China town Singapore

ഡിസംബർ 05, 2016


സിംഗപ്പൂരിൽ നിന്ന് തിരിച്ചു നാട്ടിലേക്കു പോരുന്ന ദിവസമാണ് ചൈന ടൗൺ കാണാൻ തിരഞ്ഞെടുത്തത്. രാവിലെ തൊട്ടു ഉച്ചവരെ ചൈന ടൗണിൽ ചിലവഴിക്കാനായിരുന്നു പ്ലാൻ.  വൈകുന്നേരം 7 മണിക്കാണ് എയർപോർട്ടിൽ എത്തേണ്ടത്..

ചൈന ടൗണിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:
1819 ഇൽ ബ്രിടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യിലെ stamford പ്രഭു ആണ് ചൈന ടൗണിന്റെ ജനനത്തിനു പുറകിൽ. സിംഗപ്പൂരിൽ ഒരു വമ്പൻ വ്യാപാര സമുച്ചയം പടുത്തുയർത്തുകയായിരുന്നു ലക്ഷ്യം. ഓരോ രാജ്യക്കാർക്കും വെവ്വേറെ സ്ഥലം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കൊടുത്തു. അങ്ങനെ ചൈനക്കാർ തിരഞ്ഞെടുത്ത സ്ഥലമാണ് ഇന്നത്തെ ചൈന ടൌൺ. പഴയ ചൈന ടൗണിൽ നിന്നും ഇപ്പോഴത്തെ മുഖം കുറെ വ്യത്യാസം വന്നെങ്കിലും പഴമയുടെ അംശങ്ങൾ ഇപ്പോഴും ധാരാളം.

രാവിലെ 10 മണിക്ക് ഞങ്ങളെ ചൈന ടൗണിലേക്ക് എത്തിക്കാൻ ടാക്സി എത്തി.  ട്രാവൽ ഏജൻസിയുടെ ഐറ്റിനറിയിൽ ഞാൻ പറഞ്ഞു ഉൾപ്പെടുത്തിച്ച സ്ഥലമാണ്. അതുകൊണ്ടു ടാക്സി വേണ്ട എന്ന് വച്ചില്ല. തൊട്ടടുത്ത farrer park മെട്രോയിൽ നിന്ന് നേരിട്ടുള്ള ട്രൈനുണ്ട് ചൈന ടൗണിലേക്ക്.  

ടാക്സി ചൈന ടൗണിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ ഒരു പുരാതന സ്ഥലത്തു എത്തിയ പ്രതീതി. ചൈന ടൗണിൽ എവിടെയാണ് പോവേണ്ടതു എന്ന് ടാക്സി ഡ്രൈവർ ചോദിച്ചു. ചൈന ടൗണിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബുദ്ധ ടൂത് റീലിക് ക്ഷേത്രമാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. ക്ഷേത്രത്തിനു തൊട്ടടുത്ത് തന്നെ ഡ്രൈവർ ഞങ്ങളെ ഇറക്കി. പോവേണ്ട വഴിയും കാണിച്ചു തന്നു.

2002 ഇൽ നിർമ്മിക്കപ്പെട്ട ക്ഷേത്ര- മ്യൂസിയ സമുച്ചയമാണ് ഇത്.  സിക്കിമിലും തായ്ലാന്റിലും ഹോങ്കോങ്ങിലും കണ്ട  ക്ഷേത്രങ്ങളെക്കാൾ വലുതാണ് ഇവിടെയുള്ളത്. ബുദ്ധ ക്ഷേത്രങ്ങളിൽ സാധാരണ കാണാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ ഇവിടെയും കണ്ടു.  സന്ദർശകർക്കുള്ള സ്വാതന്ത്ര്യം ആണ് അതിൽ പ്രധാനം. ജാതി മത വ്യത്യാസം ഇല്ലാതെ അകത്തു കടക്കാം. ഫോട്ടോ എടുക്കാനും ഒരു തടസ്സവും ഇല്ല.  കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വൈവിധ്യം ആണ് മറ്റൊരു കാര്യം.  മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ കണ്ട പോലെ തന്നെ ചുവപ്പിന്റെ അതി പ്രസരം.. കാണാൻ നല്ല ഭംഗി . മുകൾ നിലയിൽ ബുദ്ധന്റെ ചില ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.  ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്.. 😢


                         നിര്‍മ്മാണ ഭംഗി കണ്ടറിയാന്‍ ഒരു സൂം ഷോട്ട് 


അകത്തെ കാഴ്ചകള്‍ 






ബുദ്ധ ക്ഷേത്രത്തിനു തൊട്ടടുത്താണ് ചൈന ടൌണ്‍ സ്ട്രീറ്റ് മാര്‍ക്കെറ്റ്. ചെറിയ ചെറിയ നിരവധി കടകള്‍ ഇവിടെയുണ്ട്. ഷോപ്പിങ്ങില്‍ താല്പര്യം ഉള്ളവര്‍ക്ക് ഇവിടെ കുറച്ചു സമയം ചിലവഴിക്കാം 


സ്ട്രീറ്റ് മാര്‍ക്കെറ്റില്‍ നിന്നും ഇറങ്ങിയ ശേഷം അടുത്ത പോയിന്റ്‌ ആയ റെഡ് ഡോട്ട് ഡിസൈന്‍ മ്യൂസിയത്തിലേക്ക് എത്തിപ്പെടാനായിരുന്നു ശ്രമം. ഗൂഗിള്‍ മാപ്പ് നോക്കി മുന്നോട്ട് നടന്നു. ക്ഷേത്രത്തില്‍ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ എന്ന് നേരത്തെ അറിയാമായിരുന്നു . ലോകത്തിലെ തന്നെ രണ്ടാമത്തെ ഡിസൈന്‍ മ്യൂസിയമാണിത്. 2005 ഇല്‍ ആണ് ഈ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്.പുതിയ  product designs ന്‍റെ ഒരു പ്രദര്‍ശന കേന്ദ്രമാണ് ഈ മ്യൂസിയം. ആകര്‍ഷകമായ ചുവപ്പ് നിറമാണ് ഇതിന്‍റെ പ്രത്യേകത ,  പുറമേ നിന്ന് കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം ഞങ്ങള്‍ അകത്തു കടന്നു.. എന്നാല്‍ അറ്റ കുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10 ദിവസം കൂടി കഴിഞ്ഞേ തുറക്കൂ എന്ന ഒരു ബോര്‍ഡാണ് അകത്തു ഞങ്ങളെ എതിരേറ്റത്. അപ്രതീക്ഷിതമായ ഒരു പ്രഹരം ഞങ്ങളെ നിരാശപ്പെടുത്തി .. 




അവിടന്നങ്ങോട്ട് ഞങ്ങളുടെ പ്ളാനുകള്‍ ഓരോന്നായി പാളി പോയി. പിന്നീട് കാണാന്‍ ഉണ്ടായിരുന്നത് സിങ്ങപൂര്‍ ആര്‍ട്ട്‌ ഗാലറി ആയിരുന്നു. ഗൂഗിള്‍ എടുത്തു വഴി പരതിയപ്പോള്‍ വാണിംഗ് കിട്ടി.. ഞായറാഴ്ചയാണ് , മ്യൂസിയം അടവാണെന്ന്,, ഞങ്ങളുടെ നിരാശ ഇരട്ടിച്ചു.. എന്തായാലും വെയിലത്ത്‌ അത് വരെ നടന്നു ചെല്ലുന്നതിനു മുന്നേ തന്നെ അറിയാന്‍ കഴിഞ്ഞത് ഭാഗ്യം.. ഇനി ഒരു സ്ഥലം കൂടിയാണ് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നത്.. അത് ഒരു കോയിന്‍ ആന്‍ഡ്‌ നോട്ട് മ്യൂസിയം ആയിരുന്നു. ഗൂഗിള്‍ മാപ്പ് എടുത്തു വഴി നോക്കിയപ്പോള്‍ ദാ വരുന്നു അടുത്ത മുന്നറിയിപ്പ്.. ഈ മ്യൂസിയം സ്ഥിരമായി അടച്ചു പൂട്ടിയിരിക്കുന്നു എന്ന്.. !! ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെ ഒരു വിവരം കണ്ടേ ഇല്ല ..

ഇനി കൂടുതല്‍ ഒന്നും ഇവിടെ കാണാന്‍ ഇല്ല. ഉച്ച വെയിലില്‍ തളര്‍ച്ച മാറ്റാന്‍ അടുത്തുള്ള ഒരു ഭക്ഷണ ശാലയില്‍ കയറി.. വിശാലമായ ഒരു സ്ഥലമാണ്. വലിയ മേല്‍ക്കൂരക്ക് കീഴില്‍ അനേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരു വശങ്ങളിലുമായി 100 കണക്കിന് കടകള്‍.. ചെറുതും വലുതും.. പല രാജ്യങ്ങളുടെ തനതു ഭക്ഷണം കിട്ടും.. ഇരിപ്പിടങ്ങള്‍ എല്ലാം engaged ആണ്.. വലിയ തിരക്കുള്ള സ്ഥലമാണ്.. Passion ഫ്രൂട്ട് ജ്യൂസ് കുടിച്ചു ദാഹം അകറ്റി.. 

തിരിച്ചു ഹോട്ടലിലേക്ക് ടാക്സി വിളിച്ചു.. ഡ്രൈവര്‍ കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങളുമായി പരിചയം സ്ഥാപിച്ചു.. പിന്നീട് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ശരിക്കും അത്ഭുതപ്പെട്ടു. സിംഗപ്പൂരില്‍ ടാക്സി ഓടിക്കല്‍ ആണ് ജോലി എങ്കിലും കക്ഷി ഒരു ലക്ഷണമൊത്ത സഞ്ചാരിയാണ്. കാണാത്ത രാജ്യങ്ങള്‍ കുറവാണ്. ഓരോ രാജ്യങ്ങളിലും ചുരുങ്ങിയത് ഒരു മാസം താമസിക്കും.. ആ രാജ്യം മുഴുവന്‍ കറങ്ങിയ ശേഷം മടക്കം.. പിന്നെ അടുത്ത വര്ഷം അടുത്ത രാജ്യം.. ഇന്ത്യയില്‍ 3 തവണ വന്നിട്ടുണ്ടത്രേ.. ബംഗ്ലൂരില്‍ നിന്ന് കന്യാകുമാരിക്കുള്ള ദൂരം, ജൈപൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം തുടങ്ങി പല സിറ്റികള്‍ക്കിടയിലുള്ള ദൂരം വരെ നല്ല പിടിപാടാണ്. അയാള്‍ രാജ്യങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞു ഇപ്പോള്‍ സൌത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ ആണ് കറക്കം !! ടാക്സി ഓടിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്.. " എന്‍റെ രാജ്യത്തിന്റെ currency മറ്റു രാജ്യങ്ങളില്‍ കൊണ്ട് പോയി മാറുമ്പോള്‍ ഞാന്‍ മുതലാളി ആണ്, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ആവുമ്പോള്‍ പ്രത്യേകിച്ചും " എന്ന്.. ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല :-)  ഹോട്ടലില്‍ ഞങ്ങളെ എത്തിച്ച ശേഷം പുള്ളി തിരിച്ചു പോയപ്പോള്‍ തോന്നി ഒരു സെല്‍ഫി എടുക്കാമായിരുന്നു എന്ന് ! 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)