Exploring the city of singapore

ഡിസംബർ 23, 2016


സിംഗപൂര്‍ സിറ്റിയുടെ ഓരോ ഇഞ്ചും അരിച്ചു പെറുക്കാന്‍ വേണ്ടി ഞങ്ങള്‍ മാറ്റിവച്ച ദിവസമാണ് ഇന്ന്. പോവേണ്ട സ്ഥലങ്ങളെ കുറിച്ചും എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നും ഒരു ഏകദേശ ധാരണ തലേന്ന് രാത്രി തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ലിറ്റില്‍ ഇന്ത്യ എന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്ത് കിടക്കുന്ന സിംഗപൂര്‍ നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം. തൊട്ടടുത്തുള്ള farrer park മെട്രോ സ്റ്റേഷനില്‍ നിന്ന് ഡോബിഹട്ട് സ്റ്റേനിലേക്ക് നേരിട്ട് ട്രെയിന്‍ കിട്ടും. അവിടെ നിന്ന് വളരെ അടുത്താണ് ഈ മ്യൂസിയം.

 9 മണിക്ക് മ്യൂസിയം തുറക്കും. 8.30 നു തന്നെ ഞങള്‍ ഇറങ്ങി . വളരെ എളുപ്പത്തില്‍ തന്നെ ഡോബിഹട്ട് സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് മ്യൂസിയത്തിന് അടുത്തേക്ക് പോവുന്ന ബസ്‌ നമ്പര്‍ അന്വേഷിച്ചു.. പലരും പല നമ്പരുകള്‍ ആണ് പറഞ്ഞത്. ഗൂഗിളില്‍ നോക്കിയപ്പോളും പല നമ്പറുകള്‍ കണ്ടു, ഈ നമ്പര്‍ വച്ച് വന്ന പല ബസുകളില്‍ കയറി അന്വേഷിച്ചപ്പോള്‍ ആ വഴിക്ക് പോവില്ല എന്ന് പറഞ്ഞു.. അവസാനം ഗൂഗിള്‍ മാപ്പ് നോക്കി നടക്കാം എന്ന് തീരുമാനിച്ചു.. പ്രതീക്ഷിച്ചതിലും കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു മ്യൂസിയത്തിലേക്ക്. ബസ്‌ കയറി പോവാന്‍ മാത്രം ഇല്ലതന്നെ.. പ്രത്യേകിച്ച് വഴി കാണിക്കുന്ന ബോര്‍ഡുകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മ്യൂസിയത്തിന് തൊട്ടു മുന്നില്‍ എത്തിയപ്പോള്‍ മാത്രമാണ് മനസിലായത് ഞങ്ങള്‍ എത്തി എന്ന്. 



സിംഗപൂരിലെ ഏറ്റവും പൌരാണികമായ മ്യൂസിയമാണിത്. പഴമ വിളിച്ചോതുന്ന, എന്നാല്‍ പ്രൌഡി തോന്നിപ്പിക്കുന്ന കെട്ടിടം. 1849 മുതല്‍ക്കുള്ള സിംഗപൂര്‍ ചരിത്ര ശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1887 ഇല്‍ ആണ് ഇന്ന് കാണുന്ന ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ആയതുകൊണ്ടായിരിക്കാം തിരക്ക് കുറവായിരുന്നു. ചില ഭാഗങ്ങളില്‍ നവീകരണം നടക്കുന്നതിനാല്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. ക്യാമറ ഉപയോഗിക്കാമെങ്കിലും ഫ്ലാഷും ട്രൈപോഡും ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. എന്നാല്‍ അവ ഉപയോഗിക്കാതെ കയ്യില്‍ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അകത്തേക്ക് ചെല്ലുമ്പോള്‍ തന്നെ കാണുന്ന കാഴ്ച്ചയാണിത്. അനേകം അലുമിനിയം പാത്രങ്ങള്‍ കൊണ്ട് എന്തോ നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്നു. എന്താണെന്നു മനസിലായില്ല. പണികള്‍ തകൃതിയായി നടക്കുന്നുണ്ട്. 







 1800 കാലഘട്ടങ്ങളില്‍ സിംഗപൂരില്‍ ഉപയോഗത്തിലിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ആണ് മുകളിലെ ചിത്രങ്ങളില്‍ .. മ്യൂസിയത്തിന്റെ അകത്തു നിന്നെടുത്ത ഒരു ചിത്രവും..  ഒരു മ്യൂസിയത്തിന് ഏറ്റവും ചേര്‍ന്ന രൂപകല്‍പ്പനയാണ് ഉള്‍വശത്ത് ,,


മലയാളിയായ തന്റെ ഭര്‍ത്താവിനു ഒരു സിംഗപൂര്‍ യുവതി എഴുതിയത് എന്ന് പറയപ്പെടുന്ന ഒരു കത്ത്

                                                        ജപ്പാന്‍ നിര്‍മിത ടാങ്ക് 


ഒരു മണിക്കൂര്‍ മ്യൂസിയത്തില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചു പോന്നു. ഇനി മറീന ബേ ആണ് ലക്‌ഷ്യം. ഡോബി ഹട്ട് സ്റ്റേഷനില്‍ നിന്ന് നേരിട്ട് മറീന ബേ യിലേക്ക് മെട്രോ ഇല്ല. എന്നാല്‍ 2 ലൈന്‍ മാറി കയറി മറീനയിലെ Bay front സ്റ്റേഷനില്‍ എത്താം. 20 മിനിറ്റ് കൊണ്ട് bay front സ്റ്റേഷനില്‍ എത്താം. ഈ സ്റ്റേഷനകത്ത് നിന്ന് തന്നെ മറീന ബേയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഭൂഗര്‍ഭ വഴികള്‍ ഉണ്ട്.  മറീന ബേയിലെ പ്രധാന ആകര്‍ഷണമായ സാണ്ട്സ് ഹോട്ടലിന്റെ ഭാഗമായ ഷോപ്പിംഗ്‌ ഏരിയ ആണ് ഞങ്ങളുടെ ലക്‌ഷ്യം. കോടികളുടെ ഇടപാട് നടക്കുന്ന ഒരു കാസിനോ ഇവിടെയുണ്ട്. അതിനു മുന്നില്‍ ചെന്ന് ഏതാനും ഫോട്ടോകള്‍ എടുത്തു തിരിച്ചു പോന്നു. ഉള്ളിലേക്ക് കടക്കാന്‍ നിയന്ത്രണമുണ്ട്‌. 

സാണ്ട്സ് ഹോട്ടലില്‍ താമസിക്കാനും വെറുതെ കാണാനും വരുന്ന അനേകം ആളുകളെ ഉദ്ദേശിച്ച് വലിയ ഒരു ഷോപ്പിംഗ്‌ കേന്ദ്രം തന്നെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന് എതിര്‍വശം റോഡിനപ്പുറമാണ് ഷോപ്പിംഗ്‌ മാള്‍.  ചിലവേറിയ മാള്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കൃത്രിമമായി നിര്‍മിച്ച ചെറിയ ഒരു അരുവിക്ക്‌ ഇരുവശത്തായാണ് ഷോപ്പിംഗ്‌ ക്രമീകരിച്ചിരിക്കുന്നത് . ഈ ചെറിയ അരുവിയിലൂടെ ഒരു ബോട്ടിംഗ് നടത്താം. 10 ഡോളര്‍ ആണ് ഒരാള്‍ക്ക്‌ ടിക്കെറ്റ് നിരക്ക്. ഏതാനും മിനിട്ടുകള്‍ മാത്രം ഉള്ള ഈ ബോട്ട് യാത്രയുടെ പേര് Sampan ride എന്നാണു. 10 ഡോളര്‍ ഇതിനു വേണ്ടി മുടക്കാതിരിക്കുന്നതാണ് നല്ലത്. കയറിയ ശേഷമാണ് ഇക്കാര്യം മനസിലായത് 






മറീന ബേ യിലെ പ്രധാന ആകര്‍ഷണമായ സാന്റ്സ് ഹോട്ടലിനെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.. 3 കൂറ്റന്‍ ടവറുകളുടെ മുകളില്‍ ഒരു കപ്പല്‍ വച്ച പോലെയാണ് സാന്റ്സ് ഹോട്ടല്‍. സിംഗപൂര്‍കാരുടെ ഭാവനയും Engineering expertness ഉം വിളിച്ചോതുന്ന നിര്‍മ്മിതി. മുകളിലെ കപ്പല്‍ പോലെയുള്ള ഭാഗത്തിന്റെ ഒരു അറ്റം ഒരു viewing deck ആണ്. Sands Sky park എന്നാണു പേര്. 55 നിലയുടെ മുകളില്‍ ഉള്ള സ്കൈ പാര്‍കിനു മുകളില്‍ നിന്നാല്‍ സിംഗപൂര്‍ സിറ്റിയുടെ ഏറ്റവും മനോഹരമായ വ്യൂ കിട്ടും. അവിടെക്കണ് ഞങ്ങളുടെ യാത്ര..


23 ഡോളര്‍ ആണ് സ്കൈ പാര്‍കില്‍ കയറാനുള്ള ടിക്കറ്റ്‌ നിരക്ക്. ഒരു സമയത്ത് അനുവദിക്കാവുന്ന സന്ദര്‍ശകരുടെ എന്നതിന് നിയന്ത്രണമുണ്ട്‌. തിരക്കുള്ള സമയം ആണെങ്കില്‍ ക്യൂ വില്‍ നില്‍ക്കേണ്ടി വരും. സിംഗപൂര്‍ സിറ്റിയുടെ ഒരു ആകാശ കാഴ്ച ആദ്യ ദിവസം Singapore Flyer ഇല്‍ നിന്നും കണ്ടതാണ്, വീണ്ടും 46 ഡോളര്‍ ചിലവാകി സ്കൈ പാര്‍കില്‍ കയറണോ എന്ന് ഒന്നുകൂടി ആലോചിച്ചു.. ആ ആലോചനയില്‍ ഇത് വേണ്ടെന്നു വച്ചിരുന്നെങ്കില്‍  അത് വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് മുകളില്‍ എത്തിയപ്പോള്‍ മനസിലായി.  tower 3 യുടെ മുകളില്‍ ആണ് സ്കൈ പാര്‍ക്ക്. 1,2 tower കളുടെ മുകളില്‍ ആയി വലിയൊരു സ്വിമ്മിംഗ് പൂള്‍ ആണ്. അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. ഹോട്ടലിലെ താമസക്കാര്‍ക്ക് മാത്രം ആസ്വധിക്കാന്‍ ഉള്ളതാണ് സ്വിമ്മിംഗ് പൂള്‍ . 

ടിക്കറ്റ്‌ എടുക്കുമ്പോള്‍ തന്നെ counter ഇല്‍ ഇരുന്ന സ്ത്രീ , പുറത്തു മഴ ഉള്ളതിനാല്‍ മുകളില്‍ ചെന്നാല്‍ നനയാന്‍ സാധ്യതയുണ്ട്, ടിക്കറ്റ്‌ വേണം എന്ന് ഉറപ്പാണോ എന്ന് ചോദിച്ചു. വളരെ നേരിയ ചാറ്റല്‍ മഴ എന്ന് പോലും പറയാന്‍ വയ്യാത്ത മഴയെ ആണ് അവര്‍ പറയുന്നത്. അത് പ്രശ്നമല്ല എന്ന് പറഞ്ഞു ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. 55 നിലയുടെ മുകളില്‍ ലിഫ്റ്റ് എത്തുമ്പോള്‍ വിമാനം പറന്നു ഉയരുന്നത് പോലെ ചെവി രണ്ടും കൊട്ടിയടച്ചു .. 









താമരയുടെ രൂപത്തില്‍ കാണുന്ന കെട്ടിടം Singapore arts and science gallery ആണ് . അതെക്കുറിച്ച് വിശദമായി പിന്നീട്.. മുകളിലേക്ക് മൂന്നാമത്തെ ഫോട്ടോയില്‍ കാണുന്ന ഓവല്‍ ആകൃതിയില്‍  ഗ്ലാസ്‌ ഇട്ടു മൂടിയ രണ്ടു Dome കാണാം, മറീന ബേ യിലെ Gardens by the Bey യിലെ cloud forest and Flower dome ആണ് അവ. അതെ കുറിച്ചും പിന്നീട് എഴുതാം. 


ഇന്ഫിനിറ്റി പൂള്‍ എന്ന സ്വിമിംഗ് പൂള്‍ ആണ് മുകളിലെ ഫോട്ടോയില്‍ കാണുന്നത് . ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ പൂള്‍ ഉപയോഗിക്കാന്‍ കഴിയൂ . 

സിംഗപൂര്‍ നദിയിലെ ബോട്ടുകളും കരയിലെ മെര്‍ലിയോണ്‍ പ്രതിമയും അത് കാണാന്‍ വന്ന സന്ദര്‍ശകരും..

ഒരു മണിക്കൂര്‍ മുകളില്‍ ചിവഴിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.. തുടര്‍ന്നു കണ്ട കാഴ്ചകള്‍ അടുത്ത ബ്ലോഗില്‍ കാണാം
NB: സ്‌കൈ  പാർകിൽ കാമറ ഉപയോഗിക്കാം. എന്നാൽ  tripod  അനുവദനീയമല്ല

Thank you for being here

0 അഭിപ്രായ(ങ്ങള്‍)