ടെന്‍ഷന്‍ ... എന്ത് കൊണ്ട്? എങ്ങനെ അതിജീവിക്കാം?

ഫെബ്രുവരി 23, 2015

http://www.jamal-photography.in/


ടെന്‍ഷന്‍ ഒരു അസുഖം ആണോ?


ജീവിതം ആയാസ രഹിതമാക്കാന്‍ ഉതകുന്ന നിരവധി സൗകര്യങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.. പഴയ കാലത്തെ താരതമ്യം ചെയ്യുമ്പോള്‍ ജീവിതം ദാരിദ്ര്യ മുക്തവും എളുപ്പവും ആണെന്നതില്‍ സംശയം ഇല്ല, എങ്കിലും ജനങ്ങള്‍ പണ്ടതെതിലുംകൂടുതല്‍ മാനസിക പിരിമുറുക്കവും സമ്മര്‍ദവും അനുഭവിക്കുന്നു.. എന്തുകൊണ്ടാണിങ്ങനെ ? എന്താണ് ടെന്‍ഷന്‍ ഉണ്ടാവാന്‍ കാരണം?


ടെന്‍ഷന്‍ ഒരു അസുഖം ആണോ?

ബുദ്ധിമുട്ടുള്ള ഒരു സാഹചര്യതിലൂടെ കടന്നു പോവുമ്പോള്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നത് തീര്‍ത്തും സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രം. എന്നാല്‍ ഈ പിരിമുറുക്കം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അളവിലേക്ക് നീങ്ങിയാല്‍ അതിനെ ഒരു അസുഖം ആയി തന്നെ കാണേണ്ടതുണ്ട്.


എന്താണ് ടെന്‍ഷന്‍ ഉണ്ടാവാന്‍ കാരണം??

കാരണം ഒന്ന് :


ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ടെന്ഷന് കാരണം രണ്ടാണ്. ഒന്നാമതെത് നാം ജീവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ തന്നെ. ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമാവാം . ഓരോരുത്തരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയും വ്യത്യസ്തമാവാം. ഒരു വലിയ പ്രശ്നമായി നമുക്ക് തോന്നുന്ന ഒരു കാര്യം മറ്റൊരാളുടെ കണ്ണില്‍ അങ്ങനെ ആവണം എന്നില്ല. പ്രശ്നത്തെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം .

ഓരോ പ്രായക്കാരിലും കാരണങ്ങള്‍ വ്യത്യസ്തമാണ്. സാമ്പത്തിക, കുടുംബ പ്രശങ്ങള്‍ ആണ് മുതിര്‍ന്നവരില്‍ കൂടുതലും കാണപ്പെടുന്നത്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുന്ന രക്ഷിതാക്കള്‍, പല കാരണങ്ങള്‍ കൊണ്ട് കുടുംബ ബന്ധം തകര്‍ന്നു പോയവര്‍, ഭര്‍ത്താവിന്റെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത ഭാര്യ, രക്ഷിതാക്കളുടെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത മക്കള്‍, തനിക്കു നിശ്ചയിക്കപ്പെട്ട ടാര്‍ഗറ്റ് എത്തിക്കാന്‍ കഴിയാത്ത തൊഴിലാളി തുടങ്ങി നിത്യ ജീവിതത്തില്‍ കാണപ്പെടുന്ന ടെന്‍ഷന്‍കാര്‍ നിരവധിയാണ് . ഏതൊരാള്‍ക്കും അവരവരുടേതായ ടെന്‍ഷനുകള്‍ ഉണ്ടെന്നതാണ് സത്യം.

കുട്ടികളിലെ ടെന്‍ഷന്‍

കുട്ടികള്‍ പോലും ഇന്ന് ടെന്‍ഷനില്‍ നിന്ന് മുക്തരല്ല . കുടുംബ അന്തരീക്ഷം സമാധാനം ഇല്ലാതതാണേല്‍ കുട്ടികള്‍ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ സ്കൂള്‍ കുട്ടികളില്‍ ആരോഗ്യകരമല്ലാത്ത ഒരു തരം മത്സര ബുദ്ധി ഇന്ന് കണ്ടുവരുന്നു. മുന്‍കാലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചിരുന്ന രക്ഷിതാക്കള്‍ ആയിരുന്നു അവരുടെ വലിയൊരു പ്രശ്നം. എന്നാല്‍ തുടര്‍ച്ചയായ അവബോധനതിന്റെ ഫലമായി ഈ അവസ്ഥക്ക് മാറ്റം വന്നെങ്ങിലും ഇന്ന് കുട്ടികള്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഈഗോയുടെ സമ്മര്ധത്തില്‍ പെട്ട് പോവുന്നു.
  • തന്റെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷക്കൊത്തു ഉയരാന്‍ കഴിയില്ലേ എന്ന ചിന്ത അവരെ തളര്‍ത്തുന്നു. 
  • തന്റെ സുഹൃതിനേക്കാള്‍ ഒരു മാര്‍ക്ക് കുറഞ്ഞുപോയാല്‍ താന്‍ രണ്ടാംകിടക്കാരന്‍ ആയി പോയി എന്ന അപകടകരമായ ചിന്ത അലട്ടുന്നു. 
പരീക്ഷ സമയത്തും റിസള്‍ട്ട്‌ വരുന്ന സമയത്തും അകാരണമായ ക്ഷീണം, തലകറക്കം, ചര്ധി, നെഞ്ച് വേദന, സ്വാസം മുട്ടല്‍ , ദേഹം മുഴുവന്‍ വേദന, തല വേദന, വയറു വേദന തുടങ്ങി എന്ത് രൂപത്തിലും ഈ സമ്മര്‍ദം പുറത്തു വരാം. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അപസ്മ്മാര രൂപത്തിലോ ബോധക്കെടിന്റെ രൂപത്തിലോ വരെ ഇത് രക്ഷിതാക്കളെ ബുധിമുട്ടിച്ചേക്കാം. ഈ മാനസികാവസ്ഥ കുട്ടികളില്‍ വളര്‍ന്നു വരുന്നത് തിരിച്ചറിഞ്ഞു അത് തിരുത്തേണ്ട ചുമതല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആണ്.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ആരും തന്നേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ചിലപ്പോഴെങ്ങിലും മറ്റു കുട്ടികളുടെ പോലെ സൗന്ദര്യവും ശരീര വളര്‍ച്ചയും ഇല്ലാത്ത കാരണത്താല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കാണാറുണ്ട് . എന്‍റെ കുട്ടി തീരെ വലിപ്പം ഇല്ല, തടി ഇല്ല തുടങ്ങി രക്ഷിതാകള്‍ സ്ഥിരം പറയുന്ന പല്ലവികള്‍ കുട്ടികളില്‍ ഇത്തരം അപകര്‍ഷത ബോധവും തുടര്‍ന്ന് മാനസിക പ്രശ്നങ്ങളും ഉണ്ടാക്കിയെടുക്കാറുണ്ട് . നേരത്തെ തനിക്കു ലഭിച്ചു കൊണ്ടിരുന്ന ശ്രദ്ധയും പരിഗണനയും അനുജന്‍/ അനുജത്തിമാരിലേക്ക് വഴിമാറുന്നത്‌ ചെറിയ കുട്ടികളില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് , രക്ഷിതാക്കള്‍ ചെറിയ ശ്രദ്ധ ഇക്കാര്യങ്ങളില്‍ കാണിച്ചാല്‍ കുട്ടികളിലെ പല പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ് .

കാരണം രണ്ട്  :


രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിലെ ചില രാസ വസ്തുക്കളുടെ അളവില്‍ കാണപ്പെടുന്ന വ്യത്യാസം ആണ്. സെരടോനിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനം. ഈ രാസവസ്തുക്കളുടെ അളവില്‍ വരുന്ന മാറ്റങ്ങള്‍ മനുഷ്യ മനസിനെ ടെന്ഷന് അടിമപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ടെന്‍ഷന്‍ ഒരു അസുഖമായി പരിണമിക്കുന്നതില്‍ ഈ രണ്ടു കാരണങ്ങളും ഉത്തരവാദികള്‍ ആണ്. അതായത് ബാഹ്യമായ ചുറ്റുപാടുകളുടെ സമ്മര്ധവും ആന്തരിക രാസവസ്തുക്കളുടെ വ്യതിയാനവും. ഒരേ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടു പേര്‍ക്ക് അനുഭവപ്പെടുന്ന ടെന്‍ഷന്‍ ന്‍റെ തോത് വ്യത്യസ്തമാവുന്നത് ഇതിനാല്‍ ആണെന്ന് വേണം മനസിലാക്കാന്‍. ഓരോ ടെന്‍ഷന്‍ രോഗികളെയും വിശദമായി അപഗ്രഥനത്തിനു വിധേയമാക്കിയാല്‍ അതില്‍ കൂടുതല്‍ പേര്‍ക്കും ഒന്നോ അതില്‍ അധികമോ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ചുരുക്കം ചില ആളുകളില്‍ അങ്ങനെ പ്രതേകിച്ചു ഒരു തരത്തിലുള്ള പ്രശ്നങ്ങളും കാണാന്‍ കഴിയാറില്ല. ചുറ്റുപാടുകളുടെ സ്വാധീനം ഇല്ലാതെയും രാസവസ്തുക്കളുടെ വ്യതിയാനം കൊണ്ട് മാത്രവും ഇത്തരം അസുഖങ്ങള്‍ പിടിപെടാം എന്ന് ചുരുക്കം .

മാനസിക സമ്മര്‍ദം കാരണം ഉണ്ടാവുന്ന അസുഖങ്ങൾ 


മാനസിക സമ്മര്‍ദം കാരണം ഉണ്ടാവുന്ന അസുഖങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നവ Anxiety neurosis, Somatization disorders, Panic attack, Depression എന്നിവയാണ്.

ഒരു പരീക്ഷക്ക്‌ പോകുമ്പോള്‍ / വലിയ ഒരു സദസ്സില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോവുമ്പോള്‍/മേലുദ്യോഗസ്ഥന്‍ നമ്മുടെ ജോലി വിലയിരുത്താന്‍ വരുമ്പോള്‍ ഒക്കെ നമ്മുക്ക് എല്ലാവര്ക്കു ഉണ്ടാവുന്ന ആ അവസ്ഥ ആണ് anxiety. ഇത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രം. എന്നാല്‍ ഈ ഒരു അവസ്ഥ തരണം ചെയ്യാന്‍ കഴിയാതെ വരുന്ന അവസ്ഥ രോഗമായി കണ്ടു ചികിത്സക്ക് വിധേയരാവേണ്ടതാണ്. ശരീരം തളര്‍ച്ച, തല കറക്കം. നെഞ്ചിടിപ്പ് കൂടല്‍, കൈ കാലുകള്‍ വിറയല്‍ തുടങ്ങിയവ ആണ് anxiety neurosis ന്‍റെ ലക്ഷണങ്ങള്‍. ഇതിന്റെ ഏറ്റവും കൂടിയ അളവിലുള്ള അവസ്ഥ ആണ് panic attack. ഇത്തരം അവസ്ഥയില്‍ ചില ആളുകള്‍ തല കറങ്ങി വീഴല്‍, ശ്വാസ തടസ്സം തോന്നല്‍, നെഞ്ചിടിപ്പ് കൂടല്‍, ബോധക്കേട് പോലെ അനുഭവപ്പെടല്‍ എന്നിവയൊക്കെ വരാം. രോഗിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥ ആണ് ഇത്.

കേസ് സ്റ്റഡി 


Panic attack വന്നു സ്വന്തം ജീവിതം തന്നെ തകിടം മറിഞ്ഞ ഒരു രോഗിയുടെ കഥ മാത്രം ഇതില്‍ ഉള്‍പ്പെടുത്തുന്നു. ഒരു മരമില്ലില്‍ ജോലി ചെയ്തിരുന്ന ആരോഗ്യവാന്‍ ആയ ചെറുപ്പക്കാരന്‍.. കുറെ കാലം കഴിഞ്ഞപ്പോള്‍ തടി പിടിക്കുമ്പോള്‍ അയാള്‍ക്ക് തല കറക്കം, നെഞ്ചിടിപ്പ്, തല വേദന, ശരീരം തളരല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍. എന്നാല്‍ ലീവ് എടുത്തു വീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു കുഴപ്പവും ഇല്ല, ക്രമേണ അയാള്‍ക് ജോലിക്ക് പോവാന്‍ കഴിയാതെ ആയി. മില്ല് ഉടമ അയാളോട് അസുഖം മാറിയ ശേഷമേ തുടര്‍ന്ന് ജോലിക്ക് വരാന്‍ പാടുള്ളൂ എന്നും പറഞ്ഞു. വീട്ടില്‍ പട്ടിണി ആയപ്പോള്‍ ഇയാള്‍ വീട്ടിലെ പാചകം അടക്കം എല്ലാ വീട്ടു കാര്യങ്ങളും ചെയ്തു തുടങ്ങി. ഭാര്യ പുറം ജോലിക്ക് പോയി വീട് നടത്തി കൊണ്ട് പോവാനും. ഇതിനിടെ ഒരു വിധം എല്ലാ ചെക്കപ്പുകളും നടത്തി..ഒന്നിലും ഒരു കുഴപ്പവും ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇദ്ദേഹത്തെ ഞാന്‍ കാണുന്നത്. തനിക്കു ഗുരുതരമായ ആരോഗ്യ പ്രശങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും മാനസികമായ ഒരു അവസ്ഥ മാത്രം ആണ് ഇത് എന്നും ചികിത്സിച്ചു മാറ്റി എടുക്കാവുന്നതെ ഉള്ളു എന്നും അയാളെ മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ തന്നെ ചികിത്സയുടെ പ്രധാന ഘട്ടം കഴിഞ്ഞു. പിന്നീട് കൌന്സിലിങ്ങും മരുന്ന് ചികിത്സയും വഴി അസുഖം നിയന്ത്രിക്കാനും അയാളെ വീണ്ടും മില്ലിലെ പണി എടുക്കാന്‍ പ്രാപ്തനാക്കാനും കഴിഞ്ഞു. പുറം ജോലിക്ക് പോയിരുന്ന ഭാര്യ തിരിച്ചു വീട്ടില്‍ തന്നെ എത്തി.

ചില ആളുകളില്‍ ഇത്തരം അസുഖം ശരീരം ആസകലം ഉള്ള വേദന, തരിപ്പ് കടച്ചില്‍, തല വേദന, വയറു വേദന. ദഹനക്കുറവു തുടങ്ങിയ പ്രശങ്ങള്‍ ഉണ്ടാക്കാം. ഇതാണ് somatization disorders. ഇത്തരം ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ള ചികിത്സകള്‍ ലഭ്യമാവുന്നത് പലപ്പോഴും നിരവധി ഡോക്ടര്‍മാരെ കാണുകയും ഒട്ടനവധി ടെസ്റ്റുകള്‍ ചെയ്ത ശേഷവും ആയിരിക്കും. സൈക്കോ തെരപി യും മരുന്ന് ചികിത്സയും കൊണ്ട് ഇത്തരം അസുഖങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്.നികത്താവാത്ത പ്രശ്നങ്ങളിലും തുടര്‍ച്ചയായി ഉള്ള സംമര്ധങ്ങളിലും ബുദ്ധിമുട്ടുന്ന മനസ് ക്രമേണ Depression അഥവാ വിഷാദ രോഗത്തിലേക്ക് കൂപ്പു കുത്തിയേക്കാം. നേരത്തെ ചര്‍ച്ച ചെയ്ത രോഗങ്ങളെക്കാള്‍ കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നതാണ് വിഷാദ രോഗം. ചികിത്സിക്കാന്‍ ബുദ്ധിമുട്ടും ശരിയായ ചികിത്സ നടത്തിയില്ലെങ്ങില്‍ ആത്മഹത്യ വരെ ചെന്നെതാവുന്നതുമായ അസുഖം. തുടര്‍ച്ചയായി അനുഭവിക്കുന്ന പിരിമുറുക്കങ്ങളും നികതപ്പെടാത്ത നഷ്ടങ്ങളും മാറാ രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും എല്ലാം വിഷാദ രോഗത്തിന് കാരണം ആയേക്കാം. സ്ഥിരമായി ഒന്നിനോടും താല്പര്യം ഇല്ലാതാവുക, സന്തോഷം അനുഭവിക്കാന്‍ കഴിയാതെ വരിക, സ്വന്തം കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും ശ്രദ്ധയും താല്‍പര്യവും കുറഞ്ഞു വരിക, വിശപ്പ്‌ ഇല്ലായ്മയോ അമിതമായി ആഹാരം കഴിക്കാന്‍ തോന്നലോ, താന്‍ ഒന്നിനും കൊള്ളാത്ത ആള്‍ ആണെന്നും തന്നെ കൊണ്ട് ഒന്നും കഴിയില്ല എന്നാ തോന്നല്‍, പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ശരീരം മെലിയുകയോ തടിക്കുകയോ ചെയ്യല്‍, ഉറക്കം ഇല്ലായ്മ, വിട്ടു മാറാത്ത തല വേദന, ദേഹം മുഴുവന്‍ വേദന. ശരീരം ഊര്‍ജം നഷ്ടപ്പെട്ടു തളര്‍ന്ന പോലെ തോന്നല്‍, ഗ്യാസ് ന്‍റെ ബുദ്ധിമുട്ട്, ദഹനക്കുറവു, പുളിച്ചു തികട്ടല്‍, കുറച്ചു ഭക്ഷണം കഴിച്ചാല്‍ തന്നെ വയറു നിറയല്‍, അടിക്കടി വിസര്‍ജ്ജിക്കാന്‍ ഉള്ള തോന്നല്‍ തുടങ്ങിയവ വിഷാദ രോഗികളില്‍ പതിവായി കാണപ്പെടാറുള്ള പ്രശ്നങ്ങള്‍ ആണ്. സെക്സ് നോടുള്ള താല്‍പര്യക്കുറവും ശേഷിക്കുറവും പലരിലും കാണപ്പെടാറുണ്ട്‌. ഇത് വിഷാദ രോഗത്തിന് പുറമേ മേല്‍ പറഞ്ഞ മറ്റു ടെന്‍ഷന്‍ രോഗങ്ങളിലും സാധാരണമാണ് . ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ ചിലരില്‍ ഉടലെടുക്കുകയും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയോ അതില്‍ വിജയിക്കുകയോ ചെയ്യുകയും അപൂര്‍വ്വമല്ല . . നിങ്ങളുടെ ഒരു സുഹൃത്ത്‌ അടിക്കടി അത്തരത്തില്‍ മരണത്തെ കുറിച്ച് പറയുന്നുണ്ടെങ്കില്‍ അതിനെ അതീവ ഗൌരവത്തോടെ എടുത്തേ പറ്റൂ. ശക്തമായ മാനസിക പിന്തുണയും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഇത്തരക്കാരില്‍ അത്യാവശ്യം ആണു. വിഷാദ രോഗത്തിന് ചികിത്സ തുടങ്ങിയാല്‍ പോലും മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ തൊട്ടു ആഴ്ചകള്‍ വരെ വേണ്ടി വന്നേക്കാം. ഈ സമയം രോഗി ആത്മഹത്യ ചെയ്യാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാധ്യത ആണ്.

 പ്രത്യേകം മനസിലാക്കേണ്ട ഒരു കാര്യം 

മേല്പറഞ്ഞ മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളുടെയും പ്രധാന ലക്ഷണങ്ങള്‍ വിവരിച്ചു കഴിഞ്ഞു

എന്നാല്‍ ഇതോടൊപ്പം പ്രത്യേകം മനസിലാക്കേണ്ട ഒരു വസ്തുത ഉണ്ട്. മുകളില്‍ ഞാന്‍ പറഞ്ഞു വച്ച എല്ലാ രോഗ ലക്ഷണങ്ങളും ഗൌരവം അര്‍ഹിക്കുന്ന മറ്റു പല രോഗങ്ങളിലും കാണാവുന്നവയാണ്. പ്രമേഹം, തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധംമായ അസുഖങ്ങള്‍, adrenal ഗ്രന്ധിയുമായി ബന്ധപ്പെട്ട ചില അസുഖങ്ങള്‍, അറ്ബുധങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ മേല്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളോടെ വരാവുന്നതാണ്. അതിനാല്‍ ഇത്തരം അസുഖങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് ടെന്‍ഷന്‍ കൊണ്ടാണെന്ന് സ്വയം വിലയിരുത്താതെ ഒരു ഡോക്ടറെ കണ്ടു ചെക്കപ് നടത്തുകയും അത്യാവശ്യം വേണ്ട ടെസ്റ്റുകള്‍ ചെയ്യുകയും വേണം.

എങ്ങനെ ടെന്‍ഷനില്‍ നിന്നും രക്ഷ നേടാം ??


ഇനി എങ്ങനെ ടെന്‍ഷനില്‍ നിന്നും രക്ഷ നേടാം എന്ന് നോക്കാം. ഓരോരുത്തരും സ്വന്തം നിലനില്‍പ്പിനു വേണ്ടി മറ്റുള്ളവരുമായി മത്സരിക്കുന്ന ഈ ലോകത്ത് ടെന്‍ഷന്‍ ഇല്ലായ്മ ചെയ്യുക എന്നത് വെറും ഒരു സ്വപ്നം മാത്രമായിരിക്കും. അതിനാല്‍ ടെന്‍ഷന്‍ ന്‍റെ തോത് പരമാവധി കുറയ്ക്കാനും ടെന്‍ഷന്‍ നമ്മുടെ ജീവിതത്തെ ബാധിക്കാത്ത തരത്തില്‍ അതുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോവാന്‍ പഠിക്കലും ആണ് കൂടുതല്‍ പ്രായോഗികം . പൊതുവായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഇതെല്ലാം എന്‍റെ കാഴ്ചപ്പാട് മാത്രം ആണ്. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ അങ്ങനെ ആവണം എന്നില്ല. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കു.

1. കുടുംബ ബന്ധങ്ങള്‍ ഭദ്രമായി നില നിര്‍ത്തുക. സ്വന്തം രക്ഷിതാക്കളുമായുള്ള ബന്ധവും ഭാര്യ ഭര്‍തൃ ബന്ധവും അതില്‍ വളരെ പ്രധാനം. കിടപ്പറയിലെ സമാധാനം നഷ്ടപ്പെട്ടാല്‍ മറ്റെന്തും അതിനു പകരമാവില്ല. പിന്നെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മന സാന്നിധ്യം നഷ്ടപ്പെട്ടു അബദ്ധത്തില്‍ ചാടാന്‍ സാധ്യത കൂടുതല്‍ ആണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യട്ടെ. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കട്ടെ. എത്ര തിരക്കാണെങ്കിലും കുറച്ചു സമയം പരസ്പരം മാറ്റി വെക്കുക. കുടുംബവുമായി പുറത്തു പോവാനും ഒന്നിച്ചു ചെലവഴിക്കാനും ആഴ്ചയില്‍ ഏതാനും മണിക്കൂറുകള്‍ മാറ്റി വെക്കുക.


2. നാം എങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കുന്നോ അത് പോലെ തന്നെ ആണ് നമുടെ കുഞ്ഞുങ്ങളും ജീവിക്കാന്‍ പോവുന്നത്. അവര്‍ എന്ത് ചെയ്യണം എന്ന് നാം ആഗ്രഹിക്കുന്നോ അത് നാം ചെയ്തു തന്നെ അവര്‍ക്ക് മുന്നില്‍ മാതൃക കാണിക്കുക. കുടുംബത്തില്‍ ദാരിദ്ര്യവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടെങ്കില്‍ അതിന്റെ ചെറിയ ഒരു അംശം മക്കളും അറിയട്ടെ. ഒരു പ്രശ്നം വരുമ്പോള്‍ അടിമുടി തകര്‍ന്നു ആണ് നമ്മള്‍ അതിനെ നേരിടുന്നതെങ്ങില്‍ സംശയിക്കണ്ട, അതിലും ചെറിയ പ്രശ്നങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ തകര്‍ത്തു കളയും. വീടിന്റെ നാല് ചുമരുകളിലും സ്കൂള്‍ ക്ലാസ് റൂമിലും മാത്രം ഒതുക്കി നിര്‍ത്താതെ അവരെ പുറം ലോകം കാണിക്കുക. ചുറ്റും നടക്കുന്ന പ്രശ്നങ്ങള്‍ അവര്‍ മനസിലാക്കട്ടെ. തങ്ങളേക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നവര്‍ ലോകത്ത് ഉണ്ടെന്നു മനസിലാക്കിയാല്‍ ചെറിയ പ്രശ്നങ്ങളില്‍ അവര്‍ തകര്‍ന്നു പോവില്ല.



3. ചെറിയ ക്ലാസ്സുകളില്‍ കിട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഏതാനും മാര്‍ക്കുകള്‍ / അന്ഗീകാരങ്ങള്‍ ഒരു തരത്തിലും നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നവ ആയിരിക്കില്ല. അതൊരു ഭൂലോക പ്രശ്നം അല്ല എന്നും, നഷ്ടപ്പെട്ടവ നേടി എടുക്കാവുന്നതെ ഉള്ളൂ എന്നും എല്ലാ തൊഴിലുകള്‍ക്കും അതിന്‍റെതായ മാന്യത ഉണ്ടെന്നും നാം എത്തിപ്പെടുന്ന മേഖലയില്‍ കാണിക്കുന്ന ആത്മാര്‍ഥതയും അര്‍പ്പണ ബോധവും ആണ് വിജയത്തിന്‍റെ അടിത്തറ എന്നും കുട്ടികളെ പറഞ്ഞു മനസിലാക്കാം.


4. സ്വന്തം ജോലിയില്‍ പരമാവധി ആത്മാര്‍ഥതയും സമയ നിഷ്ഠയും പാലിക്കുക.



5. ഈഗോ ഒഴിവാക്കി വിനയത്തോടെ ജീവിക്കുക.



6. ഏതെങ്കിലും തരത്തില്‍ ഉള്ള പരിഹാരങ്ങള്‍ ഇല്ലാത്ത പ്രശങ്ങള്‍ കുറവാണെന്ന് മനസിലാക്കുക. വീഴ്ച പറ്റുന്നതല്ല, വീണിടത്ത് നിന്ന് എഴുന്നെല്‍ക്കാത്തത് ആണ് പരാജയം എന്ന് ഓര്‍ക്കുക.



7. പ്രശ്നങ്ങള്‍ വിശ്വസ്തരായ ആരെങ്കിലുമായി പങ്കു വെക്കുക.



8. മരണം പോലെയുള്ള നികത്താനാവാത്ത നഷ്ടങ്ങളില്‍ ജീവിതം ഹോമിച്ചു കളയാതിരിക്കുക . പ്രിയപ്പെട്ടവര്‍ മരിച്ചാലും നാം മരിക്കുന്നത് വരെ ജീവിക്കണമല്ലോ, അപ്പോള്‍ മരിച്ചു ജീവിക്കാതെ ജീവനോടെ തന്നെ ജീവിക്കുക. മരണം എല്ലാവരും രുചിക്കാനുള്ളത് തന്നെ എന്ന് ഓര്‍ത്തു സമാധാനിക്കുക.



9.എല്ലാവരെയും സ്നേഹിക്കുക. നമുക്ക് ആവശ്യമുള്ളപ്പോള്‍ ആരെങ്ങിലും അത് തിരിച്ചു തരാതിരിക്കില്ല. മറ്റുള്ളവരില്‍ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതിരിക്കുക .

10. ജീവിതത്തില്‍ എന്നും തിരിച്ചടികള്‍ മാത്രം ആയിരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുക.


11. ദൈവ വിശ്വാസം ടെന്ഷനുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ഉത്തമ വഴി ആണ്. ഒരു വിശ്വാസിക്ക് മുന്നില്‍ ഭൌതികമായ എല്ലാ വഴികളും അടഞ്ഞാലും ദൈവം രക്ഷിക്കാന്‍ ഉണ്ട് എന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കും. ജീവിതത്തില്‍ ആശ്രയം ഇല്ലാത്തവനായി നിരാശയിലേക്കും വിഷാദ രോഗത്തിലേക്കും വീണു പോവാതെ ഈ വിശ്വാസം ഒരാളെ രക്ഷിച്ചേക്കാം. എന്നാല്‍ ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൌതികമായ വഴികള്‍ അടഞ്ഞാല്‍ പിന്നെ വേറെ ഒരു ആശ്രയം ഇല്ല. സ്വാഭാവികമായും മാനസിക സമ്മര്‍ദം ഇത്തരക്കാരില്‍ കൂടുതല്‍ ആയിരിക്കും.



12. ആവശ്യത്തിലേറെ ഉള്ള ഒഴിവു സമയം ടെന്‍ഷന്‍ രോഗികള്‍ക്ക് ഗുണകരം അല്ല. മോശം ചിന്തകളില്‍ മനസ് മേഞ്ഞു നടക്കാന്‍ അത് കാരണമായേക്കാം. അതിനാല്‍ ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ ഉതകുന്ന വായന, എഴുത്ത്, വര, ഫോട്ടോഗ്രഫി തുടങ്ങി ഏതെങ്കിലും ഒരു ഹോബി കണ്ടെത്തുന്നത് വളരെ നല്ലതാണ്


13 എല്ലാ തരം വ്യായാമങ്ങളും പൊതുവേ മാനസിക പിരിമുറുക്കം കുറക്കാന്‍ സഹായകമാണ്. ടെന്‍ഷന്‍ കുറക്കാന്‍ യോഗ ചെയ്യുന്ന ആളുകള്‍ നമുക്കിടയില്‍ ധാരാളം ഉണ്ട്.

പലപ്പോഴും ടെന്‍ഷന്‍ ആളുകള്‍ പ്രാധാന്യം കൊടുക്കാതെ തള്ളി കളയുന്നു. എന്നാല്‍ ഒട്ടു മിക്ക അസുഖങ്ങളുടെയും പ്രതേകിച്ചു പ്രമേഹവും രക്ത സമ്മര്‍ദവും തീവ്രത വര്‍ദ്ധിക്കാന്‍ ടെന്‍ഷന്‍ കാരണമാവാറുണ്ട്. ഉറക്കം ഇല്ലായ്മ മറവി, പകല്‍ സമയത്ത് ഉന്മേഷക്കുറവു, ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരിക തുടങ്ങി നിരവധി പ്രശങ്ങള്‍ക്ക് വഴി വെച്ചേക്കാം. വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തിയെക്കാം.. ജോലി സ്ഥിരതയും നഷ്ടപ്പെട്ടേക്കാം. ടെന്ഷന് കഴിക്കുന്ന മരുന്നുകള്‍ ഉറക്ക് ഗുളികകള്‍ ആണെന്നും അതിനോട് Addiction വരുമെന്നും നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതാണെന്നും പൊതുവേ ഒരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. മെഡിക്കല്‍ ഷോപ്പിലെ ആളുകള്‍ പറയുന്ന മണ്ടത്തരങ്ങളില്‍ വീണു പോവാതെ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കുക. ടെന്‍ഷന്‍ കുറക്കാനുള്ള മരുന്നുകളില്‍ ചിലത്ടെ ഉറക്കം കൂട്ടും എന്നത്ന്‍ സത്യം ആണ്. എന്നാല്‍ അത് ഒരു പാര്‍ശ്വ ഫലം അല്ല. നല്ല ഉറക്കം ഇത്തരം അസുഖങ്ങള്‍ കുറയാന്‍ അത്യാവശ്യമാണ്. ഉറക്ക് ഗുളിക ഒരു ശീലം ആയി പോവുമോ എന്നാണ് പലരുടെയും പേടി.എന്നാല്‍ ഉറക്ക് ഗുളിഗയെ കുറിച്ചുള്ള ആശങ്കകളെക്കാള്‍ നമ്മള്‍ പേടിക്കേണ്ടത് ഉറക്കം ഇല്ലായ്മ കൊണ്ട് വരാവുന്ന പലതരം അസുഖങ്ങളെയാണ് . ടെന്‍ഷന്‍ നിങ്ങളെ ബാധിക്കുന്നു എന്ന് മനസിലാക്കിയാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

ഈ കുറിപ്പിന്‍റെ നീളം കുറക്കേണ്ടത് കൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു. നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ് ആയി ഇടാവുന്നതാണ്. എല്ലാ സംശയങ്ങള്‍ക്കും എന്‍റെ സമയത്തിനനുസരിച്ച് മറുപടി തരുന്നതാണ്. എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു



Thank you for being here

0 അഭിപ്രായ(ങ്ങള്‍)