടൽ കണ്ടു. അവിടന്ന് ഡിന്നർ കഴിച്ചു. തിരിച്ചു വരുന്ന വഴിക്കാണ് തെരുവിൽ ഇരുന്നു ചിത്രം വരയ്ക്കുന്ന ഈ കലാകാരനെ കണ്ടത്.  സമ്മതം വാങ്ങിച്ച ശേഷം ഈ ഫോട്ടോ എടുത്തു.





ചിത്രകല തായ്‌ലൻഡ് കാരുടെ വീക്നെസ് ആണെന്ന് തോന്നുന്നു. ചിത്രങ്ങൾ വിൽക്കുന്ന കുറെ കടകൾ വഴിയിൽ കണ്ടു. അത്തരം ഒന്ന് ഇതാ...
ഫിഫി ഐലൻഡ് ന്റെ ഒരു വലിയ ചിത്രം മുന്നിൽ തന്നെ വച്ചിട്ടുണ്ട്. ഫുകെറ്റിൽ പലയിടത്തും ഫിഫി യുടെ ഫോട്ടോകളും ചിത്രങ്ങളും കാണാം.  സ്വകാര്യ അഹങ്കാരം പോലെ അവർ അത് കൊണ്ട് നടക്കുന്നു. ഫുകെറ്റ് എയർപോർട്ടിൽ പല വലിപ്പത്തിലുള്ള ഫോട്ടോകൾ കാണാൻ കഴിയും.  ടൂറിസം പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ്.  ഫോട്ടോ കണ്ടാൽ അവിടെ വന്നിറങ്ങുന്ന ആർക്കും ഈ സ്ഥലം ഒന്ന് കാണണം എന്ന് ആഗ്രഹം തോന്നും.. അതൊരു നല്ല പോളിസി ആണ്. നമുക്കും അനുകരിക്കാവുന്നത്...കേരളത്തിൽ ഒരു എയർപോർട്ടിലും അങ്ങനെ കണ്ടിട്ടില്ല. കൽക്കത്തയിലെ നേതാജി എയർപോർട്ടിൽ ഉണ്ട്..


നാലാം ദിവസത്തെ സിറ്റി ടൂറിന്റെ വിശേഷങ്ങളുമായി വീണ്ടും കാണാം ..

Thank you for being here

0 അഭിപ്രായ(ങ്ങള്‍)