പാമ്പ് കടിച്ചാല്‍ നെട്ടോട്ടം ഓടണോ ??

ജനുവരി 27, 2016

http://www.jamal-photography.in/

രാത്രി 10 മണിയോടെയാണ് 6 വയസുള്ള ആ കുട്ടിയെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു അത്യാഹിത വിഭാഗത്തില്‍ കൊണ്ട് വരുന്നത്..കടിച്ചിട്ട്‌ ഏതാണ്ട് ഒരു മണിക്കൂര്‍ ആവുന്നു.. കൂടെ വന്നവരും കുട്ടിയും ആകെ പരിഭ്രമിച്ചിരിക്കുന്നു.. ഞാന്‍ പരിശോധിച്ചു കൊണ്ടിരിക്കെ തന്നെ കുട്ടി ചര്ധി തുടങ്ങി .. പാമ്പ് വിഷം ഏറ്റ മറ്റു ലക്ഷണങ്ങള്‍ ഓരോന്നായി പിന്നാലെ വന്നു..

പാവം കുഞ്ഞ്.. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍.. കുട്ടികളെ പാമ്പ് കടിച്ചാല്‍ മുതിര്‍ന്നവരേക്കാള്‍ അപകടം കൂടുതല്‍ ആണ്. പാമ്പ് വിഷം കുത്തിവെക്കുമ്പോള്‍ പ്രായത്തിന്റെ പരിഗണന കൊടുക്കാറില്ല. എല്ലാവര്‍ക്കും ഒരേ അളവില്‍ തന്നെ വിഷം കൊടുക്കും.. ചെറിയ ശരീരത്തിന് അത് വളരെ വലിയ അളവ് ആയതിനാല്‍ സ്വാഭാവികമായും അപകടം പറ്റാന്‍ സാധ്യത കൂടുതല്‍ ആണ്.. രക്ഷിതാകളെ പോലെ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും ടെന്‍ഷന്‍ കൂടുതല്‍ ആയിരിക്കും. കുട്ടികളുടെ കാര്യത്തില്‍ എല്ലാവരും പതിവില്‍ കൂടുതല്‍ അകാംക്ഷഭരിതരായിരിക്കുമല്ലോ..

6 വയസ്.. കുട്ടികളുടെ ഡോക്ടര്‍മാര്‍ നോക്കേണ്ട പ്രായം ആണ്. ഞാന്‍ എടുക്കതിരുന്നാലോ ..ടെന്‍ഷന്‍ ഒഴിവാക്കാമല്ലോ.. പാമ്പ് വിഷത്തിനുള്ള ചികിത്സ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെയാണ്. ഞാന്‍ എടുത്തില്ലേല്‍ പിന്നെ തൃശൂര്‍ അല്ലെങ്കില്‍ പെരിന്തല്‍മണ്ണ യിലുള്ള ആശുപത്രികളില്‍ എത്താന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എടുക്കും.. ഒരു മണിക്കൂര്‍ ചികിത്സ വൈകുന്നത് കുഞ്ഞ് രക്ഷപ്പെടാന്‍ ഉള്ള സാധ്യത തീര്‍ത്തും ഇല്ലാതാക്കും എന്ന് ഉറപ്പു. എന്‍റെ ടെന്‍ഷനിലും പ്രധാനം ഒരു കുരുന്നു ജീവന്‍ ആണല്ലോ.. എടുക്കാന്‍ തീരുമാനിക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല..

തീവ്ര പരിചരണ വിഭാഗത്തില്‍ എത്തി ചികിത്സ തുടങ്ങിയപ്പോഴേക്കും ലാബില്‍ നിന്നുള്ള വിളി എത്തി,, കുട്ടിയുടെ രക്തം ക്ലോട്ട് ആവുന്നില്ല.. എന്‍റെ മുഖത്തെ ആശങ്ക കണ്ടിട്ടാവണം അമ്മ ചോദിക്കുന്നു.. കുഴപ്പം ഉണ്ടോ സാര്‍ ?
അണലി കടിച്ചതാണു.. വിഷം നല്ലവണ്ണം കയറിയിട്ടുമുണ്ട്.. ഏതൊരു ഡോക്ടറുടെയും പേടി സ്വപ്നമാണ് അണലിയുടെ കടി,, നിലവിലുള്ള എല്ലാ ചികിത്സയും കൊടുത്താല്‍ പോലും ചിലര്‍ രക്ഷപ്പെടില്ല.. ഉള്ളു കലക്കിയെ അണലി അടങ്ങൂ.. ഒരു രണ്ടു ദിവസമെങ്കിലും കഴിയാതെ ഒന്നും പറയാന്‍ കഴിയില്ല. പേടിച്ചരണ്ട ആ അമ്മയോട് എന്ത് പറയും...!!

കാര്യങ്ങള്‍ മറച്ചു വെക്കാന്‍ കഴിയില്ല. എന്നാല്‍ ആ അമ്മയെ കൂടുതല്‍ പരിഭ്രമിപ്പിക്കാനും വയ്യ.. എന്‍റെ അടുത്ത് ഒരു സീറ്റ്‌ ഇട്ടു കൊടുത്തു ഞാന്‍ പതുക്കെ വിശദീകരിച്ചു കൊടുത്തു.. "എല്ലാ ചികിത്സയും കൊടുക്കാന്‍ നമുക്ക് സൗകര്യം ഉണ്ട്.. കടിചിരിക്കുന്നത് അണലിയാണ് .. ഗൌരവം  കൂടിയ ഇനം പാമ്പാണ്. പാമ്പ് വിഷത്തിനുള്ള മരുന്ന് കൊടുത്തു കഴിയുമ്പോള്‍ ഒരു പുരോഗതി കാണാന്‍ കഴിയും.. എന്നാല്‍ കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളില്‍ വിഷം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പിന്നീടെ അറിയാന്‍ കഴിയൂ. അത്തരം പ്രശ്നങ്ങള്‍ ഏതാനും മണിക്കൂര്‍ അല്ലെങ്ങില്‍ ഒരു ദിവസം ഒക്കെ കഴിഞ്ഞാണ് വരുന്നത്.. കിഡ്നി പ്രവര്‍ത്തനത്തിന് പ്രശ്നം വന്നാല്‍ ചിലപ്പോള്‍ dialysis വേണ്ടി വന്നേക്കാം.. അതിനൊക്കെ നമുക്ക് സൌകര്യങ്ങള്‍ ഉണ്ട്.. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അതിലും ഗൌരവം കൂടിയ capillary leak എന്ന അവസ്ഥ വരാറുണ്ട്.. അത്തരം അവസ്ഥയില്‍ ചികിത്സ പരാജയപ്പെടാനാണ് സാധ്യത കാരണം അതിനു കാര്യമായ ചികിത്സകള്‍ നിലവില്‍ ഇല്ല "

ഇത്രയും കാര്യങ്ങള്‍ സാവകാശം ഞാന്‍ പറഞ്ഞു മനസിലാക്കി കൊടുത്തു ,, കുഞ്ഞിന്റെ അച്ഛനെ അടുത്ത് വിളിച്ചു ഇതേ കാര്യം തന്നെ കുറെ കൂടി വിശദമായി വിവരിച്ചു. അര്‍ദ്ധരാത്രി കഴിഞ്ഞും കുഞ്ഞിന്റെ അടുത്ത് നിന്ന് മാറാതെ മരുന്നിന്റെ response നോക്കി കൊണ്ട് ഞാന്‍ ഇരുന്നു.. കൊടുക്കാവുന്നതിന്റെ പരമാവധി അളവില്‍ മരുന്ന് കൊടുത്തു കഴിഞ്ഞു.. ചെറിയ ഒരു പുരോഗതി കണ്ടെങ്കിലും കുട്ടിയുടെ അവസ്ഥ തീര്‍ത്തും ആശങ്കാജനകം ആയിരുന്നു.. സ്ഥിതി മോശം ആവാനുള്ള ലക്ഷണങ്ങള്‍ ആണ് കൂടുതലും.. എന്‍റെ ആശങ്ക ഞാന്‍ കുട്ടിയുടെ രക്ഷിതാക്കളുമായി പങ്കു വെക്കുകയും ചെയ്തു..

നേരം പുലര്‍ന്നപ്പോഴേക്കുംകുട്ടിയുടെ സ്ഥിതി കൂടുതല്‍ മോശമായി. കിഡ്നി യുടെ പ്രവര്‍ത്തനം നിലച്ചു. രക്തത്തിലെ creatinine അളവ് കൂടി തുടങ്ങി.. dialysis ചെയ്യാതെ വഴിയില്ല. നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ കുഞ്ഞിനു dialysis വേണം എന്ന് അച്ഛനോട് പറഞ്ഞു.. പ്രതീക്ഷിച്ച പോലെ തന്നെ ബന്ധുക്കള്‍ക്കിടയില്‍ ആകെ അങ്കലാപ്.. കുഞ്ഞിന്റെ അച്ഛന്റെ കയ്യില്‍ നിന്നും കാര്യങ്ങള്‍ തൊട്ടു മുന്‍പ് രംഗത്ത് എത്തിയ ഒരു ബന്ധു ഏറ്റെടുത്തു.. തലേന്ന് ഞാന്‍ പറഞ്ഞതോ നടന്നതോ ഒന്നും അറിയാത്ത ഒരാള്‍. പിന്നീട് പതിവ് പോലെ ചോദ്യങ്ങള്‍..

"വേറെ ആശുപത്രിയി കൊണ്ട് പോണോ?"
"എല്ലായിടത്തും ഉള്ള ചികിത്സകള്‍ ഇവിടെയും ഉണ്ട്.. കൊണ്ട് പോയതുകൊണ്ട് പ്രതേകിച്ചു ഒന്നും കിട്ടാനില്ല "
"ഇവിടെ തന്നെ നിന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാം എന്ന് ഗാരണ്ടിയുണ്ടോ ?"
"നിങ്ങളോട് സംസാരിച്ചു നില്‍ക്കുന്ന എനിക്ക് തന്നെ ഒരു ഗാരണ്ടിയും ഇല്ല. പിന്നെ ഇത്ര ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ കാര്യത്തില്‍ യാതൊരു ഗാരണ്ടിയും തരാന്‍ കഴിയില്ല. "
"എന്നാല്‍ പിന്നെ ഞങ്ങള്‍ കൊണ്ട് പോട്ടെ? "
"നിങ്ങളുടെ തീരുമാനം അതാണെങ്കില്‍ കൊണ്ടുപോകാം "

തുടര്‍ന്നു അങ്ങോട്ട്‌ കുറെ നേരം ബന്ധുക്കള്‍ ചര്‍ച്ചയോട് ചര്‍ച്ച.. സമയം വൈകിക്കരുത്.. സമ്മതം തരികയാണെങ്കില്‍ ഇപ്പോള്‍ തന്നെ dialysis തുടങ്ങാം. ഇവിടെ നിന്ന് ചെയ്യുന്നില്ല എങ്കില്‍ പെട്ടന്ന് തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ലേക്ക് കൊണ്ട് പൊയ്ക്കോളൂ അവിടത്തെ ശിശു രോഗ വിഭാഗം മേധാവിയെയും അദ്ധേഹത്തിന്റെ കീഴിലെ മറ്റു ജൂനിയര്‍ ഡോക്ടര്‍മാരെയും കുട്ടിയുടെ കാര്യം ഞാന്‍ അറിയിച്ചിട്ടുണ്ട്,, അവര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഞാന്‍ പറഞ്ഞു.. ചികിത്സ തുടങ്ങിയ സമയം മുതലേ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മേല്‍ പറഞ്ഞ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘവുമായി ഞാന്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ കുട്ടിയെ ഏറ്റെടുക്കാന്‍ അവര്‍ക്ക് സന്തോഷവുമായിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളേജ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ അവരുടെ ഭാവം എന്നെ തീര്‍ത്തും നിരാശപ്പെടുത്തി.
ഞങ്ങള്‍ അങ്ങോട്ട്‌ പോകുന്നില്ല. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ലേക്കാണ് പോവുന്നത്..
വേണ്ട.. ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് ഇല്‍ തന്നെ പൊവൂ.. അവിടെ നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടോ താമസമോ വരില്ല. അവര്‍ നിങ്ങളെ കാത്തിരിക്കുന്നു..പിന്നെ എന്തിനു സ്വകാര്യ മെഡിക്കല്‍ കോളേജ് ?
" അങ്ങനെ അല്ല അവിടെ ഇതിന്റെ വിദഗ്ദര്‍ ഉണ്ട് "
അതല്ലേ ഞാന്‍ ഇന്നലെ മുതല്‍ പറയുന്നത്..ചികിത്സ എല്ലായിടത്തും ഒന്ന് തന്നെ.. ഒരു വ്യത്യാസവും ഇല്ല. നിങ്ങള്‍ പറയുന്ന സ്വകാര്യത്തില്‍ ആയാലും ഞാന്‍ പറയുന്ന ഗവേര്‍ന്മേന്റില്‍ ആയാലും..

അപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പറയുന്നു ..സാറെ ഞാന്‍ റെഡി ആണ് സാര്‍ പറയുന്നിടതെക്ക് കൊണ്ട് പോവാന്‍.. എന്നാല്‍ കൂടെ ഉള്ള ആളുകള്‍ സമ്മതിക്കുന്നില്ല..
കുട്ടിയുടെ അച്ഛന്‍ നിങ്ങള്‍ അല്ലെ നിങ്ങള്‍ എടുക്കുന്ന തീരുമാനം അല്ലെ വലുത് എന്നാ എന്‍റെ അവസാന ചോദ്യവും വെറുതെ ആയി..

അങ്ങനെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ലേക്ക്. എല്ലാം അറേഞ്ച് ചെയ്തു ഇവിടന്നു പുറപ്പെട്ടപ്പോള്‍ തന്നെ ഉച്ചയായി. നിര്‍ഭാഗ്യവശാല്‍ അവിടെ ചെന്നപ്പോള്‍ dialysis നു മഷീന്‍ ഒഴിവില്ല. എല്ലാം ഉപയോഗത്തില്‍ തന്നെ.. അതോടെ കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി.. കുട്ടി ഈ സമയം കൊണ്ട് തീര്‍ത്തും അവശയായി. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് ഓര്‍ത്തില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ലെ nephrology വിഭാഗം മേധാവിയെ ആണ് പിന്നീട് ബന്ധപ്പെടുന്നത്.. അവിടെയും മഷീന്‍ ഒഴിവില്ല. പിന്നെ നേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആയി ഓട്ടം.. അപ്പോഴേക്കും വിലപ്പെട്ട 9 മണിക്കൂര്‍ നഷ്ടമായി. പോവുന്ന വഴിക്ക് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആ കുരുന്നു ജീവന്‍ വിട പറഞ്ഞു..

പിറ്റേ ദിവസം എന്‍റെ ആശുപത്രിയിലെ ജനറല്‍ മാനേജറെ ഏതോ ഒരാള്‍ ഫോണില്‍ വിളിക്കുന്നു.. നിങ്ങള്‍ അവിടെ വച്ച് ചികിത്സിച്ചു കൊന്ന ആ കുട്ടിയുടെ ജീവന് ആര് സമാധാനം പറയും എന്ന് !!! കഠിനമായ ദേഷ്യവും സങ്കടവും നിരാശയും എല്ലാം തോന്നി ഇത് കേട്ടപ്പോള്‍.. ആര് ഉത്തരം പറയും എന്ന് എന്നോട് ചോദിച്ചിരുന്നു എങ്കില്‍  കടിച്ച പാമ്പും സമയത്ത് ചികിത്സ കിട്ടുന്നത് തടസ്സപ്പെടുത്തിയ ബന്ധുക്കളും സ്വന്തം മകളുടെ കാര്യത്തില്‍ തീരുമാനം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്ത രക്ഷിതാക്കളും ഉത്തരം പറയണം എന്നാവുമായിരുന്നു എന്‍റെ മറുപടി !!!

ഇത് പതിവായി ഉണ്ടാവാറുള്ള ഇത്തരം സംഭവങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രം.. വലിയ ആശുപത്രികളില്‍ വലിയ ചികിത്സയും ചെറിയ ആശുപത്രികളില്‍ ചെറിയ ചികിത്സയും എന്ന് നമ്മുടെ സമൂഹം വിശ്വസിക്കുന്നു.. ഈ രംഗത്ത് എത്രയോ വര്‍ഷത്തെ അനുഭവ പരിചയം ഉള്ള ഡോക്ടര്‍ പറയുന്നതിനേക്കാള്‍ വിശ്വാസം ഒന്നും അറിയാത്ത ആളുകള്‍ പറയുന്ന കെട്ടു കഥകളോട് !! ഇല്ലാത്ത ഒരു ചികിത്സ ഉണ്ടെന്നു ഒരു ഡോക്ടറും പറയാന്‍ ധൈര്യപ്പെടില്ല. ധൈര്യം ഉണ്ടെങ്കിലും അങ്ങനെ പറയില്ല. കാരണം ഒരു ജീവന്‍ വച്ച് പന്താടാന്‍ ഒരു ഡോക്ടറും തുനിയില്ല. രോഗിയുടെ ജീവനോടൊപ്പം സ്വന്തം ജീവനും ആണ് അപകടത്തില്‍ പെടുത്തുന്നത് എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാം. യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടിയിരുന്ന ഒരു ചികിത്സക്ക് രോഗിക്ക് അവസരം നിഷേധിക്കുന്നത് ഒരു ആശുപത്രി പൂട്ടുന്നതിലും ഒരു ഡോക്ടറുടെ കരിയര്‍ തന്നെ അവസാനിക്കുന്നതിലും ചെന്നെത്തിയെക്കാം.. അതിനാല്‍ എല്ലാ ചികിത്സക്കും സൗകര്യം ഉണ്ടെന്നു നിങ്ങളുടെ ഡോക്ടര്‍ ഉറപ്പു തന്നാല്‍ അത് അവിശ്വസിക്കേണ്ട കാര്യം ഇല്ല.

എപ്പോഴാണ് ഒരു ആശുപത്രിയില്‍ നിന്ന് രോഗിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവേണ്ടത് ??
1 ചികിത്സ സൗകര്യം ഇല്ലെങ്കില്‍
2. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് രോഗ നിര്‍ണ്ണയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍
3. ഡോക്ടറെയോ ആശുപത്രിയെയോ ഇഷ്ടപ്പെടാതെ വന്നാല്‍ ..
4 വീടിനോട് കൂടുതല്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഉണ്ടെങ്കില്‍..

പാമ്പ് കടിയേ കുറിച്ച് അത്യാവശ്യം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ് . ഏതൊരു ആശുപത്രിയിലെ കണക്കുകള്‍ പരിശോധിച്ചാലും ആകെ കേസുകളില്‍ ഭൂരിഭാഗവും വിഷമില്ലാത്ത പാമ്പിന്‍റെ കടി എല്ക്കുന്നവരായിരിക്കും.. കാരണം കേരളത്തില്‍ നിരവധി ഇനം വിഷമില്ലാത്ത പാമ്പുകള്‍ ഉണ്ട്. എന്നാല്‍ വിഷം ഉള്ളവ വളരെ കുറച്ചു എണ്ണം മാത്രമേ ഉള്ളു.  മൂര്‍ഖന്‍ ( cobra), രാജവെമ്പാല (King cobra), അണലി (Viper), വെള്ളിക്കട്ടന്‍ (Krait) എന്നിവയാണ് കേരളത്തില്‍ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകള്‍. 3 തരം അണലികള്‍ ഉണ്ട്. അവയില്‍ രണ്ടു തരം ആണ് കേരളത്തില്‍ പ്രധാനമായും കാണാറ്.. Russelle's  Viper ആണ് ഇവയില്‍ ഏറ്റവും മാരകമായത്.. Pit viper ആണ് അണലികളില്‍ താരതമ്യേന വിഷം കുറഞ്ഞ ഇനം.

മൂര്‍ഖന്റെയും വെള്ളിക്കട്ടന്റെയും വിഷം നാഡി  വ്യൂഹത്തെ ആണ് ബാധിക്കുന്നത്. ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുന്നത്‌.. ശരിയായ ചികിത്സ ഉടനെ ലഭിച്ചില്ലെങ്കില്‍ വളരെ പെട്ടന്ന് തന്നെ മരണം സംഭവിക്കാം.  എന്നാല്‍ അണലി വിഷം കിഡ്നി, രക്തക്കുഴല്‍ , ഹാര്‍ട്ട് തുടങ്ങി പ്രധാന ആന്തരാവയവങ്ങളെ ആണ് ബാധിക്കുന്നത്.. അണലി കടിച്ചാല്‍ രോഗി ഗുരുതരാവസ്ഥയില്‍ എത്താന്‍ കുറച്ചു കൂടി സമയം എടുക്കുമെങ്കിലും മൂര്ഖന്റെയോ വെള്ളിക്കട്ടന്റെയോ വിഷബാധയെക്കാള്‍  ചികിത്സ വളരെ ശ്രമകരമാണ്.. രോഗി മരണപ്പെടാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആണ്.. മൂര്‍ഖനോ വെള്ളിക്കട്ടനോ കടിച്ച ഉടന്‍ തന്നെ രോഗിയുടെ ശ്വാസം പൂര്‍ണ്ണമായി നില്‍ക്കുന്നതിനു മുന്നേ ചികിത്സാ സൗകര്യം ഉള്ള ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.. എന്നാല്‍ അണലി കടിച്ചാല്‍ ഉടനെ തന്നെ എത്തിയ ആളുകളും മരണപ്പെടുന്നത് അപൂര്‍വ്വമല്ല.  മൂര്‍ഖനോ വെള്ളിക്കട്ടനോ കടിച്ചാല്‍ ചിലപ്പോള്‍ ventilator ആവശ്യം വന്നേക്കാം..അണലി കടിയില്‍ dialysis ഉം  ആവശ്യം വരാം..

കടിച്ച പാമ്പിനെ പിടികൂടാന്‍ വേണ്ടി സമയം കളയേണ്ടതില്ല, നിങ്ങള്‍ കഷ്ടപ്പെട്ട് പിടികൂടിയ പാമ്പിനെ ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെടെണ്ട കാര്യവും ഇല്ല. ചികിത്സക്ക് പാമ്പിനെ തിരിച്ചറിയല്‍ അത്യാവശ്യം അല്ല. നേരത്തെ സൂചിപ്പിച്ച പോലെ അനേകം ഇനം വിഷം ഇല്ലാത്ത പാമ്പുകള്‍ നിലവില്‍ ഉണ്ട്. അത് മുഴുവന്‍ കൃത്യമായി തിരിച്ചറിയാന്‍ ഒരു ഡോക്ടര്‍ക്ക് കഴിയണമെന്നില്ല. വിഷമുള്ള പാമ്പുകളെ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ട് ഇല്ല.  ഒറ്റനോട്ടത്തില്‍ വെള്ളിക്കട്ടനെ പോലെ തോന്നിക്കുന്നതും എന്നാല്‍ വിഷം ഇല്ലാത്തതുമായ പാമ്പുകള്‍ ഉണ്ട്. ഇത്തരം പാമ്പുകളെ കൊണ്ട് വന്നാല്‍ വിഷം ഇല്ലാത്തത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ ആളുകള്‍ പരിഹസിക്കുന്നത് വരെ കേട്ടിട്ടുണ്ട്.. വെള്ളിക്കട്ടനെ കണ്ടു വിഷമില്ല എന്ന് പറയുന്നു എന്ന് പറഞ്ഞുകൊണ്ട്.. ഓര്‍ക്കുക...ദേഹത്ത് വെള്ളി വര ഉള്ള പാമ്പുകള്‍ എല്ലാം കുഴപ്പക്കാരല്ല

കൊണ്ട് വന്ന പാമ്പിനു വിഷമുണ്ടോ എന്ന് അന്വേഷിക്കല്‍ അല്ല ഡോക്ടറുടെ പ്രധാന ജോലി.. വിഷപാമ്പുകള്‍ കടിച്ചാലും എല്ലായ്പ്പോഴും വിഷം ശരീരത്തില്‍ എല്ക്കണം  എന്നില്ല..  വിഷപാമ്പുകളുടെ കടികളില്‍ ഏതാണ്ട് 30%  വിഷം ഏല്‍പ്പിക്കാത്തവ ആണെന്നാണ് കണക്ക് . അത്തരം കടികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ല.  എതു പാമ്പ് കടിച്ചു എന്നതല്ല, കടിച്ച പാമ്പ് വിഷം എല്പ്പിച്ചിട്ടുണ്ടോ എന്ന് മനസിലാക്കല്‍ ആണ് ഒരു ഡോക്ടറുടെ ജോലി.  രോഗിയുടെ ലക്ഷണങ്ങള്‍ കണ്ടാണ്‌ ഇത് മനസിലാക്കുന്നത്‌. കടിച്ച ഭാഗത്ത്‌ ഉണ്ടാവുന്ന വീക്കം, ശക്തമായ വേദന, കഴല വീക്കം, വയറു വേദന, ചരദി , തലവേദന, തലകറക്കം, കാഴ്ച മങ്ങല്‍ , രണ്ടായി കാണല്‍, കണ്ണ് അടഞ്ഞു പോവല്‍, കഴുത് ഉറച്ചു നില്‍ക്കായ്ക, ശ്വാസ തടസം അനുഭവപ്പെടല്‍, കണ്‍പോളകള്‍ താനെ അടഞ്ഞു പോവല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷങ്ങള്‍.  രക്ത പരിശോധനാ റിപ്പോര്‍ട്ട്‌ ഉം ചില സൂചനകള്‍ തന്നേക്കാം.. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാണ്‌ വിഷത്തിനു മരുന്ന് കൊടുക്കേണ്ടതുണ്ട് എന്ന് തീരുമാനം എടുക്കുന്നത്.,  പാമ്പ് ഏതാണെന്ന് അറിയല്‍ അത്യാവശ്യം ഇല്ല. കാരണം ഇന്ന് ഇന്ത്യയില്‍ ലഭ്യമായ പാമ്പ് വിഷത്തിനുള്ള മരുന്ന് മേല്‍ പറഞ്ഞ 3  തരം പാമ്പ് വിഷത്തിനു എതിരെയുള്ള മരുന്നുകളുടെ മിശ്രിതം ആണ്.  ഓരോ പാമ്പിനും പ്രത്യേകം മരുന്നുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യം അല്ല.  മൂര്‍ഖന്‍ കടിച്ചതിനു മരുന്ന് നല്‍കിയാലും മറ്റു 2 തരം വിഷപാമ്പുകള്‍ക്കുള്ള മരുന്നും ശരീരത്തില്‍ എത്തുമെന്ന് ചുരുക്കം. അതിനാല്‍ ഡോക്ടര്‍ക്ക് പാമ്പ് ഏതാണെന്ന് മനസിലായില്ലെങ്കിലും പേടിക്കേണ്ടതില്ല..

പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യണം? പരിഭ്രാമിക്കതിരിക്കുക  എന്നതാണ് ആദ്യത്തെ കാര്യം.. പരിഭ്രമം കൂടും തോറും ഹൃദയമിടിപ്പ്‌ വേഗത്തിലാവുകയും രക്തത്തിലെ വിഷം കൂടുതല്‍ വേഗത്തില്‍ ശരീരത്തില്‍ വ്യാപിക്കുകയും ചെയ്യും. ഇത് അപകട ആധ്യത വര്‍ധിപ്പിക്കും.. സാധാരണ ജനങ്ങള്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ ആണ് കടിച്ച ഭാഗം വരിഞ്ഞു മുറുക്കി കെട്ടുക എന്നത്.. അതികം മുറുകാത്ത ഒരു കെട്ട്  ചിലപ്പോള്‍ ഗുണം ചെയ്തേക്കാം..എന്നാല്‍ രക്തയോട്ടം വരെ തടസ്സപ്പെടുന്ന തരത്തില്‍ മുറുകിയ കെട്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.. കടിച്ച ഭാഗത്ത്‌ കത്തിയോ മറ്റു മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ടോ മുറിവുണ്ടാക്കി രക്തം കളയുന്നതും ഒരു കാരണവശാലും ചെയ്യാന്‍ പാടുള്ളതല്ല,  കടിച്ച മുറിവില്‍ നിന്ന് വായകൊണ്ട് വിഷം വലിച്ചെടുത്തു തുപ്പി കളയാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ് ..വലിച്ചെടുക്കുന്ന ആളുടെ വായില്‍ മുറിവോ മറ്റോ ഉണ്ടെങ്കില്‍ കടി കിട്ടിയ ആളെക്കാള്‍ വേഗത്തില്‍ അപകടം സംഭവിക്കാന്‍ സാധ്യത ഉണ്ട്.

മുറിവ് ധാരാളം വെള്ളവും സോപും ഉപയോഗിച്ച് വൃത്തിയായി കഴുകുക. വസ്ത്രത്തിന്റെ മുകളിലൂടെയാണ്‌ കടിച്ചതെങ്കില്‍ ആ വസ്ത്രം മാറ്റുക. കടി കിട്ടിയ ഭാഗം പരമാവധി  അനക്കാതെ വെക്കുക. അധികം മുറുകാത്ത ഒരു കെട്ടു മുറിവിനു മുകളില്‍ ഉപയോഗിക്കാവുന്നതാണ് ,, ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏറ്റവും നിര്‍ണായക ഘടകം എത്രയും പെട്ടന്ന് പാമ്പ് കടി ചികിത്സിച്ചു പരിചയം ഉള്ള ഒരു ഡോക്ടറുടെ സഹായം തേടല്‍ ആണ്. എത്രയും വേഗം ചികിത്സ തുടങ്ങിയോ അത്രയും നന്ന്. കടി കിട്ടുന്നത് മുതല്‍ മരുന്ന് നല്‍കുന്നത് വരെയുള്ള സമയം വളരെ നിര്‍ണ്ണായകമാണ്.. മുറിവൈദ്യന്മാരുടെ അടുത്ത് പോയി സമയം കളഞ്ഞു വളരെ വൈകി എത്തുന്ന രോഗികള്‍ മരണപ്പെടാന്‍ സാധ്യത കൂടുതല്‍ ആണ്. പാമ്പിനെ തിരഞ്ഞു പിടിക്കാന്‍ സമയം കളയരുത്.. ജീവനോടെ പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും ..



Thank you for being here

0 അഭിപ്രായ(ങ്ങള്‍)