Exploring the Singapore city Part 2

ഫെബ്രുവരി 24, 2017

സാന്റ്സ് ഹോട്ടലിന്റെ മുകളിലെ സ്കൈ പാര്‍കില്‍ നില്‍ക്കുമ്പോള്‍ തന്നെ താഴെ ഞങ്ങള്‍ക്ക് കാണേണ്ട സ്ഥലങ്ങളിലേക്കുള്ള ഒരു റൂട്ട് മാപ്പ് പിടികിട്ടിയിരുന്നു. സിന്ഗപ്പൂര്‍ സിറ്റിയുടെ ഹൃദയ ഭാഗത്ത്‌ തന്നെയാണ് സാന്റ്സ് ഹോട്ടല്‍. സ്കൈ പാര്‍കില്‍ അത്ര ഉയരത്ത് നിന്ന് കിട്ടുന്നതിലും മികച്ച ഒരു ലോക്കേഷന്‍ മാപ്പ് വേറെ കിട്ടാനില്ല . 

ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഹെലിക്സ്  ബ്രിട്ജിനെ കുറിച്ച് വായിച്ചിരുന്നു. സാന്റ്സ് ഹോട്ടലിലെ ലേസര്‍ ഷോ ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല ലൊക്കേഷന്‍ ഏതാണെന്ന് തിരഞ്ഞപ്പോള്‍ ആണ് ഹെലിക്സ് ബ്രിട്ജിനെ കുറിച്ച് വായിച്ചത്. അത് എവിടെ എന്ന് കണ്ടു മനസിലാക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമായിരുന്നു.  സാന്റ്സ് സ്കൈ പാര്‍കില്‍ നിന്നും അത് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. 

സ്കൈ പാര്‍കില്‍ നിന്നും താഴെ ഇറങ്ങി നേരെ ഹെലിക്സ് ബ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു,  മുഴുവനായും സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാലം ആണിത്.  നദിയുടെ അക്കരെ നിന്ന് സിങ്ങപൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് ഗാലറിയിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടി നിര്‍മ്മിച്ച പാലം. പ്രധാന പാലത്തിലൂടെ  ജനങ്ങള്‍ നടക്കാതിരിക്കാന്‍ കൂടി ആയിരിക്കണം സമാന്തരമായി ഇങ്ങനെ ഒരെണ്ണം നിര്‍മ്മിച്ചിരിക്കുന്നത്.  പാലത്തില്‍ നിന്ന് കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ബ്രിഡ്ജ് കഴിഞ്ഞു ഒരു വശത്തേക്ക് ഇറങ്ങിയാല്‍ മറീന ബേയിലെ മേര്‍ലിയോണ്‍ പാര്‍കിന്റെ ഒരു അറ്റത്ത് എത്തും.  രാത്രിയിലെ ലേസര്‍ ഷോ ഫോട്ടോ എടുക്കാന്‍ സൌകര്യപ്രഥമായ ഒരു സ്ഥലം കണ്ടു വെക്കലാണ് എന്‍റെ ലക്‌ഷ്യം. പറ്റിയ ഒരു സ്ഥലം കണ്ടെത്തി. സാന്റ്സ് ഹോട്ടലും ഹെലിക്സ് ബ്രിഡ്ജും ഒരേ ഫ്രൈമില്‍ ഉള്‍പ്പെടുത്താവുന്ന ഒരിടം. 



ഉച്ച ഭക്ഷണം കഴിക്കുക എന്നതാണ് അടുത്ത ലക്‌ഷ്യം. നല്ല വിശപ്പുണ്ട് താനും. തലേ ദിവസം യാത്രക്കിടയില്‍ കാബ് ഡ്രൈവര്‍ സിങ്ങപൂരിലെ വിവിധ ഭക്ഷണങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. സിങ്ങപൂരിന്റെ തനതു വിഭവം, നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത് സിങ്ങപൂര്‍ ചില്ലി ക്രാബ് ആണ്. അല്പം വില കൂടിയ ഐറ്റം ആണ്, എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി. ഞങ്ങള്‍ നില്‍ക്കുന്നതിനു എതിര്‍വശത്ത് നദിയുടെ അങ്ങേ കരയില്‍ ആണ് ഹോട്ടലുകള്‍ അധികവും. കുറച്ചു ദൂരമുണ്ടെങ്കിലും പതുക്കെ നടന്നു. വെയിലിനു നല്ല ചൂടും ഉണ്ട്. 

Esplanade theater നു മുന്നിലൂടെയാണ്‌ ഞങ്ങള്‍ നടക്കുന്നത്.  അത് വഴി പോവുന്ന ഏതൊരാളുടെയും ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒരു കെട്ടിടം ആണിത്. 60000 sq ft വിസ്തൃതിയുള്ള പടുകൂറ്റന്‍ കെട്ടിടം ആണിത്, മുള്ള് പോലെ തള്ളി നില്‍ക്കുന്ന ഘടന ആരും പ്രത്യേകം ശ്രദ്ധിക്കും..  2000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ തിയേറ്റര്‍ ഉണ്ട് ഉള്ളില്‍. അതുപോലെ ലൈബ്രറിയും മറ്റു പല കലാരൂപങ്ങളും അവതരിപ്പിക്കാന്‍ വേണ്ട എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉള്ളില്‍ ഉണ്ട്. സമയക്കുറവു കാരണം അകത്തു കയറിയില്ല. ടിക്കെറ്റ് നിരക്കും മോശമല്ല.  മുള്ള് പോലെ തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ പുറത്തു നിന്നുള്ള ശബ്ദ ശല്ല്യം ഉള്ളില്‍ അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് എവിടെയോ വായിച്ചു.. 2002 ഇല്‍ ആണ് പൂര്‍ണമായി ഇത് തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്, ഒരു ബ്രിട്ടീഷ്‌ കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത് 



തൊട്ടടുത്ത്‌ കണ്ട ഒരു ഹോട്ടലില്‍ കയറി. സിങ്ങപൂര്‍ ചില്ലി ക്രാബ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ നിരാശരായി. സാധനം സ്റ്റോക്ക്‌ ഇല്ല, എന്നാല്‍ ചില്ലി ക്രാബ് ഉപയോഗിച്ച് തയ്യാറാക്കിയ നൂഡില്‍സ് ഉണ്ട്. വേറെ ഒരു ഹോട്ടല്‍ തപ്പി പോവാന്‍ ഉള്ള മൂഡ്‌ ഇല്ലാതിരുന്നതിനാല്‍ തല്ക്കാലം ചില്ലി ക്രാബ് നൂഡില്‍സ് ആയേക്കാം എന്ന് കരുതി ഓര്‍ഡര്‍ ചെയ്തു.  പണ്ട് തായ്‌ലാന്‍ഡില്‍ പോയി ടോം യാം ഗൂം സൂപ് കുടിച്ച അതെ അവസ്ഥയില്‍ ആയി പോയി,, രുചി തീരെ പിടിച്ചില്ല :-)  

ഇനി പോവേണ്ടത് സിങ്ങപൂര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ സയന്‍സ് ഗാലറിയിലേക്കാണ്‌ . വീണ്ടും നദി ക്രോസ് ചെയ്യണം. വന്ന വഴിയിലൂടെ തന്നെ തിരിച്ചു പോവാതെ കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ വേറെ വഴിയിലൂടെ നടക്കാം എന്ന് വച്ചു. ടൌണിലൂടെ കുറച്ചു നടന്നു നദി കുറുകെ കടക്കാന്‍ വേറെ മനോഹരമായ ഒരു വഴി കണ്ടെത്തി..



ഇത് വഴി നടന്നു സാന്റ്സ് ഹോട്ടലിന്റെ ഷോപ്പിംഗ്‌ ഏരിയയില്‍ എത്തി, അവിടെ എന്തോ ഒരു റാലി നടക്കുന്നുണ്ടായിരുന്നു. എന്താണെന്നു മനസിലായില്ല. ബാന്‍ഡ് വാദ്യവും നൃത്തവും എല്ലാമായി നല്ലൊരു പരിപാടി, കുറച്ചു നേരം അത് കണ്ടു നിന്ന്. പിന്നെ നേരെ ആര്‍ട്ട്‌ ഗാലറിയുടെ അടുത്തെത്തി. താമരയുടെ ആകൃതിയിലുള്ള രസകരമായ ഒരു കെട്ടിടമാണിത്.  കെട്ടിടം നില്‍ക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ആയിരക്കണക്കിന് താമരകള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു തടാകം പോലെയുള്ള സ്ഥലത്തും.. മികച്ച ഭാവന !


സാന്റ്സ് സ്കൈ പാര്‍കില്‍ നിന്നുള്ള ആര്‍ട്ട്‌ ഗാലറിയുടെ വ്യൂ  ഇങ്ങനെയാണ് . 

നടത്തത്തിന്റെ ക്ഷീണം മാറ്റാന്‍ പല വര്‍ണ്ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന താമര പൂക്കളുടെ അടുത്ത് കുറച്ചു നേരം വിശ്രമിച്ചു 


ഗാലറിയുടെ ഉള്ളില്‍ കയറിയപ്പോള്‍ നല്ല തിരക്ക്. ഷോ കാണാന്‍ കുറെ നേരം ക്യൂ നില്‍ക്കണം. അത്ര സമയം അവിടെ ചിലവഴിച്ചാല്‍ ഞങ്ങള്‍ക്ക് ഇനി പോവാനുള്ള gardens by the bay ഇല്‍ ചിലവഴിക്കാനുള്ള സമയം കുറയുമല്ലോ എന്നോര്‍ത്ത് ഷോ കാണേണ്ട എന്ന് വച്ചു. ഗാലറിയിലെ കോഫി ഷോപ്പില്‍ നിന്നും വന്ന മണം ഞങ്ങളെ അങ്ങോട്ടേക്ക് വലിച്ചു അടുപ്പിച്ചു. 2 കപ്പുച്ചിനോ ഓര്‍ഡര്‍ ചെയ്തു, സിങ്ങപൂരിലെ കാപുചിനോയ്ക്ക് മധുരം ഇല്ല.. മറ്റു രാജ്യങ്ങളില്‍ അങ്ങനെയാണോ എന്നറിയില്ല. നാട്ടില്‍ നിന്ന് കുടിച്ച കാപുചിനോ ഇങ്ങനെയല്ല.. 

സാന്റ്സ് ന്റെ പുറകുവശത്തെ വലിയ പാര്‍ക്ക് ആണ് Gardens by the bay . വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം. ടിക്കെറ്റ് ഇല്ലാതെ വെറുതെ ഇരിക്കാന്‍ പറ്റുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണിത്. പക്ഷെ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍ കാണണമെങ്കില്‍ ടിക്കെറ്റ് എടുക്കണം.  ഗാലറിയുടെ അടുത്ത് നിന്ന് പാര്‍കില്‍ നടന്നെത്താന്‍ കഴിയും. 

3 ഡോളര്‍ ടിക്കറ്റ്‌ എടുത്താല്‍ പാര്‍കിനു ഉള്‍വശം ട്രാമില്‍ കയറി കാണാം. വേണ്ട സ്ഥലത്ത് ഇറങ്ങി വിശ്രമിക്കാം, പാര്‍കിനു ഉള്‍വശം രണ്ടു കൂറ്റന്‍ ഗ്ലാസ്‌ ഡോംസ് ഉണ്ട്. Flower dome and cloud forest.  ഒന്നിനകത്ത്‌ പേര് സൂചിപ്പിക്കുന്നത് പോലെ വിവിധ ഇനം പൂക്കളുടെ വലിയ ഒരു തോട്ടം ആണ്. cloud forest ഇല്‍ ഒരു കൃത്രിമ വെള്ളച്ചാട്ടം ഉണ്ട്, നേരത്തെ ഫോട്ടോ കണ്ടു പരിചയം ഉള്ളതാണ് ഇവിടം, അത് കൊണ്ട് ഫ്ലവര്‍ ഡോം ഒഴിവാക്കി ക്ലൌഡ് ഫോറെസ്റ്റില്‍ കയറാം എന്ന് തീരുമാനിച്ചു. സമയക്കുറവു തന്നെ പ്രശ്നം. 

ഒരു വലിയ കെട്ടിടതിനെ ഒരു കാട് പോലെ മാറ്റിയെടുതിരിക്കുകയാണ് ഉള്ളില്‍. കണ്ടാല്‍ അത് കാടിനകത്തെ ഒരു മല പോലെ തോന്നിക്കും. ഒരു കൃത്രിമ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്, ഉള്ളില്‍ ചെന്നാല്‍ ശരീരവും മനസും കുളിര്‍ക്കുന്ന ഫീല്‍ ആണ്. നല്ല തണുപ്പും ഭംഗിയുള്ള കാഴ്ചകളും .





ഇവിടെ നിന്നിറങ്ങി തൊട്ടടുത്ത തടാകത്തിനു അരികില്‍ വിശ്രമിക്കാന്‍ ഇരുന്നു.. വളരെ വിശാലമായ തടാകം. വശങ്ങളിലൂടെ ഭംഗിയുള്ള മരം കൊണ്ട് നിര്‍മ്മിച്ച നടപ്പാത.. എതിര്‍വശത്ത് ഉയരത്തിലൂടെ നടന്നു ഗാര്‍ഡന്‍ മുഴുവന്‍ കാണേണ്ടവര്‍ക്കു ഒരു സ്കൈ വാക്ക് ഉണ്ട്, ചെറിയ ടിക്കറ്റ്‌ എടുത്തു വേണമെങ്കില്‍ മുകളില്‍ കയറാം. രാത്രി അവിടെ ഒരു ലൈറ്റ് ഷോ ഉണ്ട്. സാന്റ്സ് ലെ ലേസര്‍ ഷോ യും ഇവിടത്തെ ലൈറ്റ് ഷോയും ഏതാണ്ട് ഒരേ സമയം ആണ്. ഇവിടത്തെ ഷോ എങ്ങനെയുണ്ട് എന്ന് ഒരു ഐഡിയയും ഇല്ലാത്ത കാരണം സാന്റ്സ് ഷോ കാണാം എന്നാണു ഞങള്‍ തീരുമാനിച്ചത്. എന്തായാലും നേരം ഇരുട്ടി പാര്‍കിലെ കൃത്രിമ മരങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ലൈറ്റ് തെളിഞ്ഞ ശേഷം ഏതാനും ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് .  അവിടെ ആണ് കുറെ പ്രൊഫഷണല്‍ photographers വന്നിട്ടുണ്ട്,, ഒരു ഫോട്ടോ വാല്‍ക് ആണെന്ന് തോന്നുന്നു.. 20 ലേറെ പേര്‍ ഉണ്ട്.. ഒരു നേതാവും.. tripod ഉം മറ്റുമായി നൈറ്റ്‌ ഫോട്ടോക്ക് വേണ്ട ഒരുക്കത്തിലാണ് എല്ലാവരും. Blue hour ഫോട്ടോഗ്രഫി വേണ്ടി കാത്തു നില്‍പ്പാണ് എല്ലാവരും. അവരുടെ ഇടയില്‍ കുറച്ചു സ്ഥലം ഒപ്പിച്ചു ഞാനും എടുത്തു ഏതാനും ഫോട്ടോകള്‍ 





അടുത്ത ലക്‌ഷ്യം സാന്റ്‌സ് ലേസർ  ഷോ.. 8 മണിക്കാണ് ഷോ തുടങ്ങുന്നത്. പത്തു മിനിട്ട് മുന്നേ തന്നെ രാവിലെ കണ്ടു വച്ച സ്ഥലത്ത് എത്തി ക്യാമറ റെഡിയാക്കി വച്ചു. ആദ്യമായിട്ടാണ് ഒരു ലേസര്‍ ഷോ ഫോട്ടോ എടുക്കുന്നത്. നേരത്തെ ഇത് ഫോട്ടോ എടുത്തിട്ടുള്ള പ്രൊഫഷണല്‍ photographers ന്റെ ബ്ലോഗും മറ്റു വിവരണങ്ങളും വായിച്ചു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് എന്‍റെ വരവ്.. എന്നാല്‍ ഷോ തുടങ്ങിയപ്പോള്‍ അല്‍പ്പം നിരാശ തോന്നാതിരുന്നില്ല. പ്രതീക്ഷിച്ച അത്ര ഭംഗി ഉണ്ടായില്ല ഷോ.. നേരത്തെ ഞാന്‍ കണ്ട ഫോട്ടോ ഏതോ ഫെസ്റ്റിവൽ സമയത്തു ഉള്ളതാണെന്ന് പിന്നീട് മനസിലായി. സാധാരണ ദിവസങ്ങളിൽ ഷോ അത്ര കളർഫുൾ അല്ല.  11 മണിക്ക് വീണ്ടും ഒരു ഷോ കൂടി ഉണ്ട്. ലൈറ്റ് ആന്‍ഡ്‌ വാട്ടര്‍ ഷോ ആണ്. പക്ഷെ അത് കാണാന്‍ നില്‍ക്കാന്‍ സമയം ഇല്ല. മെട്രോ സര്‍വീസ് അവസാനിച്ചാല്‍ പിന്നെ തിരിച്ചു ഹോട്ടലില്‍ എത്താന്‍ ബുദ്ധിമുട്ടാണ്..  ഗാർഡൻസ് ബൈ ദി ബേ  യിലെ ലൈറ്റ് ഷോ കാണാമായിരുന്നു എന്ന് അപ്പോൾ തോന്നിപ്പോയി ..ഇനി ഒരിക്കൽ സിംഗപ്പൂർ വരുന്നേൽ നോക്കാം .



ഷോ അത്ര കളർഫുൾ ആയില്ലെങ്കിലും ഫോട്ടോ ഉദ്ദേശിച്ച പോലെ എടുക്കാൻ കഴിഞ്ഞപ്പോൾ സന്തോഷമായി. ഒരു എക്‌സ്‌ക്രീം കഴിച്ചു അതിനു ശേഷം. വേസ്റ്റ് ഇടാൻ ബിൻ  അടുത്തൊന്നും കാണുന്നില്ല. ഒരു ചെറിയ പേപ്പർ കഷ്ണമാണ്. ഏതെങ്കിലും ഒരു മൂലയിൽ വലിച്ചെറിയാൻ വേണമെങ്കിൽ.. എന്നാൽ പരിസരത്തെ വൃത്തി കണ്ടാൽ അത് ചെയ്യാൻ മനസ് വരില്ല, അടുത്തെങ്ങും യാതൊരു തരത്തിലുള്ള വൃത്തികേടുകളും ഇല്ല,  വൃത്തിയുള്ള സ്ഥലത്തു ആളുകൾ സ്വയം വൃത്തിയുള്ളവർ ആയി മാറും.. കുറെ ദൂരത്തു ഒരു ബിൻ കണ്ടു പിടിച്ചു അവിടെ കൊണ്ട് പോയി തന്നെ വേസ്റ്റ് ഇട്ടു.. 

പിന്നെ നേരെ മെട്രോ സ്റ്റേഷനിലേക്ക്..  ഏതാനും നിമിഷങ്ങൾ കൊണ്ട് മെട്രോ ട്രെയിൻ കിട്ടി,, ഒരിക്കലും മറക്കാത്ത കുറെ നല്ല ഓർമകളുമായി ഞങ്ങൾ തിരിച്ചു ഹോട്ടലിലേക്ക് ...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)