തായ്ലാന്ഡ് കാഴ്ചകള്‍ ( Part 2)

ഫെബ്രുവരി 26, 2016

Back to THAILAND 

രണ്ടാം ദിവസം ഫുകെറ്റ് ലെ പ്രശസ്തമായ ദ്വീപ്‌ ആയ  ജെയിംസ്‌ ബോണ്ട്‌ island ലേക്കുള്ള ടൂര്‍ നു രാവിലെ 9 മണിക്ക് തന്നെ ഞങ്ങള്‍  റെഡി ആയി. ജെയിംസ്‌ ബോണ്ട്‌ ചിത്രം ഷൂട്ട്‌ ചെയ്ത സ്ഥലം ആയതുകൊണ്ടാണ്‌ ആ പേര് വന്നത്. പോവുന്ന വഴിക്ക് മറ്റു ചില സ്ഥലങ്ങളിലും കയറുന്നുണ്ട്. തിരിച്ചു വന്ന ശേഷം ഫുകെറ്റ് fantasea എന്ന ഒരു ഷോ യും ഞങ്ങളുടെ പാക്കേജ് ഇല്‍ ഉണ്ട്. 

9.30 നു കാബുമായി ഡ്രൈവര്‍ എത്തി. തൊട്ടടുത്തുള്ള മറ്റു ഹോടെലുകളില്‍ നിന്ന് ഏതാനും ആളുകളെ കൂടെ കയറ്റി കാബ് യാത്ര തുടങ്ങി.. മനോഹരമായ നാല് വരി പാതയാണ്.  ഒച്ചയും ബഹളവും ഇല്ലാതെ വാഹനങ്ങള്‍ പോയി കൊണ്ടേ ഇരിക്കുന്നു. ആകെ ഒരു തവണ മാത്രമേ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയുള്ളൂ.. വളരെ അച്ചടക്കമുള്ള ട്രാഫിക്‌ .. ഉന്നത നിലവാരമുള്ള rubberized റോഡ്‌ . കുഴികളോ ഹംപുകളോ ഇല്ല.  വളവുകളില്‍ കൂടുതല്‍ ഗ്രിപ്പ് കിട്ടാന്‍ വേറെ എന്തോ ഒരു വസ്തു നിര്‍മാണത്തില്‍ ചേര്‍ത്തിരിക്കുന്നു എന്ന് തോന്നുന്നു.. വളവുകളില്‍ ഓറഞ്ച് കളര്‍ ആണ് റോഡില്‍ ..റോഡിനു വെളുപ്പ്‌ കലര്‍ന്ന കറുപ്പ് നിറം,,നമ്മുടെ നാട്ടിലെ പോലെ പക്കാ കറുപ്പ് അല്ല.  തായ്‌ലാന്ഡ് ലോകത്തിലെ  ടോപ്‌ റബ്ബര്‍ നിര്‍മാണ രാജ്യങ്ങളില്‍ ഒന്നാണെന്ന് എവിടെയോ വായിച്ചതിനെ ശരിവെക്കുന്ന കാഴ്ചകള്‍ ആണ് റോഡിനു ഇരു വശവും.. നിറയെ റബ്ബര്‍ മരങ്ങള്‍.. ഒരു വേള കോട്ടയം ജില്ലയിലൂടെയാണോ യാത്ര എന്ന് വരെ തോന്നിപ്പോവും.. ഇളം പച്ച ഇലകളോടു കൂടിയ റബ്ബര്‍ കാടുകള്‍ക്ക് വല്ലാത്തൊരു സൗന്ദര്യം.. 

നഗര പരിധി പിന്നിട്ടതോടെ യാത്ര മിനി ബസില്‍ ആയി. പല കാബുകളില്‍ ആയി വന്നവര്‍ എല്ലാവരും മിനി ബസില്‍ ഒരുമിച്ചു കൂടി. ജെയിംസ്‌ ബോണ്ട്‌ ദ്വീപുകാരന്‍ ആയ ഒരു ജെയിംസ്‌ ആയിരുന്നു ഞങ്ങളുടെ ഗൈഡ് . എല്ലാവരുടെയും ഷര്‍ട്ടില്‍ ജെയിംസ്‌ sticker പതിച്ചു. കൂട്ടം തെറ്റി പോവാതിരിക്കാന്‍ . 

ആദ്യം ബസ് നിര്‍ത്തിയത് ഒരു ഫ്രൂട്ട് മാര്‍ക്കറ്റ്‌ നു മുന്നില്‍ ആണ്.. വിവിധ ഇനം പഴ വര്‍ഗ്ഗങ്ങള്‍ അതി മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്നു.. അത്ര ആകര്‍ഷകമായ ഒരു ഫ്രൂട്ട് മാര്‍ക്കറ്റ്‌ ആദ്യമായാണ് കാണുന്നത്.. ഫ്രൂട്ട്സ് നാവിനു മധുരം മാത്രം തന്നാല്‍ പോര, കണ്ണിനു കുളിര്‍മ്മയും നല്‍കണം എന്നതാണ് ലക്‌ഷ്യം.. ഈ മാര്‍ക്കറ്റ്‌ ന്റെ ഏറ്റവും വലിയ പ്രത്യേകത അവിടെയുള്ള ഫ്രൂട്സ് എല്ലാം തന്നെ അതിനു പുറകിലുള്ള കൃഷിയിടത്തില്‍ ഉണ്ടാക്കിയതാണ് എന്നതാണ്. ജെയിംസ്‌ ഞങ്ങളെ ഈ കൃഷിയിടത്തിലേക്ക് കൂട്ടി കൊണ്ട് പോയി.  മനോഹരമായ തോട്ടം.. ഇല്ലാത്ത പഴങ്ങള്‍ ഇല്ല. മരങ്ങള്‍ക്കിടയില്‍ മരം കൊണ്ട് ഉണ്ടാക്കിയ 6 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ കാബിനുകള്‍..  6 പേര്‍ വീതം ഓരോ കാബിനില്‍ കേറി.. ഓരോരുത്തര്‍ക്കും ചെറിയ ഒരു പ്ലേറ്റില്‍ പലതരം ഫ്രൂട്സ് ഫ്രീ ആയി തരും.. രുചിച്ചു നോക്കി വേണമെങ്കില്‍ ഇഷ്ടപ്പെട്ട ഫ്രൂട്ട് വാങ്ങിക്കാം. മങ്കി ആപ്പിള്‍ എന്ന ചെറിയ ഇനം പച്ച നിറമുള്ള ഒരു ആപ്പിള്‍ ഞാനും വാങ്ങിച്ചു. കിലോ 80 തായ്‌ ബാത്ത് ,,






പിന്നെ നേരെ പോയത് ഒരു ആന സവാരി കേന്ദ്രത്തിലേക്കാണ്‌. ആന സവാരി മാത്രമല്ല, കുട്ടിയാനകളെ വച്ചുള്ള വിവിധ ഷോ കളും മങ്കി ഷോയും എല്ലാം ഉണ്ട്. മൃഗങ്ങളെ പരിശീലിപ്പിക്കാന്‍ തായ്‌ ലാന്‍ഡ്കാര്‍ ബഹു മിടുക്കരാണെന്ന് ഈ ഷോകള്‍ കണ്ടാല്‍ മനസിലാവും. എറിഞ്ഞു കൊടുത്ത പന്ത് ബാസ്കെറ്റ് ബോള്‍ ബാസ്കറ്റില്‍ ഒറ്റ ചാട്ടത്തില്‍ എത്തിക്കുന്നതും ടിപ് കൊടുത്താല്‍ ഉടനെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ചേര്‍ന്ന് നില്‍ക്കുന്നതെല്ലാം കൌതുകകരമായി തോന്നി ..




ആനകളുടെ synchronized ഡാന്‍സും മനോഹരമായി. തീറ്റ കൊടുക്കുന്നവരെ തലയില്‍ തൊട്ടു അനുഗ്രഹിക്കുന്ന ആനക്കഴ്ച ക്യാമറയില്‍ ആക്കാന്‍ എല്ലാവരും തിക്കി തിരക്കി. 




arrow എറിഞ്ഞു ബലൂണ്‍ പൊട്ടിക്കുന്ന കാഴ്ചയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.. 3 ഏറു ഏറിഞ്ഞതില്‍ രണ്ടിലും ആന ലക്‌ഷ്യം കണ്ടു .ഈ ചിത്രം ഒന്ന് സൂം ചെയ്തു നോക്കിയാല്‍ ആന എറിയുന്ന നീല arrow  കാണാം ..
ഒരു ആന സവാരികൂടെ കൂടി നടത്തിയാണ് ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു പോന്നത്.. ആനകളുടെ നാട്ടില്‍ ജീവിച്ചാലും ആനപ്പുറത്ത് ആദ്യമായി കയറുന്നത് അന്യ നാട്ടില്‍ വന്നിട്ടാണല്ലോ എന്ന് ഓര്‍ത്തു പോയി 



അടുത്ത യാത്ര ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ്‌ ബോണ്ട്‌ ദ്വീപിലേക്ക്.. കുറച്ചു സമയം കൂടി ബസ്സിലെ യാത്ര തുടര്‍ന്നു.. റോഡ്‌ അവസാനികുന്നിടത്ത് ജെയിംസ്‌ ബോണ്ട്‌ 007 എന്ന് എഴുതിയ വലിയ പ്രവേശന കവാടം കാണാം .. അതിന്റെ വശത്തിലൂടെ ബോട്ടില്‍ കേറാനുള്ള വഴിയിലേക്ക് ഗൈഡ് ഞങ്ങളെ നയിച്ചു.. മനോഹരമായ കണ്ടല്‍ കാടുകള്‍ ആണ് അവിടെ നിറയെ.. ഈ കണ്ടല്‍ കാട് കണ്ടപ്പോള്‍ ബാഗിനകത്തു വച്ച ക്യാമറ വീണ്ടും പുറത്തു എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുള്ള ബോട്ട് എത്തി.. കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ചെറിയ തോടുകളിലൂടെ ആണ് ബോട്ട് വരുന്നത്. ഈ ചെറിയ തോടുകള്‍ ചെന്ന് ചേരുന്നത് കടലിലേക്ക്‌.. 




മരം കൊണ്ട് നിര്‍മ്മിച്ച പഴയ ടൈപ്പ് ബോട്ട് ആണ്.. ഒരു 30-40 പേര്‍ക്ക് കയറാം. മുന്‍വശം കൂര്‍ത് ഉയര്‍ന്നു നില്‍ക്കുന്നു. എഞ്ചിനും ഡ്രൈവറും പുറകില്‍ ആണ്.  മുന്‍ഭാഗത്തേക്ക് നല്ല കാഴ്ച കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്നിട്ടും പുഷ്പം പോലെ അവര്‍ ബോട്ട് ഓടിക്കുന്നു.. തോടിനു കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ തൂണുകള്‍ക്കിടയിലെ ചെറിയ വിടവിലൂടെ വളരെ ഈസി  ആയാണ്  ഓടിക്കുന്നത് .. പുറകില്‍ പുരാതനമായ എഞ്ചിന്‍ .. അതിന്‍റെ അറ്റത് നിന്ന് വലിയ ഒരു ഷാഫ്റ്റ് വെള്ളത്തിലേക്ക്‌ നീണ്ടു കിടക്കുന്നു. ഷാഫ്റ്റ് ന്‍റെ അറ്റത്തെ propeller ന്റെ വേഗത്തിലുള്ള ചലനം ബോട്ട് നു പുറകില്‍ ഉണ്ടാക്കുന്ന ജലധാര രസകരമായ കാഴ്ചയാണ്. സ്പീഡ് കൂടും തോറും അതിന്‍റെ ഗാംഭീര്യവും കൂടും.. 

ചെറിയ തോട്ടിലൂടെ ഞങ്ങളുടെ ബോട്ട് പതുക്കെ നീങ്ങി.. കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയപ്പോളേക്കും ബോട്ട് ആഴം കൂടിയ ഭാഗത്ത്‌ എത്തി.. പൊടുന്നനെ ഡ്രൈവര്‍ സ്പീഡ് കൂട്ടി. ഞങ്ങളുടെ ബോട്ട് നു പുറകിലും ജലധാര പ്രത്യക്ഷപ്പെട്ടു.. ഇരു വശവും കണ്ടല്‍ കാടുകളും തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന മലകളുടെയും ഇടയിലൂടെ ബോട്ട് കുതിച്ചു.. 




ലഞ്ച് കഴിക്കാനായി അടുത്തുള്ള മുസ്ലിം വില്ലജ് എന്നാ സ്ഥലത്താണ് അടുത്ത ഹാള്‍ട്ട് എന്ന് ഗൈഡ് ന്റെ അറിയിപ്പ് കിട്ടി. മുസ്ലിം വില്ലജ് ലെ മുസ്ലിം വിഭവങ്ങളെ കുറിച്ച് നേരത്തെ തന്നെ ഞാന്‍ ഗൂഗിളില്‍ വായിച്ചിരുന്നു. തായ് ഫുഡ്സ് ന്റെ കൂട്ടത്തില്‍ ഈ മുസ്ലിം വില്ലജ് ഫുഡും എടുത്തു പറയുന്നുണ്ട്..
കടലില്‍ തൂണുകളില്‍ കെട്ടി പൊക്കിയ ഒരു ഹോട്ടല്‍ സമുച്ചയം ആണ് മുസ്ലിം വില്ലജ്, ബോട്ടില്‍ നിന്ന് ഇറങ്ങി നീളന്‍ നടപ്പാതയിലൂടെ നടന്നു ഉള്ളില്‍ എത്തിയപ്പോള്‍ ഒന്ന് അത്ഭുതപ്പെട്ടു പോയി. ഒരു 300 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന വലിയ സെറ്റ് അപ്പ്‌ ആണ് ഉള്ളില്‍.. മേശമേല്‍ പല തരം വിഭവങ്ങള്‍ വന്നു നിരന്നു..   തികച്ചും ഇസ്ലാമിക വേഷം ധരിച്ച സ്ത്രീകള്‍ ആണ് ഭക്ഷണം വിളമ്പുന്നത്‌.. നല്ല രുചിയേറിയ ഭക്ഷണം.. തനതു തായ്‌ വിഭവങ്ങളും അല്ലാത്തവയും ഉണ്ട്..  കൂടെ ഉണ്ടായിരുന്ന സ്ത്രീ ജനങളുടെ വേഷം കണ്ടത് കൊണ്ടാവാം നമസ്കരിക്കണം എന്നുണ്ടെങ്കില്‍ സൗകര്യം ഉണ്ടെന്നു ഗൈഡ് ഞങ്ങളോട് വന്നു പറഞ്ഞു. ഹോട്ടലിന്റെ  അകത്തുള്ള ഒരു മുറി കാണിച്ചു തന്നു.  നമസ്കരിക്കാന്‍ വേണ്ട ഡ്രസ്സ്‌ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയ വലിയ മുറി. തായ് ലാന്‍ഡില്‍ ഇത്തരം ഒരു സെറ്റ് അപ്പ്‌ പ്രതീക്ഷിച്ചതെ ഇല്ല. 





ഭക്ഷണവും നമസ്കാരവും കഴിഞ്ഞ ഉടനെ അടുത്ത യാത്ര,, ഏതാനും ഫോട്ടോ കൂടി എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയം ഇല്ല എന്ന് പറഞ്ഞു ഗൈഡ് തിരക്ക് കൂട്ടി.  

വീണ്ടും ബോട്ട് യാത്ര. ജെയിംസ്‌ ബോണ്ട്‌ ദ്വീപിലേക്ക് ഏതാണ്ട് ഒരു മണികൂര്‍ യാത്രയുണ്ട്. ഓളങ്ങള്‍ കീറിമുറിച്ചു പായുന്ന ബോട്ടിന്റെ ചലനം ഒരു തൊട്ടിലിനെ പോലെ തോന്നിപ്പിച്ചു, കടല്‍ കാറ്റിന്‍റെ തഴുകല്‍ കൂടി ആയപ്പോള്‍ ഇടയ്ക്കു ഉറങ്ങി പോയി,,ഉണര്‍ന്നപ്പോള്‍ ബോട്ട് ജെയിംസ്‌ ബോണ്ട്‌ ദ്വീപില്‍ എത്താറായി. കടലില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മലകള്‍,,അതാണ്‌ അവിടത്തെ പ്രത്യേകത.  സഞ്ചാരികള്‍ വന്ന ബോട്ടുകള്‍ വരി വരിയായി കിടക്കുന്നു. സാമാന്യം മോശമല്ലാത്ത തിരക്ക്. ഒരു ബോട്ട് വിട്ടു പോവുന്ന വിടവിലേക്കു അടുത്ത ബോട്ട് തള്ളി കേറ്റുന്നു,, ആദ്യത്തെ ഹാള്‍ട്ട് പോയിന്റ്‌ ഇല്‍ അര മണിക്കൂര്‍ മാത്രമേ ഉള്ളൂ വേഗം ഫോട്ടോ ഒക്കെ എടുത്തു തിരിച്ചു വരണം എന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു.  ഈ ആദ്യത്തെ ഹാള്‍ട്ട് ആണ് അവിടത്തെ ഏറ്റവും മനോഹരമായ സ്ഥലം. ജെയിംസ്‌ ബോണ്ട്‌ island എന്ന് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ കണ്ട ആ മനോഹര ദ്വീപ്‌ ആണല്ലോ ഈ കണ്മുന്നില്‍ കാണുന്നത് എന്നാ ചിന്ത എന്നെ ഹരം കൊള്ളിച്ചു.. ഓടിപോയി ഇവിടെ വച്ച് ഈ ഫോട്ടോ എടുത്തു.. പിറകെ  ഏതാനും സായിപ്പുമാര്‍ കാത്തു നില്‍ക്കുന്നു.. ഞങ്ങള്‍ അവിടന്ന് മാറിയിട്ട് വേണം അവര്‍ക്ക് ഫോട്ടോ സെഷന്‍ തുടങ്ങാന്‍.  എന്‍റെ ക്യാമറ സ്ക്രീനില്‍ തെളിഞ്ഞ ഫോട്ടോ കണ്ടപ്പോള്‍ വാഹ് എന്ന് സായിപ്പു. അത് എനിക്ക് ഒത്തിരി പിടിച്ചു !! ഈ ഫ്രെയ്മില്‍ വച്ച് ഏതാനും സെല്ഫികളും ഫാമിലി ഫോട്ടോകളും എടുത്തു ഞങ്ങള്‍ തൊട്ടപ്പുറത്ത് വെള്ളത്തില്‍ ഇറങ്ങി. ഏതാനും മിനിട്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ഗൈഡ് ന്റെ വിളി വന്നു. പാതി മനസോടെ വന്നു ബോട്ടില്‍ കയറി. 










അടുത്ത യാത്ര തൊട്ടടുത്ത മലയുടെ അടുത്തേക്ക്. അവിടെ ആണ് കനോയിംഗ് നടക്കുന്നത്. കൂറ്റന്‍ മലയുടെ അടുത്ത് നിര്‍ത്തിയ വലിയ ഒരു ബോട്ടിലേക്ക് ഞങ്ങളെ കയറ്റി. ആ ബോട്ടില്‍ നിന്നാണ് കനോയിംഗ് ബോട്ടില്‍ കയറുന്നത്. കൂറ്റന്‍ പാറക്കെട്ടുകളുടെ അടുത്ത് വരെ മാത്രമേ കനോയിംഗ് ഉള്ളൂ എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ പറക്കെട്ടുകല്‍ക്കിടയിലെ ചെറിയ ഗുഹകളിലൂടെ ബോട്ട് ഉള്ളിലേക്ക് പോവുന്നത് എന്നെ ത്രില്‍ അടിപ്പിച്ചു. ബോട്ടിലെ കാല്‍ നീട്ടിയുള്ള ഇരിപ്പ് അത്ര സുഖകരമായില്ലെങ്കിലും ചുറ്റുമുള്ള കാഴ്ചകളില്‍ അതെല്ലാം അലിഞ്ഞു പോയി. 


മലയുടെ അടിയിലെ ചെറിയ ഗുഹകള്‍ കാണാം 







മുകളില്‍ കാണുന്ന ചെറിയ വിടവിലൂടെ ആണ് ഞങ്ങളുടെ ബോട്ട് അപ്പുറത്ത് പോയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം !

ഗുഹയിലൂടെ ഉള്ളില്‍ എത്തിയാല്‍ ഉള്ള കാഴ്ച ആണ് താഴെ !



5 മണിയോടെ ഞങ്ങള്‍ ജെയിംസ്‌ ബോണ്ട്‌ ദ്വീപിനോട് വിട പറഞ്ഞു..  ഉദേശിച്ചതിലും വൈകിയേ തിരിച്ചു ഹോട്ടലില്‍ എത്തൂ എന്ന് ഉറപ്പായി. 6.30 നു ഫുകെറ്റ് fantasea കാണാന്‍ ഞങ്ങളെ കൊണ്ടുപോവാന്‍ കാബ് എത്തും.. മാഗിയുടെ തായ് agent നെ വിളിച്ചു സമയം നീട്ടിച്ചു..


ഫുകെറ്റ് fantasea എന്നത് ഒരു തീം പാര്‍ക്ക്‌ ആണ്. നമ്മുടെ fantasy പാര്‍ക്ക്‌ പോലെയോ സില്‍വര്‍ സ്റ്റോം പോലെയോ ഒക്കെയേ കാണൂ എന്നാണു ഞാന്‍ പ്രതീക്ഷിച്ചത്..fantasea ടിക്കറ്റ്‌ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പിക്ക് ചെയ്തു ഷോ യും ഡിന്നര്‍ഉം കഴിഞ്ഞു തിരിച്ചു ഹോട്ടലില്‍ എത്തിക്കുന്നതിനുള്ളതാണ്. fantasea യുടെ മനോഹരമായ ഗ്രാഫിക്സ് ആലേഖനം ചെയ്ത കാബ് ഞങ്ങളെ പിക്ക് ചെയ്യാന്‍ വന്നപ്പോള്‍ മനസിലായി ഞാന്‍ ഊഹിച്ചതിലും വലുതാണ്‌ കാണാന്‍ പോവുന്നത് എന്ന്..

ചെന്ന് ഇറങ്ങിയത്‌ ഏക്കറുകള്‍ വിസ്തൃതിയുള്ള വലിയ ഒരു ലോകത്തേക്കാണ്.. പല വര്‍ണ്ണത്തില്‍ ഉള്ള ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച വലിയ ലോകം,, ചെന്ന ഉടനെ ഞങ്ങള്‍ നയിക്കപ്പെട്ടത് അവിടത്തെ ബുഫേ ഹാളിലെക്കാണ്,  ഒരു  തായ് ടൈപ്പ് കെട്ടിടം.. പുറത്തു നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു..



20 മിനുട്ട് ആണ് ബുഫേ യില്‍ ചെലവഴിക്കാന്‍ ഉള്ള സമയം. ബുഫേ  ഹാളില്‍ എത്തിയപ്പോള്‍ കണ്ണഞ്ചി പോയി.. ഒരു ഫുട്ബാള്‍ മൈതാനത്തിന്റെ അത്ര വലിപ്പം,, മനോഹരമായ നിര്‍മ്മിതി.. പല നിറത്തിലുള്ള ലൈറ്റുകള്‍ വച്ച് കൂടുതല്‍ ഭംഗി വരുത്തിയിട്ടുണ്ട്.  ഹലാല്‍ ഫുഡ്‌ ആണോ എന്ന് വാതില്‍ക്കല്‍ നിന്നിരുന്ന സ്റ്റാഫ്‌ ഞങ്ങളോട് ചോദിച്ചു.. ഹലാലുകാരെ ഒരു മൂലയിലേക്ക് ഒതുക്കിയിരിക്കുന്നു.. ഞങ്ങള്‍ക്ക് കാണിച്ചു തന്ന ഭാഗത്തേക്ക് പോയി.. ഭക്ഷണം കഴിച്ചു പുറത്തു ഇറങ്ങിയ ശേഷമാണ് ലോകത്തിലെ തന്നെ ഏറ്റവും  വലിയ ബുഫെകളില്‍ ഒന്നായിരുന്നു അതെന്നു മനസിലായത്.. നേരത്തെ അറിഞ്ഞിരുന്നേല്‍ ഒരു പനോരമ ഫോട്ടോ എടുക്കാമായിരുന്നു..




ഭക്ഷണം കഴിച്ചു നേരെ ഷോ നടക്കുന്ന ഹാളിനു മുന്നില്‍ എത്തി. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള ഒരു fantasy കെട്ടിടം..ആനകളെ വച്ചുള്ള ഷോ ആണ് highlight എന്ന് പുറത്തു നിന്നെ മനസിലാക്കാം... വളരെ വലിയ ഹാള്‍.. ഷോ നടക്കുന്നിടത്ത് ഫോട്ടോഗ്രഫി കര്‍ശനമായി വിലക്കിയിട്ടുണ്ട്, ക്യാമറയും മൊബൈലും എല്ലാം അവര്‍ വാങ്ങി വച്ചപ്പോള്‍ നിരാശ തോന്നി. ഗൂഗിളില്‍ ഷോയുടെ നിരവധി ഫോട്ടോകള്‍ ഉണ്ട്. മൊബൈലില്‍ രഹസ്യമായി എടുത്തവയായിരിക്കും.  പണ്ട് മൈസൂര്‍ പാലസില്‍ നിന്ന് ഫോട്ടോ എടുത്തു പിടിച്ചപ്പോള്‍ കര്‍ണാടക പോലീസിനു നൂറ് രൂപ കൈകൂലി കൊടുത്തു ഊരിയ പോലെ ചിലപ്പോള്‍ ഇവിടെ നടക്കില്ല. സാഹസത്തിനു മുതിരാതെ 2 മൊബൈലും കൌണ്ടെറില്‍ ഏല്‍പ്പിച്ചു. 
ഹാളിനുള്ളില്‍ എത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. കലയുടെയും ടെക്നോളജി യുടെയും ഒരു അസാമാന്യ മിശ്രണം എന്ന് ഒറ്റ വാക്കില്‍ പറയാം. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഹാളിന്റെ മേല്‍ ഭാഗത്ത്‌ ഞാണിന്മേല്‍ കളി നടക്കുന്നു. വെറും സര്‍ക്കസ് പോലെ അല്ല. പാട്ടിനനുസരിച്ചുള്ള ഡാന്‍സ് ആണ്. ഇരുട്ടില്‍ flourescent വേഷമണിഞ്ഞ സ്ത്രീകള്‍ ആണ് ഞാണിന്മേല്‍ കളി നടത്തുന്നത്. പൊതുവേ ഇത്തരം പരിപാടികളില്‍ വലിയ കമ്പം ഇല്ലാത്ത ആള്‍ ആയിട്ടു കൂടി അറിയാതെ കയ്യടിക്കുകയും ആര്‍പ്പു വിളിക്കുകയുമെല്ലാം ചെയ്തു. 


മുന്നില്‍ വിശാലമായ സ്റ്റേജില്‍ നൂറില്‍പരം കലാകാരന്മാര്‍ ആണ് പരിപാടി അവതരിപ്പിക്കുന്നത്‌. തനതു തായ് നൃത്തങ്ങളും പുരാതന സംഗീതവും എല്ലാം അരങ്ങു തകര്‍ക്കുന്നു. രാജാവും പടയാളികളും യുദ്ധക്കളവും യുദ്ധവും പാടവും പൂന്തോട്ടവുമെല്ലാം സ്റ്റേജില്‍ മാറി മാറി വരുന്നു..നിമിഷ നേരങ്ങള്‍ കൊണ്ട്.. പീരങ്കി വെടിയും വെടികൊണ്ട് മുകളിലേക്ക് തെറിച്ചു പോവുന്ന പടയാളികളും എല്ലാം സിനിമയില്‍ കാണുന്നതിലും ഒറിജിനല്‍ ലുക്ക്‌. സ്റ്റേജ് ഇല്‍ മാത്രമായി ഒതുങ്ങുനില്ല നൃത്തം. സ്റ്റേജ്ഇല്‍ ഒരു നൃത്തം നടക്കുമ്പോള്‍ തന്നെ ഹാളിന്‍റെ വശങ്ങളില്‍ 3-4 ടീമുകള്‍ സപ്പോര്‍ട്ട് ചെയ്തു ഡാന്‍സ് ചെയ്യുന്നു. അതിലേറെ രസകരം പല നൃത്തങ്ങളിലും മൃഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ട് എന്നതാണ് . ആനകള്‍ അരങ്ങു തകര്‍ത്തു. എന്നാല്‍ അതിലേറെ രസകരം അപ്രതീക്ഷിതമായി അരങ്ങില്‍ എത്തുന്ന മറ്റു മൃഗങ്ങള്‍ ആണ്. പോത്ത്, ആട്, നായ്ക്കള്‍ തുടങ്ങിയവയ്ക്ക് പുറമേ കോഴികളും പ്രാവുകളും വരെ ഡാന്‍സില്‍ പങ്കെടുക്കുന്നു. സമാന്തരമായി പട്ടാള പരേഡ് പോലെ പോവുന്ന കോഴികളെ കണ്ടപ്പോള്‍ തായലാണ്ടുകാരുടെ പരിശീലന മികവിനെ മനസാ വണങ്ങി!! ഇടയ്ക്കു ഹാളിന്‍റെ ഒരു മൂലയില്‍ നിന്ന് മറ്റൊരു മൂലയിലേക്ക് പ്രാവുകളുടെ കൂട്ടങ്ങള്‍ പറക്കുന്നു.. എല്ലാം കൃത്യമായ റൂട്ടില്‍ കടുകിട മാറാതെ !! അവസാന പരിപാടിയില്‍ എല്ലാ കലാകാരന്മാരും ഒരുമിച്ചു അണി നിരന്നു. flourescent സുന്ദരിമാര്‍ മുകളില്‍ നിന്ന് കൈ വീശി..താഴേക്ക്‌ ബലൂണ്‍ വര്ഷം ...

ഹാളിനു പുറത്തു ഫുകെടിലെ ഓരോ ഭാഗത്തേക്കും കാബുകള്‍ പോവാന്‍ റെഡി ആയി നില്‍ക്കുന്നു. ടിക്കറ്റ്‌ നോക്കി ജീവനക്കാര്‍ ഓരോരുത്തരെയും അവര്‍ കയറേണ്ട കാബിലേക്ക് ആനയിക്കുന്നു. fantasy park പോലെ എന്ന് കരുതി ഇത് മിസ്സ്‌ ആക്കിയിരുന്നേല്‍ കനത്ത നഷ്ടം ആയേനെ എന്ന് ഓര്‍ത്തു തിരിച്ചുള്ള യാത്രയില്‍. 
തായ്ലാന്ഡ് ലെ ഞങളുടെ ഒരു ദിവസം കൂടി തീര്‍ന്നല്ലോ എന്നാ വിഷമം, പിറ്റേ ദിവസം കാണാന്‍ പോവുന്നത് അതിലും മനോഹരമായ ഫിഫി ദ്വീപ്‌ ആണല്ലോ എന്നാ ചിന്തയാല്‍ തല്ക്കാലം ഒതുക്കി..





Fantasea ഹാളിനു പുറത്തെ ലൈറ്റ് അലങ്കാരം.. ഇത്തരം മത്തങ്ങാ ലൈറ്റുകള്‍ ഫുകറ്റില്‍ ഉടനീളം കാണാം ,,







Thank you for being here

0 അഭിപ്രായ(ങ്ങള്‍)