റാസ്‌ അല്‍ ഖൈമയിലെ പ്രേത ഗ്രാമം

ജൂലൈ 01, 2017





എണ്ണ കാലഘട്ടത്തിനു മുന്നേയുള്ള റാസ്‌ അല്‍ ഖൈമയുടെ ചരിത്രം വിളിച്ചോതുന്ന , 1830 കളിലേക്ക് നീളുന്ന പൈതൃകം അവകാശപ്പെടാവുന്ന പഴയ ഒരു ഗ്രാമമാണിത്,  പേര് Jazeerath al Hamra.   ടൂറിസ്റ്റ് മാപ്പുകളില്‍ ഒന്നും അധികം ഇടം നേടിയിട്ടില്ലാത്ത, നിരവധി അന്ധ വിശ്വാസങ്ങള്‍ ചുറ്റി പറ്റി നില്‍ക്കുന്ന ഒരിടം. സര്‍ക്കാര്‍ ഒരു archaelogical site ആയി സംരക്ഷിച്ചു പോരുന്നു ഇപ്പോള്‍ ഈ പ്രദേശം . 

കടുത്ത ചൂട് കാരണം വീട്ടിനകത്ത് ചടഞ്ഞു കൂടി ഇരിക്കുമ്പോള്‍ വെറുതെ ആലോചിച്ചതാണ്. ചൂട് അല്‍പ്പം കുറഞ്ഞാല്‍ എവിടെ പോവണം എന്ന്. ജബല്‍ ജൈസ് ആയിരുന്നു ആദ്യം പരിഗണിച്ചത്. അവിടം മുന്നേ പോയിട്ടുള്ളത് കാരണം മറ്റു സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ഈ സ്ഥലം ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ പിന്നെ പോയേക്കാം എന്ന് തന്നെ തീരുമാനിച്ചു.  അന്വേഷിച്ചു കിട്ടിയ വിവരങ്ങളുടെ കൂട്ടത്തില്‍ കുറെ പ്രേത പിശാചു ബാധകളെ കുറിച്ചും കേട്ടു, ഇവിടെ പോയി കഴിഞ്ഞാല്‍ എന്തെങ്കിലും അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും എന്ന ഒരു വിശ്വാസം പരക്കെ ഉണ്ട്. എന്തായാലും അതും കൂടി അറിഞ്ഞു കളയാം എന്ന് വച്ചു. 

റാസ്‌ അല്‍ ഖൈമയിലെ നക്കീല്‍ എന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടം എത്താം. ഒരു തീര പ്രദേശമാണിത് . അടുത്തൊക്കെ വന്‍ വ്യവസായങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ഭാഗം മാറ്റം വരുത്താതെ സംരക്ഷിചിരിക്കുന്നു.  

സാധാരണ വാഹനത്തില്‍ എത്തിപ്പെടാവുന്ന സ്ഥലമാണ്. ഗ്രാമത്തിനു പുറത്തു നിര്‍ത്തി നടന്നു പോവുകയോ അകത്തേക്ക് വാഹനം കയറ്റുകയോ ചെയ്യാം. പുറത്തു നിര്‍ത്തി നടക്കാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചത് 



1830 കളില്‍ 3 ഗോത്രവര്‍ഗങ്ങളിലായി ഇരുനൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്‌. അല്‍ സാബ് എന്ന ഗോത്രം ആയിരുന്നു ഇവരില്‍ പ്രമുഖര്‍. ഈ ഭാഗത്തെ ഭരണം അവരുടെ കൈവശമായിരുന്നു . പ്രധാനമായും കടലില്‍ നിന്ന് ലഭിച്ചിരുന്ന പവിഴപ്പുറ്റുകള്‍ വിറ്റായിരുന്നു ഇവരുടെ ജീവിതം. ആയിടെ പവിഴത്തിനു വന്ന വിലയിടിവില്‍ ഇവരുടെ അടിത്തറ ഇളകി. പവിഴപ്പുറ്റുമായുള്ള ബന്ധം അവര്‍ നിര്‍മ്മിച്ച വീടുകളില്‍ കാണാം. മണ്ണും പവിഴക്കല്ലുകളും ചേര്‍ത്താണ് കെട്ടിടങ്ങളുടെ ചുവരുകള്‍ പണിതിട്ടുള്ളത് . 

ഷാര്‍ജയുടെ കീഴില്‍ ആയിരുന്നു പണ്ട് ഈ പ്രദേശം.  അക്കാലത്ത് ചുറ്റിലും താമസിച്ചിരുന്ന ആളുകളുമായി ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് ഉണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ ആണത്രേ ഈ ഗ്രാമം ഉപേക്ഷിച്ചു അവര്‍ പോവാന്‍ കാരണം. പെട്ടന്നുള്ള ഒരു കുടിഒഴിപ്പ് ആയിരുന്നു അതെന്നു ഇവിടം സന്ദര്‍ശിച്ചാല്‍ മനസിലാവും.  വീടുകളില്‍ കട്ടില്‍, മേശ , പായ്, തലയിണ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്.  ഈ ഗോത്ര വര്‍ഗ്ഗങ്ങളെ സര്‍ക്കാര്‍ അബുദാബിയിലേക്ക്  പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. അല്‍ സാബ് ഗോത്രത്തിലെ കണ്ണികള്‍ തന്നെയാണ് ഇപ്പോള്‍ അവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തെ അധികാര വര്‍ഗ്ഗം.  ഉപേക്ഷിച്ചു പോയെങ്കിലും ഇവിടെയുള്ള കെട്ടിടങ്ങളുടെ ഉടമാവകാശം ഇപ്പോഴും അവരുടെ കൈകളില്‍ തന്നെയാണ് . 


കയറി ചെല്ലുമ്പോള്‍ തന്നെ വരവേല്‍ക്കുന്നത് ഈ ബോര്‍ഡ് ആണ്. അതിന്റെ ഗുണം കാണാന്‍ ഉണ്ട് താനും. നമ്മുടെ നാട്ടില്‍ എങ്ങാനും ആയിരുന്നെങ്കില്‍ ചപ്പു ചവറുകള്‍ തള്ളാനുള്ള ഒരു പ്രദേശം ആയി മാറിയേനെ 


പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിന്റെ വശത്ത് കൂടി കണ്ട വഴിയിലൂടെ ഞങ്ങള്‍ സ്മരണകള്‍ തുടിക്കുന്ന ആ ഭൂമിയിലേക്ക്‌ കയറി..




പല തരത്തിലുള്ള വീടുകള്‍ ഇവിടെയുണ്ട്. മിക്കവയും എല്ലാം തന്നെ പകുതിയോ അതിലേറെയോ പൊളിഞ്ഞവയാണ്. ഏറ്റവും പഴയ വീടുകള്‍ ഈന്തപനയുടെ ഓല കൊണ്ട് മേല്‍ക്കൂര മേഞ്ഞവയാണ്. എന്നാല്‍ താരതമ്യേനെ പുതിയ വീടുകള്‍ കോണ്ക്രീറ്റ് മേല്‍ക്കൂര ഉള്ളവയാണ്. ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത് മണ്ണും കല്ലും പവിഴക്കല്ലുകളും ഉപയോഗിച്ചാണ്. ചില വീടുകളുടെ അകവശം ഇപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. തറയിലും ചുവരിലും കൊടുത്ത നിറങ്ങള്‍ മങ്ങാതെ കിടപ്പുണ്ട് ചില വീടുകളില്‍ ..


അകലെ പഴയ പ്രതാപത്തിന്റെ ലാഞ്ചന ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു പഴയ ജീപ്പ് കിടക്കുന്നു.. നൂറ്റാണ്ടുകള്‍ക്കു ശേഷവും ബോഡി കേടു കൂടാതെയുണ്ട്



                 ഒരു തോണി കിടപ്പുണ്ട്. കാര്യമായ പഴക്കം തോന്നിക്കുന്നില്ല 



കിണറു പോലെ തോന്നിക്കുന്ന ഈ നിര്‍മ്മിതി എന്തിനാണെന്ന് മനസിലായില്ല 



                                               ഇതൊരു ചന്ത ആയിരുന്നിരിക്കാം 


അകലെ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു, ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പള്ളിയോടു രൂപസാദൃശ്യം ഉള്ള ഒരു കെട്ടിടത്തിനു മുന്നിലാണ്.  മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു ഉണങ്ങിയ മരത്തിനു പുറകിലായി ഭംഗിയുള്ള ഒരു ഫ്രെയിം ഞങ്ങള്‍ക്കായി ഒരുക്കിയ ആ കെട്ടിടം ഇതാ 



അകലെ അധികം പഴക്കം തോന്നിക്കാത്ത ഒരു പള്ളി കണ്ടു. കടുത്ത ചൂടില്‍ നിന്ന് ക്ഷീണിച്ച കാരണം അല്‍പ്പം വിശ്രമിക്കാന്‍ പള്ളി ലക്ഷ്യമാക്കി നടന്നു . അകത്തു ചൂട് അല്‍പ്പം കുറവുണ്ട്.. നേര്‍ത്ത കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ നല്ല സുഖം ..










                                        വീടുകളുടെ ഘടന അടുത്തറിയാം 



മുഴുവനായും ഓല കൊണ്ട് നിര്‍മ്മിച്ച ചില കുടിലുകളും ഇടയ്ക്ക് കാണാം 



                   ഇത്തരം വിനോദങ്ങള്‍ എല്ലാം പണ്ട് മുതലേ ഉണ്ട് !



                  ഇറച്ചിയും മീനുമെല്ലാം വെട്ടാന്‍ Natural സംവിധാനം 


                    കടലില്‍ താഴുന്ന സൂര്യനെ ഒന്നുകൂടെ ഒപ്പിയെടുത്തു 





ചില അന്ധ വിശ്വാസങ്ങള്‍ ഈ സ്ഥലത്തെ ചുറ്റിപറ്റി ഉണ്ടെന്നു പറഞ്ഞല്ലോ.. പ്രേത, യക്ഷി ബാധകള്‍ ഒന്നും ഇവിടെ ഇല്ല എന്ന് ചില ചാനല്‍ പ്രവര്‍ത്തകര്‍ ഇവിടെ രാത്രി താമസിച്ചു തെളിയിച്ചു കൊടുത്തിട്ടുണ്ട്‌..  ചുറ്റി നടന്നു കാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍ ചില വീടുകള്‍ക്ക് മുന്നില്‍ ആളുകളെ കണ്ടു,, കാറുകളും .. ( അത് പ്രേതങ്ങളും അവരുടെ വാഹനങ്ങളും ആണോ എന്നറിയില്ല  :-)  ) . ചില വീടുകൾക്ക് മുന്നിലെ വാടകയ്ക്കു കൊടുക്കപ്പെടും എന്നു എഴുതി വച്ചിട്ടുണ്ട്. ഇവിടെയൊക്കെ ആരു വന്നു താമസിക്കും ആവോ !

എന്തായാലും ഞങ്ങള്‍ക്ക് ഇവിടം ഇഷ്ടപ്പെട്ടു. കറക്കം എല്ലാം കഴിഞ്ഞു തിരിച്ചു കാറിനു അടുത്തെത്തിയപ്പോള്‍ ആണക്കാര്യം ശ്രദ്ധിച്ചത്.. കയ്യില്‍ ക്യാമറ മാത്രമേ ഉള്ളൂ.. ക്യാമറ ബാഗും അതില്‍ ഉണ്ടായിരുന്ന ലെന്‍സുകളും കാണാന്‍ ഇല്ല.. ഒരു നിമിഷം ഞെട്ടി പോയി.. വീണ്ടും ഇരുട്ടത്ത്‌ ഈ സ്ഥലം അരിച്ചു പെറുക്കാന്‍ കഴിയില്ല. എവിടെയൊക്കെയോ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. എവിടെ ആണ് ബാഗ്‌ വച്ചത് എന്ന് ഓര്‍മ്മയില്ല. ഭാഗ്യം കുറച്ചു നടന്നപ്പോള്‍ അപ്പുറത്തെ പുല്ലില്‍ ഇരിപ്പുണ്ട്.. ആദ്യത്തെ ഫോട്ടോ എടുക്കാന്‍ ഇറക്കി വച്ചതാണ്.. പിന്നെ എടുക്കാന്‍ മറന്നു.. 

ഇവിടെ നിന്ന് പോന്ന ശേഷം കുറച്ചകലെ ഒരു കടയില്‍ ജ്യൂസ് കുടിക്കാന്‍ കയറി.. തിരിച്ചു വന്നപ്പോഴേക്കും വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ മറ്റൊരു കാര്‍ വന്നു ഉമ്മ വച്ച് പോയിരിക്കുന്നു !!  ഇത്തരം അനുഭവങ്ങള്‍ ആയിരിക്കാം ആളുകളില്‍ അന്ധ വിശ്വാസം നിറയ്ക്കുന്നത്.. ഇതൊന്നും കേട്ട് അവിടെക്കുള്ള യാത്ര ആരും മുടക്കരുത്.. 

NB: യാത്ര പോവുമ്പോള്‍ ക്യാമറ ബാഗ്‌ ഒഴിവാക്കുക.. പറ്റുമെങ്കില്‍ കാറിനു പകരം സൈക്കിളില്‍ പോവുക  !! :-) :-) 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)