തമിഴ് പേശും മലേഷ്യ :
എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് മലേഷ്യൻ നമ്പറിൽ നിന്ന് ഒരു വോയ്സ് മെസ്സേജ് വരുന്നത്. ടൂർ ഓപ്പറേറ്ററുടെ മെസേജാണ്. ഇംഗ്ളീഷ് പ്രതീക്ഷിച്ച് തുറന്നു നോക്കിയപ്പോൾ, "സാറേ.. നമസ്കാരം... ഞാൻ സുബ്ര".. നല്ല ഒന്നാംതരം മലയാളം.. കോലാലമ്പൂർ എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാനെത്തിയ ആളുടെ പേര് സുൽഫിക്കർ പ്രകാശ്. മലേഷ്യക്കാരനാണ്. മലേഷ്യൻ തമിഴൻ എന്ന് പറയാം. നന്നായി തമിഴ് സംസാരിക്കും. ഒരു വിധം ഇംഗ്ളീഷിൽ ആശയ വിനിമയം നടത്താനും അയാൾക്ക് കഴിയുന്നുണ്ടായിരുന്നു. മിനി വാനിൽ ഒരു FM ചാനലൂടെ ഒഴുകി വന്ന മ്യൂസിക് വളരെ പരിചിതമായി തോന്നി. സെക്കന്റുകൾക്കുള്ളിൽ പാട്ട് പിടികിട്ടി. "രാജ രാജ ചോഴൻ നാൻ"..
ങേ. മലേഷ്യയി ൽ തമിഴ് FM, തമിഴ് പാട്ട്, മലയാളം വോയിസ് മെസ്സേജുകൾ. ഗഫൂർക്ക ദോസ്ത് പണ്ട് ദാസ- വിജയന്മാരെ മദ്രാസിൽ ഇറക്കി വിട്ടത് പോലെ വല്ലതും...? ശ്ശേ. എയർ ഏഷ്യയെക്കുറിച്ച് അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല.
തമാശ മാറ്റി നിർത്തിയാൽ സംഗതി സത്യമാണ്. മലേഷ്യൻ ജനസംഘ്യയുടെ 6% തമിഴ് വംശജരാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ശ്രീലങ്കയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിൽ മലേഷ്യയിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാരാണിവർ. ബ്രിട്ടീഷ് ഭരണ കാലത്ത് തോട്ടം തൊഴിലാളികളായി വന്നവർ. മലേഷ്യയുടെ വികസനത്തിൽ അവർ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് ഏതാണ്ട് 24 ലക്ഷത്തോളം തമിഴർ മലേഷ്യയിലുണ്ട്. 500 ലേറെ തമിഴ് വിദ്യാലയങ്ങളും.
റോഡിലെ തിരക്കിൻറെ കാര്യമൊഴിച്ചാൽ കോലാലമ്പൂർ എയർ പോർട്ടും അവിടെ നിന്ന് സിറ്റിയിലേക്കുള്ള വഴിയും 2013 ൽ കണ്ടതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും വന്നതായി തോന്നിയില്ല. 2013 ൽ റോഡിൽ kia കാറുകൾ ധാരാളം ഉണ്ടായിരുന്നു. Kia എന്നൊരു ബ്രാൻഡ് ഞാൻ ആദ്യമായി കാണുന്നത് മലേഷ്യയിൽ നിന്നാണ്. എന്നാൽ 2024 ൽ kia റോഡിൽ നിന്നും പൂർണ്ണമായി അപ്രത്യക്ഷമായെന്ന് തോന്നുന്നു. ഇപ്പോൾ മലേഷ്യൻ ബ്രാൻഡായ പെരോഡുവയാണ് കാർ വിപണി കുത്തകയാക്കി വെച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തു മലേഷ്യയുടെ തന്നെ പ്രോട്ടോൺ. CAM എന്ന മറ്റൊരു ബ്രാൻഡ് കൂടി കണക്കിലെടുത്താൽ മൊത്തം വിപണിയുടെ 80% വും മലേഷ്യ തന്നെ കയ്യടക്കി.
പുറപ്പെടും മുമ്പ് ഒരു നിമിഷം...
പണ്ട് തൊട്ടേ കേരളത്തിൽ നിന്നും വളരെ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഈയിടെ ഇന്ത്യക്കാർക്ക് വിസ ഫ്രീ എൻട്രി കൂടി അനുവദിച്ചതോടെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ചും മലയാളികളുടെ തള്ളിക്കയറ്റമാണ് മലേഷ്യയിലേക്ക്. സോഷ്യൽ മീഡിയ തുറന്നാൽ കാണുന്നത് മുഴുവൻ മലേഷ്യ ഫോട്ടോകളാണ്. വലിയ ഗ്രൂപ്പുകളായി ടൂർ പാക്കേജിൽ വരുന്നവരാണ് അധികവും. നാട്ടിലെ ടൂർ ഓപ്പറേറ്റർമാർ ഇവിടത്തെ കമ്പനികൾക്ക് സബ് കോൺട്രാക്ട് കൊടുക്കുകയാണ് ചെയ്യുക. 12-16 ആളുകളെ ഉൾകൊള്ളുന്ന മിനി വാനുകളിലോ 40-50 പേരെ കൊള്ളുന്ന വലിയ ബസ്സുകളിലോ ആയിരിക്കും ഇത്തരം ടൂറുകൾ. കുട്ടികൾ ഉൾപ്പെടുന്ന വലിയ ഗ്രൂപ്പായി പോകുന്നവർക്ക് അതൊരു സൗകര്യമാണ്. പക്ഷേ ഒട്ടുമിക്ക ട്രിപ്പുകളിലും ഡ്രൈവർമാർ തന്നെയായിരിക്കും ഗൈഡുകൾ. അവർക്ക് വാഹനം ഓടിക്കാൻ അറിയാം എന്നതിലപ്പുറം ഈ തൊഴിലിനോട് താല്പര്യമോ ആത്മാർഥതയോ കാണാണമെന്നില്ല. ഓരോ സ്ഥലങ്ങളിൽ ഇറക്കി വിട്ട ശേഷം 40 മിനിറ്റ് തൊട്ട് 2 മണിക്കൂർ സമയം തരും. അതിനുള്ളിൽ നമ്മൾ പരിപാടിയെല്ലാം കഴിഞ്ഞു തിരിച്ചെത്തണം. സമയത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമുണ്ടാകില്ല. മൊത്തത്തിൽ ഓരോട്ടപ്രദക്ഷിണം മാത്രമേ നടക്കൂ. കാര്യമായി ആസ്വദിച്ചു കാണാൻ കഴിയില്ല.
ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം മലേഷ്യയിലെ ആതിഥ്യമര്യാദയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഹോട്ടൽ സ്റ്റാഫുകളും ഡ്രൈവർമാരും എയർ പോർട്ടിലെ ജീവനക്കാരുമൊന്നും അത്ര തന്നെ ഫ്രണ്ട്ലി അല്ല. നിങ്ങൾ ഇല്ലെങ്കിലും ഞങ്ങൾക്ക് വേറെ ആളുകൾ ഉണ്ടെന്ന ഭാവം. ധാരാളം സന്ദർശകരും നല്ല ബിസിനസ്സും. അതാണ് കാര്യം. സാമ്പത്തികമായി അൽപ്പം ബുദ്ധിമുട്ട് വന്നാലേ ജനങ്ങൾക്ക് വിനയം ഉണ്ടാകൂ എന്നതാണ് വാസ്തവം. ചെക്ക് ഔട്ട് സമയത്ത് ഞങ്ങൾ താമസിച്ച ഹോട്ടൽ മാനേജറോട് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
സമപ്രായക്കാരുടെ ചെറിയ ഗ്രൂപ്പാണെങ്കിൽ മലേഷ്യയിലെ വിപുലമായ പബ്ലിക് ട്രാൻസ്പോർട് സിസ്റ്റം ഉപയോഗപ്പെടുത്തി യാത്ര ചെയ്യുകയാണ് ഏറ്റവും നല്ലത്. പണം ലാഭിക്കുകയും ഡ്രൈവർമാരുടെ ദുർമുഖം കാണാതിരിക്കുകയും ചെയ്യാം. ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാം എന്നതാണ് ഏറ്റവും പ്രധാനം ഗുണം. ലൈറ്റ് റാപിഡ് ട്രാൻസ്പോർട് ( LRT), മാസ് റാപിഡ് ട്രാൻസ്പോർട് (MRT), ഹോപ് ഓൺ ഹോപ് ഓപ്പൺ ഡബിൾ ഡക്കർ ബസ്, മോണോ റെയിൽ തുടങ്ങി നിരവധി യാത്രാ മാർഗങ്ങളുണ്ട് മലേഷ്യയിൽ. ഏതെങ്കിലും ഒരു LRT ക്ക് സമീപം താമസം ഏർപ്പാടാക്കിയാൽ സംഗതി എളുപ്പമാണ്. കോലാലമ്പൂർ സിറ്റിയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ സ്വന്തം സമയക്രമത്തിൽ യഥേഷ്ടം കാണാൻ ഏറ്റവും നല്ലത് ഹോപ് ഓൺ ഹോപ് ഓപ്പൺ ബസ് സർവീസ് ഉപയോഗപ്പെടുത്തുന്നതാണ്. 24 മണിക്കൂർ, 48 മണിക്കൂർ, സിംഗിൾ, ഫാമിലി തുടങ്ങി വിവിധയിനം പാസ്സുകൾ ലഭ്യമാണ്. കോലാലമ്പൂർ സിറ്റിയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളെല്ലാം ഈ ബസ് റൂട്ട് കവർ ചെയ്യുന്നുണ്ട്. ഓരോരോ സ്റ്റോപ്പിലായി ഇറങ്ങി യഥേഷ്ടം ചുറ്റിക്കറങ്ങി അടുത്ത ബസ്സിൽ കയറി അടുത്ത സ്പോട്ടിലേക്കു പോകാം. മുകളിലത്തെ തുറന്ന നിലയിലെ യാത്ര ആവേശകരമായിരിക്കും.
മണി എക്സ്ചേഞ്ച് എന്ന പൊല്ലാപ്പ്...
ഇത്തവണ മലേഷ്യൻ യാത്രയ്ക്കായി കാര്യമായി ഒരുക്കങ്ങളൊന്നും നടത്തിയില്ല. ആകെ ചെയ്ത കാര്യം ഒരു പ്രീപെയ്ഡ് ട്രാവൽ കാർഡ് സംഘടിപ്പിക്കലായിരുന്നു. മണി എക്സ്ചേഞ്ച് എന്ന മിനക്കെട് ഒഴിവാക്കാം. മാറ്റിയ കറൻസി തീരുമോ എന്ന പേടിയിൽ പിശുക്കേണ്ടതില്ല. തിരിച്ചു വരുമ്പോൾ വീണ്ടും മണി എക്സ്ചേഞ്ച് ചെയ്യാൻ നിൽക്കുകയും വേണ്ട. മാറിക്കിട്ടാത്ത നാണയങ്ങൾ വീട്ടിലേക്കു ചുമന്നു കൊണ്ടു വരേണ്ട. കാർഡിൽ ലോഡ് ചെയ്ത കറൻസി തീർന്നാൽ ബാങ്ക് ആപ്പ് വഴി ടോപ് അപ്പ് ചെയ്യാം. നാട്ടിൽ പല ബാങ്കുകളും ഫോറെക്സ് ട്രാവൽ കാർഡ് കൊടുക്കുന്നുണ്ട്. NRI കൾക്ക് നാട്ടിൽ ട്രാവൽ കാർഡ് ലഭ്യമല്ലാത്തതിനാൽ ഒമാനിലെ NBO ബാങ്കിന്റെ ബദീൽ കാർഡാണ് ഞാൻ ഉപയോഗിച്ചത്. ഒറ്റ റിങ്കിറ്റ് പോലും കൈയിൽ ഇല്ലാതെയാണ് മലേഷ്യയിൽ ചെന്നിറങ്ങിയത്. കാർഡ് എല്ലായിടത്തും എടുക്കാതെ പ്രശ്നം നേരിടുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു. പക്ഷേ എയർ ഏഷ്യ വിമാനത്തിൽ ഒഴികെ ബാക്കി എല്ലായിടത്തും കാർഡ് സ്വീകരിച്ചു.
വീട്ടിൽ നിന്നും ഉച്ചയ്ക്ക് തുടങ്ങിയ യാത്ര പിറ്റേന്ന് രാവിലെ 6.30 ന് കോലാലമ്പൂർ എയർപോർട്ടിലാണ് അവസാനിക്കുന്നത്. എല്ലാവരും എത്രകണ്ടു ക്ഷീണിച്ചിരിക്കുമെന്നു ഊഹിക്കാമല്ലോ. എമിഗ്രേഷൻ നടപടികൾ കഴിഞ്ഞു താഴത്തെ നിലയിലെ തമിഴ് ഹോട്ടലിലെ രുചികരമായ ഭക്ഷണം കഴിച്ചു ചെറുതായൊന്നു ഫ്രഷ് ആയപ്പോഴേക്കും കൃത്യസമയത്ത് ഞങ്ങളെ കൂട്ടാൻ സുൽഫിക്കർ പ്രകാശെത്തി. നേരെ പോയത് മലേഷ്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പുത്രജയയിലേക്ക്. മലേഷ്യയുടെ ഔദ്യോഗിക തലസ്ഥാനം കോലാലമ്പൂരാണെങ്കിലും ഭരണ സിരാകേന്ദ്രം പുത്രജയയാണ്. മലേഷ്യൻ ഫെഡറൽ ഗവണ്മെന്റിന്റെ പ്രധാന ഓഫീസുകളെല്ലാം കോലാലമ്പൂരിൽ നിന്നും ഘട്ടം ഘട്ടമായി പുത്രജയയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
വെയിലിനു സാമാന്യം നല്ല ചൂടുണ്ടായിരുന്നു. തലേന്നത്തെ യാത്രാക്ഷീണം കൂടിയായപ്പോൾ എല്ലാവരും തളർന്നിരുന്നു. 40 മിനിറ്റ് മാത്രമാണ് അവിടെ ചിലവഴിക്കാൻ അനുവദിക്കപ്പെട്ടത്. പുത്രജയ പള്ളി കാണാൻ തന്നെ അത്രയും സമയം വേണം. കൂടുതൽ സമയം അനുവദിച്ചു തരാൻ സുൽഫിക്കർ പ്രകാശ് തയ്യാറായിരുന്നില്ല.
മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന തുംകു അബ്ദുറഹിമാൻ പുത്ര അൽ ഹജ്ജിന്റെ പേരാണ് 1997 ൽ നിർമ്മാണം തുടങ്ങിയ ഈ പള്ളിക്കു കൊടുത്തിരിക്കുന്നത്. തനതു മലയ ശില്പവിദ്യയോടൊപ്പം മിഡിൽ ഈസ്റ്റിലെ പള്ളികളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് പിങ്ക് മോസ്ക് എന്നറിയപ്പെടുന്ന ഈ പള്ളിയുടെ നിർമ്മിതി. പക്ഷേ ഒമാനിലെയും uae യിലേയും തുർക്കിയിലെയും പള്ളികളുടെ ഭംഗി പുത്രജയ പള്ളിക്ക് ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ തവണ ചെന്നപ്പോൾ പുറത്ത് ധാരാളം പൂച്ചെടികൾ ഉണ്ടായിരുന്നത് ഇത്തവണ കാണാൻ കഴിഞ്ഞില്ല.
കഴിഞ്ഞ വർഷം ഇതേ സമയം ഞങ്ങൾ തുർക്കിയിലെ ഏറ്റവും തിരക്കേറിയ ഇഷ്തിക് ലാൽ സ്ട്രീറ്റ് സന്ദർശിച്ചിരുന്നു. ഏതാണ്ട് അതുപോലെയുള്ള കോലാലമ്പൂരിലെ ഒരു സ്ട്രീറ്റാണ് ബുകിത് ബിൻതാങ്ങ്. വൈവിദ്ധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ തെരുവിന് ഇരുവശത്തുമുള്ള ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും നമ്മെ മാടി വിളിക്കും. ആയിരക്കണക്കിനാളുകൾ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നത് കാണാം. മലേഷ്യൻ ചക്കയായ ദുരിയനുൾപ്പെടെ കണ്ടതും കാണാത്തവയുമായ നിരവധിയിനം ഫ്രൂട്സും ഇവിടെ സുലഭമാണ്. ദുരിയന് നമ്മുടെ ചക്കയെക്കാൾ സുഗന്ധമുണ്ട്. ബുകിത് ബിൻതാങ്ങ് മുഴുവനും ദുരിയന്റെയും വിവിധയിനം sea foods ന്റേയും മണമാണ്. നീരാളിയെ പോലെ തോന്നിക്കുന്ന ഒരു ഐറ്റം പൊരിച്ചു വെച്ചിട്ടുണ്ട്. Squid എന്നാണ് എഴുതി വെച്ചിരിക്കുന്നത്.. ശരിക്കും ഏതെങ്കിലും കൂന്തൾ വർഗ്ഗമാണോ നീരാളിയാണോ എന്നറിയില്ല.
ഇതാണ് മലേഷ്യയുടെ മുഖമുദ്രയായ ദുരിയൻ
സീ ഫുഡ് വെറൈറ്റി ഇല്ലെന്നു ആരും പറയില്ല
നിറങ്ങളുടെയും രുചിയുടെയും സംസ്ഥാന സമ്മേളനം
തിരക്കോടു തിരക്ക്
ഭക്തിയും അൽപ്പം സാഹസികതയും:
മലേഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് സിറ്റിയിൽ നിന്നും 13 km അകലെ മലമുകളിൽ ബാട്ടു കേവ്സ് എന്ന ലൈം സ്റ്റോൺ ഗുഹയിൽ സ്ഥിതി ചെയ്യുന്ന അമ്പലവും താഴെ 140 അടി ഉയരത്തിൽ നിർമ്മിച്ച മുരുകന്റെ കോൺക്രീറ്റ് പ്രതിമയും. 1878 വരെ തദ്ദേശ വാസികൾക്ക് മാത്രം പരിചിതമായ ഈ ഗുഹ, വില്യം ടെംപിൾ എന്ന അമേരിക്കൻ പര്യവേഷകനാണ് പുറം ലോകത്തിനു പരിചയപ്പെടുത്തിയത്. 13 വർഷങ്ങൾക്കു ശേഷം തംബു സ്വാമി എന്നൊരു തമിഴ് വംശജൻ ഇവിടെ ഒരു അമ്പലം നിർമ്മിച്ചു. താഴെ നിന്ന് 272 പടികൾ കയറി വേണം ഗുഹയിലെ അമ്പലത്തിലെത്താൻ. ദിവസേന ആറായിരത്തോളം ആളുകൾ ബാട്ടു കേവ്സ് സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. അമ്പലത്തിൽ ജാതി മത ഭേദമന്യേ ആർക്കും കയറാം. മതത്തിന്റെ പേരിലുള്ള വിവേചനം ഒരു കാരണവശാലും മലേഷ്യയിൽ അനുവദിക്കില്ലെന്നു ഗൈഡ് പ്രത്യേകം പറയുന്നുണ്ടായിരുന്നു. എല്ലാവർക്കും സ്വന്തം വിശ്വാസങ്ങൾ മുറുകെ പിടിക്കാനും അതനുസരിച്ചു മനസ്സമാധാനത്തോടെ ജീവിക്കാനും മലേഷ്യയിൽ അവകാശമുണ്ട്. ആ അവകാശം വെറും പേപ്പറിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലുമുണ്ട്. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും കുടിയേറിയ ഹിന്ദുക്കളെ മലയ് മുസ്ലിങ്ങൾ കല്യാണം കഴിക്കാറുണ്ട്. ഇരു കുടുംബങ്ങളും പിന്നീട് ഒരു കുടുംബം പോലെ കഴിയും. സുൽഫിക്കർ പ്രകാശാണ് ഇക്കാര്യം പറഞ്ഞത്. ആയാളുടെ അമ്മയുടെ കുടുംബം ഹിന്ദുവും അച്ഛന്റെ കുടുംബം മുസ്ലിംമുമാണ്.
ഗുഹയ്ക്കുള്ളിലെ ക്ഷേത്രം
മുരുകൻ പ്രതിമയ്ക്കടുത്ത് താഴെ സ്ഥിചെയ്യുന്ന ക്ഷേത്രത്തിലെ കൊത്തുപണികൾ
ഉയരങ്ങൾ കീഴടക്കാൻ കേബിൾ കാർ:
മലേഷ്യയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗന്റിങ് ഹൈലാൻഡ്സ്. പേര് സൂചിപ്പിക്കുന്നത് പോലെ സാമുദ്ര നിരപ്പിൽ നിന്നും..5905... അടി ഉയരയത്തിൽ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് ഗന്റിങ്. ഒരു ഹൈഡ്രോ ഇലക്ട്രോളിക് പ്രോജക്ടിന്റെ ആവശ്യത്തിനായി 1965ൽ ഗന്റിങ് സന്ദർശിച്ച ഒരു മലേഷ്യൻ ബിസിനസുകാരനാണ് ഗന്റിങ്ങിന്റെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി, ആ പ്രോജക്ടിനു തുടക്കമിട്ടത്. മലമുകളിലേക്ക് റോഡ് വെട്ടിക്കൊണ്ട് 1965ൽ തന്നെ പണികൾ ആരംഭിച്ചു. ആദ്യമായി മുകളിൽ ഒരു റിസോർട് പണിതു. പിന്നീട് തീം പാർക്കുകളും വിവിധയിനം ഭക്ഷണ ശാലകളും കസിനോയും മറ്റു റിസോർട്ടുകളും നിലവിൽ വന്നു. ഏതാണ്ട് പാതി വഴിയിൽ നിന്നും മുകളിലേക്കെത്താൻ ഒരു കേബിൾ കാർ സർവീസുണ്ട്.
ഏകദേശം 13 മിനിറ്റ് ദൈർഘ്യമുള്ള ഈ കേബിൾ കാർ യാത്ര ഒരിക്കലും മറക്കാത്ത ഒരനുഭവമാണ്. മുകളിലേക്ക് ചെല്ലും തോറും കനത്ത മൂടൽ മഞ്ഞിലൂടെയാണ് കേബിൾ കാർ കടന്നു പോകുന്നത്. തണുത്ത കാറ്റുള്ള കുളിർമ്മയേറിയ കാലാവസ്ഥയാണ് മുകളിൽ. പാതി വഴിയിൽ കേബിൾ കാറിനു ഒരു സ്റ്റോപ്പുണ്ട്. അവിടെയുള്ള പുരാതന ചൈനീസ് ടെമ്പിളാണ് ശരിക്കും മനം കവർന്നത്. ചൈനീസ് അമ്പലങ്ങളുടെ സ്വതസിദ്ധമായ ഭംഗി, കോടമഞ്ഞും പച്ചപ്പും നിറഞ്ഞ പ്രകൃതിയിൽ പതിൻമടങ്ങ് വർധിച്ചത് പോലെ.
ഗെന്റിങ്ങിലെ വൈവിധ്യമാർന്ന ഭക്ഷണം തീർച്ചയായും രുചിച്ചു നോക്കേണ്ടതാണ്
മെലാക്ക - ചരിത്രമുറങ്ങുന്ന ഓറഞ്ച് നിറമുള്ള സിറ്റി.
കോലാലമ്പൂരിൽ നിന്നും 2 മണിക്കൂർ തിരക്കേറിയ ട്രാഫിക്കിലൂടെ യാത്ര ചെയ്താൽ പടിഞ്ഞാറൻ മലേഷ്യയിലെ തുറമുഖ നഗരമായ മെലാക്കയിലെത്താം. വീതി കുറഞ്ഞ മെലാക്ക നദിയുടെ ഇരുപുറവുമായി സ്ഥിതിചെയ്യുന്ന മനോഹരമായ സിറ്റിയാണ് മെലാക്ക. 1400 മുതൽക്കുള്ള ചരിത്രം അവകാശപ്പെടാനുണ്ട് മെലാക്കയ്ക്ക്. തുമാസിക് ( പഴയ സിങ്കപ്പൂർ ) സാമ്രാജ്യത്തിന്റെ അധിപനായിരുന്ന പരമേശ്വര, 1400 കളിൽ ശത്രുക്കളിൽ നിന്നും പലായനം ചെയ്യവെ കണ്ടെത്തിയ ഒരു ചെറിയ മുക്കുവ ഗ്രാമമായിരുന്നു മെലാക്ക. അദ്ദേഹം ചൈനീസ് സഹായത്തോടെ അത് മലയ് സാമ്രാജ്യമായി വളർത്തിയെടുത്തു. കാലക്രമേണ മെലാക്ക ഒരു തുറമുഖ നഗരമായി മാറി. 1511 ൽ പോർച്ചുഗീസുകാർ മെലാക്ക പിടിച്ചടക്കിയതോടെ മലയ് സാമ്രാജ്യത്തിനു തിരശീല വീണു. മേലാക്കയുടെ വിപുലമായ വ്യാപര സാധ്യതകൾ മനസ്സിലാക്കിയ പോർച്ചുഗീസുകകാർ മെലാക്കയെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാന തുറമുഖ നഗരമാക്കി മാറ്റി. എന്നാൽ 1824 ൽ മെലാക്കയും സമീപ പ്രദേശമായ പെനാങ്ങും 1926 ൽ തൊട്ടടുത്ത സിഗപ്പൂരും ബ്രിട്ടീഷ് നിയന്ത്രണത്തിലായി.
മെലാക്കയിലെ ഇന്നത്തെ താമസക്കാർ അധികവും ചൈനീസ് വംശജരാണെങ്കിലും അവിടത്തെ നിർമ്മിതികളിൽ ചൈനീസിന് പുറമെ പോർച്ചുഗീസുകാരുടേയും ബ്രിട്ടീഷുകാരുടെയും നിർണ്ണായക സ്വാധീനം വ്യക്തമായി കാണാൻ കഴിയും. മെലാക്കയിൽ ഏറ്റവും തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടം പോർച്ചുഗീസുകാർ നിർമ്മിച്ച പഴയ ചർച്ചാണ്.
ഓറഞ്ചു നിറത്തിലുള്ള കെട്ടിടങ്ങളാണ് മേലാക്കയുടെ മുഖമുദ്ര. നദിയുടെ മറുകരയിലെ കെട്ടിടങ്ങൾക്കു ബഹു നിറങ്ങളാണ്. മെലാക്ക നദിയുടെ ഇരുവശവുമുള്ള കാഴ്ചകൾ ആസ്വദിക്കാനായി ബോട്ട് യാത്രയാകാം.
മെലാക്കൻ റിവർ ക്രൂയിസിലെ കാഴ്ചകൾ
മെലാക്കയിലേക്ക് പോകുന്ന വഴിയുടെ ഇരു വശങ്ങളിലുമുള്ള കുന്നുകൾ മുഴുവൻ എണ്ണപ്പനയും റബ്ബറും സമൃതമായി കൃഷി ചെയ്തിരിക്കുന്നത് കാണാം. മലേഷ്യയുടെ പ്രധാന വരുമാനമാണ് പാമോയിലും റബ്ബറും. മെലാക്കയിലും റബ്ബർ തന്നെ പ്രധാന കൃഷി വരുമാനം. കൂടാതെ വിവിധയിനം പഴവർഗ്ഗങ്ങളും മെലാക്കയിൽ കൃഷി ചെയ്യപ്പെടുന്നു. 2008 ൽ മെലാക്ക UNESCO യുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചു.
റെക്കോർഡുകൾ, അവ തകർക്കപ്പെടാനുള്ളതാണ് :
മലേഷ്യയുടെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ പെട്രോണാസ് നിർമ്മിച്ച 88 നിലകളുള്ള ട്വിൻ ടവറായിരുന്നു 2004 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. 1993 - 96 ആയിരുന്നു അതിന്റെ നിർമ്മാണ കാലഘട്ടം. റീഇൻഫോഴ്സ്ഡ് കോൺക്രീറ്റും സ്റ്റീലും ഗ്ലാസും ഉപയോഗിച്ചാണ് 1483 അടി ഉയരത്തിൽ ഒരു അർജന്റീനൻ - അമേരിക്കൻ എഞ്ചിനീയർ ഈ കെട്ടിടം നിർമ്മിച്ചത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കെട്ടിടത്തിന്റെ ബലം പരിശോധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ചു ഒരു നില ബലപരിശോധനയിൽ പരാജയപ്പെട്ടതോടെ അത് പൂർണ്ണമായും പൊളിച്ചു പണിതു. അത്രയേറെ സൂക്ഷ്മതയോടെയായിരുന്നു നിർമ്മാണം.
എല്ലാ ലോക റെക്കോർഡുകളും ഒരിക്കൽ തകരാനുള്ളതാണല്ലോ..2004 ൽ തായ്പേയ് ടവർ വന്നതോടെ പെട്രോണാസിന്റെ റെക്കോർഡ് തകർന്നു. കാലക്രമേണ മലേഷ്യയിൽ തന്നെ അതിനേക്കാൾ ഉയരമുള്ള കെട്ടിടങ്ങൾ വന്നു. ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ഇന്നും കോലാലമ്പൂരിലെ 118 നിലകളുള്ള മെർദക ടവർ തന്നെയാണ്. എന്നാൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ട്വിൻ ടവർ എന്ന റെക്കോർഡ് ഇപ്പോഴും പെട്രോണാസിന് സ്വന്തം. റെക്കോർഡുകൾ ഉണ്ടായാലും ഇല്ലെങ്കിലും പെട്രോണാസ് ടവർ ഇന്നും മലേഷ്യയുടെ ഒരു ഐക്കണായി നിലകൊള്ളുന്നു. പകലും രാത്രിയും പെട്രോണാസ് ടവറിന് വെവ്വേറെ വൈബാണ്. രണ്ടു സമയത്തും പോയി കാണേണ്ടതാണെന്ന് ഞാൻ പറയും. ടവർ മുഴുവനായും കാണാവുന്നിടത്ത് രാപകൽ ഭേദമില്ലാതെ ഫോട്ടോ എടുക്കാൻ ആളുകളുടെ തിരക്കുണ്ടാകും. രാത്രിയിൽ നല്ല ഫോട്ടോ എടുത്തു തരാൻ അവിടെയെല്ലാം LED ഫ്ലാഷ് ലൈറ്റുമായി മലേഷ്യൻ ചെറുപ്പക്കാരുണ്ടാകും. ഒരു ഫോട്ടോക്ക് 5-10 റിങ്കിറ്റ് വരെ ഈടാക്കും. പെട്രോണാസിന്റെ പുറകുവശത്തെ മനോഹരമായ KLCC പാർക്ക് സമയം ചിലവിടാൻ പറ്റിയ സ്ഥലമാണ്. പെട്രോണാസ് ബാക്ക് ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയെടുക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം KLCC പാർക്ക് തന്നെ.
LED ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് അവർ എടുത്തു തന്ന ഫോട്ടോ
KLCC പാർക്കിൽ നിന്നുള്ള വ്യൂ
പെട്രോണാസിനെ പോലെത്തന്നെ മലേഷ്യയുടെ മറ്റൊരു ഐകോണിക് നിർമ്മിതിയാണ് KL ടവർ. 1381 അടി ഉയരമുള്ള KL ടവർ അടിസ്ഥാനപരമായി ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറാണ്. ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് KL ടവറിന്. അതിന് മുകളിൽ ഒരു ഒബ്സെർവേഷൻ ഡക്ക് നിർമ്മിച്ചതോടെ kL ടവർ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറി. 820 അടി ഉയരത്തിലാണ് KL ടവറിലെ ഒബ്സെർവേഷൻ ഡക്ക് നിലകൊള്ളുന്നത്.
180 വർഷത്തെ ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്നും 1957 ഓഗസ്റ്റ് 31 ന് മലേഷ്യ സ്വതന്ത്രമായപ്പോൾ മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുറഹിമാൻ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി യൂണിയൻ ജാക്ക് പതാക താഴ്ത്തി അവിടെ മലേഷ്യൻ പതാക നാട്ടി. ഇന്നവിടെ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ നിലകൊള്ളുന്ന പതാകകളിൽ ഒന്നുണ്ട്. 98 മീറ്ററാണ് ഉയരം. സുൽത്താൻ അബ്ദുൽസമദ് ബിൽഡിംഗ് എന്ന മനോഹരമായ ഒരു കെട്ടിടത്തിന്റെ മുൻവശത്തെ വലിയൊരു മൈതാനത്താണ് ഈ കൊടി നാട്ടിയിട്ടുള്ളത്. ഈ പ്രദേശം ഇന്ന് ഫ്രീഡം സ്ക്വയർ / മെർദക സ്ക്വയർ എന്നറിയപ്പെടുന്നു. അവിടെ നിന്നും മലേഷ്യൻ നാഷണൽ വാർ മോനുമെന്റിലേക്ക് അധികം ദൂരമില്ല. 1948 ൽ ജാപ്പനീസ് അധിനിവേശകർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ഓർമ്മയ്ക്ക് ബ്രോൺസിൽ നിർമ്മിച്ച മനോഹരമായ ഒരു ശില്പമാണത്. 2010 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ ബ്രോൺസ് ശില്പം എന്ന റെക്കോർഡ് ഈ ശില്പത്തിനായിരുന്നു. ഫ്രീഡം സ്ക്വയറും വാർ മോനുമെന്റും ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടങ്ങളാണ്.
സുൽത്താൻ അബ്ദുൽ സമദ് ബിൽഡിങ്
മലേഷ്യൻ നാഷണൽ വാർ മോനുമെൻറ്
കോലാലമ്പൂർ സിറ്റി ടൂറിന്റെ ഭാഗമായി കാണിക്കാറുള്ള മറ്റു രണ്ടു ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ബേർഡ്സ് പാർക്കും അക്വാറിയവും. ബേർഡ്സ് പാർക്കിൽ പക്ഷികളെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. അയൽരാജ്യമായ സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലെ അക്വാറിയവുമായും ജുറങ് ബേർഡ്സ് പാർക്കുമായും താരതമ്യം ചെയ്യുമ്പോൾ കുറച്ച് ഔട്ട് ഡേറ്റഡ് ആണെങ്കിലും രണ്ടും സന്ദർശിക്കേണ്ട സ്ഥലങ്ങൾ തന്നെയാണ്.
പുത്രജയ പിങ്ക് മോസ്കിന് പുറമെ മലേഷ്യയിലെ രണ്ടു പള്ളികൾ കൂടി ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. സിറ്റി ടൂറിന്റെ ഭാഗമായാണ് നാഷണൽ മോസ്ക് ഓഫ് മലേഷ്യ സന്ദർശിച്ചത്. 15000 പേരെ ഉൾക്കൊള്ളുന്ന വലിയ പള്ളി..പ്രത്യേക ആകൃതിയിൽ നീല നിറത്തിൽ പണി കഴിപ്പിച്ച മേൽക്കൂര ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. വെറും 2 വർഷം കൊണ്ടു നിർമ്മാണം പൂർത്തിയാക്കിയ ഈ പള്ളി 1965 ലാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്.
1909 ൽ ഒരു ബ്രിട്ടീഷ് ആർക്കിടെക്ട് നിർമ്മിച്ച സുൽത്താൻ അബ്ദുൽസമദ് മസ്ജിദാണ് കോലാലമ്പൂരിലെ ഏറ്റവും പഴയ പള്ളി. പ്രത്യേക ഘടന കൊണ്ടും നിറം കൊണ്ടും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത് തന്നെയാണ് ഈ പള്ളിയും..പള്ളിയുടെ നിർമ്മാണ ചെലവ് മലയ് മുസ്ലിംകളും ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റും തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്തത്. താസിച്ചിരുന്ന ഹോട്ടലിൽ നിന്നും വെറും അര കിലോമീറ്റർ ദൂരെയായിരുന്നു ഈ പള്ളി. പള്ളിയോട് ചേർന്ന് ഒരു LRT, MRT സ്റ്റേഷനുമുണ്ട്. അവിടെ നിന്ന് KLCC യിലേക്ക് LRT യിൽ വന്നു KLCC പാർക്കും സൂര്യ KLCC എന്ന പ്രശസ്തമായ ഷോപ്പിംഗ് മാളിലും കറങ്ങിയ ശേഷമാണ് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തത്.
സുൽത്താൻ അബ്ദുൽ സമദ് ജമെക് മോസ്ക്ക്
മലേഷ്യയിലേക്ക് ഇത്രയേറെ ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾ തള്ളിക്കയറാനുള്ള പ്രധാന കാരണം വളരെ ചെറിയ നിരക്കിൽ കിട്ടുന്ന എയർ ഏഷ്യ ടിക്കറ്റാണെന്നതിൽ സംശയമില്ല. മലേഷ്യൻ എയറാണ് ഈ സെക്ടറിലെ മറ്റൊരു പ്രധാന ഓപ്പറേറ്റർ. എന്നാൽ നിരക്കിൽ കാര്യമായ വ്യത്യാസമുണ്ട്. 2024 ജൂലൈ - ആഗസ്റ്റ് മുതൽ എയർ ഏഷ്യ കോഴിക്കോട് നിന്ന് കോലാലമ്പൂരിലേക്ക് നേരിട്ട് ആഴ്ചയിൽ 3 സർവീസ് തുടങ്ങുന്നുവെന്നു കേട്ടിരുന്നു. ഓൺലൈൻ സൈറ്റുകളിൽ ബുക്കിങ് കാണിക്കുന്നുണ്ടെങ്കിലും ഗവർമെന്റ് അനുമതിക്കു വിധേയം എന്ന് എഴുതിക്കാണുന്നു. സർവീസ് ശരിക്കും തുടങ്ങിയോ എന്നറിയില്ല. വടക്കൻ കേരളത്തിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി മലേഷ്യ സന്ദർശിക്കാൻ ഈ സർവീസ് സഹായകമാകും.